Saturday, January 23, 2010

സി.ഐ.ടി.യു സമ്മേളനത്തില്‍ നിന്ന്

മെമ്പര്‍ഷിപ്പില്‍ രണ്ടേകാല്‍ലക്ഷം വര്‍ധന

സംസ്ഥാനത്ത് സിഐടിയു വളര്‍ച്ചയുടെ പാതയില്‍. 11-ാം സംസ്ഥാന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് സിഐടിയുവിന് വിവിധ തൊഴില്‍മേഖലകളിലുണ്ടായ പുരോഗതി വെളിപ്പെടുത്തുന്നത്. റിപ്പോര്‍ട്ട് കാലയളവില്‍ സംഘടനയുടെ അംഗസംഖ്യ രണ്ടേകാല്‍ ലക്ഷത്തോളം വര്‍ധിച്ചു. 2006ല്‍ പാലക്കാട്ട് ചേര്‍ന്ന സമ്മേളനത്തില്‍ 897 യൂണിയനുകളിലായി 10,73,356 അംഗങ്ങളാണുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 832 യൂണിയനുകളിലായി 12,93,557 ആയി വര്‍ധിച്ചു. എന്നാല്‍ അംഗസംഖ്യ 15 ലക്ഷത്തിലെത്തിക്കാനുള്ള ശ്രമം തുടരേണ്ടതുണ്ട്. സേവനമേഖലകളിലുണ്ടായ വളര്‍ച്ചയ്ക്കൊപ്പം സേവനാനുബന്ധ മേഖലകളില്‍ വളരുന്ന സാധ്യത പ്രയോജനപ്പെടുത്തി അംഗസംഖ്യ വര്‍ധിപ്പിക്കാന്‍ കഴിയണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.വിവിധ മേഖലകളില്‍ സിഐടിയുവിനുണ്ടായ കുതിച്ചുചാട്ടത്തിന്റെ കണക്കും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. നിര്‍മാണ മേഖല, ആര്‍ട്ടിസാന്‍സ്, അങ്കണവാടി, ചുമട്, മത്സ്യം, മോട്ടോര്‍, ഷോപ്പ്സ് ആന്‍ഡ് എസ്റ്റാബ്ളിഷ്മെന്റ്, സെയില്‍സ് റെപ്രസന്റേറ്റീവ്സ് എന്നീ മേഖലകളിലാണ് ശ്രദ്ധേയമായ മുന്നേറ്റമുണ്ടാക്കിയിട്ടുള്ളത്.

കഴിഞ്ഞ സമ്മേളന കാലയളവില്‍ 2,88,409 ആയിരുന്ന നിര്‍മാണ മേഖലയിലെ അംഗസംഖ്യ ഇത്തവണ 3,21,540 ആയി ഉയര്‍ന്നു. ആര്‍ട്ടിസാന്‍സ് അംഗസംഖ്യ 1,20,431ല്‍ നിന്ന് 1,36,603 ആയി. മോട്ടോര്‍ത്തൊഴിലാളി രംഗത്ത് 12,000ത്തോളം അംഗങ്ങളുടെ വര്‍ധനയുണ്ട്. 1,51,822 ആയിരുന്ന അംഗസംഖ്യ 1,63,935 ആയി ഉയര്‍ന്നു. ഷോപ്പ്സ് ആന്‍ഡ് എസ്റ്റാബ്ളിഷ്മെന്റ് രംഗത്ത് 5946ല്‍ നിന്ന് 16,626 ആയും സെയില്‍സ് റെപ്രസന്റേറ്റീവ് മേഖലയില്‍ 4041ല്‍ നിന്ന് 24,802 ആയും വര്‍ധിച്ചു. യഥാക്രമം മൂന്നും നാലും ഇരട്ടി വര്‍ധന. വനിതാ അംഗത്വത്തിന്റെ കാര്യത്തിലും സംഘടനയ്ക്ക് വളര്‍ച്ചയുണ്ടായി. 3,32,826 ആയിരുന്ന വനിതാ അംഗസംഖ്യ ഇപ്പോള്‍ 4,04,861 ആയി വര്‍ധിച്ചു.സ്കൂള്‍ പാചകത്തൊഴിലാളി, ന്യൂ ജനറേഷന്‍ ബാങ്ക് ആന്‍ഡ് ഇന്‍ഷുറന്‍സ്, സ്വകാര്യ ധനകാര്യമേഖല, ആശ വര്‍ക്കേഴ്സ്, സെക്യൂരിറ്റി ജീവനക്കാര്‍ എന്നീ മേഖലകളിലേക്ക് സംഘടനയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നിലവിലുള്ള ദൌര്‍ബല്യം പരിഹരിച്ച് സംഘടനയെ കൂടുതല്‍ കരുത്തുറ്റതാക്കാനുള്ള ആഹ്വാനവും റിപ്പോര്‍ട്ടിലുണ്ട്.

വര്‍ഗീയവാദം വളരുന്നത് സാമ്രാജ്യത്വ പിന്തുണയോടെ: വൈക്കം വിശ്വന്‍

ഇന്ത്യയില്‍ വര്‍ഗീയവാദം വേരോട്ടം നടത്തുന്നത് സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെയാണെന്നും സമാധാനപരമായി ജീവിക്കുന്ന സമൂഹത്തെ തകര്‍ക്കാനാണ് വര്‍ഗീയത ശ്രമിക്കുന്നതെന്നും സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വന്‍ പറഞ്ഞു. സിഐടിയു സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വിപ്ളവകാരികളെന്നാല്‍ തീവ്രവാദികള്‍ ആയിരിക്കണമെന്നാണ് മാധ്യമങ്ങള്‍ പരോക്ഷമായി പഠിപ്പിക്കുന്നത്. അങ്ങനെയാണ് മാവോയിസ്റ്റുകള്‍ വിപ്ളവകാരികളായി ചിത്രീകരിക്കപ്പെടുന്നത്. ഇവര്‍ക്കുവേണ്ടിയുള്ള പ്രചാരണത്തിന് വ്യാപകമായി കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ പണം മുടക്കുന്നുണ്ട്. വിപ്ളവകാരികളെന്നുപറയുന്നവരെ രാഷ്ട്രീയമായി സഹായിക്കുന്നത് ആരൊക്കെയാണെന്ന് തിരിച്ചറിയണം. ഇതിനുപിന്നില്‍ വെട്ടിപ്പിടിത്തക്കാരുടെയും കൊള്ളക്കാരുടെയും താല്‍പ്പര്യങ്ങളുണ്ടെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

നിരാശാബോധം മുതലെടുത്ത് ഭീകരവാദം വളര്‍ന്നു: നൈനാന്‍ കോശി

വര്‍ഗീയ ഫാസിസത്തിന്റെ കടന്നാക്രമണത്തെത്തുടര്‍ന്ന് നീതിഷേധിക്കപ്പെട്ടവരിലുണ്ടായ നിരാശാബോധം മുതലെടുത്താണ് ഭീകരവാദം വളര്‍ന്നുവന്നതെന്ന് നൈനാന്‍ കോശി പറഞ്ഞു. സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വര്‍ഗീയതയും ഭീകരവാദവും എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 92ലെ ബാബറിമസ്ജിദ് തകര്‍ച്ചയും 2002ലെ ഗുജറാത്ത് കലാപവുമാണ് ഇന്ത്യയില്‍ തീവ്രവാദത്തിന് ഗതിവേഗം നല്‍കിയത്. എന്തുകൊണ്ട് തീവ്രവാദം വളരുന്നു എന്നതിനെക്കുറിച്ച് പഠിക്കാതെ അതിനെ ചെറുക്കാനുള്ള കരുത്ത് ആര്‍ജിക്കാനാവില്ല. തീവ്രവാദത്തെ അപലപിക്കുന്നതിനൊപ്പം അതിന്റെ പശ്ചാത്തലവും അന്വേഷിക്കണം. തീവ്രവാദവും ഭീകരവാദവും രണ്ടല്ല എന്ന തിരിച്ചറിവും വേണം. തീവ്രവാദത്തിനും ഭീകരവാദത്തിനും മതമില്ല. നിരാശാബോധത്തെ മറ്റ് പല ആവശ്യങ്ങള്‍ക്കുംവേണ്ടിയാണ് തീവ്രവാദികള്‍ ഉപയോഗിക്കുന്നത്. പലസ്തീന്‍പ്രശ്നമായാലും കശ്മീര്‍ പ്രശ്നമായാലും പരിഹരിക്കപ്പെടണമെന്ന് തീവ്രവാദ സംഘടനകള്‍ക്ക് ആഗ്രഹമില്ല. വര്‍ഗീയതയുടെ ഫാസിസ്റ്റ്രൂപമാണ് ഇന്ത്യനേരിടുന്ന പ്രധാന വെല്ലുവിളി. ബാബറിമസ്ജിദ് തകര്‍ന്നത് ഇന്ത്യയിലെ ഏത് ജനവിഭാഗത്തെ വ്രണപ്പെടുത്തിയോ അതേവിഭാഗം തന്നെയാണ് മുംബൈയില്‍ നടന്ന കൂട്ടക്കൊലക്കിരയായത്. ഇതിലെ പ്രതികള്‍ക്കെതിരെ ഒരു നടപടിയുമുണ്ടായില്ല. ഇതിന്റെ പ്രതികാരമായുണ്ടായ സ്ഫോടനത്തിലെ പ്രതികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു.

മതനിരപേക്ഷതയ്ക്ക് ഭംഗംവരുത്താന്‍ സിപിഐ എം തയ്യാറല്ല: എ വിജയരാഘവന്‍

മതനിരപേക്ഷതയ്ക്ക് ഭംഗംവരുത്തുന്ന തരത്തിലുള്ള പ്രക്രിയകളുമായി എള്ളോളം സന്ധിചെയ്യാന്‍ സിപിഐ എമ്മോ ഇടതുപക്ഷ കക്ഷികളോ തയ്യാറല്ലെന്ന് സിപിഐ എം കേന്ദ്രസെക്രട്ടറിയറ്റംഗം എ വിജയരാഘവന്‍ എംപി പറഞ്ഞു. സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തെക്കേഗോപുരനടയില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്ന ലക്ഷണമൊത്ത ഭീകരസംഘടനയാണ് എന്‍ഡിഎഫ്. അവരെ സംരക്ഷിക്കുന്നതാരാണ്? സിപിഐ എമ്മിനെയാണ് ആക്രമിക്കുന്നതെങ്കില്‍ അവര്‍ തീവ്രവാദികളല്ല എന്ന നിലപാടാണ് കോണ്‍ഗ്രസും കോര്‍പറേറ്റ് മാധ്യമങ്ങളും സ്വീകരിക്കുന്നത്. ഇന്ത്യയില്‍ മതനിരപേക്ഷത സംരക്ഷിച്ചുനിര്‍ത്താന്‍ കഴിഞ്ഞത് ദേശീയതലത്തില്‍ ഇടതുപക്ഷത്തിന്റെ നിര്‍ണായകനേട്ടമാണ്. കമ്യൂണിസ്റ്റുകാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജീവിത വീക്ഷണങ്ങളുടെ നേരെ എതിര്‍ദിശയിലാണ് വര്‍ഗീയതയും തീവ്രവാദവും വേരുറപ്പിക്കുന്നത്. സമൂഹത്തിന്റെ വിശാലമായ ഉള്‍ക്കാഴ്ചയെ നിരാകരിക്കുകയും സംഘര്‍ഷംമാത്രം സമ്മാനിക്കുകയുമാണ് ഭീകരവാദംചെയ്യുന്നത്. വര്‍ഗീയതയും തീവ്രവാദവും സ്വാഭാവികമായി രൂപംകൊണ്ട ഒന്നല്ല. ഇന്ത്യയില്‍ മതത്തിനും വിശ്വാസത്തിനും സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. തെറ്റിനെതിരായ പോരാട്ടങ്ങള്‍ ഒരുപാട് കരുത്തുപകരാന്‍ മതത്തിനും വിശ്വാസികള്‍ക്കും സാധിച്ചിട്ടുണ്ട്. എന്നാല്‍, തീവ്രവാദത്തിന് നൂറ്റാണ്ടിന്റെ പഴക്കമേയുള്ളൂ. അത് കൊളോണിയലിസത്തിന്റെ സൃഷ്ടിയാണ്. ഇപ്പോഴും ഭീകരവാദത്തെ പാലൂട്ടിവളര്‍ത്തുന്നത് പഴയ കൊളോണിയലിസത്തിന്റെ പിന്തുടര്‍ച്ചക്കാരായ സാമ്രാജ്യത്വമാണ്. സമൂഹത്തിലെ ദുര്‍ബലന് ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ചൊന്നും തീവ്രവാദികള്‍ക്ക് ആശങ്കയില്ല. തൊഴിലാളിവര്‍ഗത്തിന്റെ എതിര്‍ചേരിയിലാണ് തീവ്രവാദം നില്‍ക്കുന്നത്്- വിജയരാഘവന്‍ പറഞ്ഞു.

റാലിയോടെ ഇന്ന് സമാപനം

സിഐടിയു പതിനൊന്നാം സംസ്ഥാന സമ്മേളനം ശനിയാഴ്ച റാലിയോടെ സമാപിക്കും. തേക്കിന്‍കാട് മൈതാനിയിലെ ഇ ബാലാനന്ദന്‍ നഗറില്‍ ചേരുന്ന സമ്മേളനം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. ശക്തന്‍നഗറിലും പാലസ് മൈതാനിയിലും കേന്ദ്രീകരിച്ച് വൈകിട്ട് നാലോടെ ആരംഭിക്കുന്ന പ്രകടനങ്ങള്‍ മുനിസിപ്പല്‍ റോഡ് ജങ്ഷനില്‍ സംഗമിച്ച് തേക്കിന്‍കാട് മൈതാനിയിലേക്ക് പ്രവേശിക്കും. കെ പത്മനാഭന്‍ നഗറില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാംദിവസമായ വെള്ളിയാഴ്ച പൊതുചര്‍ച്ച പൂര്‍ത്തിയായി. 67 പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വൈകിട്ട് 'ആഗോള സാമ്പത്തിക പ്രതിസന്ധിയും തൊഴിലാളി വര്‍ഗവും' സെമിനാര്‍ സിഐടിയു ദേശീയ പ്രസിഡന്റ് എം കെ പന്ഥെ ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച പ്രതിനിധി സമ്മേളനത്തില്‍ അഭിവാദ്യ പ്രസംഗങ്ങള്‍, ജനറല്‍ സെക്രട്ടറിയുടെ മറുപടി, പുതിയ കമ്മിറ്റി രൂപീകരണം തുടങ്ങിയവ നടക്കും.

ദേശാഭിമാനി 230110

1 comment:

  1. സംസ്ഥാനത്ത് സിഐടിയു വളര്‍ച്ചയുടെ പാതയില്‍. 11-ാം സംസ്ഥാന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് സിഐടിയുവിന് വിവിധ തൊഴില്‍മേഖലകളിലുണ്ടായ പുരോഗതി വെളിപ്പെടുത്തുന്നത്. റിപ്പോര്‍ട്ട് കാലയളവില്‍ സംഘടനയുടെ അംഗസംഖ്യ രണ്ടേകാല്‍ ലക്ഷത്തോളം വര്‍ധിച്ചു. 2006ല്‍ പാലക്കാട്ട് ചേര്‍ന്ന സമ്മേളനത്തില്‍ 897 യൂണിയനുകളിലായി 10,73,356 അംഗങ്ങളാണുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 832 യൂണിയനുകളിലായി 12,93,557 ആയി വര്‍ധിച്ചു. എന്നാല്‍ അംഗസംഖ്യ 15 ലക്ഷത്തിലെത്തിക്കാനുള്ള ശ്രമം തുടരേണ്ടതുണ്ട്. സേവനമേഖലകളിലുണ്ടായ വളര്‍ച്ചയ്ക്കൊപ്പം സേവനാനുബന്ധ മേഖലകളില്‍ വളരുന്ന സാധ്യത പ്രയോജനപ്പെടുത്തി അംഗസംഖ്യ വര്‍ധിപ്പിക്കാന്‍ കഴിയണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.വിവിധ മേഖലകളില്‍ സിഐടിയുവിനുണ്ടായ കുതിച്ചുചാട്ടത്തിന്റെ കണക്കും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. നിര്‍മാണ മേഖല, ആര്‍ട്ടിസാന്‍സ്, അങ്കണവാടി, ചുമട്, മത്സ്യം, മോട്ടോര്‍, ഷോപ്പ്സ് ആന്‍ഡ് എസ്റ്റാബ്ളിഷ്മെന്റ്, സെയില്‍സ് റെപ്രസന്റേറ്റീവ്സ് എന്നീ മേഖലകളിലാണ് ശ്രദ്ധേയമായ മുന്നേറ്റമുണ്ടാക്കിയിട്ടുള്ളത്.

    ReplyDelete