Thursday, September 10, 2020

പ്രതിപക്ഷനേതാവിന്റെ സ്ത്രീവിരുദ്ധത

 രമേശ്‌ ചെന്നിത്തല സാക്ഷര കേരളത്തിന്റെ പ്രതിപക്ഷനേതാവാണ്‌. ആ നിലവാരമാണ് സമൂഹം അദ്ദേഹത്തിൽനിന്ന് പ്രതീക്ഷിക്കുന്നത്. എന്നാൽ, ചൊവ്വാഴ്ചത്തെ സ്ത്രീവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ പരാമർശത്തിലൂടെ ജീർണതയുടെ ഏത് ആഴംവരെ താനെത്തി എന്ന് ചെന്നിത്തല തെളിയിച്ചു. സ്ത്രീവിരുദ്ധത സമൂഹത്തിൽ രൂഢമൂലമാണ്. അത് ഏറിയും കുറഞ്ഞും മിക്കപ്പോഴും പലരുടെയും വാക്കുകളിൽ പ്രകടമാകാറുമുണ്ട്. അപ്പോഴെല്ലാം അതിനെതിരെ പ്രതിഷേധം ഉയരാറുമുണ്ട് . ഇവിടെ പക്ഷേ സമാനതകളില്ലാത്ത ഒരു പീഡനമായിരുന്നു പരാമർശവിഷയമായത്. ക്വാറന്റൈനിൽ ആയിരുന്ന യുവതി കോവിഡ്മുക്ത സർട്ടിഫിക്കറ്റ്  തേടിയെത്തിയപ്പോൾ കെട്ടിയിട്ട്‌ ബലാത്സംഗം ചെയ്ത കേസാണ്. അതിൽ ഉൾപ്പെട്ട പ്രതിയുടെ കോൺഗ്രസ് സംഘടനാബന്ധം ഇതിനകം പുറത്തുവന്നിട്ടുണ്ട്. അതേപ്പറ്റിയായിരുന്നു ചോദ്യം. അപ്പോഴാണ്‌ കോൺഗ്രസുകാർക്കും പീഡിപ്പിക്കണ്ടേ എന്ന മട്ടിൽ അത്യന്തം ഹീനമായ പരാമർശം പ്രതിപക്ഷ നേതാവിൽനിന്ന് ഉണ്ടായത്.

ശക്തമായ വിമർശവും പ്രതിഷേധവും ഉയർന്നപ്പോൾ പറഞ്ഞത് പിൻവലിക്കാനോ മാപ്പ് പറയാനോ ചെന്നിത്തല തയ്യാറായില്ല. പറഞ്ഞതിനെ ന്യായീകരിക്കാൻ കൂടുതൽ നീചമായ വാദങ്ങളുമായി രംഗത്തുവരികയാണ് ചെയ്തത്. ഭരണപക്ഷ സംഘടനക്കാരും പീഡിപ്പിക്കുന്നുണ്ട് എന്നാണ്  ഉദ്ദേശിച്ചത് എന്നായിരുന്നു വിശദീകരണം. അതീവ ഗുരുതരമായ ഒരു കുറ്റകൃത്യത്തെ മറയ്ക്കാൻ കൂടുതൽ അധിക്ഷേപകരമായ പ്രതികരണങ്ങളിലേക്ക് നീങ്ങുകയാണ് പ്രതിപക്ഷ നേതാവ് ചെയ്തത്. ഇപ്പോൾ ‘നിർവ്യാജമായ ഖേദ’പ്രകടനം വന്നിട്ടുണ്ട്.

യുഡിഎഫ് ആകെ പരിഭ്രാന്തിയിലാണ്. മുന്നണിയിൽ ഒരു പ്രമുഖ ഘടകകക്ഷി രണ്ടായി പിളർന്ന്‌ ഒരു ഭാഗം മുന്നണി വിടുന്നു. കെട്ടിപ്പൊക്കുന്ന ആരോപണ നുണക്കൊട്ടാരങ്ങൾ ഒന്നൊന്നായി തകരുന്നു. ചെന്നിത്തലയാകട്ടെ മുന്നണിക്കുള്ളിലും പാർടിക്കുള്ളിലും പുതിയ എതിർപ്പുകൾ നേരിടുന്നു. ഇതൊക്കെ ഒളിപ്പിക്കാൻ അപ്രസക്തമായ വിഷയങ്ങളുമായി ദിവസവും പത്രസമ്മേളനം നടത്തി കൂടുതൽ അപഹാസ്യനാകുന്നു. ഒരുവിഭാഗം മാധ്യമങ്ങളുടെ പരിലാളനംമാത്രമാണ് ചെന്നിത്തലയുടെ നിലനിൽപ്പിന്റെ ആണി. ഇത്രയും സ്ത്രീവിരുദ്ധമായ പ്രതികരണം വന്നപ്പോഴും ചെന്നിത്തലയെ സംരക്ഷിക്കാൻ അവർ ഉണ്ടായി. പക്ഷേ, ഈ മാധ്യമങ്ങളുടെ മാന്ത്രികവലയങ്ങൾ മുറിച്ചുകടന്നവരാണ് ഇന്ന് മലയാളികൾ. അവർ ഇതെല്ലാം വിലയിരുത്തുന്നുണ്ട്. മാപ്പ് പറയുന്നതിൽ കുറഞ്ഞ ഒന്നും അവർക്ക് സ്വീകാര്യമാകില്ല എന്നത് പല മേഖലയിൽനിന്നുമുയർന്ന പ്രതിഷേധം വ്യക്തമാക്കി. നിലപാട് തിരുത്തിയില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പോടെ പ്രതിപക്ഷ നേതൃസ്ഥാനംകൂടി നഷ്ടപ്പെടുന്ന അവസ്ഥയിൽ എത്തുമെന്ന്‌ ചെന്നിത്തലയ്ക്കും ബോധ്യം വന്നിരിക്കാം. ഇപ്പോഴത്തെ ഖേദപ്രകടനം അങ്ങനെയൊരു വീണ്ടുവിചാരത്തിൽനിന്ന് ഉണ്ടായതാകാം എന്ന് കരുതാം.

deshabhimani editorial 10092020

No comments:

Post a Comment