പാലക്കാട്: പുതുശേരി പഞ്ചായത്തിലെ മൂന്ന് വില്ലേജുകളില്‍ താമസിക്കുന്ന 400 കുടുംബങ്ങളെ സ്വന്തം മണ്ണില്‍നിന്ന് ഇറക്കിവിടുന്നു. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനെന്നപേരിലാണ് മൂവായിരത്തോളം പേരെ കുടിയിറക്കുന്നത്. പുതുശേരി വെസ്റ്റ്, ഈസ്റ്റ്, മരുതറോഡ് വില്ലേജുകളില്‍ താമസിക്കുന്ന കുടുംബങ്ങളോടാണ് വീടും കൃഷിയും ഉപേക്ഷിച്ച് പോകാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.
തെരഞ്ഞെടുപ്പ് ഘട്ടമായതിനാല്‍ ഉത്തരവ് രഹസ്യമായി വച്ചിരിക്കുകയായിരുന്നു. മക്കളുടെ കല്യാണവും മറ്റും നിശ്ചയിച്ച് വായ്പയെടുക്കാന്‍ നികുതി രശീതിന് വില്ലേജ് ഓഫീസില്‍ പോയപ്പോഴാണ് തങ്ങളുടെ മണ്ണിന്റെ അവകാശികള്‍ ഇനിമുതല്‍ തങ്ങളല്ലെന്ന് താമസക്കാര്‍ അറിയുന്നത്. വില്ലേജ് ഓഫീസില്‍ പോയപ്പോള്‍ നികുതി സ്വീകരിക്കാന്‍ തയ്യാറായില്ല. ഭൂമിക്ക് രേഖയുണ്ടെന്ന് പറഞ്ഞപ്പോള്‍ അത് ചെവിക്കൊള്ളാനും ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഡിസംബര്‍ 12നാണ് പാലക്കാട് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഓഫീസില്‍നിന്ന് നിര്‍ദേശം ലഭിച്ചതെന്ന് വില്ലേജിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജീവിതകാലം മുഴുവന്‍ കഠിനാധ്വാനം ചെയ്ത് കെട്ടിപ്പൊക്കിയ കൂരയും നട്ടുനച്ചുണ്ടാക്കിയ ചെടികളും മരങ്ങളും ഇനിമുതല്‍ സര്‍ക്കാരിന്റേതാണെന്നും ഉടന്‍ ഇറങ്ങിപ്പോകണമെന്നുമാണ് വില്ലേജ് ഓഫീസില്‍നിന്നുള്ള അറിയിപ്പ്. വടശേരി ജന്മികുടുംബത്തില്നിന്ന് വിലകൊടുത്താണ് ഭൂരിപക്ഷംപേരും മൂന്നും നാലും സെന്റ് വാങ്ങി വീടുവച്ചത്. ജന്മിയുടെ കൈവശമുണ്ടായിരുന്ന 970.26 ഏക്കര്‍ ഭൂമിയില്‍ 129.29 ഏക്കര്‍ വനഭൂമിയാണെന്നും 12 ഏക്കര്‍ മനയുടേതെന്നും ബാക്കി വരുന്ന 822.97 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണെന്നുമാണ് പുതിയ കണ്ടെത്തല്‍. അതിനാല്‍ അത് സര്‍ക്കാര്‍ തിരിച്ചുപിടിക്കാന്‍ തീരുമാനിച്ചെന്നാണ് അറിയിപ്പ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജില്ലയുടെ പലഭാഗത്തും ഇത്തരം നടപടികളുണ്ടാവുമെന്നും ഉദ്യോഗസ്ഥര്‍ സൂചന നല്കി.
സര്‍ക്കാര്‍ അവകാശപ്പെടുന്ന ഭൂമിയില്‍ ഇപ്പോള്‍ നാനൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഏഴോളം പാടശേഖരങ്ങളും ആയിരത്തോളം കര്‍ഷകരുമുണ്ട്. പട്ടയമടക്കമുള്ള രേഖകള്‍ ഇവരുടെ കൈവശമുണ്ട്. കുടുംബങ്ങളുടെ ദുരവസ്ഥയറിഞ്ഞ് സ്ഥലം എംഎല്‍എയും പ്രതിപക്ഷനേതാവുമായ വി എസ് അച്യുതാനന്ദന് പ്രദേശം സന്ദര്‍ശിച്ച് ജനങ്ങളുടെ പരാതി കേട്ടു. പുതുശേരി പഞ്ചായത്തിലെ മായപ്പള്ളത്ത് ശ്രീരാമ അയ്യര്‍ എന്ന ജന്മിയില്‍നിന്ന് സ്ഥലംവാങ്ങി വീടുവച്ച നൂറിലധികം പേരെയും ഇതുപോലെ ഇറക്കിവിടാന്‍ നീക്കം നടത്തിയിരുന്നു. 1970ന് മുമ്പുള്ള രേഖയാണെങ്കില്‍ പരിഗണിക്കുമെന്നാണ് താമസക്കാരെ ലാന്‍ഡ്ബോര്‍ഡ് അറിയിച്ചത്. ഇവരില്‍നിന്ന് നികുതി സ്വീകരിക്കുന്നുമില്ല. മറ്റ് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതും തുടരുന്നു.
ജയകൃഷ്ണന് നരിക്കുട്ടി deshabhimani
No comments:
Post a Comment