Tuesday, September 18, 2012

മുളവൂരില്‍ സിപിഐ എം ബ്രാഞ്ച് ഓഫീസിനു തീയിട്ടു


മൂവാറ്റുപുഴ: ഹര്‍ത്താല്‍ദിവസം സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ മുസ്ലിംലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായ മുളവൂരില്‍ പാര്‍ടി ബ്രാഞ്ച് ഓഫീസിന് ബൈക്കിലെത്തിയ ആറംഗസംഘം തീയിട്ടു. മുളവൂര്‍ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ പിഒ ജങ്ഷന്‍ ബ്രാഞ്ച് ഓഫീസിനാണ് ശനിയാഴ്ച രാത്രി 12നുശേഷം തീയിട്ടത്. സംഭവംകണ്ട് പരിസരവാസികള്‍ ഓടിയെത്തിയപ്പോഴേക്കും മൂന്നു ബൈക്കുകളിലെത്തിയ സംഘം രക്ഷപ്പെട്ടു. കെഎല്‍ 7 വി 8495 നമ്പര്‍ ബൈക്ക് തിരിച്ചറിഞ്ഞു. മറ്റു രണ്ടു ബൈക്കുകള്‍ ഓടിച്ചുപോയി. ബ്രാഞ്ച് ഓഫീസിനോടനുബന്ധിച്ചുപ്രവര്‍ത്തിച്ചിരുന്ന ടിംബര്‍ ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ ഓഫീസിന്റെ ഉപകരണങ്ങളും പണിസാധനങ്ങളും കത്തിനശിച്ചു. യൂണിയന്റെ ഉടമസ്ഥതയിലുള്ള 52,000 രൂപ വിലയുള്ള യന്ത്രവാള്‍, 12 പ്ലാസ്റ്റിക് വടങ്ങള്‍, മറ്റു പണിസാധനങ്ങള്‍,ഉപകരണങ്ങള്‍ എന്നിവ നശിച്ചു. മുറിയുടെ പല ഭാഗങ്ങളും കത്തിനശിച്ചിട്ടുണ്ട്. ഗ്രില്ലുപയോഗിച്ച് നിര്‍മിച്ച മുന്‍വാതിലിലൂടെ പെട്രോള്‍ ഒഴിച്ചശേഷം തീയിടുകയായിരുന്നു. സമീപത്തെ സ്ട്രീറ്റ്ലൈറ്റുകള്‍ അണച്ചശേഷമാണ് അക്രമികള്‍ തീയിട്ടത്. കെട്ടിടത്തിനകത്ത് തീയുയരുന്നത് ഇതുവഴിവന്ന ഓട്ടോറിക്ഷ യാത്രക്കാരാണ് ആദ്യം കണ്ടത്. ഇവര്‍ സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. കെട്ടിട ഉടമയും പാര്‍ടിപ്രവര്‍ത്തകരും ഓടിയെത്തി തീയണച്ചു. മൂവാറ്റുപുഴയില്‍നിന്ന് പൊലീസും അഗ്നിശമനസേനയുമെത്തി.

സംഭവത്തില്‍ സിപിഐ എം മുളവൂര്‍ ലോക്കല്‍ കമ്മിറ്റി മൂവാറ്റുപുഴ പൊലീസില്‍ പരാതി നല്‍കി. മുസ്ലിംലീഗ് പ്രവര്‍ത്തകരായ മുളവൂര്‍ കാട്ടക്കുടിയില്‍ അബ്ദുള്‍കരീം (25), ഇക്കരക്കുടിയില്‍ ജാഫര്‍ (25), പാറപ്പാട്ട് നാസര്‍ (28), താണേലില്‍ (മഠത്തുംപടിക്കല്‍) ഇല്യാസ് (26), കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുളവൂര്‍ തട്ടുപറമ്പില്‍ അജിംസ് (20), അണ്ണാംകുഴിയില്‍ (വാരിക്കാട്ട്) ഷിനാജ് (21) എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിട്ടുള്ളത്.

ഹര്‍ത്താലിനോടനുബന്ധിച്ച് സിപിഐ എം പ്രവര്‍ത്തകര്‍ ശനിയാഴ്ച രാവിലെ പിഒ ജങ്ഷനില്‍ പ്രകടനം നടത്തിയതിനെ മുസ്ലിംലീഗ്-കോണ്‍ഗ്രസ് സംഘം തടഞ്ഞ് സംഘര്‍ഷമുണ്ടാക്കിയിരുന്നു. പ്രാദേശികനേതാക്കളുടെ നേതൃത്വത്തിലാണ് ഇവരെത്തിയത്. ഇതേത്തുടര്‍ന്ന് പുതുപ്പാടി-ചെറുവട്ടൂര്‍ റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാക്കി. സംഘര്‍ഷരഹിതമായ മുളവൂരില്‍ പ്രശ്നങ്ങളുണ്ടാക്കി രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള നീക്കമാണ് ലീഗ്-കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നതെന്ന് സിപിഐ എം മുളവൂര്‍ ലോക്കല്‍ കമ്മിറ്റി ആരോപിച്ചു. അക്രമികളെ ഉടന്‍ അറസ്റ്റ്ചെയ്യണമെന്നും ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ മുളവൂര്‍ പിഒ ജങ്ഷനില്‍ പ്രതിഷേധയോഗം ചേര്‍ന്നു. ഏരിയ സെക്രട്ടറി പി ആര്‍ മുരളീധരന്‍ ഉദ്ഘാടനംചെയ്തു. ലോക്കല്‍ സെക്രട്ടറി യു പി വര്‍ക്കി അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം കെ എം ഗോപി, എം എ സഹീര്‍, കെ എസ് റഷീദ്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ഒ കെ മുഹമ്മദ്, പി ഇ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു നടന്ന പ്രകടനം പൊന്നിരിക്കപറമ്പില്‍ സമാപിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.


കൊടിയും കൊടിമരവും നശിപ്പിച്ചു

അമ്പലപ്പുഴ: സിപിഐ എമ്മിന്റെ കൊടിയും കൊടിമരവും സാമുഹ്യവിരുദ്ധര്‍ നശിപ്പിച്ചു. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പറവൂര്‍ സെന്റ് ലൂര്‍ദ് മേരി യുപി സ്കൂളിന് പടിഞ്ഞാറ് റെയില്‍വെ ട്രാക്കിനുസമീപം സ്ഥാപിച്ച കൊടിയും കൊടിമരവുമാണ് കഴിഞ്ഞരാത്രി സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ നിരവധിതവണ ഈ ഭാഗത്തെ സിപിഐ എം പ്രവര്‍ത്തകര്‍ സ്ഥാപിച്ച കൊടിയും കൊടിമരവും ഇത്തരത്തില്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. രാത്രികാലങ്ങളില്‍ ഇവിടെ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് സിപിഐ എം പുന്നപ്ര നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി കെ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.


deshabhimani news

1 comment:

  1. ഹര്‍ത്താല്‍ദിവസം സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ മുസ്ലിംലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായ മുളവൂരില്‍ പാര്‍ടി ബ്രാഞ്ച് ഓഫീസിന് ബൈക്കിലെത്തിയ ആറംഗസംഘം തീയിട്ടു. മുളവൂര്‍ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ പിഒ ജങ്ഷന്‍ ബ്രാഞ്ച് ഓഫീസിനാണ് ശനിയാഴ്ച രാത്രി 12നുശേഷം തീയിട്ടത്.

    ReplyDelete