ദേശീയതലത്തിൽ കോൺഗ്രസിൽ ഉയർന്നിരിക്കുന്ന പ്രതിഷേധത്തിന്റെ, മാറ്റത്തിന്റെ മുറവിളിയെ അടിച്ചമർത്താൻ ഡൽഹി നേതൃത്വത്തിന് കഴിയുമോ? എന്തായിരിക്കാം റിബലുകളുടെ അടുത്ത പരിപാടി? അവർ കാതലുള്ള ധിക്കാരികൾ ആണോ അതോ അവരെ എതിർക്കുന്നവർ നട്ടെല്ലില്ലാത്ത പാദസേവകർ ആകുമോ എന്ന് താമസിക്കാതെ തീരുമാനിക്കപ്പെടും. പാർടിയെ ഒരു പിളർപ്പിലേക്ക് നയിക്കാൻ ഈ റിബലുകൾക്ക് സാധിച്ചില്ലെങ്കിലും നിർണായകശക്തിയാകാൻ ഈ റിബലുകൾക്ക് സാധിക്കുമോ? ഉത്തരം സങ്കീർണം ആണ്.
കോൺഗ്രസിന്റെ പട്ടടയിലെ തീകാഞ്ഞ് സുഖിക്കുന്ന പാദസേവകരായ ഈ പാർശ്വവർത്തികളോട് ഇവർ ചോദിക്കുന്നതിൽ ചിലത് പ്രസക്തമാണ്. ഇവരുടെ ചോദ്യങ്ങൾ പിന്നീട്. അത് ഉയർത്തുന്ന അനുചോദ്യങ്ങളാണ് ഏറെ പ്രധാനം. കോൺഗ്രസിന്റെ ഭാവി എന്താണ്? പ്രശ്‌നം കുടുംബത്തിലോ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു നേതൃത്വത്തിലോ? കുടുംബാധിപത്യത്തിനപ്പുറം ആരുണ്ട് പാർടിയെ നയിക്കാൻ? ഈ കുടുംബത്തിലൂടെ പാർടിക്ക് ഒരു ഭാവി ഉണ്ടോ? ഇതൊക്കെയാണ് കോൺഗ്രസിനെ സംബന്ധിച്ച ഇന്നത്തെ പ്രധാന പ്രശ്‌നങ്ങൾ.
കോൺഗ്രസ് ദുർബലം ആകുമ്പോഴും പ്രഥമ കുടുംബം ശക്തിപ്പെടുകയാണ്. ഇത് വലിയൊരു വിരോധാഭാസമാണ്. 23 മുതിർന്ന നേതാക്കന്മാരുടെ വിമത കത്തും അതിനെ വർക്കിങ് കമ്മിറ്റി തികഞ്ഞ അവജ്ഞയോടെ നിരാകരിച്ചതും കത്ത് എഴുതിയ നേതാക്കന്മാരെ പാർടിവിരുദ്ധരായി ചിത്രീകരിച്ചതും സോണിയ ഗാന്ധിയുടെ ഇടക്കാല അധ്യക്ഷസ്ഥാനം ആറുമാസത്തേക്ക് നീട്ടിക്കൊടുത്തതും ഒരു വലിയ രാഷ്ട്രീയസത്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ഈ പാർടി ഇന്നും ആത്യന്തികമായി അതിന്റെ ആണിക്കല്ലായി കാണുന്നത് ഈ കുടുംബത്തെ തന്നെയാണ്. ഈ കുടുംബം മാത്രമാണ്. പാർടിയെ, പുനരുജ്ജീവിപ്പിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ, ശബ്ദം ഉയർത്തിയാൽ അവരെ പാർടി ദ്രോഹികളും കുടുംബവിരുദ്ധരുമായി മുദ്രകുത്തപ്പെടും.
കോൺഗ്രസ് ഇന്ന് അതിന്റെ ചരിത്രത്തിലെ ഏറ്റവും ദുർദശയിലാണ്. രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പ് തോറ്റു (2014, 2019). 2019ലെ പരാജയത്തിനുശേഷം രാഹുൽഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനം വെടിഞ്ഞു. സോണിയഗാന്ധി ഇടക്കാല അധ്യക്ഷയായി. ഒരു വർഷം കഴിഞ്ഞു. പക്ഷേ, ഇതുവരെ നേതൃത്വപ്രശ്‌നത്തിന് പരിഹാരമുണ്ടായില്ല. ഇതിനിടെ പാർടി ജയിച്ച പല സംസ്ഥാനങ്ങളിലും ബിജെപി പിൻവാതിലിലൂടെ അധികാരം തിരിച്ചുപിടിച്ചു. കർണാടകവും മധ്യപ്രദേശും ഉദാഹരണങ്ങളാണ്. രാജസ്ഥാനിൽ കഷ്ടിച്ച് അധികാരം നിലനിർത്തി. പല മുതിർന്ന നേതാക്കന്മാരും പാർടി വിട്ടു.
ജ്യോതിരാദിത്യ സിന്ധ്യ ഒടുവിലത്തെ ഉദാഹരണമാണ്. സച്ചിൻ പൈലറ്റ് വിഫലമായ ഒരു ശ്രമം നടത്തി പാർടിയിൽ തുടരുന്നു. ഒട്ടേറെ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. ബിഹാർ ഇതിൽ പ്രമുഖമാണ്. ഇങ്ങനെ ഒരു സംഭവ പരമ്പര നടക്കുമ്പോഴാണ് നേതാക്കൾ കത്ത് എഴുതുന്നത്. പക്ഷേ, സോണിയഗാന്ധിയും പരമോന്നതസമിതിയും ആ കത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് പരാമർശിക്കാതെ അതിന്റെ പിറകിൽ പ്രവർത്തിച്ച മുതിർന്ന നേതാക്കന്മാരെ തേജോവധം ചെയ്യാനാണ് ശ്രമിച്ചത്. ഇവരിൽ ഗുലാംനബി ആസാദും ശശി തരൂരും കപിൽ സിബലും ആനന്ദശർമയും മുകുൾവാസ്‌നിക്കും മനീഷ് തിവാരിയും വീരപ്പ മൊയ്‌ലിയും ജിതിൻ പ്രസാദും മിലിന്ദ് ദിയോരയും ഉൾപ്പെടും.
എന്താണ് ഇവർ ചെയ്‌ത തെറ്റ്? കോൺഗ്രസിന് ഒരു ഫുൾടൈം അധ്യക്ഷൻ വേണമെന്ന് ആവശ്യപ്പെട്ടു. നേതാവ് സജീവവും പ്രാപ്യവും ആയിരിക്കണം. വർക്കിങ് കമ്മിറ്റി ഉൾപ്പെട്ട എല്ലാ സമിതികളിലേക്കും സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്തണം. മറ്റൊരു പ്രധാന ആവശ്യം കോൺഗ്രസ് മുൻകൈയെടുത്ത് ഒരു മതനിരപേക്ഷ മുന്നണി ദേശീയതലത്തിൽ രൂപീകരിക്കണം.
ഇതെല്ലാം തികച്ചും ശരിതന്നെ. കാരണം, പാർടിക്ക് ഒരു മുഴുവൻ സമയ നേതാവ് ആവശ്യമാണ്. സോണിയഗാന്ധിയുടെ പ്രായവും ആരോഗ്യവും അതിന് തടസ്സമാണ്. ഈ നേതാവ് മറ്റ് പ്രവർത്തകർക്ക് കാണാനും ഇടപെടാനും സാധിക്കുന്ന വ്യക്തി ആയിരിക്കണം. രാഹുൽഗാന്ധിയുടെ പ്രവർത്തനശൈലിയും ഇടയ്‌ക്കിടെയുള്ള അജ്ഞാത തിരോധാനങ്ങളും ഇവർക്ക് പാഠമായിരിക്കാം. ഉദാഹരണമായി 2015ൽ അദ്ദേഹം കോൺഗ്രസ് ഉപാധ്യക്ഷൻ ആയിരുന്നപ്പോൾ പൊടുന്നനെ രണ്ടുമാസത്തോളം ഏതോ വിദേശരാജ്യത്തായിരുന്നു. ഇന്നുവരെ പാർടി ഇതിന് ഉത്തരം നൽകിയിട്ടില്ല. അന്ന് ശശി തരൂർ അതിനെ വ്യക്തിപരമായ കാരണമാണെന്നു പറഞ്ഞ് ന്യായീകരിക്കുകയാണുണ്ടായത്. ഇതുപോലുള്ള വലിയ ഒരു രാഷ്ട്രീയപാർടിയുടെ നേതാവിന് എന്തു വ്യക്തിപരമായ കാരണം. അദ്ദേഹത്തിന് ആരെയും ഇതൊന്നും ബോധിപ്പിക്കാനില്ലേ?
വിമതർ ഉയർത്തിയ പ്രശ്‌നങ്ങളല്ല പാർടിയുടെ ഉന്നതനേതൃത്വം, സോണിയയും രാഹുലും മൻമോഹൻസിങ്ങും എ കെ ആന്റണിയും ഉൾപ്പെടെ വിലയിരുത്തിയത്. ഒരു പ്രശ്‌നം കത്തിന്റെ സമയമായിരുന്നു. സോണിയയുടെ അസുഖം, ആശുപത്രി സന്ദർശനം തുടങ്ങിയവ. ഇതു തികച്ചും ബാലിശവും വൈകാരിക ഭീഷണിയുമായാണ് രാഷ്‌ട്രീയ നിരീക്ഷകർ കാണുന്നത്. പാർടി മരണാസന്നമാണ്. അപ്പോഴും ചികിത്സയ്‌ക്ക് നല്ല നേരവും രാഹുകാലവും നോക്കുന്നതുപോലെ അബദ്ധജഡിലമാണ് ഈ വാദം. മറ്റൊന്ന് മധ്യപ്രദേശിലെയും രാജസ്ഥാനിലെയും രാഷ്‌ട്രീയ സംഭവവികാസങ്ങളാണ്. ഇവിടെ ഈ നേതൃത്വം മനസ്സിലാക്കേണ്ടത് ഇവ കോൺഗ്രസിന്റെ നേതൃരാഹിത്യത്തിന്റെ സൃഷ്ടിയാണെന്നുള്ളതാണ്. അത് പരിഹരിക്കാനായിരിക്കാം ഈ വിമതർ ശ്രമിക്കുന്നത്. ഇവരെ വിമതർ, പാർടിവിരുദ്ധർ എന്നൊക്കെ വിശേഷിപ്പിക്കുന്നത് ശരിയല്ല. ഇവർ പാർടിയുടെ പുനരുദ്ധാരണത്തിനായി ശ്രമിക്കുന്നവർ ആയിരിക്കാം. അതിനെ ഉൾക്കൊള്ളാൻ സോണിയക്കും രാഹുലിനും മറ്റ് പരിചാരകവൃന്ദത്തിനും സാധിക്കാത്തതാണ് ഇന്നത്തെ വലിയ പരാജയങ്ങളിൽ ഒന്ന്.
സോണിയയും രാഹുലും ഉള്ളപ്പോൾ മറ്റൊരു നേതൃതെരഞ്ഞെടുപ്പിന് തിരക്കില്ലെന്നു പറഞ്ഞ സൽമാൻ ഖുർഷിദ് ഈ പാദസേവകരിൽ പ്രധാനിയാണ്. വേറെയും ഒട്ടേറെ അപ്രസക്തരായ കഥാപാത്രങ്ങളും ഉണ്ട് ഇക്കൂട്ടത്തിൽ. അതിൽ ശശി തരൂരിനെ ‘ഗസ്റ്റ് ആർട്ടിസ്റ്റ്’ എന്ന് വിളിച്ചാക്ഷേപിച്ച കേരളത്തിലെ ഒരു നേതാവും തരൂരിനെ ‘ഇന്നലത്തെ മഴയിൽ കുരുത്ത തകര’ എന്നു വിശേഷിപ്പിച്ച വ്യക്തിയും ഉൾപ്പെടുന്നു. ഈ വക ആസ്ഥാന സ്‌തുതിപാഠകർ ആണ് കോൺഗ്രസിന്റെ ശാപം. അത് ഇതിൽനിന്ന് രക്ഷ നേടുന്ന ലക്ഷണവുമില്ല.
സോണിയഗാന്ധി കോൺഗ്രസിനെ രണ്ടുപ്രാവശ്യം അധികാരത്തിൽ കൊണ്ടുവന്ന നേതാവാണെന്ന കാര്യത്തിൽ സംശയമില്ല. (2004, 2009). 2004ൽ അധ്യക്ഷ ആയിരിക്കുമ്പോഴാണ് കോൺഗ്രസിന് 145 സീറ്റ് ലഭിച്ചത്. പക്ഷേ, ബിജെപി 138 സീറ്റ് നേടി എന്നത് മറക്കരുത്. ആ വർഷം കോൺഗ്രസിനെയും സോണിയയെയും രക്ഷിച്ചത് സഖ്യകക്ഷികളുടെ വിജയമായിരുന്നു.
പുറത്തുനിന്ന് പിന്തുണച്ച സിപിഐ എം 43 സീറ്റ് നേടി യുപിഎ ഒരു യാഥാർഥ്യമാക്കി. 2009ൽ കോൺഗ്രസ് നില മെച്ചപ്പെടുത്തി. സഖ്യകക്ഷികളും സഹായിച്ചു. അപ്പോൾ 2‐ജി സ്‌പെക്ട്രവും കൽക്കരികുംഭകോണവും വെളിയിൽ ആയിരുന്നില്ല. ഇന്നത്തെ കോൺഗ്രസിന്റെ അവസ്ഥ 52 സീറ്റും 20 ശതമാനം വോട്ടുവിഹിതവും നേതാക്കൾ മനസ്സിലാക്കുന്നില്ല. ഒരു ദേശീയമുന്നണിക്ക് കോൺഗ്രസ് മുൻകൈ എടുക്കുന്നതിനെക്കുറിച്ച് വിമതർ പറയുകയുണ്ടായി. നല്ലതുതന്നെ. അതാണ് ഒരേഒരു വഴി മുമ്പിൽ കാണുന്നത്. പക്ഷേ, ഇതുപോലെ ദുർബലമായ, ഛിന്നഭിന്നമായ, ആദർശസ്ഥിരതയില്ലാത്ത ഒരു കോൺഗ്രസ് പാർടിക്ക് ഘടകകക്ഷികളെ ആകർഷിക്കാൻ സാധിക്കുമോ?
പാർടി ദുർബലമാണെങ്കിലും കൂടുതൽ കരുത്താർജിച്ച പ്രഥമ കുടുംബത്തിന്റെ നേതൃത്വത്തിലുള്ള സംയുക്താക്രമണം തടുത്തുനിർത്താൻ വിമതർക്ക് സാധിക്കുമോ? പ്രഥമ കുടുംബത്തിലുള്ള വിശ്വാസവും അധ്യക്ഷസ്ഥാനത്തേക്ക് താൽപ്പര്യമില്ലെന്ന് വിമതർ ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും സോണിയ അവർക്കെതിരെയുള്ള ആക്രമണം ആരംഭിച്ചുകഴിഞ്ഞു. പാർലമെന്റിലെ ചില പാർടിസ്ഥാനങ്ങളിൽനിന്ന് ഇവരെ ഒഴിവാക്കി. ഗുലാംനബി ഇപ്പോഴും രാജ്യസഭയിലെ നേതാവാണ്.
ഇവിടെ ആര് ജയിക്കും? വിമതരോ സോണിയയും ഉപജാപസംഘവുമോ? ഒരു തുറന്ന തെരഞ്ഞെടുപ്പ് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കും കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലേക്കും ഉണ്ടായാൽ ഇവർ ശക്തമായി നിലപാടെടുത്ത് മത്സരിക്കുമോ? അതായിരിക്കും നിർണായകം.
*
പി വി തോമസ്
No comments:
Post a Comment