Sunday, November 8, 2020

ആസ്‌തികൾ വിറ്റു; സ്വർണം കടത്തി; വഖഫ് ഭൂമിയും തട്ടി, 1.43 കോടിയുടെ നികുതിവെട്ടിപ്പും

വാണിജ്യതകർച്ച മൂലമാണ്‌ പ്രതിസന്ധിയുണ്ടായത്‌ എന്ന്‌ മുസ്ലിംലീഗും യുഡിഎഫും ആവർത്തിക്കുമ്പോഴും പുറത്തുവരുന്നത്‌ ആസൂത്രിത തട്ടിപ്പിന്റെ വിവിധ തെളിവുകൾ.

 [എം സി ഖമറുദ്ദീൻ എംഎൽഎയെ വൈദ്യപരിശോധനയ്‌ക്കായി കാസർകോട്‌ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഫോട്ടോ: സുരേന്ദ്രൻ മടിക്കൈ]

60 കോടിയുടെ ആസ്‌തിയിൽ തുടങ്ങിയ ജ്വല്ലറിയിൽ നിക്ഷേപ പദ്ധതി തുടങ്ങിയപ്പോൾ 136 കോടിയോളം എത്തി. 2010ൽ പയ്യന്നൂരിലും 2011ൽ കാസർകോടും 2017ൽ അജ്മാനിലും ശാഖകൾ തുറന്നു. എന്നാൽ അജ്മാനിലെ ഷോറൂം മൂന്ന് മാസംകൊണ്ട് പൂട്ടി.  മൂന്ന് ശാഖകളിലായി 80 കിലോയിലധികം സ്വർണമുണ്ടായിരുന്നിടത്ത് 2019 ആകുമ്പോഴേക്കും  20 കിലോയായി കുറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ മൂന്ന് ജ്വല്ലറികൾക്കും താഴുവീണു. ഇതിനിടെ ജ്വല്ലറിയുടെ പേരിലുള്ള ആസ്‌തികൾ മുഴുവൻ ആരുമറിയാതെ കൈമാറുകയും ചെയ്‌തു.

എം സി ഖമറുദ്ദീൻ എംഎൽഎ ചെയർമാനും ലീഗ്‌ നേതാവ്‌ ടി കെ പൂക്കോയ തങ്ങൾ മാനേജിങ് ഡയറക്ടറുമായ  ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ 2003ലാണ് ചെറുവത്തൂരിൽ ജ്വല്ലറി തുടങ്ങിയത്. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറിയായിരുന്നു അന്ന്‌ ഖമറുദ്ദീൻ. പൂക്കോയ തങ്ങൾ ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗവും. 

പിന്നീട്  ഫാഷൻ ഗോൾഡ് ഇന്റർ നാഷണൽ,  ഖമർ ഫാഷൻ ഗോൾഡ്, ഫാഷൻ ഗോൾഡ് ഓർണമെന്റ്, നുജൂം ഗോൾഡ് എന്നീ കമ്പനികൾകൂടി  രജിസ്‌ട്രാർ ഓഫ് കമ്പനീസ് (ആർഒസി)) മുമ്പാകെ രജിസ്റ്റർ ചെയ്തു. 2016ൽ ഫാഷൻ റിയാൽറ്റേഴ്‌സ്‌ എന്ന പേരിൽ ഖമറുദ്ദീനും പൂക്കോയ തങ്ങളും  ഡയറക്ടർമാരായി ഒരു കമ്പനികൂടി രജിസ്‌റ്റർ ചെയ്‌തു. അതിനുശേഷമാണ്‌ ജ്വല്ലറി പ്രതിസന്ധിയിലായെന്ന പ്രചാരണം വരുന്നത്‌.  2017 മുതൽ ഒരു വിവരവും  കമ്പനി രജിസ്‌ട്രാറിൽ ഫയൽ ചെയ്തിട്ടില്ല.

തുടർന്ന്‌ ജ്വല്ലറി വികസിപ്പിക്കാനെന്നപേരിൽ വ്യാപകമായി പണം സ്വരൂപിച്ചു.  കമ്പനികളുടെപേരിലും സ്വന്തംപേരിലും കരാർ പത്രവും ചെക്കും നൽകി.  ആവശ്യപ്പെട്ടാൽ തിരിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച് 50 രൂപയുടെ മുദ്രപത്രത്തിൽ എഴുതി ഒപ്പിട്ടും പണം വാങ്ങി.  749 പേരാണ്‌ നേതാക്കളെ വിശ്വസിച്ച്‌ പണം നൽകിയത്‌. ഇവരിൽ ഭൂരിപക്ഷവും ലീഗ്‌ പ്രവർത്തകരാണ്‌.

വഖഫ് ഭൂമിയും തട്ടി

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ തൃക്കരിപ്പൂരിലെ വഖഫ് ഭൂമി തട്ടിയെടുത്തതിലും ഖമറുദ്ദീൻ എംഎൽഎയ്‌ക്ക്‌ പങ്ക്‌. ജാമിഅ സഅദിയ ഇസ്ലാമിയ അഗതി മന്ദിരം, ജെംസ് സ്‌കൂൾ  എന്നിവയടക്കമാണ്‌  ജില്ലയിലെ അഞ്ച് ലീഗ് നേതാക്കൾ ചേർന്ന്‌ തട്ടിയെടുത്തത്.

ഖമറുദ്ദീൻ ചെയർമാനായ തൃക്കരിപ്പൂർ എഡ്യുക്കേഷൻ ആൻഡ്‌‌ ‌ ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിലാണ് അഗതി മന്ദിരത്തിന്റെ 4.17 ഏക്കർ ഭൂമി ചുളുവിലയ്‌ക്ക് മാറ്റിയത്‌. 11000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടവും പള്ളിയും ഉൾപ്പെടുന്നതാണ്‌ ഭൂമി. എംഎൽഎയുടെ ബിസിനസ്‌ പങ്കാളിയും  ലീഗ്‌ ജില്ലാ കമ്മിറ്റി അംഗവുമായ  ടി കെ പൂക്കോയ തങ്ങളായിരുന്നു അഗതിമന്ദിരത്തിന്റെ പ്രസിഡന്റ്‌ .  വിവാദമായതോടെ കഴിഞ്ഞ ജൂണിൽ ഭൂമി തിരിച്ചുനൽകി.

1.43 കോടിയുടെ നികുതിവെട്ടിപ്പും

ഫാഷൻ ഗോൾഡ് ജ്വല്ലറി ചരക്ക്‌ സേവന നികുതിയിലും വെട്ടിപ്പ്‌ നടത്തി. 1.43 കോടി രൂപയുടെ നികുതിവെട്ടിപ്പാണ്‌  പുറത്തുവന്നത്. പയ്യന്നൂരിലെ  ജ്വല്ലറിയിൽനിന്ന്‌ സ്വർണം വിറ്റതിന്‌ നികുതിയും പിഴപ്പലിശയും അടക്കം 1,39,506 രൂപ പലതവണ  നോട്ടീസ്‌ നൽകിയിട്ടും അടച്ചില്ല.  തുടർന്ന്‌‌  ചരക്ക്‌ സേവന നികുതി വിഭാഗം ഖമറുദ്ദീന്റെ വീടും‌ സ്വത്തും‌ കണ്ടുകെട്ടാൻ നോട്ടീസ്‌ നൽകി‌. 

കാസർകോട് ഖമർ ഫാഷൻ ഗോൾഡ് 84,82,744 രൂപയും ചെറുവത്തൂർ ന്യൂഫാഷൻ ഗോൾഡ് 57,03,087 രൂപയും നികുതി അടയ്‌ക്കാനുണ്ട്‌. പയ്യന്നൂരിലെ  ജ്വല്ലറിയിലേതുൾപ്പെടെ 1,43,25,337  രൂപയാണ്‌ അടയ്‌ക്കാനുള്ളത്‌.

നിക്ഷേപകർ ബഹുഭൂരിപക്ഷവും ലീഗുകാർ

ആയുസ്സിന്റെ പാതിയിലധികം മണലാരണ്യത്തിൽ വിയർപ്പൊഴുക്കി നേടിയ പണവും സ്വർണവും കൈവിട്ട കണ്ണീർ കഥകളാണ്  ജ്വല്ലറി നിക്ഷേപത്തട്ടിപ്പിനിരയായവർക്ക് പറയാനുള്ളത്. വിവാഹത്തിനായി നീക്കിവച്ച സമ്പാദ്യം, ആശുപത്രി ചെലവുകൾക്ക് മാറ്റിവച്ച പണം,  ഇൻഷുറൻസ്‌ തുക, ജീവനാംശമായി ലഭിച്ച തുക. പണംപോയവരുടെ കഥകൾ കരളലിയിക്കുന്നതാണ്‌. 

കബളിപ്പിക്കപ്പെട്ടവരിൽ 99 ‌ശതമാനംപേരും മുസ്ലിം ലീഗ്‌ പ്രവർത്തകരും അവരുടെ ബന്ധുക്കളുമാണ്‌. ലീഗനുകൂല പ്രവാസിസംഘടനയുടെ ആളുകളും പണം നിക്ഷേപിച്ചു.  സ്വന്തം നേതാക്കളുടെ സ്ഥാപനത്തിലെ നിക്ഷേപം നഷ്ടമാവുമെന്ന്‌  അവർ കരുതിയില്ല. പണം തിരിച്ചുകിട്ടുമെന്ന്‌ വിശ്വസിച്ചു. തിരിച്ചുനൽകുമെന്ന് ലീഗ്‌ നേതൃത്വം‌ പ്രഖ്യാപിച്ചപ്പോൾ കേസിനുപോലും ഭൂരിപക്ഷംപേരും തയ്യാറായില്ല.  

ലീഗുമായി ബന്ധമുള്ള വൻ സമ്പന്നരുടെ ലക്ഷങ്ങളും ജ്വല്ലറിയിലുണ്ട്‌. അതിൽ പലതും പ്രശ്‌നങ്ങൾക്കിടയിലും തിരിച്ചുകൊടുത്തിരുന്നു. കേസിൽ പാർടി നിയോഗിച്ച മധ്യസ്ഥൻ  ലീഗ്‌ ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജിയുടെ 80 ലക്ഷം രൂപയും ജ്വല്ലറിയിലുണ്ട്‌.

ലീഗ്‌ ജില്ലാ കമ്മിറ്റിക്ക്‌ മാസം അരലക്ഷം വീതം

ജ്വല്ലറിയിൽ  നിക്ഷേപിച്ച പാവങ്ങൾക്ക്‌ പണം തിരിച്ചുനൽകിയില്ലെങ്കിലും മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിക്ക് ലാഭവിഹിതമായി  മാസം അരലക്ഷം രൂപ വീതം നൽകി.  ലീഗ്‌ ജില്ലാ കമ്മിറ്റി  40 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്.  2019 മാർച്ച് വരെ 40,000 മുതൽ അരലക്ഷം രൂപവരെ ലാഭ വിഹിതമായി‌ നൽകിയിട്ടുണ്ട്‌.  നിക്ഷേപകർ‌ പണത്തിനായി ജ്വല്ലറി ചെയർമാന്റെയും എംഡിയുടെയും വീടുകളിൽ കയറിയിറങ്ങുമ്പോഴാണിത്‌‌‌. മഞ്ചേശ്വരത്ത്‌ സ്ഥാനാർഥിയാകാൻ ഖമറുദ്ദീൻ  കോടികൾ നേതൃത്വത്തിന്‌ നൽകിയതായി തെരഞ്ഞെടുപ്പ്‌ ഘട്ടത്തിൽ  ലീഗുകാർ തന്നെ ആരോപിച്ചിരുന്നു. ഈ സമയത്ത്‌ അഞ്ചരകിലോ സ്വർണം കാസർകോട്ടെ ജ്വല്ലറിയിൽനിന്ന്‌ കടത്തി കൊണ്ടുപോയതായി ക്രൈംബ്രാഞ്ച്‌ സംഘം കണ്ടെത്തിയിരുന്നു.

പി മഷൂദ്

ലീഗ്‌ എംഎൽഎ ജയിലിൽ ; 14 ദിവസത്തേക്ക്‌ റിമാൻഡ്‌ ചെയ്‌തു

സ്വന്തം ജ്വല്ലറിയിൽ നിക്ഷേപമായി വാങ്ങിയ കോടികൾ തട്ടിയെടുത്ത മുസ്ലീം ലീഗ്‌ നേതാവ്‌ എം സി ഖമറുദ്ദീൻ എംഎൽഎയെ  പ്രത്യേക അന്വേഷക സംഘം അറസ്‌റ്റ്‌ ചെയ്‌തു. ശനിയാഴ്‌ച  ജില്ലാ പൊലീസ്‌ ആസ്ഥാനത്ത്‌ നടത്തിയ ചോദ്യംചെയ്യലിനുശേഷം വൈകിട്ട്‌ നാലോടെയാണ്‌ അറസ്‌റ്റ്‌‌. ചന്തേര പൊലീസ്‌ സ്‌റ്റേഷനിൽ രജിസ്‌റ്റർചെയ്‌ത നാല്‌ കേസിൽ 13 കോടി തട്ടിയതിനാണ്‌ പിടിയിലായത്‌.

കാസർകോട്‌ ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തിയ ശേഷം കാസർകോട്‌ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയിൽ (രണ്ട്‌) ഹാജരാക്കി.  14 ദിവസത്തേക്ക്‌ റിമാൻഡ്‌ ചെയ്‌ത്‌ ‌ കാഞ്ഞങ്ങാട്‌ ജില്ലാ ജയിലിലടച്ചു. ഞായറാഴ്‌ച കോവിഡ്‌ പരിശോധന നടത്തും. വഞ്ചന (ഐപിസി 420), ഗൂഢാലോചന നടത്തി തട്ടിപ്പ്‌ ( 34) വകുപ്പുകളനുസരിച്ചാണ്‌ കുറ്റം ചുമത്തിയത്‌.

എണ്ണൂറോളം പേരിൽനിന്ന്‌ 150 കോടി രൂപ ജ്വല്ലറിയുടെ പേരിൽ സമാഹരിച്ച്‌ ലാഭവിഹിതമോ നിക്ഷേപമോ തിരികെ നൽകാതെ വഞ്ചിച്ചുവെന്നാണ്‌ കേസ്‌. മഞ്ചേശ്വരം മണ്ഡലത്തിലെ പ്രതിനിധിയായ  ഖമറുദ്ദീൻ മുസ്ലിംലീഗ്‌ ജില്ലാപ്രസിഡന്റായിരിക്കെയാണ്‌ നിക്ഷേപം കൂടുതലും വാങ്ങിയത്‌.

കേസിൽ ചോദ്യം ചെയ്യാൻ‌ ശനിയാഴ്‌ച ജില്ലാ പൊലീസ്‌ ആസ്ഥാനത്ത്‌ എത്താൻ  അന്വേഷകസംഘം ഖമറുദ്ദീന്‌ നോട്ടീസ്‌ നൽകി. രാവിലെ പത്തരയോടെ‌ എഎസ്‌പി വി വിവേക്‌കുമാറിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ തുടങ്ങി‌. പരാതിക്കാരുടെ മൊഴി നേരത്തെ ശേഖരിച്ചിരുന്നു. അന്വേഷകസംഘത്തിനു‌ മുന്നിൽ  ഖമറുദ്ദീന്റെ വാദങ്ങൾ പൊളിഞ്ഞു. തുടർന്നാണ്‌ അറസ്‌റ്റ്‌‌.

2017ൽ പരാതികൾ വന്ന സമയത്ത്‌ തന്നെയാണ്‌  മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ  ഖമറുദ്ദീനെ യുഡിഎഫ്‌ സ്ഥാനാർഥിയാക്കിയത്‌.  പണം നഷ്ടമായവർ പലവട്ടം മുസ്ലിംലീഗ്‌ നേതൃത്വത്തെ സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ല. ഒടുവിൽ പൊലീസിൽ പരാതിയെത്തിയപ്പോൾ ആറ്‌ മാസത്തിനുള്ളിൽ നിക്ഷേപകർക്ക്‌ പണം തിരികെ നൽകുമെന്ന്‌ പി കെ കുഞ്ഞാലിക്കുട്ടി എംപി ഉറപ്പുനൽകി. മാസങ്ങൾ പിന്നിട്ടിട്ടും ഒരു ഇടപെടലിനും  ലീഗ്‌ നേതൃത്വം തയ്യാറായില്ല.

പണം വാങ്ങിയതിന്‌  രേഖയില്ല ; 113 കേസ്‌

നഷ്ടത്തിന്റെ പേരിൽ ജ്വല്ലറിയുടെ എല്ലാ ശാഖകളും പൂട്ടി എംഎൽഎയും സംഘവും സ്ഥലം വിട്ട്‌‌  ഒരുവർഷത്തിനുശേഷമാണ് ആദ്യപരാതി‌. അതുവരെ പണം മടക്കി നൽകാമെന്ന്‌ പറഞ്ഞ്‌ നിക്ഷേപകരെ വഞ്ചിച്ചു.

35 ലക്ഷം രൂപ നിക്ഷേപിച്ച പ്രവാസി കാടങ്കോട് സ്വദേശി അബ്ദുൾ ഷൂക്കൂറാണ്‌ ആഗസ്ത് 27ന്‌ ചന്തേര പൊലീസ്‌ സ്‌റ്റേഷനിൽ ആദ്യ പരാതി നൽകിയത്‌. ദിവസങ്ങൾക്കകം പരാതി 50 കടന്നു. 

ആറുമാസത്തിനുള്ളിൽ പണം തിരികെ നൽകുമെന്ന് കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ്‌ നേതാക്കൾ ഉറപ്പുനൽകി. പണം കിട്ടുമെന്ന്‌ വിചാരിച്ച്‌ ബാക്കി നിക്ഷേപകർ പരാതി നൽകാൻ മടിച്ചു. അപ്പോഴാണ്‌‌, നിക്ഷേപിച്ച പണത്തിന്‌ നിയമപരമായ രേഖയൊന്നുമില്ലെന്ന വിവരം ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിൽ പുറത്തുവന്നത്‌. ഇതോടെ പരാതികളുടെ എണ്ണം 113 ആയി. എംഎൽഎ അറസ്‌റ്റിലായതോടെ ഇനിയും പരാതി ഉണ്ടാകുമെന്നാണ്‌ അന്വേഷകസംഘം കരുതുന്നത്‌. മുസ്ലീംലീഗ്‌ സംസ്ഥാന നേതൃത്വം ഇടപെട്ട്‌ ഒത്തുതീർപ്പ് ചർച്ചകളും പ്രശ്നപരിഹാര യോഗങ്ങളും ഇതിനിടയിൽ നടന്നു. അതെല്ലാം അലസിപ്പിരിഞ്ഞു. പരാതിക്കാർക്ക്‌ നേരെ ഭീഷണിയുമുണ്ടായി.

13 കോടി എണ്ണി വാങ്ങി

എം സി ഖമറുദ്ദീൻ എംഎൽഎ നേരിട്ട്‌ എണ്ണിവാങ്ങിയത്‌ 13 കോടി. ക്രൈം ബ്രാഞ്ച്‌ പ്രത്യേകസംഘം നടത്തിയ സമഗ്ര അന്വേഷണത്തിലാണ്‌ ഇത്‌ വ്യക്തമായത്‌. പണം നൽകിയ 80 പേരുടെ മൊഴി ശേഖരിച്ചു.  113 പരാതി‌യിൽ 77 ന്റെ അന്വേഷണം പൂർത്തിയായി‌. വാങ്ങിയ തുക, ജ്വല്ലറി നിക്ഷേപമായി തന്നെ വകയിരുത്തിയിട്ടുണ്ടോ;  വകമാറ്റി എംഎൽഎ സ്വന്തം നിലയിൽ വ്യാജ ഓഹരി സർട്ടിഫിക്കറ്റ്‌ നൽകിയോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്‌.

മുഹമ്മദ്‌ ഹാഷിം

No comments:

Post a Comment