തിരുവനന്തപുരം > തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ നടത്തിപ്പ് സ്വകാര്യസംരംഭകനെ ഏല്‍പിക്കാനുള്ള തീരുമാനം തിരുത്തുന്നതിന് കേന്ദ്രസര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്താന്‍ പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത എം.പി. മാരുടെ യോഗം തീരുമാനിച്ചു.
സംസ്ഥാന സര്‍ക്കാരിന്‍റെ എതിര്‍പ്പ് അവഗണിച്ച് സ്വകാര്യവല്‍ക്കരണവുമായി കേന്ദ്രം മുന്നോട്ടുപോവുകയാണെങ്കില്‍ ഇതുമായി സംസ്ഥാന സര്‍ക്കാര്‍ ഒരു വിധത്തിലും സഹകരിക്കില്ലെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന് മുഖ്യപങ്കാളിത്തമുള്ള കമ്പനിയെ വിമാനത്താവള നടത്തിപ്പ് ഏല്‍പ്പിക്കണമെന്നതാണ് ആവശ്യം. സ്വകാര്യ - പൊതുപങ്കാളിത്തത്തില്‍ കൊച്ചി, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വിജയകരമായി നടത്തുന്ന അനുഭവജ്ഞാനം സംസ്ഥാന സര്‍ക്കാരിനുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം നടത്തിയത്.
കൈമാറ്റം കേന്ദ്ര വിജിലൻസ് അന്വേഷിക്കണം ; എളമരം കരീം കത്ത് നൽകി
തിരുവനന്തപുരം അടക്കം രാജ്യത്തെ ആറ് വിമാനത്താവളം അദാനി എന്റർപ്രെസസിന് വിട്ടുനൽകിയതിലെ ഗുരുതര ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം രാജ്യസഭാ കക്ഷിനേതാവ് എളമരം കരീം കേന്ദ്ര വിജിലൻസ് കമീഷണർക്ക് കത്ത് നൽകി. പൊതു–-സ്വകാര്യ പങ്കാളിത്ത പദ്ധതി വിലയിരുത്തൽ സമിതി(പിപിപിഎസി)കുറിപ്പും മറ്റ് രേഖകളും തയ്യാറാക്കിയതിൽ സിവിൽ വ്യോമയാന മന്ത്രാലയത്തിനും എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ(എഎഐ)യ്ക്കും ഗുരുതര വീഴ്‌ചയുണ്ടായി. സ്വകാര്യകമ്പനിക്ക് വൻലാഭം ലഭിക്കുന്ന വിധമാണ് നടപടി സ്വീകരിച്ചത്. ധനമന്ത്രാലയം ഇറക്കിയ വിജ്ഞാപനത്തിലെ മാനദണ്ഡങ്ങൾ ലംഘിച്ചു. അധികാരപരിധിക്ക് പുറത്തുള്ള കാര്യങ്ങളിലും പിപിപിഎസി ഇടപെട്ടു.
വിമാനത്താവളം സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ അഞ്ച് ശതമാനത്തിൽ കൂടുതൽ സ്വകാര്യകമ്പനിക്ക് വാണിജ്യആവശ്യത്തിന് ഉപയോഗിക്കാൻ നല്‍കരുതെന്ന് സാമ്പത്തികകാര്യ വകുപ്പ് നിഷ്‌കർഷിച്ചിരുന്നു. സ്ഥാവര ആസ്‌തി 30 വർഷത്തിൽ കൂടുതൽ കൈമാറരുതെന്ന 1994ലെ എഎഐ നിയമം കാറ്റില്‍പറത്തി ആറ് വിമാനത്താവളവും 50 വർഷത്തേക്ക് പാട്ടത്തിനു നൽകി. വിമാനത്താവള നടത്തിപ്പിന്റെ കൈമാറ്റം1937ലെ വ്യോമയാന ചട്ടങ്ങളുടെ ലംഘനമാണ്. വൻതോതിൽ മൂലധനനിക്ഷേപമുള്ളതിനാല്‍ രണ്ട് വിമാനത്താവളത്തിൽ കൂടുതൽ ഒരു ഓപ്പറേറ്റർക്ക് ലഭിക്കരുതെന്ന സാമ്പത്തികകാര്യ വകുപ്പിന്റെ നിര്‍ദേശവും ലംഘിക്കപ്പെട്ടെന്നും -കത്തിൽ ചൂണ്ടിക്കാട്ടി.
No comments:
Post a Comment