Sunday, January 24, 2010

തൃക്കുന്നത്ത് പള്ളി തുറന്നു

ഇരുകൂട്ടരും ആരാധന നടത്തി; തൃക്കുന്നത്ത് പള്ളി തുറന്നു

സഭകള്‍ തമ്മിലുള്ള തകര്‍ക്കത്തെത്തുടര്‍ന്ന് മൂന്നുപതിറ്റാണ്ടിലേറെ പൂട്ടിയിട്ട തൃക്കുന്നത്ത് സെന്റ് മേരീസ് പള്ളി തുറന്ന് ഇരുവിഭാഗത്തിനും പ്രാര്‍ഥനാ സൌകര്യം ഒരുക്കി. പള്ളിയില്‍ കബറടക്കിയിട്ടുള്ള പരിശുദ്ധ പിതാക്കന്മാരുടെ ഓര്‍മപ്പെരുന്നാളിന്റെയും പൌലോസ് മാര്‍ അത്തനാസിയോസ് മെത്രാപോലീത്തയുടെ സ്ഥാനാരോഹണ ശതാബ്ദിയുടെയും ഭാഗമായാണ് പള്ളി തുറന്നത്. ശനിയാഴ്ച രാവിലെ ഏഴുമുതല്‍ 11 വരെ ഓര്‍ത്തഡോക്സ് വിഭാഗവും ഒന്നുമുതല്‍ അഞ്ചുവരെ യാക്കോബായ വിഭാഗവും 10 പേര്‍ അടങ്ങുന്ന സംഘമായി 10 മിനിറ്റുവീതം പ്രാര്‍ഥന നടത്തി. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി പതിനൊന്നോടെ പള്ളി തുറന്ന് വൃത്തിയാക്കിയിരുന്നു.

ദ്വിതിമോസ് പ്രഥമന്‍ കാതോലിക്ക ബാവ, നിയുക്തബാവ പൌലോസ് മാര്‍ മിലിത്തിയോസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, യുഹാനോന്‍ മാര്‍ പോളികോര്‍പ്സ്, മാത്യൂസ് മാര്‍ തേവോദോസിയോസ് എന്നിവരുടെ നേതൃത്വത്തില്‍ ഓത്തഡോക്സ് പക്ഷവും ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ബാവ, ജോസഫ് മാര്‍ ഗ്രിഗോറിയോസ്, മാത്യൂസ് മാര്‍ അഫ്രേം, കുര്യാക്കോസ് മാര്‍ തിയോഫിലോസ്, ഏലിയാസ് മാര്‍ അത്തനാസിയോസ്, അബ്രാഹം മാര്‍ സേവേറിയോസ്, മാത്യൂസ് മാര്‍ ഇവാനിയോസ് എന്നിവരുടെ നേതൃത്വത്തില്‍ യാക്കോബായ വിഭാഗവും പ്രാര്‍ഥന നടത്തി. ആസ്ഥാന ചാപ്പലിലെ കുര്‍ബാനയ്ക്കുശേഷമാണ് ഓര്‍ത്തഡോക്സ്പക്ഷം പ്രാര്‍ഥനയ്ക്കെത്തിയത്. ശ്രേഷ്ഠ ബാവയുടെ നേതൃത്വത്തില്‍ സ്റ്റഡി സെന്ററിലെ പ്രാര്‍ഥനയ്ക്കുശേഷമാണ് യാക്കോബായ വിഭാഗം പള്ളിയില്‍ പ്രവേശിച്ചത്. കര്‍ശന നിയന്ത്രണത്തിലായിരുന്നു പ്രവേശനം. ഗേറ്റില്‍ സ്ഥാപിച്ച മെറ്റര്‍ഡിറ്റക്ടര്‍ വഴിയും ബോംബ്സ്ക്വാഡിന്റെ പരിശോധനയിലൂടെയുമാണ് വിശ്വാസികളെ അകത്തുകടത്തിയത്. മാധ്യമപ്രവര്‍ത്തകരെ പള്ളിയില്‍ പ്രവേശിപ്പിച്ചില്ല.

കലക്ടര്‍ എം ബീന, ഐജി വിന്‍സന്‍ എം പോള്‍, എസ്പി ടി വിക്രം, സബ്കലക്ടര്‍ അജിത് പട്ടേല്‍, അസിസ്റ്റന്റ് കലക്ടര്‍ കേശവേന്ദ്രകുമാര്‍, എഡിഎം കെ എന്‍ രാജി, കോടതി നിരീക്ഷകനായ അഡ്വ. ശ്രീലാല്‍ വാര്യര്‍, തഹസില്‍ദാര്‍ ഇ കെ സുജാത, എഎസ്പി ജയനാഥ്, ഡിവൈഎസ്പി എ അനില്‍കുമാര്‍ എന്നിവര്‍ രാവിലെ പള്ളി തുറക്കുന്നതിനുമുമ്പുതന്നെ സ്ഥലത്തെത്തി. ക്രമസമാധാനപാലനത്തിന് 723 പൊലീസിനെയാണ് വിന്യസിച്ചിരുന്നത്. പള്ളിയിലേക്കുള്ള വഴി മുള്ളുവേലിയും വടവുംകെട്ടി തിരിച്ചിരുന്നു. പ്രാര്‍ഥനാസമയത്ത് പള്ളിക്കുമുമ്പില്‍ ഗതാഗതം തടഞ്ഞു. ശനിയാഴ്ച ഏര്‍പ്പെടുത്തിയ ക്രമത്തില്‍ത്തന്നെ ഞായറാഴ്ചയും ഇരുവിഭാഗത്തിനും പ്രവേശനം അനുവദിക്കും. ഓര്‍ത്തഡോക്സ്പക്ഷം ഞായറാഴ്ച ആസ്ഥാനചാപ്പലിലും യാക്കോബായ വിഭാഗം മാസ് ഹാളിലും കുര്‍ബാന നടത്തും. മുപ്പത്തിരണ്ടുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം പള്ളി തുറന്ന് പ്രാര്‍ഥന നടത്താന്‍ കോടതി അനുവദിച്ചതില്‍ ഇരുവിഭാഗവും സന്തുഷ്ടി പ്രകടിപ്പിച്ചു. നീതി നടപ്പാക്കിക്കിട്ടുന്നതിന് സര്‍ക്കാരും നീതിപീഠവും നന്നായി സഹകരിച്ചിട്ടുണ്ടെന്ന് ദ്വിതിമോസ് പ്രഥമന്‍ കാതോലിക്ക ബാവ ചാപ്പലില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനംചെയ്ത് പറഞ്ഞു. പള്ളി തുറന്ന് അകത്തുപ്രവേശിക്കാന്‍ അവസരം ലഭിച്ചത് നല്ല കാര്യമാണെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അഭിപ്രായപ്പെട്ടു. പള്ളി തുറക്കാന്‍ തീരുമാനിച്ചത് നല്ല തുടക്കമായി കരുതുന്നുവെന്ന് സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ പറഞ്ഞു.

തൃക്കുന്നത്ത് പള്ളി: വെളിവായത് സംസ്ഥാനസര്‍ക്കാരിന്റെ നിഷ്പക്ഷത

മുപ്പത്തിരണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ആലുവ തൃക്കുന്നത്ത് സെന്റ് മേരീസ് ദേവാലയത്തില്‍ വിശ്വാസികള്‍ക്ക് ആരാധന നടത്താനായതിനു പിന്നില്‍ സംസ്ഥാനസര്‍ക്കാരിന്റെ കൃത്യമായ ഇടപെടലും നിഷ്പക്ഷതയും. വര്‍ഷങ്ങള്‍ക്കുമുമ്പ് ആരാധനയ്ക്കെത്തിയ വൈദികരെയും വിശ്വാസികളെയും തല്ലിച്ചതയ്ക്കുന്നതിനാണ് യുഡിഎഫ് സര്‍ക്കാര്‍ നേതൃത്വം നല്‍കിയത്. എന്നാല്‍ നിയമവിധേയമായി വിശ്വാസികള്‍ക്ക് സംരക്ഷണം നല്‍കിയും ക്രമസമാധാനം ഉറപ്പുവരുത്തിയും ആരാധനയ്ക്ക് അവസരം നല്‍കുന്ന സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. 2005-ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒരുവിഭാഗത്തിനുമാത്രം ആരാധനയ്ക്ക് അവസരം ഒരുക്കിയത് സംഘര്‍ഷത്തില്‍ കലാശിച്ചു. അന്ന് വൈദികര്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് വിശ്വാസികളെ കളമശേരി എആര്‍ ക്യാമ്പില്‍ എത്തിച്ച് പൊലീസ് തല്ലിച്ചതയ്ക്കുകയായിരുന്നു. പള്ളിയുടെ അവകാശതര്‍ക്കത്തില്‍ ഒരുവിഭാഗത്തെ പിന്തുണച്ച് ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ സ്വീകരിച്ച സമീപനമാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരാകട്ടെ കോടതി നിശ്ചയിച്ച സമയക്രമം പാലിച്ച് ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗത്തിന് പള്ളിയില്‍ കയറി ആരാധന നടത്താനുള്ള സൌകര്യം ഒരുക്കി. കഴിഞ്ഞവര്‍ഷം കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്ന പശ്ചാത്തലത്തില്‍ പള്ളിയോടുചേര്‍ന്നുള്ള പിതാക്കന്മാരുടെ കബറിടത്തില്‍ ഇരുവിഭാഗത്തിനും ധൂപപ്രാര്‍ഥനയ്ക്കും സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. അത്തരം നടപടിയില്‍ കോടതി നേരത്തെ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. അതിന്റെ തുടര്‍ച്ചയായാണ് കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ പള്ളിതുറന്ന് ആരാധന നടത്താന്‍കഴിഞ്ഞത്.

ഓര്‍ത്തഡോക്സ് സഭാ അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ്, ഫാ. മത്തായി ഇടയനാല്‍, യാക്കോബ് തോമസ്, ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്കോപ്പ, എം സി വര്‍ഗീസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പള്ളി ആരാധനയ്ക്ക് തുറന്നുകൊടുക്കാന്‍ കോടതി ഉത്തരവിട്ടത്. വൈകിട്ട് 6.30ന് കോടതി ഉത്തരവ് ലഭിച്ചശേഷം ഏഴോടെത്തന്നെ കലക്ടര്‍ എം ബീന ഇരുവിഭാഗം മേധാവികളുടെയും യോഗം വിളിച്ചുചേര്‍ത്തു. മൂന്നരമണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്കുശേഷമാണ് ആരാധന നടത്തുന്നതിന് പള്ളി തുറന്നുകഴിഞ്ഞാല്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍, വേഷവിധാനങ്ങള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ചചെയ്ത് ധാരണയുണ്ടാക്കിയത്. 10നു ശേഷം ഇരുവിഭാഗവും പള്ളി തുറന്ന് വൃത്തിയാക്കി. ശനിയാഴ്ച രാവിലെ ഏഴിന് കലക്ടറുടെയും റൂറല്‍ എസ്പിയുടെയും കോടതി നിയോഗിച്ച അഭിഭാഷക കമീഷന്‍ അഡ്വ. ശ്രീലാല്‍ വാര്യരുടെയും സാന്നിധ്യത്തില്‍ പള്ളി ആരാധനയ്ക്കായി തുറന്നു. എസ്പി ടി വിക്രമിന്റെ നേതൃത്വത്തില്‍ 723 പേരുടെ പൊലീസ് സംഘമാണ് പള്ളിയിലും പരിസരത്തുമായി ക്രമസമാധാനം ഉറപ്പാക്കുന്നത്. 10 ഡിവൈഎസ്പിമാര്‍, 22 സിഐമാര്‍, എസ്ഐ-എഎസ്ഐ വിഭാഗത്തിലെ 50 പേര്‍ എന്നിവര്‍ ഇതില്‍പ്പെടും. ഒപ്പം ആംഡ് പൊലീസ് ബറ്റാലിയനില്‍നിന്ന് ഒരു കമ്പനി പൊലീസും ബാരിക്കേഡുകള്‍, മെറ്റല്‍ ഡിറ്റക്ടറുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ബന്തവസ്സുകളും സജ്ജമാക്കിയിട്ടുണ്ട്.

ദേശാഭിമാനി 240110

3 comments:

  1. മുപ്പത്തിരണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ആലുവ തൃക്കുന്നത്ത് സെന്റ് മേരീസ് ദേവാലയത്തില്‍ വിശ്വാസികള്‍ക്ക് ആരാധന നടത്താനായതിനു പിന്നില്‍ സംസ്ഥാനസര്‍ക്കാരിന്റെ കൃത്യമായ ഇടപെടലും നിഷ്പക്ഷതയും. വര്‍ഷങ്ങള്‍ക്കുമുമ്പ് ആരാധനയ്ക്കെത്തിയ വൈദികരെയും വിശ്വാസികളെയും തല്ലിച്ചതയ്ക്കുന്നതിനാണ് യുഡിഎഫ് സര്‍ക്കാര്‍ നേതൃത്വം നല്‍കിയത്. എന്നാല്‍ നിയമവിധേയമായി വിശ്വാസികള്‍ക്ക് സംരക്ഷണം നല്‍കിയും ക്രമസമാധാനം ഉറപ്പുവരുത്തിയും ആരാധനയ്ക്ക് അവസരം നല്‍കുന്ന സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. 2005-ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒരുവിഭാഗത്തിനുമാത്രം ആരാധനയ്ക്ക് അവസരം ഒരുക്കിയത് സംഘര്‍ഷത്തില്‍ കലാശിച്ചു. അന്ന് വൈദികര്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് വിശ്വാസികളെ കളമശേരി എആര്‍ ക്യാമ്പില്‍ എത്തിച്ച് പൊലീസ് തല്ലിച്ചതയ്ക്കുകയായിരുന്നു. പള്ളിയുടെ അവകാശതര്‍ക്കത്തില്‍ ഒരുവിഭാഗത്തെ പിന്തുണച്ച് ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ സ്വീകരിച്ച സമീപനമാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരാകട്ടെ കോടതി നിശ്ചയിച്ച സമയക്രമം പാലിച്ച് ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗത്തിന് പള്ളിയില്‍ കയറി ആരാധന നടത്താനുള്ള സൌകര്യം ഒരുക്കി.

    ReplyDelete
  2. ആരെ കൊന്നായാലും ദൈവത്തിനെ രക്ഷിക്കണം. മനുഷ്യനാൽ സംരക്ഷിക്കപ്പെടേണ്ട ദൈവത്തിന്റെ ഒരു ഗതികേട്‌ നോക്കണേ..സ്വയം സംരക്ഷിക്കാൻ കഴിവില്ലാത്ത ദൈവത്തോട്‌ ഇനി നമ്മൾ എന്തു പ്രാർത്ഥിക്കാൻ?

    ReplyDelete
  3. ഞാനും ഒരു പോസ്റ്റിട്ടിരുന്നു.

    ReplyDelete