Monday, March 17, 2014

അറുപതുകളുടെ ആവേശത്തില്‍ കുമാരന്‍

പൂതാടി: "ഇം എം എസിന് ജാഥ നയിക്കാന്‍ കൂലിക്ക് ആളെ കൂട്ടേണ്ട." മറ്റൊരു തെരഞ്ഞെടുപ്പിന് കൂടി രാജ്യം സാക്ഷ്യം വഹിക്കുമ്പോള്‍ 74കാരനായ പാപ്ലശ്ശേരി പൊട്ടക്കാനിയിലെ പി കെ കുമാരന്റെ മനസ്സില്‍ ഓടിയെത്തുന്നത് ഈ മുദ്രാവാക്യമാണ്. അറുപതുകളുടെ തുടക്കത്തിലായിരുന്നു ഇതെന്ന് കുമാരേട്ടന്‍ ഓര്‍ത്തെടുക്കുന്നു. ഇ എം എസിനെ കേന്ദ്രീകരിച്ചായിരുന്നു അന്ന് കോണ്‍ഗ്രസുകാര്‍ ദുഷ്പ്രചരണം നടത്തിയത്. ഇതിന് മറുപടിയായാണ് കമ്യൂണിസ്കാര്‍ ഈ മുദ്രാവാക്യം ഉയര്‍ത്തിയത്. കോണ്‍ഗ്രസുകാര്‍ പണം കൊടുത്ത് ജാഥക്ക് ആളെ ഇറക്കുന്നതിനെ പരിഹസിച്ചാണ് ഇത്തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്. കമ്യൂണിസ്റ്റ്കാര്‍ക്ക് പണം മുടക്കിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ സാധ്യമായിരുന്നില്ല. മണ്ഡലം വിശാലമായതിനാലും റോഡ് സൗകര്യങ്ങള്‍ കുറവായതിനാലും സ്ഥാനാര്‍ഥിക്ക് ഇന്നത്തെപോലെ വോട്ടര്‍മാരെ എല്ലാവരെയും നേരിട്ട് കാണുന്നതിനും പരിമിതിയുണ്ടായിരുന്നു.

1960ലെ തെരഞ്ഞെടുപ്പ് കുമാരന് അഭിമാനത്തിന്റേതും ആവേശത്തിന്റെയും കാലമായിരുന്നു. കുമാരന്‍ ആദ്യമായി വോട്ട് ചെയ്യുന്നത് ഈ തെരഞ്ഞെടുപ്പിലാണ്. 1960ന്റെ തുടക്കത്തില്‍ സിപിഐ എം അംഗമായ കുമരാനെ പാര്‍ടി അന്ന് വോട്ടെടുപ്പ് നടക്കുന്ന കോളേരി കൃഷ്ണവിലാസം യുപി സ്കൂളിലെ ബൂത്തിന്റെ ചുമതലക്കാനായി നിശ്ചയിച്ചു. വീട്ടില്‍ നിന്നും അഞ്ച് കീലോമീറ്ററോളം നടന്നാണ് രാവിലെ ആറുമണിയോടെ ബൂത്തിലെത്തിയത്. ബൂത്തില്‍ ഒന്നോ രണ്ടോ പൊലിസുകാര്‍ ഉണ്ടായിരുന്നു. ക്രമസമാധാന പ്രശ്നങ്ങളെല്ലാം കുറവാണ്. വയനാട് ദ്വയാംഗ മണ്ഡലത്തിലെ സംവരണസീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ബാലകൃഷ്ണന്‍ നമ്പ്യാരും കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥിയായി പൊഡയന്‍ മൈലമ്പാടിയുമാണ് മത്സരിച്ചത്. ജയിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നെങ്കിലും വയനാടിനെ സംബന്ധിച്ചിടത്തോളം അതൊരു നല്ല പോരാട്ടമായിരുന്നു. അന്ന് അധികാരി (വില്ലേജ് ഓഫീസര്‍) നേരിട്ട് വീടുകള്‍ കയറി വോട്ടേഴ്സ് ലിസ്റ്റില്‍ ആളെ ചേര്‍ക്കുകയാണ് പതിവ്. വോട്ട് ചെയ്യാന്‍ പ്രായപൂര്‍ത്തിയായോ എന്ന് പരിശോധിക്കാന്‍ കൃത്യമായ സംവിധാനമില്ല. "നമ്മള് സുമാര്‍ പറയുന്ന വയസ് അത് വോട്ടേഴ്സ് ലിസ്റ്റില്‍ ചേര്‍ക്കും" കുമാരേട്ടന്‍ പറഞ്ഞു. എണ്ണടിന്നും മറ്റും വളച്ച് മെഗാഫോണാക്കിയായിരുന്നു പ്രചാരണം. പ്രചാരണപരിപാടിക്ക് നല്ല ആവേശം ഉണ്ടായിരുന്നു. ഇന്നും ആവേശമുണ്ടെങ്കിലും പുതുതലമുറയിലെ ചെറുപ്പാക്കാര്‍ക്ക് സമര്‍പ്പണമനോഭാവം ഇല്ലെന്ന പരാതിയും കുമാരേട്ടനുണ്ട്.

വികാസ് കാളിയത്ത് deshabhimani

No comments:

Post a Comment