Monday, November 18, 2013

ജാനകിക്കാട് ഇക്കോ ടൂറിസ്റ്റ്കേന്ദ്രം നാശത്തിലേക്ക്

കുറ്റ്യാടി: പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായ ജാനകിക്കാട് ഇക്കോടൂറിസ്റ്റ് കേന്ദ്രം വനംവകുപ്പ് അധികൃതരുടെ അനാസ്ഥയില്‍ സാമൂഹ്യവിരുദ്ധരുടെ താവളമായി. കടന്തറപ്പുഴയോട്ചേര്‍ന്ന് നനവാര്‍ന്ന ഇലപൊഴിയുന്ന അപൂര്‍വ വൃക്ഷങ്ങളും അടിക്കാടുകളും ഔഷധ സസ്യങ്ങളും ചിത്രശലഭങ്ങളും പക്ഷികളും മൃഗങ്ങളുടെയും ആവാസകേന്ദ്രമായ 131ഹെക്ടര്‍ വിശാലമായ വനമാണിത്. 2008 ലാണ് ജാനകിക്കാട് ഇക്കോടൂറിസം സെന്റര്‍ നാച്വറല്‍ ബോട്ടോണിക്കല്‍ ഗാര്‍ഡന്‍ പ്രവര്‍ത്തനമാരംഭിച്ചത്. അന്നത്തെ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണനാണ് വിനോദ സഞ്ചാരകേന്ദ്രം ജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. വനംവകുപ്പിന്റെ മേല്‍നോട്ടത്തില്‍ വിഞ്ജാന വിനോദ കേന്ദ്രമായി ജാനകിക്കാട് ഇക്കോടൂറിസ്റ്റ് കേന്ദ്രം വികസിപ്പിച്ചു. പഠന ഗവേഷണങ്ങള്‍ക്കായി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നും അന്യസംസ്ഥാനങ്ങളില്‍നിന്നും വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ ദിവസേന ഇവിടെ എത്തിയിരുന്നു. മറ്റ് വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍നിന്നും വ്യത്യസ്ഥമായി മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന വനയാത്ര, പുഴയില്‍ കുളിക്കാനുള്ള സൗകര്യം, ഏറുമാടം, റിവര്‍ റാഫ്റ്റിങ്, ടച്ച്സ്ക്രീന്‍, ഫിഷിംങ്, മുളച്ചങ്ങാടം, ഇന്റര്‍പ്രട്ടേഷന്‍ സെന്റര്‍, ഔഷധത്തോട്ടം, ചിത്രശലഭ നിരീക്ഷണം, പക്ഷി നിരീക്ഷണം, പ്രകൃതി ഭക്ഷണ സൗകര്യം എന്നിവയും ഒരുക്കിയിരുന്നു. പത്ത് ഗൈഡുകളും നാലോളം ഫോറസ്റ്റ് ഗാര്‍ഡുകളുമായിരുന്നു വനത്തിന്റെ സംരക്ഷണം ഏറ്റെടുത്തത്.

എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി വനം വകുപ്പ് അധികൃതരുടെ അനാസ്ഥ കാരണം മദ്യപാനികളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമായി ജാനകിക്കാട് ഇക്കോടൂറിസ്റ്റ് കേന്ദ്രം മാറിയതായി സമീപ വാസികള്‍ പറയുന്നു. വനസംരക്ഷണത്തിനായി ഒരു ഫോറസ്റ്റ് ഗാര്‍ഡും മൂന്ന്ഗൈഡുകളും മാത്രമേയുള്ളൂ. ഗൈഡുകളില്‍ രണ്ട് സ്ത്രീകളാണ്. കാടിന്റെ വിവിധ ഭാഗങ്ങളിലൂടെ അകത്തേക്ക് വഴിയുള്ളതിനാല്‍ വനം കാവല്‍കാര്‍ക്ക് ഒന്നും അറിയാന്‍ കഴിയില്ല. ഒരു പ്രധാന കവാടത്തില്‍ മാത്രമാണ് ടിക്കറ്റ് കൗണ്ടറുകളും നാല് ജീവനക്കാരുമുണ്ടാകുക. ബിനോയ്വിശ്വം വനം മന്ത്രിയായപ്പോള്‍ രൂപ കല്‍പ്പന ചെയ്ത് നടപ്പിലാക്കിയ പദ്ധതികളൊന്നും ഇന്ന് നിലവിലില്ല. ജാനകിക്കാടിനോട് ചേര്‍ന്ന് പുറമ്പോക്ക് ഭൂമിയിലെ 19-ഓളം കുടുംബങ്ങളില്‍ എട്ട് കുടുംബം മാത്രമെ ഇവിടെ താമസമുള്ളൂ. റിയല്‍ എസ്റ്റേറ്റുകാര്‍ 11കുടുംബങ്ങളില്‍നിന്നും പുറമ്പോക്ക് ഭൂമി മോഹവില കൊടുത്ത് കൈവശപ്പെടുത്തിയിരിക്കുകയാണ്. നേരത്തെ ഉണ്ടായിരുന്ന അഞ്ചോളം ഏറുമാടങ്ങള്‍ പൂര്‍ണമായും സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. ഫിഷിങ്ങും റിവര്‍ റാഫ്റ്റിങ്ങും മുളച്ചങ്ങാടവും ഇന്റര്‍പ്രട്ടേഷന്‍ സെന്ററും ടച്ച്സ്ക്രീനും ഔഷധത്തോട്ടവും പൂര്‍ണമായും നശിച്ചു. ലക്ഷങ്ങള്‍ മുടക്കി ഇക്കോ ടൂറിസ്റ്റ് കേന്ദ്രത്തില്‍ സ്ഥാപിച്ച മണ്ണിലും മറ്റും നിര്‍മിച്ച കരകൗശല വസ്തുക്കളും പ്രവേശന കവാടവും തകര്‍ന്ന നിലയിലാണ്.

ജാനകിക്കാട്ടില്‍ കോഴിക്കോട്ട്നിന്നും പേരാമ്പ്ര- പാലേരി- ഒറ്റക്കണ്ടം വഴിയും, വടകരയില്‍നിന്ന് കുറ്റ്യാടി- മരുതോങ്കരവഴിയും, തലശേരിയില്‍നിന്നും നാദാപുരം കുറ്റ്യാടി- മരുതോങ്കര വഴിയും വയനാട്ടില്‍നിന്ന് തൊട്ടില്‍പാലം- മുള്ളന്‍കുന്ന് വഴിയും എത്തിച്ചേരാന്‍ കഴിയും. അധികൃതരുടെ നിസ്സംഗത കാരണം സാമൂഹ്യ വിരുദ്ധരുടെ വിനോദ കേന്ദ്രമായി മാറിയിരിക്കുകയാണ് ഈ വിനോദ സഞ്ചാര കേന്ദ്രം. ആവശ്യത്തിന് ജീവനക്കാരേയും നിലവിലുള്ള പദ്ധതികള്‍ പുനരാംരംഭിച്ചും കേന്ദ്രത്തെ ഉയര്‍ത്തണമെന്ന ആവശ്യക്കാരാണ് ഈപ്രദേശത്തെ ജനങ്ങള്‍.

deshabhimani

No comments:

Post a Comment