Sunday, January 24, 2010

സംഘബോധം വിളിച്ചറിയിച്ച തൊഴിലാളി പ്രവാഹം

തൊഴിലാളിവര്‍ഗ സംഘബോധത്തിന്റെ മഹാവിളംബരമായി പതിനായിരങ്ങളുടെ പടയണി. സര്‍ദാറിന്റെ മണപ്പുറവും അന്തിക്കാടും ആമ്പല്ലൂരും രചിച്ച ചോരകിനിയുന്ന പോരാട്ടകഥകളും നവോത്ഥാനചരിത്രമൂറുന്ന ഗുരുവായൂരും കുട്ടംകുളവും ജ്വലിപ്പിച്ച തൊഴിലാളിപ്രസ്ഥാനത്തിന്റെ ഉജ്വലമുന്നേറ്റം. സാംസ്കാരികനഗരിയില്‍ മറ്റൊരു ചരിത്രമായി ചെമ്പടപ്രവാഹം. തേക്കിന്‍കാട് മൈതാനിയെ ചുവപ്പിച്ച് സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ സമാപനപ്രകടനം മഹാറാലിയായി. തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെയും സംഘടനാശേഷിയുടെയും ബഹുജനസ്വാധീനത്തിന്റെയും വിളംബരമായി മാറിയ റാലി സമീപകാലത്തെ ഏറ്റവും വലിയ ജനമുന്നേറ്റത്തെയാണ് സാക്ഷ്യപ്പെടുത്തിയത്. വിവിധ മേഖലകളിലെ തൊഴിലാളികളും കുടുംബാംഗങ്ങളും സംഘടനാനേതാക്കളും അണിനിരന്ന പ്രകടനത്തില്‍ വിപുലമായ സ്ത്രീപങ്കാളിത്തവും ഉണ്ടായി. ആഗോളവല്‍ക്കരണത്തിന്റെ ഇരകളായി മാറുന്ന തൊഴിലാളിവര്‍ഗത്തിന്റെ ഐക്യനിരയുടെ അനിവാര്യത ഉയര്‍ത്തിക്കാട്ടിയ പ്രകടനം തൊഴിലിനും കൂലിക്കുംവേണ്ടി മാത്രമല്ല, ഭരണകൂടവും സാമ്രാജ്യത്വവും സമൂഹത്തില്‍ സൃഷ്ടിക്കുന്ന എല്ലാ തിന്മകള്‍ക്കുമെതിരെയും അടരാടുമെന്ന് പ്രഖ്യാപിച്ചു.

തൃശൂര്‍ ജില്ലയിലെ പ്രവര്‍ത്തകര്‍ മാത്രം പങ്കെടുത്ത ലക്ഷം പേരുടെ പ്രകടനമാണ് നിശ്ചയിച്ചതെങ്കിലും കണക്കുകൂട്ടലിനെ മറികടന്ന മഹാമുന്നേറ്റമാണ് ശനിയാഴ്ച വൈകിട്ട് ജില്ലാ ആസ്ഥാനത്ത് അനുഭവപ്പെട്ടത്. ഉച്ചയോടെതന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ചെങ്കൊടികെട്ടിയ വാഹനങ്ങള്‍ നഗരത്തിലേക്കൊഴുകി. മൂന്നു മണിയോടെ നഗരത്തിന്റെ തെക്കും വടക്കുമായി പ്രകടനക്കാര്‍ കേന്ദ്രീകരിക്കാന്‍ തുടങ്ങി. ഏഴ് ഏരിയ കമ്മിറ്റികള്‍വീതം പാലസ് ഗ്രൌണ്ടിലും ശക്തന്‍ നഗറിലും ബാനറുകള്‍ക്കു കീഴില്‍ അണിനിരന്നാണ് നാലുമണിയോടെ പ്രകടനത്തിന് തുടക്കമായത്. വാദ്യഘോഷങ്ങളും നിശ്ചലദൃശ്യങ്ങളും ചുവടുവയ്പുകളും പ്രകടനത്തിന് ഹരംപകര്‍ന്നു. ടൌഹാള്‍ റോഡ്, പാറമേക്കാവ്, വഴി പ്രദക്ഷിണവഴിയില്‍ നിരന്ന പാലസ് മൈതാനിയില്‍നിന്നുള്ള പ്രകടനവും പട്ടാളം റോഡ്, കോര്‍പറേഷന്‍ ഓഫീസ് വഴിയുള്ള ശക്തന്‍നഗര്‍ പ്രകടനവും മുനിസിപ്പല്‍ ജങ്ഷനില്‍ സംഗമിച്ചപ്പോള്‍ ജനസാഗരമായി. സിഐടിയുവിന്റെ സംസ്ഥാനത്തെ അമരക്കാരായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട എം എം ലോറന്‍സ്, കെ എന്‍ രവീന്ദ്രനാഥ് അടക്കമുള്ള സമ്മേളന പ്രതിനിധികളും പ്രകടനത്തിന്റെ മുന്‍നിരയില്‍ അണിനിരന്നു. തേക്കിന്‍കാടു മൈതാനിയിലെ ഇ ബാലാനന്ദന്‍ നഗറില്‍ ചേര്‍ന്ന മഹാസമ്മേളനം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സിഐടിയു അഖിലേന്ത്യ പ്രസിഡന്റ് എം കെ പന്ഥെ സംസാരിച്ചു.
(വി എം രാധാകൃഷ്ണന്‍)

ചെമ്പട്ടണിഞ്ഞ് പൂരനഗരി

അസ്തമയസൂര്യനുകീഴെ ചെമ്പട്ടുവിതാനിച്ച തൊഴിലാളിമുന്നേറ്റം പൂരനഗരിയില്‍ പുതിയ ജനമുന്നേറ്റമായി. നാട്ടിന്‍പുറങ്ങളില്‍നിന്നും പണിശാലകളില്‍നിന്നും തൊഴിലാളിസഞ്ചയം ഒഴുകിയെത്തിയത് തേക്കിന്‍കാട്ടിലേക്ക്. നാടിന്റെ സിരകളില്‍ ആവേശത്തിരയിളക്കി സിഐടിയു 11-ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന പ്രകടനം. തൊഴിലാളിവര്‍ഗത്തിന്റെ പടയൊരുക്കത്തിന്റെ കാഹളമായി നഗരത്തെ ചെങ്കടലാക്കിമാറ്റിയ മഹാപ്രവാഹം. ജില്ലയിലെ ട്രേഡ്യൂണിയന്‍ ചിത്രത്തിലെ നാഴികക്കല്ലായ ലേബര്‍ ബ്രദര്‍ഹുഡ് മുതലുള്ള മുന്നേറ്റങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച തേക്കിന്‍കാടിന്റെ മണ്ണ് പുതിയകാലത്തിന്റെ പോരാട്ട പ്രഖ്യാപനത്തിന് ഈ സന്ധ്യയില്‍ സാക്ഷ്യം വഹിച്ചു. പോരാളിയായ അഴീക്കോടന്റെ ഹൃദയരക്തം വാര്‍ന്ന് ചുവന്നുതുടുത്ത തൃശൂര്‍ പട്ടണം പ്രകടനം കാണാന്‍ രാജവീഥിക്കിരുവശവും തിങ്ങിക്കൂടി. പ്രകടനം കടന്നുവന്ന വഴിത്താരകളില്‍ അഭിവാദ്യങ്ങളുമായി വിവിധ വര്‍ഗ ബഹുജന സംഘടനകള്‍ അണിനിരന്നു. വഴിനീളെ തൊഴിലാളികള്‍ പടക്കം പൊട്ടിച്ചും കമ്പിത്തിരി, പൂത്തിരി, മത്താപ്പ്, മേശപ്പൂ എന്നിവ കത്തിച്ചും പ്രകടനത്തെ വരവേറ്റു. നാലരയോടെ ആരംഭിച്ച പ്രകടനത്തിന്റെ മുന്‍നിര വൈകിട്ട് ആറിന് തേക്കിന്‍കാട് മൈതാനിയിലെ ഇ ബാലാനന്ദന്‍ നഗറില്‍ പ്രവേശിച്ച് പൊതുസമ്മേളനം ആരംഭിക്കുമ്പോഴും തൊട്ടപ്പുറത്ത് സ്വരാജ് റൌണ്ടില്‍ പ്രകടനം അവസാനിച്ചിരുന്നില്ല. മാര്‍ച്ചിങ് ബാന്‍ഡും ശിങ്കാരിമേളവും പൂക്കാവടിയും ആലവട്ടവും മമറഞ്ഞ നേതാക്കളുടെ ചിത്രങ്ങളും ചെങ്കൊടികളും നാടന്‍ കലാരൂപങ്ങളും പ്രകടനത്തെ വര്‍ണാഭമാക്കി. തെക്കേ ഗോപുരനടയിലും പാലസ് ഗ്രൌണ്ടിലും കേന്ദ്രീകരിച്ചാണ് ലക്ഷത്തില്‍പ്പരം വരുന്ന തൊഴിലാളികളും കുടുംബാംഗങ്ങളും പ്രകടനത്തിലണിചേര്‍ന്നത്.

പാലസ് ഗ്രൌണ്ടില്‍ സിഐടിയു സംസ്ഥാന പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥിന്റെയും ശക്തന്‍നഗറില്‍ ജനറല്‍ സെക്രട്ടറി എം എം ലോറന്‍സിന്റെയും നേതൃത്വത്തിലാണ് തൊഴിലാളികള്‍ പ്രകടനത്തിനണിനിരന്നത്. സംസ്ഥാന ഭാരവാഹികളും പ്രതിനിധികളും പ്രകടനത്തില്‍ പങ്കാളികളായി. സ്വരാജ് റൌണ്ടില്‍ എംഒ റോഡ് ജങ്ഷനിലാണ് ഇരുപ്രകടനവും കേന്ദ്രീകരിച്ചത്്. ആഗോളവല്‍ക്കരണത്തിനെതിരെയും വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെയും ആസിയന്‍ കരാറിനെതിരെയും പ്രകടനത്തില്‍ മുദ്രാവാക്യങ്ങളുയര്‍ന്നു. സിഐടിയു സംസ്ഥാന നേതാക്കള്‍ക്കു പുറമേ സി കെ ചന്ദ്രന്‍, യു പി ജോസഫ്, ബാബു എം പാലിശേരി, കെ വി പീതാംബരന്‍, കെ വി ഹരിദാസ്, പി കെ ഷാജന്‍, വി രാമകൃഷ്ണന്‍, കെ വി ജോസ്, പി ജി വാസുദേവന്‍നായര്‍, എം കെ ബാലകൃഷ്ണന്‍, ടി എ ഉഷാകുമാരി, കെ വി അബ്ദുള്‍ഖാദര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സിഐടിയു ഭാരവാഹികളെയും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെയും കാതടപ്പിക്കുന്ന കരഘോഷത്തോടെയാണ് ജനാവലി സ്വീകരിച്ചത്. പ്രകടനം അവസാനിക്കുമ്പോഴേക്കും സമ്മേളന നഗരി ജനനിബിഡമായിരുന്നു.

ജ്യോതിബസുവിന് അനുശോചനമര്‍പ്പിച്ചാണ് പൊതുസമ്മേളനം ആരംഭിച്ചത്. പൊതുസമ്മേളനം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്തു. സിഐടിയു സംസ്ഥാന പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ് അധ്യക്ഷനായി. സിഐടിയു അഖിലേന്ത്യ പ്രസിഡന്റ് എം കെ പന്ഥെ, സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ്, മന്ത്രി പി കെ ഗുരുദാസന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ പി ആര്‍ രാജന്‍ എംപി സ്വാഗതവും കെ എഫ് ഡേവിസ് നന്ദിയും പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി ബേബിജോ, സി ഒ പൌലോസ്, എം മുരളീധരന്‍ എന്നിവര്‍ സംബന്ധിച്ചു. സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ ലോഗോ മത്സരത്തില്‍ വിജയിയായ മുജീബ് റഹ്മാന് എം കെ പന്ഥെ ക്യാഷ് അവാര്‍ഡ് നല്‍കി. സമ്മേളനാനന്തരം വി ടി മുരളിയും സംഘവും അവതരിപ്പിച്ച വിപ്ളവഗാനമേളയും അരങ്ങേറി. വി ടി മുരളിയും സംഘവും അവതരിപ്പിച്ച സ്വാഗതഗാനത്തോടെയാണ് പൊതുയോഗ നടപടികള്‍ ആരംഭിച്ചത്. "നെറ്റിയില്‍ രണധീര മുദ്രകള്‍ വിതാനിച്ച വര്‍ഗസമരത്തിന്റെ സര്‍ഗതാരങ്ങളേ...'' എന്നുതുടങ്ങുന്ന ഗാനം രചിച്ചത് ഏഴാച്ചേരി രാമചന്ദ്രനാണ്.
(കെ എന്‍ സനില്‍)

കേന്ദ്രനയങ്ങള്‍ക്കെതിരെ പോരാട്ടം ശക്തമാക്കും: സിഐടിയു

വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താന്‍ സിഐടിയു 11-ാം സംസ്ഥാന സമ്മേളനം തീരുമാനിച്ചു. ഇതിനായി തൊഴിലാളികളുടെ വിശാലമായ ഐക്യം കെട്ടിപ്പടുക്കുമെന്നും ജനറല്‍ സെക്രട്ടറി എംഎം ലോറന്‍സ്, പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്ന നയങ്ങളുടെ ഫലമായാണ് ഭക്ഷ്യസാധനങ്ങളടക്കമുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് വലിയ തോതില്‍ വില വര്‍ധിക്കുന്നത്. ഇത് പരമാവധി പിടിച്ചുനിര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ സംസ്ഥാന ഗവമെന്റ് സ്വീകരിക്കുന്നുണ്ട്. സബ്സിഡി നല്‍കി പരമാവധി കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വില്‍ക്കാന്‍ സംവിധാനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. മുന്‍ ഗവമെന്റ് വിറ്റുതുലയ്ക്കാന്‍ തീരുമാനിച്ച പല വ്യവസായസ്ഥാപനങ്ങളും പുനരുദ്ധരിക്കുകയും വ്യവസായ-തൊഴില്‍ മേഖലകളില്‍ നല്ല അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. പരമ്പരാഗത വ്യവസായങ്ങളും പുനരുദ്ധരിച്ചു. കൃഷിക്കാരെ സഹായിക്കുന്ന നടപടികളും ഗവമെന്റ് സ്വീകരിച്ചു. ഇങ്ങനെ തൊഴിലാളികളുടെ പ്രതീക്ഷകള്‍ സഫലീകരിക്കുന്ന വിധത്തില്‍ എല്‍ഡിഎഫ് ഗവമെന്റ് സ്വീകരിക്കുന്ന നടപടികള്‍ രാജ്യമാകെ മാതൃകയാക്കേണ്ടതാണ്. പുതിയ തൊഴില്‍മേഖലയെന്ന നിലയില്‍ ഐടി രംഗത്ത് പല പ്രശ്നങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന് ഐടി രംഗത്തെ സേവന-വേതന വ്യവസ്ഥകള്‍ നിജപ്പെടുത്തുന്നതിനുള്ള നിയമനിര്‍മാണം കേന്ദ്രഗവമെന്റ് നടത്തണം. ഇക്കാര്യത്തില്‍ സംസ്ഥാന ഗവര്‍മെന്റും ചെയ്യാവുന്നത് ചെയ്യണം.

സിഐടിയുവിന്റെ അംഗസംഖ്യയില്‍ ചോര്‍ച്ചയുണ്ടായി എന്നത് ശരിയല്ല. അംഗത്വം സംബന്ധിച്ച രേഖകള്‍ കേന്ദ്ര ലേബര്‍ കമീഷണറുടെ അംഗത്വ പരിശോധനാസമയത്ത് ഹാജരാക്കാന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്ന് മൂന്നുലക്ഷത്തോളം അംഗസംഖ്യ കണക്കില്‍ ഉള്‍പ്പെടാതെ പോയതാണ്. അല്ലാതെ യഥാര്‍ഥത്തില്‍ കുറവു വന്നതല്ല. സത്യത്തില്‍ 2006ലെ പാലക്കാട് സമ്മേളനത്തിനുശേഷം മൂന്നുലക്ഷത്തോളം അംഗങ്ങള്‍ വര്‍ധിക്കുകയാണുണ്ടായത്. പരിസ്ഥിതിയുടെ പേരില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കംവയ്ക്കാന്‍ പാടില്ലെന്നതാണ് സിഐടിയുവിന്റെ കാഴ്ചപ്പാട്. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാരിന്റെ ബന്ധപ്പെട്ട സമിതികളെല്ലാം അനുവാദം നല്‍കിയ അതിരപ്പിള്ളി ജലപദ്ധതി നടപ്പാക്കണമെന്ന് സിഐടിയു ആവശ്യപ്പെടുന്നത്. മൂന്നാറിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനൊപ്പം കൈയേറ്റം ഒഴിപ്പിക്കുകയും വേണമെ ന്നതാണ് സിഐടിയുവിന്റെ നിലപാട്. ഇതിനായി ആവശ്യമെങ്കില്‍ നിയമമുണ്ടാക്കണമെന്നും നേതാക്കള്‍ പറഞ്ഞു. അഖിലേന്ത്യ പ്രസിഡന്റ് എം കെ പന്ഥെയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

സഹനസമരങ്ങളിലൂടെ കരുത്താര്‍ജിച്ച പോരാളികള്‍

തടവറകളും അഗ്നിപരീക്ഷണങ്ങളും അതിജീവിച്ച് സഹനസമരങ്ങളിലൂടെ കരുത്താര്‍ജിച്ച പോരാളികള്‍. സിഐടിയു സംസ്ഥാന സമ്മേളന പ്രതിനിധികളില്‍ ഭൂരിഭാഗവും സമരാനുഭവങ്ങളില്‍ ഉരുകിത്തെളിഞ്ഞവര്‍. പകുതിയിലധികംപേരും ജയില്‍വാസമനുഭവിച്ചവര്‍. ട്രേഡ്യൂണിയന്‍ രംഗത്ത് പുതിയ തലമുറയിലെ പോരാളികളുടെയും വനിതകളുടെയും പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണെന്നും സമ്മേളനത്തില്‍ അവതരിപ്പിച്ച ക്രെഡന്‍ഷ്യല്‍ റിപ്പോര്‍ട് വ്യക്തമാക്കുന്നു. പതിമൂന്നുലക്ഷത്തോളം അംഗങ്ങളെ പ്രതിനിധീകരിച്ച് സൌഹാര്‍ദ പ്രതിനിധികളടക്കം 578 പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഇതില്‍ 519 പുരുഷന്മാര്‍, 59 സ്ത്രീകള്‍. ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍ 51-60 പ്രായപരിധിയിലുള്ളവരായിരുന്നു-228 പേര്‍. 70 വയസ്സിനു മുകളിലുള്ളവര്‍ 40 പേരും 31നും 40നും ഇടയില്‍ പ്രായമുള്ളവര്‍ 24 പേരുമുണ്ട്. 41നും 50നും ഇടയില്‍ പ്രായമുള്ളവര്‍ 156 പേരും 61 മുതല്‍ 70 വരെ പ്രായമുള്ളവര്‍ 96 പേരും പ്രതിനിധികളായി. ഏറ്റവും പ്രായമുള്ള പ്രതിനിധി സംസ്ഥാന വൈസ് പ്രസിഡന്റ്കൂടിയായ കോട്ടയത്തുനിന്നുള്ള വി ആര്‍ ഭാസ്കരനാണ്- 83 വയസ്സ്. ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധികള്‍ എം അനില്‍കുമാറും ബി സുലോചനയുമായിരുന്നു (ഇരുവര്‍ക്കും 34). പ്രതിനിധികളില്‍ 17 പേര്‍ അവിവാഹിതര്‍. പ്രതിനിധികളില്‍ കൂടുതല്‍ കാലം ജയില്‍വാസം അനുഭവിച്ചത് കൊല്ലം മേയര്‍കൂടിയായ എന്‍ പത്മലോചനനാണ്- നാലുവര്‍ഷം. മൂന്നുവര്‍ഷം വീതം ജയില്‍വാസം അനുഭവിച്ച ഒമ്പതുപേരും രണ്ടു വര്‍ഷം ജയില്‍വാസമനുഭവിച്ച 14 പേരുമുണ്ട്. ഒരു വര്‍ഷം ജയിലില്‍ കിടന്നവര്‍ 108 പേരും ഒരു വര്‍ഷത്തില്‍ താഴെ 116 പേരുമുണ്ട്. 1950നു മുമ്പ് സംഘടനാപ്രവര്‍ത്തനം ആരംഭിച്ച മൂന്നുപേരും 2005നുശേഷം സംഘടനയില്‍ വന്നവരില്‍ 11 പേരും സംസ്ഥാന സമ്മേളന പ്രതിനിധികളായി. 1951നും 60നും ഇടയില്‍ സംഘടനയില്‍ പ്രവര്‍ത്തനരംഗത്തു വന്നവര്‍ 27 പേരും 61-70 കാലയളവില്‍ വന്നവര്‍ 88 പേരും 71-80ല്‍ വന്നവര്‍ 157 പേരും 81-90 കാലത്തുള്ളവര്‍ 168 പേരും 91-2000 കാലയളവില്‍ വന്നവര്‍ 83 പേരും പ്രതിനിധികളായി. പ്രതിനിധികളില്‍ 168 പേര്‍ തൊഴിലാളികളും 387 പേര്‍ പ്രവര്‍ത്തകരുമാണ്. നൂറുപേര്‍ ബിരുദധാരികളും 33 പേര്‍ ബിരുദാനന്തര ബിരുദധാരികളുമാണ്. നിയമബിരുദധാരികള്‍ 32 പേരും എന്‍ജിനിയറിങ് ബിരുദധാരികള്‍ നാലുപേരുമാണ്. 223 പേര്‍ എസ്എസ്എല്‍സിക്കാരും 111 പേര്‍ എസ്എസ്എല്‍സിക്കു താഴെ വിദ്യാഭ്യാസയോഗ്യതയുള്ളവരുമാണ്. പ്രതിനിധികളില്‍ 57 പേര്‍ ജനപ്രതിനിധികളാണ്- നാല് മന്ത്രിമാര്‍, 14 എംഎല്‍എമാര്‍, രണ്ടു മേയര്‍മാര്‍, ഒരു ഡെപ്യൂട്ടി മേയര്‍, ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, 13 ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, നാല് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, 12 ബ്ളോക്ക് പഞ്ചായത്തംഗങ്ങള്‍, ആറ് പഞ്ചായത്ത് അംഗങ്ങള്‍.

കേന്ദ്രമന്ത്രിമാര്‍ ആക്ഷേപമുന്നയിക്കുന്നത് പണിയില്ലാത്തതിനാല്‍: മുഖ്യമന്ത്രി

ഡല്‍ഹിയില്‍ പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത കേന്ദ്രസഹമന്ത്രിമാര്‍ ആഴ്ചതോറും ഇവിടെവന്ന് കേരളസര്‍ക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ ഉന്നയിക്കുകയാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സിഐടിയു സംസ്ഥാനസമ്മേളനത്തിന് സമാപനംകുറിച്ച് തേക്കിന്‍കാട് മൈതാനിയിലെ ഇ ബാലാനന്ദന്‍ നഗറില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം നിയന്ത്രിക്കാന്‍ ഒന്നുംചെയ്യാതെ, കേന്ദ്രം നല്‍കിയ അരി കേരളം വിലകൂട്ടി മറിച്ചുവിറ്റുവെന്ന കെ വി തോമസിന്റെ ആക്ഷേപം അസംബന്ധമാണ്. ഒരുലക്ഷത്തിലേറെ ട ഭക്ഷ്യ ധാന്യം നല്‍കേണ്ടിടത്ത് 17000ട മാത്രം തന്നിട്ട് ആക്ഷേപം ഉന്നയിച്ച് നടക്കുകയാണിവര്‍. 8.90 രൂപക്ക് റേഷന്‍ കടയിലൂടെ നല്‍കുന്ന അരിക്ക് കേന്ദ്രം 17രൂപയാണിപ്പോള്‍ ആവശ്യപ്പെടുന്നത്്. വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ കേരളം കൈക്കൊണ്ട നടപടി മാതൃകാപരമാണെന്നാണ് കേന്ദ്രഭക്ഷ്യമന്ത്രി ശരത് പവാര്‍ പറഞ്ഞത്്. പവാറിന്റെ സഹമന്ത്രി ഇതിനെ എതിര്‍ത്ത് ഇവിടെ സംസാരിച്ചു നടക്കുന്നു. ഇവിടെനിന്നുള്ള സഹമന്ത്രിമാര്‍ക്കൊന്നും ദില്ലിയില്‍ ഒരു വിലയുമില്ല. ഇവര്‍ പണിചോദിച്ച് ഡല്‍ഹിയില്‍ ധര്‍ണ നടത്തുന്നകാലം വിദൂരമല്ല. സ്വന്തം വകുപ്പിന്റെ ക്യാബിനറ്റ് മന്ത്രിയെക്കാണാന്‍ പാസെടുത്ത് കാത്തിരിക്കേണ്ട ഗതികേടിലാണവര്‍- വി എസ് പറഞ്ഞു.

കേരളത്തിന്റെ വൈദ്യുതിവിഹിതം പുനഃസ്ഥാപിക്കണം

കേന്ദ്രം വെട്ടിക്കുറച്ച കേരളത്തിന്റെ വൈദ്യുതിവിഹിതം പുനഃസ്ഥാപിക്കണമെന്ന് സിഐടിയു സംസ്ഥാനസമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റാനുള്ള ശേഷി സംസ്ഥാനത്തിനില്ല. കേരളത്തിലെ ഇപ്പോഴത്തെ പീക്ക്ലോഡ് ഡിമാന്‍ഡ് 2800മെഗാവാട്ടും പ്രതിദിന ഉപഭോഗം 48 ദശലക്ഷം യൂണിറ്റുമാണ്. കഴിഞ്ഞവര്‍ഷം ഇത് യഥാക്രമം 2600ഉം 43ഉം ആയിരുന്നു. വേനലാകുന്നതോടെ പീക്ക്ലോഡ് ഡിമാന്‍ഡ് 3100 മെഗാവാട്ടായും പ്രതിദിന ഉപഭോഗം 51 ദശലക്ഷം യൂണിറ്റായും വര്‍ധിക്കും. ആവശ്യം നിറവേറ്റാന്‍ പുറത്തുനിന്ന് അധികവിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തിനു കഴിയില്ല. കേന്ദ്രപൂളില്‍നിന്ന് 1041 മെഗാവാട്ട് ലഭിക്കേണ്ട സ്ഥാനത്ത് 600-650 മെഗാവാട്ട് വൈദ്യുതിമാത്രമാണ് ലഭിക്കുന്നത്. വെട്ടിക്കുറച്ച വൈദ്യുതിവിഹിതം ലഭിക്കാതെ കേരളത്തിനു മുന്നോട്ടുപോകാനാവില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം താരിഫില്‍ വര്‍ധന വരുത്തിയിട്ടില്ല. കോടികളുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഈ മേഖലയില്‍ നടക്കുന്നത്-പ്രമേയത്തില്‍ പറഞ്ഞു.

റെയില്‍വേവികസനത്തില്‍ കേരളത്തോട് കേന്ദ്രം അനുവര്‍ത്തിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് സമ്മേളനം മറ്റൊരു പ്രമേയത്തില്‍ ആവശ്യപ്പെട്ടു. തൊഴിലെടുക്കുന്ന സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, സര്‍ക്കാര്‍ ഭാഗ്യക്കുറി സംരക്ഷിക്കുകയും ചൂതാട്ടം നിരോധിക്കുകയും ചെയ്യുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

ചെറുകിട-പരമ്പരാഗത വ്യവസായങ്ങളെ കേന്ദ്രം അവഗണിക്കുന്നു: പന്ഥെ

വ്യവസായങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന പാക്കേജുകളൊന്നും ചെറുകിട പരമ്പരാഗത വ്യവസായങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എം കെ പന്ഥെ. സിഐടിയു സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി തെക്കേഗോപുരനടയില്‍ സംഘടിപ്പിച്ച 'ആഗോള സാമ്പത്തിക പ്രതിസന്ധിയും തൊഴിലാളി വര്‍ഗവും' എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കയര്‍, കശുവണ്ടി, തേയില എന്നീ മേഖലകളില്‍ ഒരു സഹായവും കേരളത്തിനു ലഭിച്ചിട്ടില്ല. വ്യവസായ സംരക്ഷണ പാക്കേജ് എന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നത് വ്യവസായികളുടെ നഷ്ടം പരിഹരിക്കുന്നതിനെയാണ്. തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളിയുടെ പുനരധിവാസത്തെക്കുറിച്ച് കേന്ദ്രം ഒന്നും പറയുന്നില്ല. ആഗോള സാമ്പത്തിക പ്രതിസന്ധിമൂലം കയറ്റുമതി മേഖലയില്‍മാത്രം ഒരുകോടിയോളം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. ഇതരമേഖലകളില്‍ 50 ലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ നഷ്ടമായതായി കേന്ദ്ര വാണിജ്യമന്ത്രാലയംതന്നെ സമ്മതിക്കുന്നുണ്ട്. ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയെ ബാധിക്കില്ലെന്നാണ് ചിദംബരം പറയുന്നത്. ഈ വാദം അസംബന്ധമാണ്. ആഗോളമൂലധനം സര്‍വവ്യാപിയായിരിക്കെ ഈ പ്രതിസന്ധിയില്‍നിന്ന് ഇന്ത്യക്കുമാത്രം ഒഴിഞ്ഞുനില്‍ക്കാനാവില്ല. അവശ്യവസ്തുക്കള്‍ സംഭരിക്കാനും കമ്പോളത്തിലിടപെടാനും കേന്ദ്രം നടപടി സ്വീകരിക്കാതെ വിലക്കയറ്റം നിയന്ത്രിക്കാനാവില്ല. ദിവസേന ട കണക്കിന് ഭക്ഷ്യ വസ്തുക്കളാണ് പുറത്തേക്ക് കയറ്റി അയക്കുന്നത്. ഇവിടെ ക്ഷാമം സൃഷ്ടിക്കപ്പെടുകയാണ്. വിലവര്‍ധനയ്ക്കനുസരിച്ച് മിനിമംകൂലി വര്‍ധിപ്പിക്കാന്‍ കേന്ദ്രം തയ്യാറാവുന്നുമില്ല. ഈ അവസ്ഥ തിരിച്ചറിഞ്ഞ് പോരാട്ടം ശക്തിപ്പെടുത്താതെ മുന്നോട്ടുപോകാനാവില്ലെന്ന് തിരിച്ചറിയണം-പന്ഥെ പറഞ്ഞു.

ഭക്ഷ്യ സബ്സിഡി വെട്ടിക്കുറയ്ക്കുന്നത് വിലക്കയറ്റത്തിന് കാരണം: ഐസക്

കേന്ദ്രഗവമെന്റ് ഭക്ഷ്യസാധനങ്ങള്‍ക്ക് വിലകൂട്ടി നല്‍കുകയും ഭക്ഷ്യസബ്സിഡി വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഭക്ഷ്യസാധനങ്ങള്‍ക്ക് വില വര്‍ധിക്കുന്നതെന്ന് മന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. ഈ സാഹചര്യത്തിലും സംസ്ഥാന ഗവമെന്റും സിവില്‍ സപ്ളൈസ് കോര്‍പറേഷനും പരമാവധി വില കുറച്ചാണ് ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു. സിഐടിയു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 'ആഗോളപ്രതിസന്ധിയും തൊഴിലാളിവര്‍ഗവും' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. നേരത്തെ കേന്ദ്രം 8.90 രൂപയ്ക്ക് തന്ന എപിഎല്‍ അരിയാണ് ഇപ്പോള്‍ 15.37 രൂപയാക്കി വര്‍ധിപ്പിച്ച് നല്‍കിയിരിക്കുന്നത്. കേന്ദ്രം 16 രൂപയ്ക്ക് നല്‍കിയ കടല 27 രൂപയ്ക്ക് വിറ്റു എന്നാണ് ആക്ഷേപം. ചെന്നൈയില്‍ വരുന്ന സാധനങ്ങള്‍ക്ക് ഹാന്‍ഡ്ലിങ്, ഗ്രേഡിങ് ചാര്‍ജുകള്‍ നല്‍കിയതിനുശേഷമാണ് ഇവിടെ വില്‍ക്കുന്നത്. ഇങ്ങനെ വില്‍ക്കുന്നതിന് നേരത്തെ യുഡിഎഫ് സര്‍ക്കാര്‍ വെറും 75 കോടിരൂപ നല്‍കിയ സ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ 400 കോടിയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുതലാളിമാര്‍ക്ക് 2.5 ലക്ഷം കോടി നികുതിയിളവ് നല്‍കിയ കേന്ദ്രം എന്തുകൊണ്ട് വില കുറയ്ക്കാനാവശ്യമായവിധം ഭക്ഷ്യസബ്സിഡി വര്‍ധിപ്പിക്കുന്നില്ല? ശമ്പളപരിഷ്കരണവും ക്ഷേമാനുകൂല്യങ്ങളുമൊക്കെ ഒഴിവാക്കി കമ്മി പൂജ്യത്തിലെത്തിക്കണമെന്നും കേന്ദ്രം പറയുന്നു. ജീവനക്കാര്‍ക്ക് ഇടക്കാലാശ്വാസം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന കോഗ്രസ് അനുകൂല സംഘടനയായ എന്‍ജിഒ അസോസിയേഷന്‍ കേന്ദ്രത്തിന്റെ ഈ നയത്തിനെതിരെ സമരം ചെയ്യാന്‍ തയ്യാറാണോയെന്നുംഐസക് ചോദിച്ചു.

തൊഴിലാളിതാല്‍പ്പര്യം സംരക്ഷിക്കാന്‍ പൊതുമേഖലയെ സംരക്ഷിക്കണം: എളമരം

പൊതുമേഖലയെ സംരക്ഷിച്ചുകൊണ്ടല്ലാതെ തൊഴിലാളി വര്‍ഗം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകില്ലെന്ന് വ്യവസായ മന്ത്രി എളമരം കരീം. ലോക മുതലാളിത്തം തൊഴിലാളി വര്‍ഗത്തിനുനേരെ ഉയര്‍ത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കാന്‍ പൊതുമേഖലയുടെ നിലനില്‍പ്പ് അനിവാര്യമാണ്. ഇത് തിരിച്ചറിഞ്ഞാണ് തൊഴിലാളിയുടെ യോജിച്ച പ്രക്ഷോഭത്തിന് സിഐടിയു നേതൃത്വം നല്‍കുന്നത്. സിഐടിയു സംസ്ഥാന സമ്മേളന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയിലും യൂറോപ്പിലുമെല്ലാം സാമ്പത്തിക പ്രതിസന്ധിയില്‍ ബാങ്കുകളും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും തകര്‍ച്ചയിലേക്ക് നീങ്ങിയപ്പോള്‍ അവയെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ പാടുപെടുകയാണ്. അതേസമയം ഇന്ത്യയില്‍ ആഗോളവല്‍ക്കരണത്തിന്റെ വക്താക്കള്‍ ബാങ്കുകളും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും സ്വകാര്യവല്‍ക്കരിക്കുന്നു. ഇവ തകരാതെ നിലനിന്നത് തൊഴിലാളിവര്‍ഗത്തിന്റെ ചെറുത്തുനില്‍പ്പ് മൂലമാണ്. ആഗോള സാമ്പത്തിക പ്രതിസന്ധി കേരളത്തിലെ വ്യവസായ മേഖലയേയും ഗുരുതരമായി ബാധിച്ചു. കയര്‍, കശുവണ്ടി, സുഗന്ധവിളകള്‍ എന്നിവയുടെ കയറ്റുമതി ഇടിഞ്ഞു. ടൂറിസത്തിനും വന്‍ തകര്‍ച്ചയുണ്ടായി. മുതലാളിത്ത മൂലധന സമ്പ്രദായം സമൂഹത്തില്‍ ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്നാണ് ആഗോള സാമ്പത്തിക തകര്‍ച്ച തെളിയിക്കുന്നതെന്നും എളമരം കരിം പറഞ്ഞു. യു പി ജോസഫ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി ബേബി ജോണ്‍, പി ആര്‍ രാജന്‍ എംപി, എം മുരളീധരന്‍ എന്നിവരും പങ്കെടുത്തു. ഇ എം എസിന്റെ സ്വാതന്ത്യ്ര സമരചരിത്രം പുതിയ പതിപ്പിന്റെ പ്രകാശനം സിപിഐ എം ജില്ലാ സെക്രട്ടറി ബേബി ജോണിനു നല്‍കി സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എം കെ പന്ഥെ നിര്‍വഹിച്ചു. എ എസ് കുട്ടി നന്ദി പറഞ്ഞു. സെമിനാറിനുശേഷം കണ്ണൂര്‍ സംഘചേതനയുടെ നാടകം ഉണ്ടായി.

അതിരപ്പിള്ളി പദ്ധതിക്ക് അനുമതി നിഷേധിക്കരുത്

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ പാരിസ്ഥിതികാനുമതി പിന്‍വലിക്കാനുള്ള നീക്കം ചെറുക്കണമെന്ന് സിഐടിയു സംസ്ഥാന സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കേവല പരിസ്ഥിതിവാദികളുടെയും വികസന വിരുദ്ധരുടെയും ആവശ്യം പരിഗണിച്ച് പാരിസ്ഥിതികാനുമതി പിന്‍വലിക്കുന്നത് കേരളത്തിന്റെ വൈദ്യുതി വികസനത്തെ പ്രതികൂലമായി ബാധിക്കും. സംസ്ഥാനത്തിന്റെ പൊതു വികസനത്തെ ഹനിക്കുന്ന ഈ നീക്കത്തിനെതിരെ ജനങ്ങള്‍ ശക്തമായി പ്രതികരിക്കണം. വൈദ്യുതി വികസനത്തില്‍ പ്രധാന പദ്ധതിയാണ് 163 മെഗാവാട്ടിന്റെ നിര്‍ദിഷ്ട അതിരപ്പിള്ളി പദ്ധതി. കേരളം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുകയാണ്. 96 ലക്ഷമാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ വൈദ്യുതി ഉപഭോക്താക്കളുടെ എണ്ണം. പത്ത് വര്‍ഷംകൊണ്ട് വൈദ്യുതി ഉല്‍പ്പാദനശേഷിയില്‍ 3000 മെഗാവാട്ട് വര്‍ധനയെങ്കിലും ഉണ്ടാവേണ്ടതുണ്ട്. രണ്ടുതവണ പാരിസ്ഥിതിക ആഘാതപഠനം നടത്തുകയും മൂന്നുതവണ കേന്ദ്ര പരിസ്ഥിതി വനംവകുപ്പിന്റെ പാരിസ്ഥിതികാനുമതി ലഭിക്കുകയും ചെയ്ത പദ്ധതിയാണിത്. അതിരപ്പിള്ളി വെള്ളച്ചാട്ടം നിലനിര്‍ത്താന്‍ ആവശ്യമായ വെള്ളം 24 മണിക്കൂറും ഉറപ്പുവരുത്തുന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഈ പദ്ധതിമൂലം ഒരു ആദിവാസി കുടുംബത്തെപ്പോലും കുടിയൊഴിപ്പിക്കേണ്ടിവരില്ല. മാത്രമല്ല, പ്രദേശത്തെ 18 ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും മറ്റ് അടിസ്ഥാന സൌകര്യങ്ങളും ഉറപ്പുവരുത്തുന്നതിന് ഒരു കോടി രൂപ ചെലവില്‍ പ്രത്യേക പദ്ധതി നടപ്പാക്കി വരികയുമാണ്. ഇപ്പോള്‍ എന്തെങ്കിലും മാറ്റമോ 2007ല്‍ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും പുതിയ പ്രശ്നങ്ങളോ പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ടെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിയ നോട്ടീസിന് ഒരു കാരണവുമില്ല - പ്രമേയത്തില്‍ പറഞ്ഞു.

സിഐടിയു: രവീന്ദ്രനാഥ് പ്രസിഡന്റ്, ലോറന്‍സ് ജ. സെക്രട്ടറി

സിഐടിയു സംസ്ഥാന പ്രസിഡന്റായി കെ എന്‍ രവീന്ദ്രനാഥിനെയും ജനറല്‍ സെക്രട്ടറിയായി എം എം ലോറന്‍സിനെയും സംസ്ഥാന സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. കെ എം സുധാകരനാണ് ട്രഷറര്‍. മുപ്പതംഗ സംസ്ഥാന ഭാരവാഹികളെയും 150 അംഗ സംസ്ഥാന സമിതിയെയും 464 അംഗ ജനറല്‍ കൌസിലിനെയും സമ്മേളനം തെരഞ്ഞെടുത്തു.

ദേശാഭിമാനി 240110

1 comment:

  1. തൊഴിലാളിവര്‍ഗ സംഘബോധത്തിന്റെ മഹാവിളംബരമായി പതിനായിരങ്ങളുടെ പടയണി. സര്‍ദാറിന്റെ മണപ്പുറവും അന്തിക്കാടും ആമ്പല്ലൂരും രചിച്ച ചോരകിനിയുന്ന പോരാട്ടകഥകളും നവോത്ഥാനചരിത്രമൂറുന്ന ഗുരുവായൂരും കുട്ടംകുളവും ജ്വലിപ്പിച്ച തൊഴിലാളിപ്രസ്ഥാനത്തിന്റെ ഉജ്വലമുന്നേറ്റം. സാംസ്കാരികനഗരിയില്‍ മറ്റൊരു ചരിത്രമായി ചെമ്പടപ്രവാഹം. തേക്കിന്‍കാട് മൈതാനിയെ ചുവപ്പിച്ച് സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ സമാപനപ്രകടനം മഹാറാലിയായി. തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെയും സംഘടനാശേഷിയുടെയും ബഹുജനസ്വാധീനത്തിന്റെയും വിളംബരമായി മാറിയ റാലി സമീപകാലത്തെ ഏറ്റവും വലിയ ജനമുന്നേറ്റത്തെയാണ് സാക്ഷ്യപ്പെടുത്തിയത്. വിവിധ മേഖലകളിലെ തൊഴിലാളികളും കുടുംബാംഗങ്ങളും സംഘടനാനേതാക്കളും അണിനിരന്ന പ്രകടനത്തില്‍ വിപുലമായ സ്ത്രീപങ്കാളിത്തവും ഉണ്ടായി. ആഗോളവല്‍ക്കരണത്തിന്റെ ഇരകളായി മാറുന്ന തൊഴിലാളിവര്‍ഗത്തിന്റെ ഐക്യനിരയുടെ അനിവാര്യത ഉയര്‍ത്തിക്കാട്ടിയ പ്രകടനം തൊഴിലിനും കൂലിക്കുംവേണ്ടി മാത്രമല്ല, ഭരണകൂടവും സാമ്രാജ്യത്വവും സമൂഹത്തില്‍ സൃഷ്ടിക്കുന്ന എല്ലാ തിന്മകള്‍ക്കുമെതിരെയും അടരാടുമെന്ന് പ്രഖ്യാപിച്ചു.

    ReplyDelete