Monday, September 7, 2020

നുണകൾ മാറ്റിപ്പറഞ്ഞ്‌ കൊലപാതകികളെ രക്ഷിക്കാൻ കോൺഗ്രസ്‌ ശ്രമം: ആനാവൂർ

 വെഞ്ഞാറമൂട്ടിൽ  ഡിവൈഎഫ്‌ഐ പ്രവർത്തകരെ അരുംകൊല ചെയ്‌തവരെ രക്ഷപ്പെടുത്താനും ഗൂഢാലോചനയിൽനിന്ന്‌ സ്വയം രക്ഷപ്പെടാനും ചെന്നിത്തലയും മുല്ലപ്പള്ളിയും അടക്കമുള്ള കോൺഗ്രസ്‌ നേതാക്കൾ ദിവസവും നുണകൾ പടച്ചുവിടുകയാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രസ്‌താവനയിൽ പറഞ്ഞു. ഉന്നതരുടെ  നിർദേശ പ്രകാരം നടത്തിയ ക്രൂര നരവേട്ടയിൽ പങ്കില്ലെന്ന്‌ വരുത്തിത്തീർക്കാൻ കോൺഗ്രസ്‌ നേതാക്കൾ പറയുന്ന നുണകൾക്ക്‌ ഒരു ദിവസത്തെ ആയുസ്സ്‌‌ പോലുമില്ല. ഒരു നുണക്കഥ പൊളിയുമ്പോൾ അടുത്ത കഥ മെനഞ്ഞ്‌ കൊലപാതകത്തിൽ രാഷ്ട്രീയമില്ലെന്ന്‌ വരുത്തിത്തീർക്കാനുള്ള ഹീനശ്രമം വിലപ്പോകില്ല. ക്രൂരമായ കൊലപാതകം നടന്ന തിരുവോണം ദിവസം രമേശ്‌ ചെന്നിത്തല പറഞ്ഞത്‌ എസ്‌ഡിപിഐക്കാരാണ്‌ കൊലയാളികൾ എന്ന്‌.  ആ  നുണയ്‌ക്ക്‌ മണിക്കൂറുകളുടെ  ആയുസ്സ്‌‌ പോലുമുണ്ടായില്ല. പിന്നെ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടുകയാണെന്ന്‌ പറഞ്ഞു. 

കേസിൽ മുൻ യൂത്ത്‌ കോൺഗ്രസ്‌ ഭാരവാഹികളും കോൺഗ്രസ്‌  നേതാക്കളുമായി അടുത്ത്‌ ബന്ധമുള്ളവരും പിടിയിലായപ്പോൾ ഡി കെ മുരളി എംഎൽഎയുടെ മകൻ ഡിവൈഎഫ്‌ഐക്കാരുമായി ക്ഷേത്രസ്ഥലത്ത്‌ പ്രശ്‌നമുണ്ടാക്കിയതാണ്‌ കാരണമെന്ന്‌ കഥയുണ്ടാക്കി. ഈ വർഷം ഉത്സവം നടന്നിട്ടില്ലെന്നായപ്പോൾ കഴിഞ്ഞ വർഷം മുഖ്യപ്രതി സജീവുമായിട്ടായിരുന്നു പ്രശ്‌നമുണ്ടാക്കിയതെന്നാക്കി.  

കഴിഞ്ഞ വർഷത്തെ ഉത്സവ സമയം സജീവ്‌ ഗൾഫിലായിരുന്നുവെന്ന്‌ വെളിപ്പെട്ടതോടെ അതും പൊളിഞ്ഞു. അടൂർ പ്രകാശ്‌ എംപിക്ക്‌ പങ്കുണ്ടെന്ന്‌ തെളിഞ്ഞതോടെ അറസ്‌റ്റിലായവരുമായി ബന്ധമില്ലെന്നും മുഖ്യപ്രതികളെ  കണ്ടിട്ടുപോലുമില്ലെന്നും‌ ആണയിട്ടു. മുഖ്യപ്രതികളിലൊരാളായ ഉണ്ണിയും അടൂർ പ്രകാശും ഒന്നിച്ചു നിൽക്കുന്ന നിരവധി ഫോട്ടോകൾ  പുറത്തുവന്നതോടെ ആ നുണയും പൊളിഞ്ഞു. 

നുണകളൊന്നും ഏശുന്നില്ലെന്നായപ്പോൾ സിപിഐ എം ആക്രമണത്തിന്റെ പേരിൽ മുതലക്കണ്ണീരൊഴുക്കാനായി കോൺഗ്രസ്‌ നേതാവിന്റെ വീടിന്റെ ജനൽ അവർ അടിച്ചുപൊളിച്ചു. തകർത്തത്‌ മകൻതന്നെയാണെന്ന്‌ കണ്ടെത്തിയതോടെ നാണംകെട്ട കോൺഗ്രസ്‌ അവസാന അടവായി സിപിഐ എമ്മിലെ ചേരിപ്പോരാണ്‌  കാരണമെന്ന്‌ ആടിനെ പട്ടിയാക്കുന്ന പ്രചാരവേല ആരംഭിച്ചിരിക്കുകയാണ്‌.  

കോൺഗ്രസിലെ ഉന്നതരുടെ പങ്ക്‌ തെളിയുമെന്ന്‌ ഉറപ്പായപ്പോൾ അവസാന അടവെന്ന നിലയിലാണ്‌ എം എം ഹസൻ, പാലോട്‌ രവി. കെ എസ്‌ ശബരീനാഥൻ എംഎൽഎ എന്നിവർ വാർത്താ സമ്മേളനത്തിൽ സിപിഐ എമ്മിലെ ചേരിപ്പോരിന്റെ ഭാഗമാണ്‌ കൊലപാതകമെന്ന്‌ ആരോപിച്ചത്‌. 

രാഷ്ട്രീയ എതിരാളികൾ പോലും മുഖവിലയ്‌ക്ക്‌ എടുക്കാത്ത ഈ ആരോപണത്തിലൂടെ അവർ സ്വയം അപഹാസ്യരാകും. കോൺഗ്രസിൽനിന്ന്‌  യുവജനങ്ങൾ കൂട്ടമായി സിപിഐ എമ്മിലേക്കും ഡിവൈഎഫ്‌ഐയിലേക്കും വരുന്നത്‌ തടയാൻ  കോൺഗ്രസ്‌ നടത്തിയ അരുംകൊലയാണ്‌ വെഞ്ഞാറമൂട്ടിലേത്. അതിന്‌  ഉത്തരവാദികളായ മുഴുവൻ കോൺഗ്രസുകാരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം–- ആനാവൂർ നാഗപ്പൻ പ്രസ്‌താവനയിൽ പറഞ്ഞു.

കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തം: മന്ത്രി ചന്ദ്രശേഖരൻ

 കോൺഗ്രസുകാർ കൊലപ്പെടുത്തിയ മിഥിലാജിന്റെയും ഹഖ്‌ മുഹമ്മദിന്റെയും വീടുകൾ മന്ത്രി ഇ ചന്ദ്രശേഖരൻ സന്ദർശിച്ചു. കൊലപാതക രാഷ്ട്രീയം കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് കാണിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു. ഡി കെ മുരളി എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി ജി ആർ അനിൽ, മണ്ഡലം സെക്രട്ടറി എ എം റൈസ്, പി എസ് ഷൗക്കത്ത്  തുടങ്ങിയവരും  മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

 ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ കൊലപാതകം; കോൺഗ്രസ്‌ പഞ്ചായത്തംഗത്തിനും കേസിൽ പങ്കെന്ന്‌ പൊലീസ്‌

തിരുവനന്തപുരം > വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസില്‍ കോൺഗ്രസ് പഞ്ചായത്ത് അംഗത്തിനെതിരെ അന്വേഷണം. തലയിൽ വാർഡ്‌ അംഗം ഗോപന് പ്രതികളുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം ഗോപനെ വിളിച്ചിരുന്നു എന്നും പൊലീസ് അറിയിച്ചു. ഇതിന് ശേഷമാണ് ഇയാള്‍ ഒളിവില്‍ പോയത്. ഗോപൻ്റെ വീട്ടിൽ ഇന്നലെയും പൊലീസ് പരിശോധന നടത്തിയിരുന്നു.

അതേസമയം, കേസിൽ കൂടുതൽ പ്രതികളെ ഇന്ന് റിമാൻഡ് ചെയ്തേക്കും. മുഖ്യപ്രതികളായ സജീവ്, സനൽ എന്നിവരും ഇവരെ ഒളിവിൽ പോകാന്‍ സഹായിച്ച പ്രീജയുമാണ് ഇന്നലെ പിടിയിലായത്. ഇന്നലെ നാല് പേരെ റിമാൻഡ് ചെയ്‌തിരുന്നു. കേസിലെ ഗൂഢാലോചനയിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേസിൽ നേരിട്ട് ബന്ധമുള്ള ഐഎൻടിയുസി പ്രാദേശിക നേതാവ് ഉണ്ണി, അൻസാർ എന്നിവരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

No comments:

Post a Comment