Monday, March 17, 2014

സുഷ്മയ്ക്കെതിരെ ജെയ്റ്റ്ലി രംഗത്ത്

ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിയില്‍ പോര് മുറുകുന്നു. മോഡി അനുകൂലികളും വിരുദ്ധരുമായാണ് ചേരിതിരിവ്. മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ജോഷി എന്നിവരുടെ സീറ്റുനിര്‍ണയം അടക്കമുള്ള വിഷയങ്ങള്‍ പോരിന് ആക്കം കൂട്ടി. ലോക്സഭയിലെ പ്രതിപക്ഷനേതാവ് സുഷ്മസ്വരാജിനെ പരസ്യമായി വിമര്‍ശിച്ച് രാജ്യസഭ പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്ലി രംഗത്തുവന്നു. കര്‍ണാടകത്തില്‍ അഴിമതിക്കാരനായ ബി ശ്രീരാമുലുവിനെ ബിജെപിയില്‍ തിരിച്ചുകൊണ്ടുവരാനും സീറ്റു നല്‍കാനുമുള്ള നീക്കത്തെ സുഷമ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ശ്രീരാമുലുവിനെ ബെല്ലാരിയില്‍ മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. വന്‍ അഴിമതികളുടെ പേരില്‍ പുറത്തുപോയ യെദ്യൂരപ്പയ്ക്ക് വീണ്ടും സ്ഥാനമാനങ്ങള്‍ നല്‍കിയതിനുപുറമെയാണ് ഇപ്പോള്‍ ശ്രീരാമുലുവുമായും ബിജെപി അടുക്കുന്നത്. ഈ നീക്കത്തിനെതിരെ ട്വിറ്ററിലൂടെയാണ് സുഷമ പ്രതികരിച്ചത്. തന്റെ കടുത്ത എതിര്‍പ്പ് മറികടന്നാണ് ശ്രീരാമുലുവിനെ ബിജെപിയിലേക്ക് കൊണ്ടുവരുന്നതെന്ന് സുഷമ ട്വിറ്ററില്‍ തുറന്നടിച്ചു. ബെല്ലാരിയില്‍ ബിജെപിക്ക് പിടിച്ചുനില്‍ക്കാന്‍ ശ്രീരാമുലുവിനെ തിരികെയെടുക്കാനുള്ള നീക്കത്തിനെതിരെ മുതിര്‍ന്ന നേതാവ് പരസ്യമായി രംഗത്തുവന്നത് നേതൃത്വത്തിന് ക്ഷീണമായി.

തന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ജെയ്റ്റ്ലി സുഷമയ്ക്ക് മറുപടി നല്‍കിയത്. സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം, ആരൊക്കെ അകത്ത്, ആരൊക്കെ പുറത്ത് തുടങ്ങി പ്രാധാന്യം കുറഞ്ഞ വിഷയങ്ങള്‍ ബിജെപിയുടെ രാഷ്ട്രീയഅജന്‍ഡ നിശ്ചയിക്കുന്ന രീതിയിലേക്ക് പോകരുതെന്ന് ജെയ്റ്റ്ലി ലേഖനത്തില്‍ പറഞ്ഞു. പ്രധാനവിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനേ ഇത്തരം നീക്കങ്ങള്‍ വഴിയൊരുക്കൂവെന്നും ജെയ്റ്റ്ലി അഭിപ്രായപ്പെട്ടു.

അദ്വാനി, മുരളി മനോഹര്‍ ജോഷി, സുഷമ സ്വരാജ് തുടങ്ങിയവരാണ് മോഡി വിരുദ്ധക്യാമ്പിന് നേതൃത്വം നല്‍കുന്നത്. ബിജെപി അധ്യക്ഷന്‍ രാജ്നാഥ്സിങ്ങും അരുണ്‍ ജെയ്റ്റ്ലിയുമാണ് മോഡി ക്യാമ്പിലെ പ്രമുഖര്‍. ബിജെപിക്ക് പരമാവധി നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മോഡിവിഭാഗം യെദ്യൂരപ്പയെയും ശ്രീരാമുലുവിനെയുമൊക്കെ അടുപ്പിക്കുന്നത്. യുപിയിലെ സീറ്റുനിര്‍ണയത്തെച്ചൊല്ലിയുള്ള ഭിന്നതകള്‍ക്ക് ഒരുവിധം പരിഹാരമായപ്പോഴാണ് നേതാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്പരം പോരടിച്ചുതുടങ്ങിയത്. മോഡി അനുകൂലികളൊക്കെ സുരക്ഷിത മണ്ഡലങ്ങള്‍ ഉറപ്പിച്ചപ്പോള്‍ മുതിര്‍ന്ന നേതാക്കളെ അവഗണിച്ചുവെന്ന ആക്ഷേപവും ബിജെപിക്കുള്ളില്‍ ശക്തമാണ്. അദ്വാനിയെ അഹമ്മദാബാദില്‍നിന്ന് പുകച്ചുചാടിക്കാനും മോഡിക്യാമ്പ് നീക്കം തുടങ്ങി. അദ്വാനി മത്സരിച്ചാല്‍ അഹമ്മദാബാദ് സീറ്റ് നഷ്ടപ്പെടുമെന്ന് ഗുജറാത്ത് ഘടകം റിപ്പോര്‍ട്ട് നല്‍കിക്കഴിഞ്ഞു.

എം പ്രശാന്ത് deshabhimani

ജോഷിയെ വെട്ടി മോഡി വാരണാസിയില്‍

ന്യൂഡല്‍ഹി: മണ്ഡലത്തെച്ചൊല്ലിയുള്ള നീണ്ട തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ ബിജെപി സ്ഥാനാര്‍ഥിപ്പട്ടികയായി. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് പ്രഖ്യാപനമുണ്ടായത്. മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷിയെ വെട്ടിനിരത്തി നരേന്ദ്രമോഡി വാരണാസി സീറ്റ് ഉറപ്പിച്ചു. ജോഷിയെ ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ മത്സരിപ്പിക്കാനാണ് തീരുമാനം. ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിങ് ലഖ്നൗവില്‍ മത്സരിക്കും. വരുണ്‍ഗാന്ധി സുല്‍ത്താന്‍പുരില്‍നിന്ന് ജനവിധി തേടും. 98 പേരുടെ സ്ഥാനാര്‍ഥിത്വമാണ് ബിജെപി ശനിയാഴ്ച രാത്രി പ്രഖ്യാപിച്ചത്. മുതിര്‍ന്ന നേതാക്കളുടെ സ്ഥാനാര്‍ഥിത്വമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായാണ് ശനിയാഴ്ച ബിജെപിയുടെ ദേശീയ സ്ഥാനാര്‍ഥിനിര്‍ണയ യോഗം ചേര്‍ന്നത്. ഉത്തര്‍പ്രദേശിലെ വാരണാസി മണ്ഡലത്തില്‍ തട്ടിയാണ് ചര്‍ച്ചകള്‍ വഴിമുട്ടിയത്. മോഡിക്ക് പുറമെ രാജ്നാഥ് സിങ്, എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരുടെ കാര്യത്തിലും തര്‍ക്കം രൂക്ഷമായി. വാരണാസിയില്‍ ജോഷിയെ വെട്ടി മത്സരത്തിനിറങ്ങണമെന്ന മോഡിയുടെ താല്‍പ്പര്യം അംഗീകരിക്കാന്‍ ജോഷി തയ്യാറായിരുന്നില്ല. അദ്ദേഹത്തിന്റെ കടുത്ത എതിര്‍പ്പ് മറികടന്നാണ് മോഡിക്ക് വേണ്ടി അഖിലേന്ത്യാ നേതൃത്വം തീരുമാനമെടുത്തത്.

അദ്വാനി ഗാന്ധിനഗറില്‍ മത്സരിക്കുന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്. സ്ഥിരം മണ്ഡലത്തില്‍നിന്ന് മാറി ഭോപാലില്‍ മത്സരിക്കണമെന്ന നിര്‍ദേശം അംഗീകരിക്കാന്‍ അദ്വാനി തയ്യാറായിട്ടില്ല. ഉത്തര്‍പ്രദേശിനുപുറമെ ഗുജറാത്തില്‍ ഒരു സീറ്റില്‍ക്കൂടി മത്സരിക്കണമെന്ന് തീരുമാനിച്ചാല്‍ മോഡി നോട്ടമിട്ടിരിക്കുന്നത് അദ്വാനി വര്‍ഷങ്ങളായി പ്രതിനിധാനംചെയ്യുന്ന ഗാന്ധിനഗറിലാണ്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മത്സരിക്കാനുള്ള ക്ഷണം അദ്വാനി ഇതിനകം തള്ളിയിട്ടുണ്ട്. ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. ചാന്ദ്നി ചൗക്കില്‍ സംസ്ഥാന പ്രസിഡന്റ് ഹര്‍ഷ്വര്‍ധനും ന്യൂഡല്‍ഹിയില്‍ മീനാക്ഷി ലേഖിയും മത്സരിക്കും. സിറ്റിങ് എംപി ലാല്‍ജി ഠണ്ടനെ മാറ്റിയാണ് ലഖ്നൗവില്‍ രാജ്നാഥ് സിങ് മത്സരിക്കാനിറങ്ങുന്നത്. കടുത്ത അമര്‍ഷത്തോടെയാണ് ഠണ്ടന്‍ സീറ്റ് വിട്ടുകൊടുത്തത്. റെഡ്ഡി സഹോദരന്മാരുടെ വിശ്വസ്തന്‍ ബി ശ്രീരാമുലുവിന് സീറ്റ് നല്‍കുന്നതിനെതിരെ മുതിര്‍ന്ന നേതാവ് സുഷമ സ്വരാജ് രംഗത്തെത്തിയിട്ടുണ്ട്. ശ്രീരാമുലുവിനെ വീണ്ടും ബിജെപിയില്‍ എടുത്തത് തന്റെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണെന്ന് സുഷമ ട്വീറ്ററില്‍ പ്രതികരിച്ചു. ഇതിനെതിരെ അരുണ്‍ ജയ്റ്റ്ലി രംഗത്തെത്തി. ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തി നേതാക്കള്‍ പ്രധാന വിഷയങ്ങളില്‍നിന്ന് വഴുതിമാറുകയാണെന്നാണ് ജെയ്റ്റ്ലി അഭിപ്രായപ്പെട്ടത്. അതിനിടെ, ഇതുവരെ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിപ്പട്ടികയെ ചോദ്യം ചെയ്ത് മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായ ഫൂല്‍ചന്ദ് വര്‍മ പാര്‍ടി അധ്യക്ഷന്‍ രാജ്നാഥ്സിങ്ങിന് കത്തയച്ചു. സ്ഥാനാര്‍ഥിനിര്‍ണയത്തിലൂടെ ആത്മാര്‍ഥതയുള്ള പ്രവര്‍ത്തകരെ പാര്‍ടി അവഹേളിക്കുകയാണെന്ന് ഫൂല്‍ചന്ദ് കുറ്റപ്പെടുത്തി.

No comments:

Post a Comment