Tuesday, January 12, 2010

എതിര്‍ക്കുന്നത് മതത്തെയല്ല, വര്‍ഗീയതയെ

മതത്തെയും മതവിശ്വാസത്തെയുമല്ല, വര്‍ഗീയതയെയും മതമൌലികവാദത്തെയുമാണ് സിപിഐ എം എതിര്‍ക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മതവിശ്വാസികള്‍ക്കും ദൈവ വിശ്വാസികള്‍ക്കും നേരെ കടന്നാക്രമണങ്ങളുണ്ടാകുമ്പോള്‍ അവരെ സംരക്ഷിക്കാന്‍ ജീവന്‍ കൊടുത്തും പോരാടുന്നവരുടെ പ്രസ്ഥാനമാണ് സിപിഐ എമ്മെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ശംഖുംമുഖം കടപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

സിപിഐ എമ്മിനെതിരെ ആലപ്പുഴയിലെ മുന്‍ എംപി കെ എസ് മനോജ് ഉപയോഗിക്കുന്ന ആയുധം ഏറെ പഴകിയതാണെന്നും അതുകൊണ്ടൊന്നും തകരുന്ന പാര്‍ടിയല്ല ഇതെന്നും പിണറായി ഓര്‍മിപ്പിച്ചു. സിപിഐ എമ്മിന്റെ കൂടെനിന്ന് എംപിയായിക്കൊള്ളാനാണ് ആദ്യം വെളിപാടുണ്ടായത്. പിന്നീടും സ്ഥാനാര്‍ഥിയാകാന്‍ ദൈവവിളിയുണ്ടായി, പക്ഷേ തോറ്റു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴേ നല്ല മതവിശ്വാസിയായിരുന്നു മനോജ്. ജനസമ്മതനാണോയെന്നു മാത്രമാണ് ഞങ്ങള്‍ നോക്കിയത്. മനോജിനെക്കൊണ്ട് പാര്‍ടി അംഗത്വമെടുപ്പിക്കണമെന്ന നിര്‍ബന്ധം ഞങ്ങള്‍ക്കുണ്ടായതല്ല. ഈ സമയത്തെല്ലാം മനോജ് പെരുമാറിയത് മാന്യതയോടെയാണ്. എന്നാല്‍, ഇപ്പോഴത്തെ പെരുമാറ്റം ആ രീതിയിലല്ല. തെരഞ്ഞെടുപ്പില്‍ തോറ്റശേഷം ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ മനോജ് ഒരു പാര്‍ടി പരിപാടിയിലും പങ്കെടുത്തിട്ടില്ല.

തീവ്രവാദത്തോടു വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സിപിഐ എം സ്വീകരിക്കുന്നത്. എന്നാല്‍, മതമൌലികവാദത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേത്. കേരളത്തില്‍ ആര്‍എസ്എസിനു സമാനമായി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എന്‍ഡിഎഫ്. രണ്ടു കൂട്ടരും ആളെക്കൊല്ലാന്‍ പരിശീലനം നല്‍കുന്നു. ഒരേ അച്ചില്‍ വാര്‍ത്തെടുത്തവരാണ് ഇരുകൂട്ടരും. എന്‍ഡിഎഫുമായി പൂര്‍ണമായ സഖ്യമുണ്ടാക്കിയ മുന്നണിയാണ് യുഡിഎഫ്. എന്‍ഡിഎഫ് ആക്രമണങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നത് മുസ്ളിം ലീഗാണ്. സിപിഐ എമ്മിന്റെ ആറു പ്രവര്‍ത്തകരെ യാണ് എന്‍ഡിഎഫുകാര്‍ കൊന്നത്. പ്രചാരണത്തിനു വേണ്ടി കെട്ടിച്ചമച്ചതാണ് നായനാര്‍ വധശ്രമക്കേസെന്നാണ് അന്ന് യുഡിഎഫുകാര്‍ പരസ്യമായി പറഞ്ഞത്. ആ സര്‍ക്കാര്‍ ഇറങ്ങിപ്പോകുന്നതിനു തൊട്ടുമുമ്പ് കേസ് പിന്‍വലിപ്പിക്കാനും ശ്രമം നടന്നു. കേന്ദ്രമന്ത്രിയായിരിക്കുന്ന ഇ അഹമ്മദിന്റെ ബന്ധു പ്രതിയായ കളമശേരി ബസ് കത്തിക്കല്‍ കേസില്‍ ഗൌരവത്തോടെ അന്വേഷണം നടത്തിയില്ല. തെറ്റുചെയ്യുന്നവര്‍ ആരായാലും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയെന്ന നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

മഅ്ദനിയുമായി ബന്ധപ്പെട്ട് ഒരുപാട് വിവാദമുണ്ടാക്കാന്‍ യുഡിഎഫ് ശ്രമിച്ചു. ഐഎസ്എസ് രൂപീകരണസമയത്ത് മഅ്ദനിയെ ഉപയോഗിച്ചത് യുഡിഎഫ് ആണ്. നായനാര്‍ സര്‍ക്കാര്‍ മഅ്ദനിയെ അറസ്റ്റുചെയ്തു കൊടുത്തെന്ന് പറഞ്ഞായിരുന്നു 2001ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പ്രചാരണം. മഅ്ദനിയുടെ പാര്‍ടിക്ക് രണ്ടു സീറ്റും അനുവദിച്ചു. ഇത് രാഷ്ട്രീയ സഖ്യമല്ലാതെ മറ്റെന്താണ്. അന്നത്തെ തീവ്രവാദനിലപാട് തെറ്റായിരുന്നെന്ന് ജയിലില്‍നിന്നിറങ്ങിയ മഅ്ദനി പരസ്യമായി പറഞ്ഞു. നേരത്തെ മഅ്ദനിയുടെ കൂടെയുണ്ടായിരുന്ന തടിയന്റവിടെ നസീറും മറ്റും ഇതോടെ എന്‍ഡിഎഫായി മാറുകയായിരുന്നു. ആ നസീറിനെ സംരക്ഷിക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചതെന്ന് പിണറായി പറഞ്ഞു.

കേന്ദ്രത്തിനെതിരെ പ്രക്ഷോഭം: ഡിവൈഎഫ്ഐ

കേരളത്തിന്റെ അരിവിഹിതം വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാരിനെതിരെ ഡിവൈഎഫ്ഐ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊതുവിതരണ സമ്പ്രദായം തകര്‍ക്കാനുള്ള നീക്കം എന്തു വിലകൊടുത്തും ചെറുക്കും. അരിക്കുവേണ്ടിയുള്ള സമരത്തിന് എല്ലാ യുവജന സംഘടനകളെയും ക്ഷണിക്കുന്നതായും അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍, സംസ്ഥാന പ്രസിഡന്റ് എം ബി രാജേഷ്, സെക്രട്ടറി ടി വി രാജേഷ് എന്നിവര്‍ പറഞ്ഞു. യുവജനങ്ങള്‍ക്ക് സൈദ്ധാന്തിക വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തത നല്‍കാന്‍ 'ദ യൂത്ത്' എന്ന പ്രസിദ്ധീകരണം ആരംഭിക്കും. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ഗവേഷണകേന്ദ്രം ആരംഭിക്കാനും തീരുമാനിച്ചു.

ജീവനക്കാരുടെ പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നതിനോട് യോജിപ്പില്ലെന്ന് ഭാരവാഹികള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. ഗ്രാന്റ് ലഭിക്കാന്‍ പെന്‍ഷന്‍പ്രായം ഉയര്‍ത്തണമെന്ന തരത്തില്‍ യുജിസി അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നത് അംഗീകരിക്കാനാവില്ല. ഇതിനെതിരെ സമരം നടത്തും. പെന്‍ഷന്‍ ഏകീകരണത്തില്‍ യുവജനങ്ങള്‍ക്കുള്ള ആശങ്ക മാറ്റണം. ഭാവനാപൂര്‍ണമായി ആവിഷ്കരിക്കുന്ന മുദ്രാവാക്യങ്ങള്‍ പലപ്പോഴും ജനങ്ങളില്‍ എത്തിക്കാന്‍ കഴിയാതെ പോകുന്നുണ്ടെന്ന് സമ്മേളനം വിലയിരുത്തിയതായി ഭാരവാഹികള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. കേരളീയ യുവത്വത്തെ ശരിയായ ദിശയിലേക്ക് നയിക്കാനുതകുന്ന സംഘടനാ രേഖ സമ്മേളനത്തില്‍ അവതരിപ്പിച്ചു. നഗരങ്ങളിലെ ഫ്ളാറ്റുകളിലും വില്ലകളിലും താമസിക്കുന്ന യുവജനങ്ങളെയും പുതിയ തലമുറയെയും സംഘടനയിലേക്ക് ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനം സജീവമാക്കുമെന്നും അവര്‍ പറഞ്ഞു. സമ്മേളനത്തിന്റെ അവസാന ദിവസം ദേശാഭിമാനി ജനറല്‍ മാനേജര്‍ ഇ പി ജയരാജന്‍, ആരോഗ്യ മന്ത്രി പി കെ ശ്രീമതി, ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസിഡന്റ് ടി എന്‍ സീമ എന്നിവര്‍ പ്രതിനിധികളെ അഭിവാദ്യം ചെയ്തു.

എം ബി രാജേഷ് പ്രസിഡന്റ് ടി വി രാജേഷ് സെക്രട്ടറി

ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി എം ബി രാജേഷ് എംപിയെയും സെക്രട്ടറിയായി ടി വി രാജേഷിനെയും വീണ്ടും തെരഞ്ഞെടുത്തു. ട്രഷററായി വി വി രമേശന്‍ തുടരും. സി ബി ദേവദര്‍ശനന്‍, എച്ച് സലാം, എന്‍ സജികുമാര്‍, കെ കെ ദിനേശന്‍, വി പി റജീന എന്നിവര്‍ വൈസ് പ്രസിഡന്റുമാരും വി എ സക്കീര്‍ഹുസൈന്‍, ടി കെ വാസു, സി സത്യപാലന്‍, കെ എസ് സുനില്‍കുമാര്‍, എം സ്വരാജ് എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരുമാണ്. 11-ാം സംസ്ഥാനസമ്മേളനം 22 അംഗ സംസ്ഥാന സെക്രട്ടറിയറ്റിനെയും 75 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു. എം മധു, കെ ജയകൃഷ്ണന്‍, സുഭാഷ്ചന്ദ്രബോസ്, സാബു എബ്രഹാം, ഐ ബി സതീഷ്, എന്‍ സന്തോഷ്, വി പി അനില്‍, പി പി ദിവ്യ, പി എ മുഹമ്മദ് റിയാസ് എന്നിവര്‍ സെക്രട്ടറിയറ്റ് അംഗങ്ങളാണ്.

സമ്മേളനം നല്‍കിയ പുത്തന്‍ ഉണര്‍വോടെ ഡിവൈഎഫ്ഐ മുന്നോട്ടുപോകുമെന്ന് എം ബി രാജേഷും ടി വി രാജേഷും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭാരവാഹി തെരഞ്ഞെടുപ്പ് ഏകകണ്ഠമായിരുന്നു. പ്രായപരിധിയും സംഘടനാപരമായ മറ്റ് ഉത്തരവാദിത്തങ്ങളുമുള്ളതിനാല്‍ കുറച്ചുപേരെ ഒഴിവാക്കി പുതിയവരെ നേതൃനിരയിലേക്ക് കൊണ്ടുവന്നു.

75 അംഗ സംസ്ഥാന കമ്മിറ്റി

തിങ്കളാഴ്ച സമാപിച്ച ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം 75 അംഗ സംസ്ഥാന കമ്മറ്റിയെ തെരഞ്ഞെടുത്തു. സംസ്ഥാന കമ്മറ്റിയംഗങ്ങളുടെ പേര് ജില്ല തിരിച്ച്: കാസര്‍കോട്: വി വി രമേശന്‍, സാബു എബ്രഹാം, പി ദിവാകരന്‍, വി പി പി മുസ്തഫ കണ്ണൂര്‍: പി സത്യപാലന്‍, കെ സന്തോഷ്, കെ സി മനോജ്, പി പി ദിവ്യ, എന്‍ അജിത്കുമാര്‍, പി സന്തോഷ് കോഴിക്കോട്: കെ കെ ദിനേശന്‍, പി എ മുഹമ്മദ് റിയാസ്, കെ എം രാധാകൃഷ്ണന്‍, കെ സുനില്‍, എം ഗിരീഷ്, കെ പി ഷീബ വയനാട്: എം മധു, പി ആര്‍ ജയപ്രകാശ്, ടി ജെ ശാലിനി മലപ്പുറം: പി സാജിത, വി പി അനില്‍കുമാര്‍, എം സ്വരാജ്, വി രമേശന്‍, വി പി റജീന, ടോം കെ തോമസ് പാലക്കാട്: എസ് സുഭാഷ്ചന്ദ്രബോസ്, കെ ജയദേവന്‍, കെ രമാധരന്‍, എം കെ സുരേന്ദ്രന്‍, സായിരാധ തൃശൂര്‍: ടി കെ വാസു, പി എസ് വിനയന്‍, വി എന്‍ സുര്‍ജിത്, കെ ജെ ഡിക്സ, സി സുമേഷ്, എം കെ കവിത എറണാകുളം: വി എ സക്കീര്‍ഹുസൈന്‍, സി ബി ദേവദര്‍ശനന്‍, കെ എം റിയാദ്, വി വി പ്രവീ, പി വാസുദേവന്‍, ടി വി അനിത കോട്ടയം: കെ ജയകൃഷ്ണന്‍, വി ജയപ്രകാശ്, കെ രാജേഷ്, വി ആര്‍ രാജേഷ്, അഡ്വ. ഷീജ എസ് രാജു ഇടുക്കി: എന്‍ ആര്‍ ജയന്‍, എസ് സാബു, ജി ഗോപകൃഷ്ണന്‍, പി രാജാറാം ആലപ്പുഴ: എച്ച് സലാം, വി വിനോദ്, ജി അജയകുമാര്‍, ബി അബിന്‍ഷാ, വി സോജകുമാര്‍ പത്തനംതിട്ട: എന്‍ സജികുമാര്‍, ഫ്രാന്‍സിസ് വി ആന്റണി, രമ്യാസുരേന്ദ്രന്‍ കൊല്ലം: എസ് ബിജു, എന്‍ സന്തോഷ്, ജി മുരളീധരന്‍, എം ബിജു, ഷൈലജ തിരുവനന്തപുരം: കെ എസ് സുനില്‍കുമാര്‍, ഐ ബി സതീഷ്, വി അമ്പിളി, ജി വിനോദ്, എസ് പി ദീപക്, എസ് സഞ്ജയന്‍ സെന്റര്‍: എം ബി രാജേഷ്, ടി വി രാജേഷ്, എ എന്‍ ഷംസീര്‍, സിന്ധുജോയി. ക്ഷണിതാക്കള്‍: മുഹമ്മദ് മുസ്ളിംഖാന്‍ (ലക്ഷദ്വീപ്), എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി. പാലക്കാട്ടുനിന്ന് ഒരാളെ പിന്നീട് കോഓപ്റ്റ്ചെയ്യും.

ദേശാഭിമാനി 120110

1 comment:

  1. മതത്തെയും മതവിശ്വാസത്തെയുമല്ല, വര്‍ഗീയതയെയും മതമൌലികവാദത്തെയുമാണ് സിപിഐ എം എതിര്‍ക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മതവിശ്വാസികള്‍ക്കും ദൈവ വിശ്വാസികള്‍ക്കും നേരെ കടന്നാക്രമണങ്ങളുണ്ടാകുമ്പോള്‍ അവരെ സംരക്ഷിക്കാന്‍ ജീവന്‍ കൊടുത്തും പോരാടുന്നവരുടെ പ്രസ്ഥാനമാണ് സിപിഐ എമ്മെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ശംഖുംമുഖം കടപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

    സിപിഐ എമ്മിനെതിരെ ആലപ്പുഴയിലെ മുന്‍ എംപി കെ എസ് മനോജ് ഉപയോഗിക്കുന്ന ആയുധം ഏറെ പഴകിയതാണെന്നും അതുകൊണ്ടൊന്നും തകരുന്ന പാര്‍ടിയല്ല ഇതെന്നും പിണറായി ഓര്‍മിപ്പിച്ചു. സിപിഐ എമ്മിന്റെ കൂടെനിന്ന് എംപിയായിക്കൊള്ളാനാണ് ആദ്യം വെളിപാടുണ്ടായത്. പിന്നീടും സ്ഥാനാര്‍ഥിയാകാന്‍ ദൈവവിളിയുണ്ടായി, പക്ഷേ തോറ്റു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴേ നല്ല മതവിശ്വാസിയായിരുന്നു മനോജ്. ജനസമ്മതനാണോയെന്നു മാത്രമാണ് ഞങ്ങള്‍ നോക്കിയത്. മനോജിനെക്കൊണ്ട് പാര്‍ടി അംഗത്വമെടുപ്പിക്കണമെന്ന നിര്‍ബന്ധം ഞങ്ങള്‍ക്കുണ്ടായതല്ല. ഈ സമയത്തെല്ലാം മനോജ് പെരുമാറിയത് മാന്യതയോടെയാണ്. എന്നാല്‍, ഇപ്പോഴത്തെ പെരുമാറ്റം ആ രീതിയിലല്ല. തെരഞ്ഞെടുപ്പില്‍ തോറ്റശേഷം ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ മനോജ് ഒരു പാര്‍ടി പരിപാടിയിലും പങ്കെടുത്തിട്ടില്ല.

    ReplyDelete