പുഞ്ചിരിക്കുന്ന സാമ്രാജ്യത്വത്തിന്റെ രണ്ടാം വര്‍ഷം
പുഞ്ചിരിക്കുന്ന സാമ്രാജ്യത്വത്തിന്റെ രണ്ടാം വര്‍ഷം ആയിരിക്കും 2010. ഒബാമയുടെ സാമ്രാജ്യത്വത്തെ പുഞ്ചിരിക്കുന്നതെന്നോ മനുഷ്യമുഖമുള്ളതെന്നോ വിശേഷിപ്പിക്കാം. സാമ്രാജ്യത്വത്തിന്റെ ശൈലി എന്തായാലും എങ്ങനെ അവതരിപ്പിക്കപ്പെട്ടാലും അത് സാമ്രാജ്യത്വം തന്നെയായിരിക്കുമെന്നതാണ് പുതുവല്‍സരത്തിന്റെ സന്ദേശം. മാറ്റം പ്രവചിച്ച് അധികാരത്തില്‍ എത്തിയ ബറാക് ഒബാമ, പ്രസിഡന്റ് ബുഷ് പടുത്തുയര്‍ത്തിയ പുത്തന്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തില്‍ നിന്ന് അഥവാ സാമ്രാജ്യത്വത്തിന്റെ പുതിയ ഘട്ടത്തില്‍ നിന്ന് പിന്നോട്ടു പോകുമെന്ന ധാരണ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഒബാമ നല്‍കിയ വാഗ്ദാനങ്ങളാണ് പുതിയ സമീപനത്തെപ്പറ്റി പ്രതീക്ഷകള്‍ ഉയര്‍ത്തിയത്. അമേരിക്കയുടെ വിദേശനയത്തില്‍ വ്യതിയാനം ഉണ്ടാവുമെന്ന് വിചാരിച്ചവര്‍ നിരാശരായി. കാരണം, ആശയരംഗത്തും പ്രായോഗിക രംഗത്തും ഒബാമ പിന്തുടരുന്നത് ബുഷിന്റെ സാമ്രാജ്യത്വം തന്നെയാണ്. വിദേശനയത്തിന്റെ പ്രധാനചട്ടക്കൂട് ബുഷിന്റെ കാലത്ത് എന്നതുപോലെ ഭീകരവാദ വിരുദ്ധയുദ്ധമായി തുടരുന്നു. ഇറാക്കില്‍ നിന്നുള്ള പിന്മാറ്റത്തിന് ബുഷ് നിര്‍ദേശിച്ച വ്യവസ്ഥകളില്‍ ഒബാമ മാറ്റമുണ്ടാക്കിയില്ല. അഫ്ഗാനിസ്ഥാനിലേക്ക് 30000 ഓളം കൂടുതല്‍ സൈനികരെ അയച്ച് യുദ്ധം കൂടുതല്‍ രൂക്ഷമാക്കുകയും ചെയ്തു. ഇറാനോടോ ക്യൂബയോടോ ഉത്തരകൊറിയയോടോ ഉള്ള നയങ്ങളില്‍ മാറ്റം ഒന്നും ഉണ്ടായില്ല. ഉണ്ടാകുമെന്ന പ്രതീക്ഷ നല്‍കിയെങ്കിലും 2010 ആരംഭിക്കുമ്പോള്‍ ലോകത്തിന്റെ പ്രധാന ശ്രദ്ധ അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും അമേരിക്ക തുടരുന്ന യുദ്ധത്തില്‍ തന്നെയാണ്.
2009 ല്‍ നിന്ന് 2010 ലേക്ക് ലോകം കൊണ്ടുപോകുന്ന ബാധ്യത അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റേതാണ്. അതിന്റെ പ്രതിരോധ-സൈനിക നയങ്ങളും സാമ്പത്തിക നയങ്ങളും സിദ്ധാന്തങ്ങളുമെല്ലാം ലോക രാഷ്ട്രീയത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്യുന്നു. 2009 ലെ പ്രധാനമായ മറ്റൊരു സവിശേഷത വികസ്വര രാഷ്ട്രങ്ങള്‍ എന്നതിന്റെ പുനര്‍ നിര്‍വചനമാണ്. ഇപ്പോള്‍ വികസ്വര രാഷ്ട്രങ്ങള്‍ പല തട്ടുകളിലാണ്. അവയെ ഒന്നാം ലോകമെന്നും രണ്ടാം ലോകമെന്നും മൂന്നാം ലോകമെന്നും വിശേഷിപ്പിച്ചു തുടങ്ങി. ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളിലെ 'ഒന്നാം ലോകത്തെ' ജി-20 ലും ഒക്കെകൂടെ സാമ്രാജ്യത്വ ശക്തികളുടെ സഹവര്‍ത്തികളാക്കി എന്നതാണ് വാസ്തവം. കോപ്പന്‍ഹേഗനില്‍ നടന്ന കാലാവസ്ഥാ സമ്മേളനത്തില്‍ ഇത് പ്രകടമായിരുന്നു. ഇന്ത്യയുടെ ഭരണാധികാരികള്‍ക്ക് ഇത് വളരെ സ്വാഗതാര്‍ഹമായി തോന്നുന്നു. ബഹുഭൂരിപക്ഷം വികസ്വര രാഷ്ട്രങ്ങളെ മാത്രമല്ല, ഇന്ത്യയിലെ തന്നെ ബഹുഭൂരിപക്ഷം ജനങ്ങളെയും അവഗണിച്ചുകൊണ്ടാണ് ഇന്ത്യയുടെ നിലപാട്. ബുഷിന്റെ നയങ്ങള്‍ തന്നെയാണ് ഒബാമയും പിന്തുടരുന്നത് എന്നതില്‍ യുപിഎ സര്‍ക്കാര്‍ സന്തോഷിക്കുന്നതായി കരുതേണ്ടിയിരിക്കുന്നു. ഇതില്‍ നിന്ന് വിഭിന്നമാണ് ലോകവേദിയില്‍ ചൈനയുടെ സ്ഥാനം. 2009 ചൈനയുടെ നയതന്ത്രത്തിന്റെയും 'മൃദുല ശക്തിയുടെയും' വര്‍ഷമായിരുന്നു. ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിന്‍ അമേരിക്കയിലും എല്ലാം ചൈനയുടെ വിജയം പ്രകടമായിരുന്നു. 2010 ല്‍ തുടരുമെന്ന് വ്യക്തമായ മൂന്നു കാര്യങ്ങള്‍ ഉണ്ട്. ഒന്ന്: അമേരിക്കയുടെ സാമ്രാജ്യത്വ നയങ്ങള്‍. രണ്ട്: ഇന്ത്യയുടെ അമേരിക്കന്‍ വിധേയത്വം. മൂന്ന്: ചൈനയുടെ വര്‍ധിക്കുന്ന സ്വാധീനം .
(നൈനാന്‍ കോശി)
ആസിയന്‍ പ്രാബല്യത്തില്‍ ഇന്തോ-ഇയു കരാര്‍ വരുന്നു
കേരളത്തിന് കടുത്ത ഭീഷണിയായ ഇന്തോ- ആസിയന്‍ സ്വതന്ത്രവ്യാപാര കരാര്‍ വെള്ളിയാഴ്ച പ്രാബല്യത്തില്‍ വരും. 2010 ജനുവരി ഒന്നുമുതല്‍ ഘട്ടംഘട്ടമായി കാര്‍ഷികോല്‍പ്പന്നങ്ങളുടെയും മറ്റു ചരക്കുകളുടെയും തീരുവനിരക്ക് പൂജ്യംവരെ കുറയ്ക്കാനുള്ളതാണ് കരാര്‍. കാര്‍ഷിക- മത്സ്യമേഖലകള്‍ക്ക് കടുത്ത ദോഷംചെയ്യുന്ന ഇന്തോ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്രവ്യാപാര കരാറുമായും യുപിഎ സര്‍ക്കാര്‍ മുന്നോട്ടുനീങ്ങുകയാണ്. ലോക വാണിജ്യ കരാറുമായി ബന്ധപ്പെട്ട ദോഹവട്ടം ചര്‍ച്ച മുന്നോട്ടു കൊണ്ടുപോകുന്നതിന് അയഞ്ഞ നിലപാട് സ്വീകരിക്കാനും സര്‍ക്കാര്‍ ധാരണയിലെത്തി. ആസിയന്‍ കരാര്‍ നടപ്പാവുന്നതോടെ കേരളത്തിലെ പ്രധാന കാര്‍ഷികോല്‍പ്പന്നങ്ങളില്‍ പലതും തീരുവയില്ലാതെ ഇറക്കുമതി ചെയ്യപ്പെടും. തീരുവ കാര്യമായി കുറയ്ക്കാതെ 303 കാര്‍ഷികോല്‍പ്പന്നം അടങ്ങിയ സംരക്ഷിതപട്ടിക തയ്യാറാക്കിയെങ്കിലും കേരളത്തിലെ പ്രധാന ഉല്‍പ്പന്നങ്ങളൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല. 90 ശതമാനം മത്സ്യവും പട്ടികയ്ക്കു പുറത്താണ്. കരാര്‍ വ്യവസ്ഥ പൂര്‍ണമായി നടപ്പായാല്‍ കുരുമുളകിന്റെ പരമാവധി തീരുവനിരക്ക് അമ്പത് ശതമാനമായി പരിമിതപ്പെടും. പാമോയിലിന് പരമാവധി 37.5 ശതമാനം തീരുവയേ ചുമത്താനാവൂ. കാപ്പി, തേയില എന്നിവയുടെ പരമാവധി തീരുവ 45 ശതമാനമാകും. സ്വഭാവിക റബര്‍ സംരക്ഷിതപട്ടികയില്‍ ഉണ്ടെങ്കിലും റബര്‍ ഉല്‍പ്പന്നങ്ങളും കൃത്രിമ റബറും തടസ്സമില്ലാതെ ഇറക്കുമതി ചെയ്യാം. കയറുല്‍പ്പന്നങ്ങളുടെയും തീരുവ ഗണ്യമായി കുറയും. 2021 ഡിസംബര്‍വരെയാണ് കരാര്‍. കരാര്‍ കേരളത്തിന് സൃഷ്ടിക്കുന്ന ഭീഷണി പഠിക്കാന്‍ പ്രണബ്മുഖര്‍ജി അധ്യക്ഷനായി മന്ത്രിതല സമിതിയെ നിയോഗിച്ചെങ്കിലും ഒരു യോഗംപോലും ചേര്‍ന്നില്ല. കര്‍ഷക പ്രതിനിധികളുമായോ മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളുമായോ ചര്‍ച്ച നടത്തിയിട്ടുമില്ല.
ഇന്തോ-ഇയു കരാറിനെയും കര്‍ഷകര്‍ ആശങ്കയോടെയാണ് കാണുന്നത്. മത്സ്യ-മാംസ, ക്ഷീര മേഖലകള്‍ക്ക് ഇയു കരാര്‍ ദോഷമാവും. ഇന്തോ-ഇയു സ്വതന്ത്രവ്യാപാര കരാര്‍ ചര്‍ച്ച ജനുവരിയില്‍ നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. ജനുവരി 25 മുതല്‍ 29 വരെ ഡല്‍ഹിയില്‍ കരാറിനായുള്ള എട്ടാംവട്ട ചര്‍ച്ച നടക്കും. നിയമവശങ്ങള്‍, തീരുവ ഉദാരവല്‍ക്കരണം എന്നീ കാര്യങ്ങളാണ് മുഖ്യമായും ചര്‍ച്ചചെയ്യുകയെന്ന് ഇന്ത്യന്‍ സംഘത്തെ നയിക്കുന്ന വാണിജ്യ അഡീഷണല്‍ സെക്രട്ടറി പി കെ ചൌധരി പറഞ്ഞു. എത്രയും വേഗം കരാറിലെത്താന്‍ ചര്‍ച്ച വേഗത്തിലാക്കുമെന്ന് ചൌധരി അറിയിച്ചു. ഇതിനു പുറമെ അനൌദ്യോഗിക ആശയവിനിമയവും നടക്കുന്നുണ്ട്. ഇയു സംഘത്തിന് നേതൃത്വം നല്‍കുന്ന ഇഗ്നാസ്യോ ഗാര്‍സിയ ബെര്‍സെറോയുമായി അടുത്തയിടെ ബ്രസല്‍സില്‍ ചൌധരി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡബ്ള്യുടിഒ കരാറിന്റെ കാര്യത്തിലും ഇന്ത്യ വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങുകയാണെന്നാണ് സൂചന. ദോഹവട്ടം ചര്‍ച്ച ഫലപ്രാപ്തിയിലെത്തിക്കുന്നതിന് വിട്ടുവീഴ്ച ആവശ്യമാണെന്ന നിലപാടിലാണ് കേന്ദ്രം. ഈ നയം കാര്‍ഷികമേഖലയെ കൂടുതല്‍ നാശത്തിലേക്ക് തള്ളിവിടുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
(എം പ്രശാന്ത്)
മാധ്യമങ്ങള്‍ കുഴിവെട്ടുമ്പോള്‍...
മാധ്യമമേഖലയില്‍ 'വാര്‍ത്തയ്ക്ക് പണം' എന്ന പുത്തന്‍ പ്രവണത ഏതുവഴിക്കു മുന്നേറുമെന്ന് തീരുമാനിക്കുന്ന വര്‍ഷമായിരിക്കും 2010. മാധ്യമങ്ങള്‍ അവയുടെ ജനാധിപത്യപരവും നിയമപരവുമായ ചുമതല നിര്‍വഹിക്കുകയും പൂര്‍ത്തീകരിക്കുകയും ചെയ്യുമോ? അതോ, ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും ചെലവില്‍ നീതിരഹിതമായ ലാഭത്തെ പിന്തുടരുമോ ? പണം വാങ്ങി വാര്‍ത്ത നല്‍കുന്ന സമ്പ്രദായം മാധ്യമങ്ങളെയും ജനാധിപത്യത്തെയും ഒരുപോലെ അപകടപ്പെടുത്തുന്നു. ജനങ്ങള്‍ വഞ്ചിക്കപ്പെടുന്നു എന്ന പ്രശ്നം മാത്രമല്ല ഇതിലടങ്ങിയിരിക്കുന്നത്. ശക്തരായ ഒരു വിഭാഗം മാധ്യമങ്ങള്‍ പലവഴികളില്‍ ദിനംപ്രതി ജനങ്ങളെ വഞ്ചിക്കുന്നു. ജനാധിപത്യത്തെയും സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പിനെയും അട്ടിമറിക്കുന്ന വഞ്ചനകൂടിയാണിത്. 2004, 2009 തെരഞ്ഞെടുപ്പുകളില്‍ അതാണ് സംഭവിച്ചത്.
'വാര്‍ത്തയ്ക്ക് പണം' കേവലമൊരു വഴിപിഴയ്ക്കലല്ല. സഹസ്ര കോടികള്‍ കൈമറിയുന്ന വന്‍കിട വ്യവസായമാണ്. ആന്ധ്രയിലെ എപി യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ്‌സ് വ്യക്തമാക്കിയത് 2009ലെ തെരഞ്ഞെടുപ്പില്‍ 300 മുതല്‍ 1000 കോടി രൂപവരെ ഒഴുകിയെന്നാണ്. മഹാരാഷ്ട്രയില്‍ ഇത് 500 കോടിയായിരുന്നു. ഈ ദുഷ്പ്രവണത മാധ്യമങ്ങളുടെയും തെരഞ്ഞെടുപ്പു പ്രകിയയുടെയും മുഖം ഒരു പോലെ വികൃതമാക്കിയിരിക്കുന്നു. ഒരു കോടിപതി തന്റെ തെരഞ്ഞെടുപ്പു പ്രചാരണ വസ്തുക്കള്‍ വാര്‍ത്തയാക്കി നല്‍കാന്‍ വന്‍തുക മാധ്യമങ്ങള്‍ക്ക് നല്‍കുമ്പോള്‍ അവര്‍ വഞ്ചിക്കുന്നത് വായനക്കാരെയും കാഴ്ചക്കാരെയും മാത്രമല്ല; അവര്‍ മറ്റ് സ്ഥാനാര്‍ഥികളെ തമസ്കരിക്കുകകൂടിയാണ്. തെരഞ്ഞെടുപ്പിനായി തങ്ങള്‍ക്കു മുന്നിലുള്ള സ്ഥനാര്‍ഥികള്‍ ആരൊക്കെയെന്ന് അറിയാനുള്ള സ്വാതന്ത്ര്യം പോലും വോട്ടര്‍മാര്‍ക്ക് നിഷേധിക്കപ്പെടുന്നു. മാധ്യമങ്ങളില്‍നിന്ന് പ്രതീക്ഷിക്കുന്ന അടിസ്ഥാന വിവരങ്ങള്‍പോലും ലഭ്യമാകാതെ വോട്ടര്‍മാര്‍ ഇരുട്ടിലാകുന്നു. അങ്ങനെ സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമങ്ങളും ജനാധിപത്യ - തെരഞ്ഞെടുപ്പു പ്രക്രിയകളും കുഴിച്ചുമൂടപ്പെടുന്നു. വാര്‍ത്ത വില്‍പനച്ചരക്കാകുന്നത് എത്രയുംപെട്ടെന്ന് അവസാനിപ്പിക്കണം; അല്ലെങ്കില്‍ ഈ ദുര്‍വൃത്തി നമ്മളെ അവസാനിപ്പിക്കും.
(പി സായിനാഥ്)
പ്രതിസന്ധി പിടിമുറുക്കും
ആഗോള സാമ്പത്തിക പ്രതിസന്ധി അവസാനിച്ചെന്ന് ആരും ആശ്വസിക്കേണ്ട. പണിയെടുക്കുന്നവര്‍ക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മെച്ചമായിരിക്കും 2010 എന്നും ആരും കരുതേണ്ട. പ്രതിസന്ധിയുടെ പിടി അയയില്ലെന്നു മാത്രമല്ല, മൂര്‍ഛിക്കുകയും ചെയ്യാം. കാര്യങ്ങള്‍ ഏതുവഴിക്കായിരിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ് പ്രസിഡന്റ് ഒബാമയുടെ 'ഉത്തേജക പാക്കേജ്'. അമേരിക്കയിലെ തൊഴിലില്ലായ്മാ നിരക്ക് കുറയ്ക്കാന്‍ പ്രസിഡന്റിന്റെ പാക്കേജിനു കഴിഞ്ഞില്ല. മൂലധനശക്തികളുടെ സമ്മര്‍ദത്തിന് അടിപ്പെട്ട് അത് ഇനിയും ചുരുങ്ങാനാണ് സാധ്യത. അമേരിക്കന്‍ സര്‍ക്കാര്‍ ചെലവിട്ട 150 ലക്ഷം കോടിയില്‍ യഥാര്‍ഥ സമ്പദ്വ്യവസ്ഥയുടെ ഉത്തേജനത്തിനായി എത്തിയത് പത്തിലൊന്നുമാത്രം. ജിഡിപി നിരക്കിന്റെ വളര്‍ച്ച ചൂണ്ടിക്കാട്ടി യുപിഎ സര്‍ക്കാര്‍ വീരസ്യം പറയുന്നതിനിടയിലും കനത്ത ആഘാതമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. വിവര സാങ്കേതികവിദ്യയും ടെക്സ്റൈയില്‍സും അടക്കം വിവിധ മേഖലകളില്‍ തൊഴില്‍നഷ്ടം രൂക്ഷമാകും. വെള്ളക്കോളറുകാര്‍ അടക്കം എല്ലാ വിഭാഗം തൊഴിലാളികളുടെയും നാണ്യവിളകര്‍ഷകരുടെയും എല്ലാം വരുമാനം ഇനിയും ഇടിയും. നിത്യോപയോഗസാധനങ്ങളുടെ കുതിച്ചുയരുന്ന വിലകൂടിയാകുമ്പോള്‍ ദുരിതവര്‍ഷമാണ് ബഹുഭൂരിപക്ഷം ജനങ്ങളെയും കാത്തിരിക്കുന്നത്. ഗള്‍ഫ് മേഖലയില്‍നിന്നുള്ള വരുമാനത്തിന്റെ ഇടിവും പ്രവാസികളുടെ മടങ്ങി വരവും കൂടിയാകുമ്പോള്‍ കേരളത്തിന്റെ ആധി വര്‍ധിക്കുകയാണ്. ഇതിനു പുറമെയാണ് ആസിയന്‍ കരാര്‍മൂലമുള്ള ആഘാതം. ഉല്‍പ്പാദനരംഗത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നയപരമായ ചവടുമാറ്റങ്ങള്‍ കേരളത്തില്‍ ഇതിനകം ഗുണപരമായ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. പക്ഷേ, ജനങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാരില്‍നിന്ന് കൂടുതല്‍ സഹായവും പിന്തുണയും ലഭ്യമാകുന്നതിന് കേന്ദ്രസര്‍ക്കാര്‍ തടസ്സമാകരുത്. സ്വതന്ത്ര വ്യാപാര കരാറുകള്‍ പിന്‍വലിപ്പിക്കുന്നതിനും സംസ്ഥാനസര്‍ക്കാരിന്റെ ആശ്വാസപാക്കേജുകള്‍ സാമ്പത്തിക നിയന്ത്രണങ്ങളുടെ പേരില്‍ കേന്ദ്രം തടയുന്നതിനും എതിരെ ജനങ്ങളുടെ മുന്നേറ്റം ആവശ്യമാണ്.
(പ്രഭാത് പട്നായിക്)
വളരുന്നത് കൂട്ടായ ചിന്തയും പ്രതികരണവും
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഭയാനകമായി വര്‍ധിക്കുന്ന വൈരുധ്യങ്ങളുടെ നടുവിലാണ് രാജ്യം പുതുവര്‍ഷത്തിലേക്ക് കടക്കുന്നത്. ആഗോളവല്‍ക്കരണത്തിന്റെ ദുരിതങ്ങള്‍ സാധരണജനങ്ങള്‍ക്കുമേല്‍ മഹാദുരന്തങ്ങളായി പെയ്തിറങ്ങുമ്പോള്‍ അത്തരം നയങ്ങള്‍ക്ക് ന്യായീകരണങ്ങള്‍ നിരത്തി പുതിയ ഉടമ്പടികളും കരാറുകളുമായി മുന്നോട്ടുപോകുന്ന കേന്ദ്രഭരണകര്‍ത്താക്കള്‍. ലോകരാജ്യങ്ങള്‍ക്കു മുന്നിലെത്താനുള്ള അളവുകോല്‍ ജനസംഖ്യയുടെ പത്തു ശതമാനം വരുന്ന വിഭാഗത്തിന്റെ നേട്ടങ്ങളാണെന്ന വ്യാഖ്യാനമാണ് അവര്‍ നല്‍കുന്നത്. ബാക്കി ജനവിഭാഗങ്ങളെ അവഗണിക്കുകയെന്നതാണ് ഇവരുടെ നയം. ഈ നയങ്ങളുടെ പൂര്‍ണമായ തണലില്‍ കോടീശ്വരന്മാര്‍ കൂടുതല്‍ കോടീശ്വരന്മാരാകുമ്പോള്‍ സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ ദാരിദ്ര്യരേഖയുടെ കീഴിലേക്ക് കൂടുതല്‍ താഴ്ത്തപ്പെടുന്ന അവസ്ഥയാണുണ്ടാവുക. മുതലാളിത്ത ബന്ധങ്ങള്‍ ഒറ്റപ്പെട്ട മനുഷ്യനെ സൃഷ്ടിക്കുകയും പരമ്പരാഗതമായി നിലനിന്നിരുന്ന മുഴുവന്‍ കൂട്ടായ്മകളെയും നശിപ്പിക്കുകയും ചെയ്യും. മുതലാളിത്തത്തിന്റെ സാംസ്കാരിക ഉല്‍പ്പന്നങ്ങളുടെ പ്രളയം സൃഷ്ടിക്കുന്ന അവസ്ഥ സാമൂഹ്യവ്യവസ്ഥയ്ക്കുതന്നെ ഭീഷണിയാണ്. കുത്തകഭീമന്മാരുടെ കടന്നുവരവില്‍ ഈ ഭീഷണി കൂടുതല്‍ ശക്തിപ്പെടുകയാണ്. പൊതുമേഖലയുടെ തിരസ്കരണവും സ്വകാര്യവല്‍ക്കരണത്തിന്റെ അമിതാവേശവും മള്‍ട്ടി നാഷണല്‍ കമ്പനികളുടെ ചൂഷണത്തിന് കരുത്തുപകരും. ഇത്തരം തെറ്റായ നയങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പ് കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. മതേരത്വത്തിനെതിരായി ഭീഷണി ഉയര്‍ത്തുന്ന ശക്തികള്‍ക്കെതിതരായി മതേതരശക്തികള്‍ കൂടുതല്‍ കരുത്തോടെ നിരന്തരമായി ക്രിയാത്മകമായ പരിപാടികളുമായി മുന്നോട്ടു പോകേണ്ടതുണ്ട്. സാമൂഹ്യ, സാംസ്കാരിക തലങ്ങള്‍ കൂടി കണക്കിലെടുത്തുള്ള പരിപാടികളാകണം അത്. മതേതര സമൂഹത്തിന് ശക്തി വര്‍ധിപ്പിക്കാന്‍ ഇത് അനിവാര്യമാണ്. മതാത്മകതയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തില്‍ വളരുന്നു എന്നത് ആശങ്കാജനകമാണ്. മതവിശ്വാസത്തിന്റെ കച്ചവടവല്‍ക്കരണം സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതം വളരെ വലുതാണ്. അപകടകരമായ ഈ അവസ്ഥയ്ക്കെതിരായി സമൂഹം ഒറ്റക്കെട്ടായി ചിന്തിക്കുകയും പ്രതികരിക്കുകയും വേണം. പുതുവര്‍ഷം ഇത്തരം മുന്നേറ്റങ്ങളുടെ ദിനങ്ങളാകട്ടെ.
(ഡോ. കെ എന്‍ പണിക്കര്‍)
ജനങ്ങള്‍ ഉറപ്പുവരുത്തേണ്ടത്: ഡോ. രാജന്‍ ഗുരുക്കള്‍
ഭൌതിക നേട്ടങ്ങളുടെ ഫലമായുണ്ടായ ബൂര്‍ഷ്വാ പ്രലോഭനങ്ങളും ജാതി - മത - സാമുദായിക സങ്കുചിത ചിന്തകളുടെ സ്വാധീനവും മധ്യവര്‍ഗത്തെ വന്‍തോതില്‍ അരാഷ്ട്രീയവല്‍ക്കരിച്ചിരിക്കുന്നു. ഒപ്പം പാവപ്പെട്ട ജനങ്ങളുടെ അരാഷ്ട്രീയവല്‍ക്കരണത്തിനും ഇടവന്നിട്ടുണ്ട്. സാമൂഹ്യനീതിക്ക് വേണ്ടിയുള്ള സമരങ്ങളേക്കാള്‍ ജാതി - മത - സാമുദായിക വിലപേശലുകള്‍ മേല്‍ക്കൈ നേടിക്കൊണ്ടിരിക്കുകയാണ്. നീതിനിഷ്ഠ സാമൂഹ്യവികസനം ഏറെക്കുറെ അസാധ്യമായിരിക്കുന്നു. നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെ ഇതിനെതിരേ ജനകീയ ജനാധിപത്യം ശക്തിപ്പെടണം. ജനകീയ സുസ്ഥിരവികസനം പഞ്ചായത്തുകള്‍ തോറും യാഥാര്‍ത്ഥ്യമാകേണ്ടതുണ്ട്. ജാതിക്കും മതത്തിനും അതീതമായ മാനവികതയില്‍ സാധാരണക്കാര്‍ പുനര്‍രാഷ്ട്രീയവല്‍ക്കരിക്കപ്പെടണം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഉറപ്പുവരുത്തേണ്ടത് ജനകീയാസൂത്രണത്തിന്റെ സുസ്ഥിരവികസന അജണ്ട തന്നെയാണെന്ന് ചുരുക്കം. അതിന് സാധാരണ ജനവിഭാഗം ജനകീയ ജനാധിപത്യ രാഷ്ട്രീയവല്‍ക്കരണത്തിന്റെ പാതയില്‍ ഉറച്ചുനില്‍ക്കണം. കപട ജനാധിപത്യ മുഖംമൂടി അണിഞ്ഞ് ജാതി - മത - സാമുദായിക വികാരം ചൂഷണം ചെയ്ത് അധികാര വടംവലിയുമായി മുന്നേറുന്നവരുടെ അരാഷ്ട്രീയതയില്‍ കുടുങ്ങിക്കൂടാ. ശക്തമായ ഇടതുപക്ഷ രാഷ്ട്രീയാവബോധവും അത് സാധ്യമാക്കിയ ജനകീയാസൂത്രണവും സാമൂഹ്യവികസന രംഗത്ത് ദളിതര്‍ക്കും സ്ത്രീകള്‍ക്കും ആദിവാസികള്‍ക്കും അതുണ്ടാക്കിയ നേട്ടങ്ങളും സുരക്ഷയും ഇല്ലായ്മചെയ്യാന്‍ അരാഷ്ട്രീയതയെ അനുവദിച്ചുകൂടാ.
ചുവടുവയ്ക്കുന്നത് ഒളിമ്പിക്സ് മെഡലിലേക്ക് പി ടി ഉഷ
കേരളത്തിന് കായികരംഗത്ത് ഏറെ പ്രതീക്ഷിക്കാനുണ്ട്. കായിക രംഗത്തെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പദ്ധതികളും സര്‍ക്കാറിനുണ്ട്. വരാനിരിക്കുന്ന ഒളിംപിക്സുകളില്‍ ഇന്ത്യയിലേക്ക് മെഡല്‍ കൊണ്ടുവരുന്നത് തീര്‍ച്ചയായും കേരളക്കാരിയോ കേരളക്കാരനോ ആയിരിക്കും. അത്രയേറെ കഴിവുള്ള താരങ്ങള്‍ കേരളത്തിന്റെ കായികരംഗത്ത് ഉദയം ചെയ്തിട്ടുണ്ട്. സ്കൂള്‍ മീറ്റുകളില്‍ ലോകത്തിന്റെ തന്നെ നേഴ്സറി കേരളമാണ്. എന്നിട്ടും അന്താരാഷ്ട്ര നിലവാരത്തിലുള്ള താരങ്ങളെ വാര്‍ത്തെടുക്കാന്‍ നമുക്ക് കഴിയുന്നില്ല. ഇവര്‍ക്ക് ആവശ്യമായ ചുറ്റുപാടുകളുടെ അഭാവമാണ് ഏറ്റവും വലിയ പ്രശ്നം. അശാസ്ത്രീയമായ പരിശീലനവും സൌകര്യങ്ങളുടെ പരിമിതിയുമാണ് പലപ്പോഴും തിരിച്ചടിയാവുന്നത്. നമ്മുടെ ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കാന്‍ ശാസ്ത്രീയവും ചിട്ടയാര്‍ന്നതുമായ പരിശീലനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തണം. സ്കൂള്‍ പാഠ്യപദ്ധതിയില്‍ സ്പോര്‍ട്സ് ഉള്‍പ്പെടുത്തുന്നതോടൊപ്പം കഴിവുള്ള അധ്യാപകരെ നിയമിക്കുകയും അവര്‍ കൃത്യമായ രീതിയില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ടോയെന്ന് പരിശോധിക്കുകയും വേണം. ഏറ്റവും ചുരുങ്ങിയത് 200 മീറ്റര്‍ ട്രാക്കും മള്‍ട്ടി ജിംനേഷ്യവും ഓരോ സ്കൂളിലും വേണം. ഇങ്ങനെ വരുമ്പോള്‍ സ്കൂള്‍ മീറ്റുകളിലും ചില സ്കൂളുകള്‍ മാത്രം മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതിനു പകരം സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകള്‍ക്കും നേട്ടം കൊയ്യാനാവും. കൃത്യതയാര്‍ന്ന പരിശീലനം ലഭിച്ചാല്‍ കേരളത്തിന്റെ കായിക താരങ്ങള്‍ ലോകത്തോളം ഉയരുമെന്നതില്‍ ഒരു തര്‍ക്കവുമില്ല.
ചതുരംഗത്തില്‍ വിജയിക്കാം ഷാജി എന്‍ കരുണ്‍
സിനിമയുടെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന വിപണിയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ചലച്ചിത്ര പ്രവര്‍ത്തകര്‍ നീക്കിയ ചതുരംഗത്തില്‍ പലപ്പോഴും പരാജയം ഉണ്ടാവാറുണ്ട്. പോയ വര്‍ഷത്തെ സിനിമകള്‍ മുഴുവന്‍ കാണാതെ അതിനെ വിലയിരുത്തുന്നതില്‍ അര്‍ഥമില്ല. തീയറ്ററുകള്‍ താരങ്ങളെ ഉണ്ടാക്കാന്‍ മാത്രമുള്ള ഉപാധികളായി കാണുന്ന വിപണിയുടെ തന്ത്രം കഴിഞ്ഞകൊല്ലത്തെ ചതുരംഗകളിയില്‍ സിനിമയെ തോല്‍പിച്ചിരിക്കാം. പ്രദര്‍ശനശാലകള്‍ സാംസ്കാരിക ക്ഷേത്രങ്ങളായി മാറുകയും വിപണി ആവശ്യപ്പെടുന്നതിനൊപ്പം സിനിമക്ക് ആവശ്യമായ സൌന്ദര്യവും ചേര്‍ത്താല്‍ അടുത്ത വര്‍ഷത്തെ ചതുരംഗകളിയില്‍ സിനിമക്ക് വിജയിക്കാം. പരാജയം എന്നതിന്റെ മറുവശം വിജയമാണ് എന്നതില്‍ വിശ്വസിക്കാം. സിനിമകള്‍ ആസ്വാദകരുടെ ഓര്‍മയില്‍ ഇരുപതും അന്‍പതും വര്‍ഷം വരെ നിറഞ്ഞുനിന്ന കാലഘട്ടങ്ങളുണ്ടായിരുന്നു. ഇന്ന് അതിന്റെ ഓര്‍മകള്‍ വ്യാപരിച്ചേക്കാവുന്ന കാലം രണ്ടും അഞ്ചും വര്‍ഷമായി പരിമിതപെട്ടു. ഓര്‍മകള്‍ തരുന്ന ഗൃഹാതുരത്വമാണ് സിനിമയുടെ വളര്‍ച്ചയുടെ വളം. ഗൃഹാതുരത്വങ്ങള്‍ ഇല്ലതാവുമ്പോള്‍ നല്ല സിനിമക്കുളള വളം കുറയുകയും വിളര്‍ച്ചയുണ്ടാവുകയും ചെയ്യുന്നു. എഴുതുമ്പോള്‍ എന്തിനാണ് അധ്യായങ്ങളായി പിരിക്കുന്നതും ഖണ്ഡികകളും ക്രിയാവിശേഷണങ്ങളും ചിഹ്നങ്ങളും ഉപയോഗിക്കുന്നത്.. അര്‍ഥം അതിവേഗം ആളുകളിലേക്ക് എത്തിക്കാന്‍ അത് സഹായിക്കുന്നു. സിനിമയിലും ഇത്തരം 'ചിഹ്നങ്ങള്‍' സൌന്ദര്യം എത്തിക്കുന്നതിനുള്ള ഉപാധിയാക്കുന്നതില്‍ പുതിയ തലമുറയുടെ ശ്രദ്ധ പതിയണം. മറ്റേത് ശാസ്ത്രീയകലകളില്‍ നിന്നും വ്യത്യസ്തമായി ഇരുപതാം നൂറ്റാണ്ടിലെ കമ്പോളത്തിന്റെ കലയായി പിറന്ന സിനിമയെ അതില്‍ നിന്നും മാറി കാണാന്‍ കഴിയില്ല. സിനിമയുടെ ലക്ഷ്യം പണം മാത്രമായി പരിമിതപ്പെടുന്നുവെന്നതാണ് ദുരന്തം. അപ്പോള്‍ സൌന്ദര്യം നഷ്ടമാകുന്നു. പണവും വിപണിയും മനുഷ്യന്‍ കണ്ടുപിടിച്ചതാവുമ്പോള്‍ അതിന് പരിമിതികള്‍ ഉണ്ടെന്ന് തിരിച്ചറിയണം. മനുഷ്യന്‍ നിര്‍മ്മിച്ച കമ്പ്യൂട്ടറുകള്‍ ജോലിചെയ്യാന്‍ ഉപകരിക്കുന്നു. പക്ഷെ ഒരു പെണ്‍കമ്പ്യൂട്ടറിനെ സൃഷ്ടിക്കാനാവാതെ പോയ സൌന്ദ്യര്യശാസ്ത്ര പരിമിതിയുണ്ട്. സൌന്ദ്യര്യശാസ്ത്രപരമായി കമ്പോളം പോലെ തന്നെ മനുഷ്യനിര്‍മ്മിതമായ കമ്പ്യൂട്ടറുകളും ചെറുതാകുന്നത് ഇത്തരം സങ്കല്‍പ്പങ്ങളിലാണ്.
ജീവിതത്തിലേക്ക് വഴിതുറന്ന് ആദിവാസികളും
ആദിവാസികള്‍ എങ്ങനെ ജീവിക്കുന്നെന്ന് കണ്ടറിയാന്‍ ഒരു മന്ത്രി നേരിട്ട് കോളനികളിലെത്തുകയെന്നത് ചരിത്രത്തിലെ അപൂര്‍വതയാണ്. പിന്നോക്കക്ഷേമമന്ത്രി എ കെ ബാലന്റെ സന്ദര്‍ശനത്തിനു പിന്നാലെ ആ കോളനികളില്‍ നടക്കേണ്ട വികസനപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട നടപടിയുണ്ടാവുകയും ചെയ്യുന്നു. വരുംവര്‍ഷത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമകുന്നതോടെ നാളിതുവരെ ജീവിതത്തിന്റെ പുറമ്പോക്കുകളില്‍മാത്രം കഴിയാന്‍ വിധിക്കപ്പെട്ടിരുന്ന ഒരു ജനതയെ പുതിയൊരു സ്വത്വബോധത്തിലേക്ക് നയിക്കാന്‍ നമുക്കാകും. ആദിവാസികളെ മറയാക്കി കലാപം സൃഷ്ടിക്കുകയെന്ന ചില സംഘടനകളുടെ ലക്ഷ്യമാണ് ആദിവാസിമേഖലയിലെ പ്രശ്നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിയോടെ തകരുന്നത്. ആദിവാസിക്ഷേമത്തിന്റെ പേരില്‍ ഫണ്ട് തട്ടുകയും അവരെ അരാഷ്ട്രീയവല്‍ക്കരിക്കുകയും ചെയ്യുന്ന ചില സംഘടനകളുടെ പ്രതീക്ഷകള്‍ക്കപ്പുറമാണ് സര്‍ക്കാര്‍ നടപടികള്‍. ആദിവാസിമേഖലയിലെ പ്രശ്നങ്ങള്‍ കണ്ടറിയാനും പരിഹരിക്കാനുമുള്ള ഏറ്റവും മികച്ച മാതൃകയാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. ജനാധിപത്യരീതിയിലുള്ള സമരങ്ങള്‍ക്ക് സര്‍ക്കാര്‍ ചെവികൊടുക്കുന്നു. കാടല്ലാതായി മാറിയ വനഭൂമിയില്‍ കുടില്‍കെട്ടി സമാധാനപരമായി സമരം ചെയ്യുന്ന ആദിവാസികള്‍ക്ക് ഭൂമി പതിച്ചുനല്‍കുന്ന സര്‍ക്കാര്‍ നടപടി അതാണ് തെളിയിക്കുന്നത്. അക്രമ പ്രവര്‍ത്തനങ്ങളൊന്നും നടത്താതെ വനത്തില്‍ കുടില്‍കെട്ടി കൃഷിചെയ്ത് ജീവിക്കുന്നവര്‍ക്ക് അര്‍ഹമായ ഭൂമി ലഭിക്കണം. ആദിവാസിമേഖലയിലെ മുഴുവന്‍ പ്രശ്നങ്ങള്‍ക്കും പരിഹാരമായി എന്നല്ല, ആദിവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിന് ആ മേഖലയില്‍ സദുദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സംഘടനകളെയും യോജിപ്പിച്ചുകൊണ്ടുള്ള പഠനവും അതിനനുസരിച്ചുള്ള കൂടുതല്‍ പ്രവര്‍ത്തനങ്ങളും അനിവാര്യമാണ്. അതോടൊപ്പം ആദിവാസികളെ മറയാക്കി കലാപം സൃഷ്ടിക്കുന്നവരെയും അവരുടെ ക്ഷേമഫണ്ട് വെട്ടിക്കുന്നവരെയും സര്‍ക്കാര്‍ നിയന്ത്രിക്കുകയും വേണം.
(ഒ കെ ജോണി)
കാതോര്‍ക്കുന്നത് നിശബ്ദമുന്നേറ്റത്തിന് റോസ്മേരി
ആത്മബോധത്തിന്റെ വെളിച്ചം ഇനിയും തെളിഞ്ഞില്ലെങ്കിലും സ്ത്രീസമൂഹത്തില്‍ നിശബ്ദമുന്നേറ്റത്തിന് ഞാന്‍ കാതോര്‍ക്കുന്നുണ്ട്. ദയാബായിയെപ്പോലെ മാധ്യമങ്ങള്‍ ഓമനിക്കാത്ത മിന്നാമിന്നികളെ. അതിശയകരമായ മുന്നേറ്റമൊന്നും കടന്നുപോയ വര്‍ഷം ഉണ്ടായില്ലെങ്കിലും അതുപോലെതന്നെയാകും വരുംവര്‍ഷമെന്ന് കരുതാനാകുമോ? എനിക്ക് പ്രതീക്ഷയുണ്ട്. പ്രകാശത്തിന്റെ വഴി തെളിയാതിരിക്കില്ല. സ്ത്രീകളില്‍നിന്ന് അത്ഭുതകരമായ വിജയമൊന്നും പോയനാളുകളില്‍ കാണാനായില്ല. വിസ്മയകരമായ സാന്നിധ്യങ്ങളും. തികച്ചും ഒരു സാധാരണവര്‍ഷം. സ്ത്രീസമൂഹത്തിന്റെ എല്ലാ തട്ടിലും മാറ്റമുണ്ട്. സാമ്പത്തികമായി സ്ത്രീ ഒരുപാട് മുന്നേറി. വെല്ലുവിളികളുള്ള തൊഴില്‍മേഖലയില്‍പോലും കടന്നുവന്നു. വരുംവര്‍ഷവും ഇതിനൊരു മാറ്റവും ഉണ്ടാകില്ല. കുറെക്കൂടി കരുത്തും ഈ ഒഴുക്കിനുണ്ടാകാം. ഉപരിവര്‍ഗത്തിലും അടിത്തട്ടിലും വലിയ വ്യത്യാസം ഇക്കാര്യത്തിലില്ല.
കുടുംബശ്രീകളുണ്ടാക്കിയ ചലനം കീഴ്ത്തട്ടില്‍ നാം വിചാരിച്ചതിലും അധികമാണ്. കുടുംബങ്ങളിലെ ചലനം തൊട്ടറിയാനാകും. കുഗ്രാമങ്ങളില്‍വരെ സ്ത്രീകള്‍ ഇതിന്റെ സാധ്യതകള്‍ വിനിയോഗിച്ചു. സ്ത്രീപദവിയില്‍ വലിയ ഒരു പൊളിച്ചെഴുത്ത് വരുംവര്‍ഷവും പ്രതീക്ഷിക്കുന്നില്ല. കാരണം സ്ത്രീയോടുള്ള സമൂഹമനോഭാവം പഴയപടി തുടരുകയാണ്. കുടുംബങ്ങളില്‍ സ്ത്രീ പഴയ അതേ അവസ്ഥയില്‍തന്നെ. പെണ്‍കുട്ടികളെ ഓര്‍മിച്ചുള്ള ആകുലത തീരില്ല. സ്ത്രീപീഡനങ്ങളും അതിക്രമങ്ങളും കുറയില്ല. അരക്ഷിതാവസ്ഥ നിറയുന്നതില്‍ സങ്കടമുണ്ട്. വിദ്യാഭ്യാസത്തിലും തൊഴില്‍പരമായും പെകുട്ടികള്‍ പിന്നിട്ട ദൂരം ചെറുതല്ല. നമ്മുടെ പെകുട്ടികള്‍ ഞങ്ങള്‍ വില്‍പ്പനച്ചരക്കല്ല എന്ന് വിളിച്ചുപറയേണ്ട സമയമായി. സ്ത്രീധനത്തിന് തൂക്കിവില്‍ക്കാന്‍ നിന്നുകൊടുക്കരുത്. ആത്മധൈര്യത്തിന്റെ വഴിയിലാകണം വരുംവര്‍ഷം അവരുടെ സഞ്ചാരം.
സ്വര്‍ണത്തോടുള്ള ഭ്രമത്തിന് ഒട്ടും കുറവില്ല. വില കുതിച്ചുകയറുമ്പോഴും സ്വര്‍ണഭ്രമത്തില്‍ സ്ത്രീകള്‍ തിക്കിത്തിരക്കുകയാണ്. മുത്തുമാലകളും കല്ലുമാലകളും ധരിക്കാന്‍ മടിക്കുന്നത് മനസ്സിലാകുന്നില്ല. സംവരണം സ്ത്രീക്ക് കരുത്തേകുമെന്ന വിശ്വാസമില്ല. 33 ശതമാനം സംവരണം കിട്ടിയപ്പോള്‍ കണ്ട സ്ത്രീപദവിതന്നെയാകും സംവരണ ശതമാനം ഇനിയെത്ര കൂട്ടിയാലും. സംവരണംവഴി സ്ത്രീ അധികാരം കൈയാളുന്ന സ്ഥലങ്ങളില്‍പ്പോലും പുരുഷന്മാരുടെ ബാഹ്യഭരണമാണ്. സംവരണത്തോടൊപ്പം പുരുഷന്മാരുടെ മനോഭാവവും മാറണം. എന്നാലേ ഇത് സ്ത്രീക്ക് ഉപയോഗപ്രദമാകൂ. രാഷ്ട്രപതിയോ സ്പീക്കറോ ആയതുകൊണ്ട് സ്ത്രീപദവിയില്‍ വലിയ മുന്നേറ്റമുണ്ടായി എന്നൊന്നും വിശ്വസിക്കുന്നില്ല. അവര്‍ പദവി ഉപയോഗപ്പെടുത്തി സ്ത്രീസമൂഹത്തിനായി പ്രകാശിക്കണം. എന്നാല്‍, ഇക്കാര്യത്തിലും നിരാശതന്നെ. എന്നാല്‍, അര്‍ഹതയുള്ളവരെ ഇരുട്ടില്‍ നിര്‍ത്തുന്നു. പി ടി ഉഷയാണ് വരുംവര്‍ഷം മാതൃകയാക്കാവുന്ന വനിത. രാഷ്ട്രവും കായികലോകവും തന്റെമേല്‍ ചൊരിഞ്ഞ എല്ലാ സ്നേഹവും ആദരവും ഉഷ തിരിച്ചുനല്‍കുകയാണ്. ഭൂതകാലനേട്ടങ്ങളില്‍ അഭിരമിച്ച് ഉഷയ്ക്ക് കഴിയാമായിരുന്നു. അതല്ല ഉഷ. ആരും തുണയില്ലാത്ത കാലത്തും ഉഷ കിതച്ചുനില്‍ക്കാതെ ഓടി. ആ വഴികളിലെ പ്രകാശമാകണം വരുംവര്‍ഷം സ്ത്രീകളെ നയിക്കേണ്ടത്.
ദേശാഭിമാനി 01012010
എല്ലാവര്‍ക്കും നവവത്സര ആശംസകള്‍
പി.സായ്നാഥ്, പ്രൊഫ.പ്രഭാത് പട്നായിക്ക്, ഡോ.കെ.എന്‍. പണിക്കര്‍, പി.ടി.ഉഷ, ഷാജി എന്‍ കരുണ്‍, രാജന്‍ ഗുരുക്കള്‍, റോസ്മേരി, ഒ.കെ.ജോണി തുടങ്ങിയവര്‍ പങ്കുവെക്കുന്ന നവവത്സര ചിന്തകള്‍.
ReplyDeleteഎല്ലാവര്‍ക്കും ജനശക്തിയുടെ നവവത്സര ആശംസകള്‍.