രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിനെ തകര്‍ക്കാനും തുടര്‍ന്ന് സ്വകാര്യവല്‍ക്കരിക്കാനുമുള്ള നീക്കങ്ങള്‍ അണിയറയില്‍ തിരക്കിട്ട് നടക്കുന്നു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തുതന്നെ ബിഎസ്എന്‍എല്ലിനെ ഷെയര്‍ബസാറില്‍ എത്തിക്കാന്‍ ശ്രമിച്ചുനോക്കിയെങ്കിലും ഇടതുപക്ഷത്തിന്റെയും ജീവനക്കാരുടെയും ശക്തമായ എതിര്‍പ്പിനുമുമ്പില്‍ സര്‍ക്കാരിന് മുട്ടുകുത്തേണ്ടിവന്നു. ജീവനക്കാരുടെ എതിര്‍പ്പിനെ അവഗണിച്ച് ടെലികോം വകുപ്പിനെ കോര്‍പറേഷനാക്കി മാറ്റിയതുതന്നെ വില്‍പ്പനയെന്ന ലക്ഷ്യംവച്ചാണ്. ബിഎസ്എന്‍എല്ലിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കാനായി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നും പടിപടിയായി പിന്‍വലിച്ചു. സ്വകാര്യകമ്പനികള്‍ക്ക് നല്‍കുന്ന പരിഗണനപോലും സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാസ്ഥാപനത്തിന് നിഷേധിക്കപ്പെടുന്നു. സ്വകാര്യകമ്പനികള്‍ തമ്മില്‍ തമ്മില്‍ ലയനം അനുവദിക്കുമ്പോള്‍, ഡല്‍ഹിയിലും മുംബൈയിലും മാത്രം പ്രവര്‍ത്തിക്കുന്ന എംടിഎന്‍എല്ലും ഇന്ത്യയുടെ ബാക്കിപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബിഎസ്എന്‍എല്ലും തമ്മില്‍ ലയിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് ചൈനയില്‍നിന്ന് ഉപകരണങ്ങള്‍ വാങ്ങാം. പക്ഷേ, സുരക്ഷയുടെ പേരുപറഞ്ഞ് ബിഎസ്എന്‍എല്ലിന് ഈ അവകാശം തടഞ്ഞിരിക്കുന്നു. സ്വകാര്യകമ്പനികള്‍ക്ക് ടെന്‍ഡര്‍പോലും ഇല്ലാതെ ഉപകരണങ്ങള്‍ വാങ്ങാം. ബിഎസ്എന്‍എല്ലിന് പലവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കാലതാമസം വരുത്തുന്നു. വരുമാനത്തിലും ലാഭത്തിലും ഭൂമിശാസ്ത്രപരമായും എത്രയോ ചെറിയ കമ്പനികള്‍ക്കുപോലും നവരത്ന/മഹാരത്ന പദവികള്‍ നല്‍കിയപ്പോള്‍ ബിഎസ്എന്‍എല്‍ അവഗണിക്കപ്പെട്ടു. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക് ലിമിറ്റഡി (എച്ച്എഎല്‍) ന് നവരത്നപദവി നല്‍കിയതോടെ, സ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ് ചെയ്യാത്തതുകൊണ്ടാണ് നവരത്നപദവി ബിഎസ്എന്‍എല്ലിന് ലഭിക്കാത്തത് എന്ന വാദവും പൊളിഞ്ഞു. ഏത് രീതിയിലും ഈ വന്‍പൊതുമേഖലാസ്ഥാപനത്തെ തകര്‍ക്കുകയെന്നത് മാത്രമാണ് സര്‍ക്കാരിന്റെയും സ്ഥാപിതതാല്‍പ്പര്യക്കാരുടെയും ലക്ഷ്യം.
ഗൂഢാലോചന
സ്വകാര്യകമ്പനികള്‍ക്ക് മൊബൈല്‍ലൈസന്‍സ് നല്‍കി ആറുവര്‍ഷം കഴിഞ്ഞാണ് ഗവമെന്റ് കമ്പനിക്ക് ലൈസന്‍സ് നല്‍കിയത്. എങ്കില്‍പ്പോലും ചുരുങ്ങിയകാലത്തിനുള്ളില്‍ രണ്ടാംസ്ഥാനത്തെത്തി, ഒന്നാംസ്ഥാനത്തുള്ള ഭാരതി എയര്‍ടെല്ലിനേക്കാള്‍ കൂടുതല്‍ കണക്ഷനുകള്‍ പ്രതിമാസം നല്‍കി ഒന്നാംസ്ഥാനത്തെത്തുമെന്ന ഘട്ടത്തിലാണ് ഏറ്റവും നികൃഷ്ടമായ ഗൂഢാലോചനയിലൂടെ ബിഎസ്എന്‍എല്ലിന്റെ വളര്‍ച്ചയെ തടഞ്ഞത്. നാലരക്കോടിയിലേറെ മൊബൈല്‍ ലൈനുകള്‍ വാങ്ങുവാനുള്ള കമ്പനിയുടെ തീരുമാനം ബിഎസ്എന്‍എല്‍ ബോര്‍ഡുതന്നെ നിര്‍ത്തിവച്ചു. വകുപ്പുമന്ത്രിക്ക് ഇതില്‍ പങ്കുണ്ടെന്ന് വ്യക്തമാണ്. മൂന്നുലക്ഷത്തോളം വരുന്ന ബിഎസ്എന്‍എല്‍ എക്സിക്യൂട്ടീവ് - നോണ്‍ എക്സിക്യൂട്ടീവ് ജീവനക്കാരുടെ സംയുക്തസമിതി 2009 ജൂലൈ 11ന് നടത്തിയ ഒരു ദിവസത്തെ ഐതിഹാസികമായ പണിമുടക്കിനെത്തുടര്‍ന്ന് മാത്രമാണ് ടെന്‍ഡറിന്റെ പകുതി 2.25 കോടി ലൈനുകളെങ്കിലും മേടിക്കാന്‍ സര്‍ക്കാരും മാനേജ്മെന്റും നിര്‍ബന്ധിതരായത്. ഇടിയുന്ന മാര്‍ക്കറ്റ് ഷെയര്‍ ലൈനുകളുടെ കുറവുകാരണം രണ്ടുകൊല്ലമായി മാര്‍ക്കറ്റ് ഷെയറിലും ആകെ ടെലിഫോണ്‍ കണക്ഷനുകളിലും ബിഎസ്എന്‍എല്‍ പുറകോട്ടുതള്ളപ്പെട്ടിരിക്കുന്നു. മുമ്പ് ആകെയുള്ള കണക്ഷനുകളില്‍ ഒന്നാംസ്ഥാനത്തും മൊബൈലില്‍ രണ്ടാംസ്ഥാനത്തുമായിരുന്നു ഈ പൊതുമേഖലാസ്ഥാപനം. എന്നാല്‍, ഇന്ന് ആകെ കണക്ഷനുകളില്‍ മൂന്നാംസ്ഥാനത്തേക്കും മൊബൈലില്‍ നാലാംസ്ഥാനത്തേക്കും പിന്‍തള്ളപ്പെട്ടിരിക്കുന്നു. ഇന്നത്തെ സ്ഥിതി തുടര്‍ന്നാല്‍ ചുരുങ്ങിയ മാസങ്ങള്‍ക്കകം മൊബൈല്‍രംഗത്ത് ബിഎസ്എന്‍എല്‍ അഞ്ചാംസ്ഥാനത്തേക്ക് താഴ്ന്നുപോകും.
9.3 കോടി ജിഎസ്എം ടെന്‍ഡര്‍
മൊബൈല്‍ ലൈനുകള്‍ വേണ്ടത്ര ലഭിക്കുന്നതിനായി 2008ല്‍ ബിഎസ്എന്‍എല്‍ 9.3 കോടി ജിഎസ്എം ലൈനുകള്‍ക്ക് ആഗോളടെന്‍ഡര്‍ വിളിച്ചു. ഇത് നടന്നാല്‍ ലൈനുകളുടെ കുറവ് പരിഹരിക്കാന്‍ കഴിയുമെന്ന് വകുപ്പുമന്ത്രിയും കമ്പനി മാനേജ്മെന്റും പ്രഖ്യാപിച്ചു. എന്നാല്‍, ഈ ടെന്‍ഡറിനെതിരെയും തടസ്സങ്ങള്‍ ഉയര്‍ത്തപ്പെട്ടു. സാങ്കേതിക കാരണങ്ങളാല്‍ ഒഴിവാക്കപ്പെട്ട നോക്കിയ സീമെന്‍സ് നെറ്റ്വര്‍ക്സ് കമ്പനി ടെന്‍ഡറുകള്‍ക്കെതിരെ ആന്ധ്ര ഹൈക്കോടതിയില്‍ കേസ് കൊടുത്തു. കേന്ദ്ര വിജിലന്‍സിന്റെയും ഹൈക്കോടതിയുടെയും അനുവാദത്തോടെ 'ഇന്റഗ്രിറ്റി പാനലും' അന്വേഷണം നടത്തി. ഒരു അപാകതയും കണ്ടെത്താന്‍ കഴിഞ്ഞില്ല് കേസ് തള്ളി. ലൈനുകള്‍ മേടിക്കാന്‍ ഓര്‍ഡറുകള്‍ പുറപ്പെടുവിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീങ്ങിയെന്നുകരുതി തുടര്‍നടപടികള്‍ ആരംഭിച്ചപ്പോഴാണ് പുതിയ പ്രശ്നങ്ങള്‍ സര്‍ക്കാരും ബിഎസ്എന്‍എല്‍ ബോര്‍ഡും ഉയര്‍ത്തിയത്. ടെന്‍ഡറില്‍ വിജയിച്ച എറിക്സണ്‍ കമ്പനിയുമായി ബിഎസ്എന്‍എല്‍ മാനേജ്മെന്റ് ചര്‍ച്ചനടത്തി ടെന്‍ഡറില്‍ പറഞ്ഞ തുകയിലും കുറച്ചു കരാറാക്കി എന്നതാണ് പുതിയ ആരോപണം. ഈ രീതി സാധാരണ പതിവുള്ളതും കമ്പനിക്ക് ലാഭകരവുമാണ്. ഇതിന്റെ പേരില്‍ കേന്ദ്ര വിജിലന്‍സ് കമീഷന്‍ അന്വേഷണം ആരംഭിക്കുമത്രേ. ഈ കാരണംപറഞ്ഞ് ലൈനുകള്‍ മേടിക്കുന്നത് മാറ്റിവയ്ക്കണമെന്ന് ബിഎസ്എന്‍എല്‍ മാനേജ്മെന്റിന് ബോര്‍ഡ് നിര്‍ദേശം നല്‍കിയിരിക്കുന്നു. ബിഎസ്എന്‍എല്ലിന്റെ വളര്‍ച്ച വീണ്ടും തടയപ്പെട്ടിരിക്കുന്നു. സ്വന്തം കമ്പനിയുടെ വളര്‍ച്ചയേക്കാളും സര്‍ക്കാരിന് താല്‍പ്പര്യം സ്വകാര്യകമ്പനികളുടെ വളര്‍ച്ചയിലും ലാഭത്തിലുമാണല്ലോ.
പ്രക്ഷോഭത്തിലേക്ക്
ബിഎസ്എന്‍എല്ലിന്റെ വളര്‍ച്ചയ്ക്ക് അവശ്യം ആവശ്യമായ ജിഎസ്എം ടെന്‍ഡറിന്റെ പുരോഗതി തടസ്സപ്പെടുത്തുന്നതിലൂടെ ഈ പൊതുമേഖലാസ്ഥാപനത്തെ തകര്‍ക്കാനുള്ള നീക്കം മറനീക്കി പുറത്തുവന്നിരിക്കയാണ്. ഇതിനെതിരെ വ്യാപകമായ പ്രചാരണപ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ ജീവനക്കാരുടെ സംഘടനകളുടെ ഐക്യവേദി തീരുമാനിച്ചിരിക്കുന്നു. ആദ്യപടിയായി സംഘടനാനേതാക്കള്‍ മാനേജ്മെന്റിനെയും ടെലികോം വകുപ്പ് മേധാവികളെയും കണ്ട് ചര്‍ച്ചനടത്തുകയുണ്ടായി. വകുപ്പുമന്ത്രിയുടെ മുന്നില്‍ ഈ പ്രശ്നം നേരത്തെ ഉയര്‍ത്തിയിരുന്നു. പക്ഷേ, അനുകൂലമായ തീരുമാനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രശ്നം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍കൊണ്ടുവരാനും അനുകൂലമായ തീരുമാനം ലഭിക്കാനുമാണ് സംഘടനകള്‍ ശ്രമിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ചുള്ള നൂറുകണക്കിന് ടെലിഗ്രാമുകള്‍ സംഘടനകളുടെ വിവിധ ശാഖകളില്‍നിന്നുമായി ഇതിനകംതന്നെ പ്രധാനമന്ത്രിക്ക് ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. 2010 ജനുവരി അഞ്ചിന് ബിഎസ്എന്‍എല്‍ ജീവനക്കാര്‍ സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാകേന്ദ്രങ്ങളിലും വമ്പിച്ച പ്രതിഷേധപ്രകടനങ്ങള്‍ നടത്തുകയാണ്.
വി എ എന്‍ നമ്പൂതിരി (ബിഎസ്എന്‍എല്‍ എംപ്ളോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിനെ തകര്‍ക്കാനും തുടര്‍ന്ന് സ്വകാര്യവല്‍ക്കരിക്കാനുമുള്ള നീക്കങ്ങള്‍ അണിയറയില്‍ തിരക്കിട്ട് നടക്കുന്നു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തുതന്നെ ബിഎസ്എന്‍എല്ലിനെ ഷെയര്‍ബസാറില്‍ എത്തിക്കാന്‍ ശ്രമിച്ചുനോക്കിയെങ്കിലും ഇടതുപക്ഷത്തിന്റെയും ജീവനക്കാരുടെയും ശക്തമായ എതിര്‍പ്പിനുമുമ്പില്‍ സര്‍ക്കാരിന് മുട്ടുകുത്തേണ്ടിവന്നു. ജീവനക്കാരുടെ എതിര്‍പ്പിനെ അവഗണിച്ച് ടെലികോം വകുപ്പിനെ കോര്‍പറേഷനാക്കി മാറ്റിയതുതന്നെ വില്‍പ്പനയെന്ന ലക്ഷ്യംവച്ചാണ്. ബിഎസ്എന്‍എല്ലിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കാനായി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നും പടിപടിയായി പിന്‍വലിച്ചു. സ്വകാര്യകമ്പനികള്‍ക്ക് നല്‍കുന്ന പരിഗണനപോലും സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാസ്ഥാപനത്തിന് നിഷേധിക്കപ്പെടുന്നു
ReplyDeleteസ്വകാര്യ ടെലികോം കമ്പനികള്‍ക്ക് ചൈനയില്‍നിന്ന് ഉപകരണങ്ങള്‍ വാങ്ങാം. പക്ഷേ, സുരക്ഷയുടെ പേരുപറഞ്ഞ് ബിഎസ്എന്‍എല്ലിന് ഈ അവകാശം തടഞ്ഞിരിക്കുന്നു...... ദ്ദാണ് കാര്യം!
ReplyDelete