കേന്ദ്രത്തിന്റെ ധിക്കാരം
കേന്ദ്രസര്‍ക്കാരിന്റെ മാതൃകാസ്കൂള്‍ പദ്ധതിയില്‍നിന്ന് കേരളത്തെ ഒഴിവാക്കിയ നടപടി സംസ്ഥാനത്തോടുള്ള കടുത്ത വിവേചനത്തിന്റെ ഭാഗമാണ്. ഉന്നതനിലവാരമുള്ള സ്കൂള്‍ വിദ്യാഭ്യാസം സാധാരണക്കാരുടെ കുട്ടികള്‍ക്ക് ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് കേന്ദ്രം പുതിയ പദ്ധതി ആവിഷ്കരിച്ചത്. ഓരോ ബ്ളോക്കിലും ആരംഭിക്കുന്ന സ്കൂളിനു പത്തുകോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതനുസരിച്ച് 152 സ്കൂള്‍ ആരംഭിക്കുന്നതിനു കേരളത്തിനു ലഭിക്കേണ്ടിയിരുന്ന 1520 കോടി രൂപയാണ് നഷ്ടമായത്. കേരളത്തിലെ വിദ്യാഭ്യാസനിലവാരം മെച്ചമാണെന്നും ബ്ളോക്കുകളില്‍ ആവശ്യത്തിന് സ്കൂളുകളുണ്ടെന്നും ന്യായം പറഞ്ഞാണ് പദ്ധതിയില്‍നിന്ന് കേരളത്തെ ഒഴിവാക്കിയത്. നേരത്തെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനുള്ള പദ്ധതിയില്‍നിന്ന് ഇതേ കാരണം പറഞ്ഞ് സംസ്ഥാനത്തെ ഒഴിവാക്കിയിരുന്നു. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനായി അഞ്ചുവര്‍ഷത്തിനുള്ളില്‍ കേന്ദ്രം 2300 കോടി രൂപ ചെലവിട്ടപ്പോള്‍ പത്തുപൈസപോലും കേരളത്തിനു നല്‍കിയില്ല.
കേരളം ഇന്ത്യയുടെ ഭാഗമല്ലെന്നാണോ കേന്ദ്രം ഭരിക്കുന്ന തുക്കിടിസായ്‌വുമാര്‍ കരുതുന്നത്? ഫെഡറല്‍ ഭരണഘടനയുള്ള രാജ്യത്ത് നടപ്പാക്കുന്ന ഈ ധിക്കാരം ഒരു തരത്തിലും വച്ചുപൊറുപ്പിക്കാന്‍ കഴിയില്ല.
കേരളത്തിന്റെ വിദ്യാഭ്യാസമേഖലയിലെ മികവ് ലോകത്തിന്റെ ശ്രദ്ധ നേടിയിട്ടുള്ളതാണ്. അമര്‍ത്യ സെന്നിനെപോലുള്ള പ്രശസ്തരായ പണ്ഡിതര്‍ ഇത് പ്രത്യേക പഠനവിഷയമാക്കിയിട്ടുണ്ട്. എന്നാല്‍, വ്യാപനത്തില്‍ മികച്ച സ്ഥാനമുള്ള സംസ്ഥാനത്ത് വിദ്യാഭ്യാസനിലവാരത്തില്‍ പിന്നോക്കാവസ്ഥയുണ്ടെന്ന് സ്വയംവിമര്‍ശനപരമായി കേരളം അംഗീകരിച്ചിട്ടുണ്ട്. അതു പരിഹരിക്കുന്നതിനുള്ള കഠിനശ്രമത്തിലാണ് സംസ്ഥാനസര്‍ക്കാര്‍. ഇക്കാര്യത്തില്‍ ആവശ്യമായ സഹായവും നിര്‍ദേശവും നല്‍കുന്ന ഉത്തരവാദിത്തമാണ് കേന്ദ്രത്തിനുള്ളത്. ഇത് നിര്‍വഹിക്കാതെ ധിക്കാരത്തോടെ നിഷേധാത്മക സമീപനം സ്വീകരിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. ഇപ്പോള്‍ വിഭാവനംചെയ്യുന്ന നിലവാരമുള്ള സ്കൂളുകള്‍ കേരളത്തിലെ ബ്ളോക്കുകളില്‍ ഒന്നെന്ന തോതിലെങ്കിലും ഉണ്ടോയെന്ന് കേന്ദ്രം അന്വേഷിക്കേണ്ടതാണ്. അതില്ലെങ്കില്‍ ആ നിലവാരത്തിലേക്ക് കേരളത്തിലെ സ്കൂളുകളെ എത്തിക്കുന്നതിന് ആവശ്യമായ സാമ്പത്തികസഹായം നല്‍കുകയാണ് കേന്ദ്രം ചെയ്യേണ്ടത്.
പത്തുകോടി മുടക്കി മറ്റു സംസ്ഥാനത്തു ഒരു മാതൃകാസ്കൂള്‍ ആരംഭിക്കുമ്പോള്‍ അതേ പണംകൊണ്ട് കേരളത്തില്‍ ഒന്നിലധികം സ്കൂളുകള്‍ അതേ നിലവാരത്തിലേക്ക് എത്തിക്കാന്‍ കഴിയും. അതു തിരിച്ചറിഞ്ഞാണ് നിലവിലുള്ള സ്കൂളുകളുടെ നവീകരണപദ്ധതിക്കായി പണം നല്‍കണമെന്ന ആവശ്യം സംസ്ഥാനസര്‍ക്കാര്‍ ഉന്നയിച്ചത്. അതും പരിഗണിക്കുന്നതിനു കേന്ദ്രം തയ്യാറായിട്ടില്ല.
കേന്ദ്രാവിഷ്കൃതപദ്ധതികളുടെ മാനദണ്ഡങ്ങള്‍ സംസ്ഥാനത്തിന് വിനയാകുന്നത് ആദ്യമായിട്ടല്ല. ഓരോ സംസ്ഥാനങ്ങളുടെയും വസ്തുനിഷ്ഠ സാഹചര്യങ്ങള്‍ മനസിലാക്കി കുറെക്കൂടി ഉദാരമായ മാനദണ്ഡങ്ങള്‍ ആവിഷ്കരിക്കണമെന്ന ആവശ്യം ഇതുവരെയും ഗൌരവമായി കേന്ദ്രം എടുത്തിട്ടില്ല. കേരളത്തിന്റെ നേട്ടങ്ങളുടെ ഭാഗമായിട്ടുള്ള പുതിയ പ്രശ്നങ്ങള്‍ കൈകാര്യംചെയ്യുന്നതിനുള്ള പ്രത്യേകസഹായം നല്‍കണമെന്ന ധനകമീഷനോടുള്ള അഭ്യര്‍ഥനയും പരിഗണിച്ചിട്ടില്ല. വിദ്യാഭ്യാസനിലവാരം ഉയര്‍ത്തല്‍, ഉന്നതവിദ്യാഭ്യാസ അവസരം വര്‍ധിപ്പിക്കല്‍ എന്നിങ്ങനെയുള്ള രണ്ടാംതലമുറ പ്രശ്നങ്ങളാണ് വിദ്യാഭ്യാസമേഖലയിലുള്ളത്. ആയുര്‍ദൈര്‍ഘ്യത്തിന്റെ ഭാഗമായ വൃദ്ധജനപരിപാലനം മറ്റൊരു പ്രധാനപ്രശ്നമാണ്. ഇത്തരം കാര്യങ്ങളോട് കണ്ണടയ്ക്കുകയും ന്യായമായി ലഭിക്കേണ്ട പദ്ധതികള്‍ നിഷേധിക്കുകയുംചെയ്യുന്ന കേന്ദ്രത്തിന്റെ തെറ്റായ നയത്തിനെതിരെ അതിശക്തമായ വികരം ഉയരേണ്ടതുണ്ട്.
ദേശാഭിമാനി മുഖപ്രസംഗം 210110
കേരളം ഇന്ത്യയുടെ ഭാഗമല്ലെന്നാണോ കേന്ദ്രം ഭരിക്കുന്ന തുക്കിടിസായ്‌വുമാര്‍ കരുതുന്നത്? ഫെഡറല്‍ ഭരണഘടനയുള്ള രാജ്യത്ത് നടപ്പാക്കുന്ന ഈ ധിക്കാരം ഒരു തരത്തിലും വച്ചുപൊറുപ്പിക്കാന്‍ കഴിയില്ല.
ReplyDelete