രാജ്യത്ത് സാക്ഷരതയിൽ കേരളം വീണ്ടും ഒന്നാമത്. ഏഴ് വയസ്സിനു മുകളിലുള്ളവരിലെ ഏറ്റവും ഉയർന്ന സാക്ഷരതാനിരക്ക് കേരളത്തില്‍. നാഷണൽ സ്‌റ്റാറ്റിസ്‌റ്റിക്‌സ് ഓഫീസിന്റെ (എൻഎസ്‌ഒ) റിപ്പോർട്ടുപ്രകാരം 96.2 ശതമാനമാണ് സംസ്ഥാന സാക്ഷരതാനിരക്ക്. ഗ്രാമങ്ങളില്‍ സ്ത്രീ സാക്ഷരതാ നിരക്ക് 80 ശതമാനത്തിനു മുകളിലുള്ള ഏകസംസ്ഥാനം കേരളമാണ്.
ഇന്ത്യയില്‍ സാക്ഷരതാനിരക്ക് 77.7 ശതമാനം. രാജ്യത്തെ 84.7 ശതമാനം പുരുഷന്മാർക്കും 70.3 ശതമാനം സ്ത്രീകൾക്കും ഏതെങ്കിലും ഒരു ഭാഷ എഴുതാനും വായിക്കാനും അറിയാം. സാക്ഷരതയിലെ സ്‌ത്രീ–-പുരുഷ അന്തരം 14.4 ശതമാനമാണ്. ഇത് ഏറ്റവും കുറവ് കേരളത്തിലാണ് (2.2ശതമാനം). കേരളത്തിൽ 97.4 ശതമാനം പുരുഷന്മാരും 95.2 ശതമാനം സ്ത്രീകളും സാക്ഷരരാണ്. അന്തരം ഏറ്റവും കൂടുതല്‍ രാജസ്ഥാനില്‍ (23.2 ശതമാനം).
സാക്ഷരതാനിരക്കില്‍ ഡൽഹിയും(88.7) ഉത്തരാഖണ്ഡുമാണ്(87.6) കേരളത്തിനു പിന്നില്‍. ആന്ധ്രപ്രദേശാണ് (66.4 ശതമാനം)ഏറ്റവും പിന്നിൽ. അവസാന അഞ്ച് സംസ്ഥാനങ്ങളിൽ ഉത്തർപ്രദേശ്(73), തെലങ്കാന(72.8), ബിഹാർ(70.9), രാജസ്ഥാൻ(69.7) എന്നിവയുമുണ്ട്.
ദേശീയ സാമ്പിൾ സർവേയുടെ 2017 ജൂലൈ മുതൽ 2018 ജൂൺവരെയുള്ള വിവരങ്ങൾ ക്രോഡീകരിച്ചാണ് ‘ഗാർഹിക സാമൂഹിക ഉപഭോഗം: ഇന്ത്യയിലെ വിദ്യാഭ്യാസം’ എന്ന റിപ്പോർട്ട് തയ്യാറാക്കിയത്.
നന്നായി പഠിക്കും പഠിക്കും, പത്താം തരവും വിജയിക്കും; ഇതാ 2 മിടുമിടുക്കികൾ
ലാപ്‌ടോപ്പിന് മുന്നിലിരിക്കുമ്പോൾ വീണ്ടും ‘ചെറുപ്പമാകും’ ഭാഗീരഥിയമ്മ. നൂറ്റിയാറാം വയസ്സിൽ ഓൺലെൻ പഠനത്തിലേക്ക് ചുവടുമാറ്റിയപ്പോഴും ഈ മുത്തശ്ശിക്ക് തെല്ലും പതർച്ചയില്ല. ഭാഗീരഥിയമ്മയ്‌ക്കു മാത്രമല്ല തൊണ്ണൂറ്റിയെട്ടുകാരി കാർത്യായനിയമ്മയ്‌ക്കും ഈ പുത്തൻ പഠനം ഹരംതന്നെ.
സാക്ഷരതാ മിഷൻ പഠിതാക്കളാണ് ഈ മുത്തശ്ശിമാർ. വെറും പഠിതാക്കളല്ല പ്രായത്തെ തോൽപ്പിച്ച് അറിവ് നേടാനുള്ള ദൃഢനിശ്ചയത്തിനും പരിശ്രമത്തിനും രാജ്യം നാരീശക്തി പുരസ്‌കാരം നൽകി ആദരിച്ച ‘മിടുക്കികൾ’. കോവിഡ്‌കാലത്തെ ആദ്യ സാക്ഷരതാദിനം എത്തുമ്പോൾ ഓൺലൈൻ പഠനത്തിന്റെ തിരക്കിലാണ് ഇവർ. ഏഴാംതരം പഠിതാക്കളാണ് ഇരുവരും. ക്ലാസ് മുറിയിൽനിന്ന് പഠനം ലാപ്‌ടോപ്പിലേക്കും മൊബൈൽ ഫോണിലേക്കും മാറിയതിന്റെ ഒരു ആശങ്കയും ഇല്ല. മറിച്ച് ആവേശംമാത്രം. ‘‘നന്നായി പഠിക്കും പഠിക്കും, പത്താം തരവും വിജയിക്കും’’–- ഇരുവരുടെയും വാക്കുകളിൽ ആവോളം ആത്മവിശ്വാസം.
‘‘ലാപ്ടോപ് ഉള്ളത് അമ്മയ്ക്ക് അനുഗ്രഹമായി. കിട്ടുന്ന സമയം മുഴുവനും അമ്മ പഠനത്തിൽത്തന്നെ. പാഠഭാഗങ്ങൾ സാക്ഷരതാമിഷൻ വെബ്സൈറ്റിൽ ഉണ്ട്. മിഷന്റെ ‘അക്ഷരം’ യുട്യൂബ് ചാനൽവഴിയുള്ള അധ്യാപകരുടെ ലളിതമായ പാഠഭാഗ വിവരണങ്ങളും കേൾക്കും’’–-അധ്യാപിക സതി ആലപ്പുഴ ജില്ലയിലെ മുട്ടം ചിറ്റൂർ പടീറ്റതിൽ വീട്ടിൽ കാർത്യായനിയമ്മയുടെ ഓൺലൈൻ പഠനവിശേഷങ്ങൾ വിവരിച്ചു.
തൊണ്ണൂറ്റിയാറാം വയസ്സിൽ “അക്ഷരലക്ഷം’ സാക്ഷരതാ പരീക്ഷയിൽ 100ൽ 98 മാർക്ക് നേടി ഒന്നാം റാങ്കോടെ വിജയിച്ചതിന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥാണ് കാർത്യായനിയമ്മയ്ക്ക് ലാപ്ടോപ് സമ്മാനിച്ചത്. അതീവ ജാഗ്രതയോടെയാണ് ഭാഗീരഥിയമ്മയുടെ പഠനം. രാവിലെയും വൈകിട്ടും അധ്യാപിക ഷേർളിയെയും കൂട്ടി കതകടച്ചിരുന്നാണ് 106 വയസ്സുള്ള അക്ഷര മുത്തശ്ശി ഓൺലൈൻ പഠനവഴിയിൽ മുന്നേറുന്നത്. കൊച്ചുമക്കളുടെ കലപിലയിൽനിന്ന് രക്ഷപ്പെടാനാണ് കതകടച്ചിട്ടുള്ള പഠനം.
നൂറ്റിയഞ്ചാം വയസ്സിൽ നാലാംക്ലാസ് തുല്യതാ പരീക്ഷ വിജയിച്ചാണ് കൊല്ലം പ്രാക്കുളം നന്ദധാമിൽ ഭാഗീരഥിയമ്മ ചരിത്രം സൃഷ്ടിച്ചത്. കോവിഡ്കാലത്ത് പഠനത്തിനായി വിപുലമായ സംവിധാനങ്ങളാണ് സാക്ഷരതാമിഷൻ ഒരുക്കിയിരിക്കുന്നത്. നേരിട്ടുള്ള ക്ലാസുകൾ സാധ്യമല്ലാത്തതിനാൽ കംപ്യൂട്ടറുകളും സ്മാർട്ട് ഫോണുകളും വഴിയാണ് പഠനം.
No comments:
Post a Comment