Tuesday, January 12, 2010

കെ എസ് മനോജിനെ പുറത്താക്കി

ആലപ്പുഴ: ഗുരുതര അച്ചടക്കലംഘനത്തിന് മുന്‍ എംപി ഡോ. കെ എസ് മനോജിനെ സിപിഐ എമ്മില്‍ നിന്നു പുറത്താക്കിയതായി ആലപ്പുഴ ഏരിയാകമ്മിറ്റിക്കു കീഴിലുള്ള തുമ്പോളി ലോക്കല്‍ സെക്രട്ടറി എന്‍ എസ് റോബര്‍ട്ട് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഞായറാഴ്ച ചേര്‍ന്ന ലോക്കല്‍കമ്മിറ്റി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

മതവിശ്വാസത്തിന് സിപിഐ എം എതിരാണെന്ന മനോജിന്റെ അഭിപ്രായം വഞ്ചനാപരമാണ്. തുമ്പോളി പ്രദേശത്തെ സിപിഐ എം അംഗങ്ങളില്‍ 80 ശതമാനത്തില്‍ കൂടുതല്‍ ക്രൈസ്തവ മതത്തില്‍പ്പെട്ടവരാണ്. അഞ്ചുവര്‍ഷം ലോക്സഭാംഗമായിരുന്നപ്പോഴും പാര്‍ടി ലോക്കല്‍കമ്മിറ്റി അംഗമായി തുടര്‍ന്ന കാലത്തും മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് മനോജിന് വിലക്കുണ്ടായിരുന്നില്ല. പാര്‍ടിയുടെ ഒരു രേഖയിലും പറയാത്ത കാര്യങ്ങളാണ് മനോജ് ഉന്നയിക്കുന്നത്. പാര്‍ടി അംഗമെന്ന നിലയില്‍ മനോജ് തന്റെ ഘടകത്തില്‍ പങ്കെടുക്കുകയോ അഭിപ്രായം പറയുകയോ ചെയ്തിട്ടില്ല. യാഥാര്‍ഥ്യവുമായി പുലബന്ധമില്ലാത്ത ദുരാരോപണമാണ് കാര്യസാധ്യത്തിനായി ഇപ്പോള്‍ മനോജ് പറയുന്നത്. തുമ്പോളി പ്രദേശത്തുമാത്രം അറിയപ്പെട്ടിരുന്ന മനോജിനെ 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എം സ്ഥാനാര്‍ഥിയാക്കുകയും അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ ജയിപ്പിക്കുകയും ചെയ്തു. 2009ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥിയാക്കിയെങ്കിലും പരാജയപ്പെട്ടു. എങ്കിലും 2004ല്‍ നേടിയതിനേക്കാള്‍ കൂടുതല്‍ വോട്ട് 2009ല്‍ മനോജ് നേടി.

തെരഞ്ഞെടുപ്പില്‍ തോറ്റതിനെ തുടര്‍ന്ന് തന്നെ എംപിയാക്കിയ പാര്‍ടിയോടും ജനങ്ങളോടും നീതിപുലര്‍ത്താതെ മനോജ് ഡല്‍ഹിയിലേക്കു താമസം മാറ്റി. അവിടെ ജോലി നേടുകയും മുന്‍ എംപി എന്ന നിലയിലെ സൌകര്യങ്ങളുപയോഗിച്ചു ജീവിക്കുകയുമാണ്. ആലപ്പുഴ നിയമസഭാ ഉപതെരഞ്ഞെടുപ്പു വേളയില്‍ എല്‍ഡിഎഫിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ മനോജ് എത്തിയില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ 2009 നവംബര്‍ എട്ടിനു ചേര്‍ന്ന തുമ്പോളി ലോക്കല്‍ കമ്മിറ്റി മനോജിനെ ലോക്കല്‍ കമ്മിറ്റിയില്‍നിന്നു ഒഴിവാക്കാന്‍ തീരുമാനിച്ചു. അധികാരം നഷ്ടപ്പെട്ടതിനെ തുടര്‍ന്നുണ്ടായ മാനസികാവസ്ഥയില്‍ നിന്നാണ് ഇപ്പോള്‍ സിപിഐ എമ്മിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് മനോജ് പുതിയ മേച്ചില്‍പ്പുറം തേടിയുള്ള അലച്ചില്‍ തുടങ്ങിയത്. കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളുടെ കൈയില്‍ കോടാലിയായി മാറി സിപിഐ എമ്മിനെ തകര്‍ക്കാമെന്ന മനോജിന്റെ വ്യാമോഹം നടക്കില്ല. വര്‍ഗവഞ്ചകനായ മനോജിന്റെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലായിരിക്കുമെന്ന് കാലം തെളിയിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ദേശാഭിമാനി 120110

2 comments:

  1. ഗുരുതര അച്ചടക്കലംഘനത്തിന് മുന്‍ എംപി ഡോ. കെ എസ് മനോജിനെ സിപിഐ എമ്മില്‍ നിന്നു പുറത്താക്കിയതായി ആലപ്പുഴ ഏരിയാകമ്മിറ്റിക്കു കീഴിലുള്ള തുമ്പോളി ലോക്കല്‍ സെക്രട്ടറി എന്‍ എസ് റോബര്‍ട്ട് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഞായറാഴ്ച ചേര്‍ന്ന ലോക്കല്‍കമ്മിറ്റി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

    മതവിശ്വാസത്തിന് സിപിഐ എം എതിരാണെന്ന മനോജിന്റെ അഭിപ്രായം വഞ്ചനാപരമാണ്. തുമ്പോളി പ്രദേശത്തെ സിപിഐ എം അംഗങ്ങളില്‍ 80 ശതമാനത്തില്‍ കൂടുതല്‍ ക്രൈസ്തവ മതത്തില്‍പ്പെട്ടവരാണ്.

    ReplyDelete
  2. കാറ്റുള്ളപ്പോ തൂറ്റണം

    ReplyDelete