Tuesday, November 17, 2020

ഗെയിൽ: വീണ്ടെടുത്ത വിജയഗാഥ

കേരളത്തിൽ ഒരിക്കലും നടപ്പാകില്ലെന്നു പ്രഖ്യാപിച്ച്‌‌ കേന്ദ്ര സർക്കാർ പിൻവാങ്ങിയ രണ്ട്‌ പദ്ധതിയാണ്‌ ആറുവരി ദേശീയപാതയും ഗെയിൽ പൈപ്പ്‌ ലൈനും. സംസ്ഥാനത്തിന്റെ ഭാവിവികസനത്തിന്‌ വഴിവെട്ടുന്ന ഈ രണ്ടു പദ്ധതിയും യാഥാർഥ്യമാക്കിയ ആഹ്ലാദവുമായാണ്‌ എൽഡിഎഫ്‌ സർക്കാർ കാലാവധി പൂർത്തിയാക്കുന്നത്‌.

ദേശീയപാതാ വികസനത്തിന്റെ തറക്കല്ലിടൽ കഴിഞ്ഞമാസം പതിമൂന്നിനായിരുന്നു. ഗെയിൽ  പദ്ധതിയുടെ ഗുണഫലം ഈ സർക്കാരിന്റെ കാലത്തുതന്നെ ‌ലഭ്യമായിത്തുടങ്ങും. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കേരളത്തിൽ, ഭൂമി ഏറ്റെടുക്കലായിരുന്നു ഇരു പദ്ധതിയും നേരിട്ട വെല്ലുവിളി. ആറുവരി പാതയ്‌ക്ക്‌ കേന്ദ്ര മാനദണ്ഡപ്രകാരം 60 മീറ്റർ വീതിയിൽ സ്ഥലമെടുക്കുക അസാധ്യം. ഇത്‌ 45 മീറ്ററാക്കി കേന്ദ്രം ഇളവ്‌ ചെയ്‌തെങ്കിലും സ്ഥലമെടുപ്പ്‌ നടക്കാത്തതിനാൽ ദേശീയപാത അതോറിറ്റി ‌പിന്മാറി. കഴിഞ്ഞ യുഡിഎഫ്‌ സർക്കാർ അടച്ചുപൂട്ടിയ ലാൻഡ്‌ അക്വിസിഷൻ ഓഫീസുകൾ പുനഃസ്ഥാപിച്ചുകൊണ്ട്‌ എൽഡിഎഫ്‌ സർക്കാർ നടത്തിയ തീവ്രശ്രമം വിജയത്തിലെത്തി. ന്യായമായ നഷ്ടപരിഹാരം നൽകിയും പദ്ധതിയുടെ അനിവാര്യത ജനങ്ങളെ ബോധ്യപ്പെടുത്തിയും‌ നിശ്ചയദാർഢ്യത്തോടെ സർക്കാർ മുന്നോട്ട്‌ പോയപ്പോൾ ജനങ്ങൾ ഒപ്പംനിന്നു‌.

ഗെയിൽ  പദ്ധതിയിലാകട്ടെ, വാസസ്ഥലത്തോടുള്ള വൈകാരികതയ്‌ക്കൊപ്പം വാതക പൈപ്പ്‌ലൈൻ അപകടമാണെന്ന പ്രചാരണവും ജനങ്ങളെ പരിഭ്രാന്തരാക്കി. ഇത്‌ മുതലെടുത്ത്‌ തീവ്രവാദശക്തികളും നിക്ഷിപ്‌ത താൽപ്പര്യക്കാരും അഴിച്ചുവിട്ട അക്രമസമരങ്ങൾക്ക്‌ യുഡിഎഫിന്റെ പിന്തുണ ലഭിച്ചു. പലയിടങ്ങളിലും തീവയ്‌പും കൊള്ളയുമടക്കം സംഘടിപ്പിച്ചത്‌ അന്ന്‌ ഭരണത്തിലിരുന്ന യുഡിഎഫ്‌ കക്ഷികളുടെ അണികൾതന്നെ. ജനങ്ങളെ ബോധവൽക്കരിക്കാനും ഭൂമിക്ക്‌ അർഹമായ വില നേടിക്കൊടുക്കാനുമാണ്‌ എൽഡിഎഫ്‌ അന്ന്‌ നിലകൊണ്ടത്‌. എന്നാൽ, ഉമ്മൻചാണ്ടി സർക്കാരിന്റെ ഇരട്ടത്താപ്പും ചാഞ്ചാട്ടവും കാരണം സ്ഥലമെടുപ്പ്‌ ഒരിഞ്ച്‌ മുന്നോട്ടുപോയില്ല.  ഒടുവിൽ കേന്ദ്രം പദ്ധതി ഉപേക്ഷിച്ചു പിൻവാങ്ങുമ്പോഴും സങ്കുചിത രാഷ്ട്രീയനേട്ടത്തിനപ്പുറം നാടിന്റെ വികസനത്തിന്‌ ആവശ്യമായ നയ, നിലപാടുകളോ നിശ്ചയദാർഢ്യമോ യുഡിഎഫിനുണ്ടായില്ല.

തുടർന്നുവന്ന പിണറായി സർക്കാർ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ദേശീയപാതയും ഗെയിൽ പൈപ്പുമായിരിക്കുമെന്ന വിലയിരുത്തിലുണ്ടായത് ഈ പശ്ചാത്തലത്തിലാണ്‌‌. ഒട്ടനേകം വികസന–- ക്ഷേമപദ്ധതികൾക്ക്‌ എൽഡിഎഫ്‌ സർക്കാർ ചാലകശക്തിയായെങ്കിലും മേൽപറഞ്ഞ രണ്ട്‌ പദ്ധതിയും സവിശേഷമായി മാറിയത്‌ സ്വാഭാവികം. ഒരു പതിറ്റാണ്ടിലേറെക്കാലം ഇഴഞ്ഞുനീങ്ങി, ഒടുവിൽ ഉപേക്ഷിക്കപ്പെട്ട ഈ പദ്ധതികൾ യാഥാർഥ്യമാകുമ്പോൾ നാട്‌ കടപ്പെട്ടിരിക്കുന്നത്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന കാഴ്‌ചപ്പാടിനോടും ഇച്ഛാശക്തിയോടുമാണ്‌. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച്‌ ജനങ്ങളിൽ ഭീതി വളർത്തിയാണ്‌ ഗെയിൽ പദ്ധതിക്കെതിരെ കലാപത്തിന്‌ ശ്രമിച്ചത്.

അഞ്ചുവർഷംമുമ്പെങ്കിലും നാടിന്‌ പ്രയോജനം ലഭിക്കേണ്ട പദ്ധതിയാണ് ഇത്‌. കൊച്ചി പുതുവൈപ്പിലെ ടെർമിനലിൽ ഇറക്കുമതിയായി എത്തുന്ന ദ്രവീകൃത പ്രകൃതിവാതകം പൈപ്പുവഴി മംഗളൂരുവിലേക്കും ബംഗളൂരുവിലേക്കും കൊണ്ടുപോകുന്നതിനുള്ള‌ പദ്ധതിക്ക്‌ 2010ൽ അനുമതി ലഭിച്ചതാണ്‌. 5751 കോടി ചെലവിൽ ഗ്യാസ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയാണ്‌ നടപ്പാക്കുന്നത്‌. എറണാകുളമടക്കം ഏഴ്‌‌ ജില്ലയിലൂടെ  മംഗളൂരുവിലേക്കും കൂറ്റനാട്ടുനിന്ന്‌ വളയാർവഴി ബംഗളൂരുവിലേക്കും നീളുന്നതാണ്‌ ഗെയിൽ പൈപ്പ്‌ ലൈൻ. മംഗളൂരുവരെയും വാളയാർവരെയും ലൈൻ പൂർണമായും പ്രവർത്തനക്ഷമമായി. ബംഗളൂരു ലൈനിൽ തമിഴ്‌നാട്ടിൽ പൈപ്പിടൽ പൂർണമായിട്ടില്ല. മംഗളൂരു വ്യവസായമേഖലയിലേക്ക്‌ കുറഞ്ഞ ചെലവിൽ പ്രകൃതിവാതകം ഒരാഴ്‌ചയ്‌ക്കുള്ളിൽ എത്തിക്കാനാകും.

ഗ്യാസ്‌ പൈപ്പ്‌ ലൈൻ വലിയ അപകടസാധ്യതയാണെന്ന പ്രചാരണം ഭൂമി വിട്ടുകൊടുക്കുന്നവരെ ഏറെ ഭയപ്പെപ്പെടുത്തിയിരുന്നു. എന്നാൽ, പൈപ്പ്‌ ലൈൻ പോകുന്ന പ്രധാന കേന്ദ്രങ്ങളിൽ സുരക്ഷാ പരിശോധനയുമായി ബന്ധപ്പെട്ട വാൽവ്‌ സ്‌റ്റേഷനുകളുണ്ട്‌. പൂർണ സുരക്ഷാ മുൻകരുതലുകളുള്ള ഈ വാൽവ്‌ സ്‌റ്റേഷനുകൾ ഗാർഹിക പാചകവാതക കണക്‌ഷന്‌ ഉപ പൈപ്പുകൾ ടാപ്പ്‌ ചെയ്യാനുള്ള സംവിധാനംകൂടിയാണ്‌. കൊച്ചിയിൽ സിറ്റി ഗ്യാസ്‌ പദ്ധതി വർഷങ്ങൾക്കുമുമ്പുതന്നെ പ്രവർത്തനക്ഷമമാണ്‌. വടക്കൻ ജില്ലകളിലും സിറ്റി ഗ്യാസ്‌ പദ്ധതി വ്യാപിപ്പിക്കുന്നതോടെ കുറഞ്ഞ ചെലവിൽ തടസ്സമില്ലാതെ വീടുകളിൽ പാചകഗ്യാസ്‌ കണക്‌ഷനുകൾ നൽകാനാകും. പെട്രോളിയം ഗ്യാസ്‌ സിലിൻഡറിനേക്കാൾ പലമടങ്ങ്‌ സുരക്ഷിതമാണ്‌ പ്രകൃതിവാതകം ഉപയോഗിക്കുന്ന സിറ്റി ഗ്യാസ്‌ പദ്ധതിയെന്നതും എടുത്തുപറയേണ്ട പ്രത്യേകതയാണ്‌. ഇങ്ങനെ വ്യാവസായിക, ഗാർഹിക മേഖലകളിൽ ചെലവുകുറഞ്ഞ, സുരക്ഷിതമായി ഇന്ധനം എത്തിക്കാനുതകുന്ന പദ്ധതിയാണ്‌ നാലുവർഷക്കാലത്തെ ശ്രമകരമായ പ്രവർത്തനത്തിലൂടെ പൂർത്തിയാക്കിയത്‌. 

പദ്ധതി മുഴുവൻശേഷിയിൽ പ്രവർത്തിക്കാൻ തുടങ്ങിയാൽ 500 മുതൽ 720 കോടിവരെ സംസ്ഥാനത്തിന്‌ നികുതി വരുമാനം ലഭിക്കും. വാഹനങ്ങൾക്ക്‌ കംപ്രസ്‌ഡ്‌ നാച്വറൽ ഗ്യാസ്‌ (സിഎൻജി) ലഭിക്കുന്നതോടെ ഇന്ധനച്ചെലവ്‌ 20 ശതമാനം കുറയും. ഇങ്ങനെ ബഹുമുഖ നേട്ടങ്ങളുള്ള പദ്ധതിയാണ് ഇത്‌. യുഡിഎഫ്‌ സർക്കാർ എഴുതിത്തള്ളിയ പദ്ധതികൾ വീണ്ടെടുത്ത്‌ പ്രവൃത്തിപഥത്തിലെത്തിക്കുമ്പോൾ മാറ്റുരയ്‌ക്കപ്പെടുന്നത്‌ രണ്ട്‌ സമീപനംകൂടിയാണ്‌. ‌നാടിനോട്‌‌ പ്രതിബദ്ധത പുലർത്തുന്ന രാഷ്ട്രീയമാണ്‌ ഒരുപക്ഷം. അധികാരം അഴിമതിക്കും സ്വജനപക്ഷപാതത്തിനും രാഷ്ട്രീയ കുതന്ത്രങ്ങൾക്കുമുള്ള അവസരങ്ങളായിമാത്രം കാണുന്നവരാണ്‌‌ മറുപക്ഷത്ത്‌. ഇപ്പോഴില്ലെങ്കിൽ ഇനിയില്ലെന്ന തിരിച്ചറിവ്‌ ‌ജനങ്ങൾക്കുണ്ട്.‌ നവകേരളം എൽഡിഎഫ്‌ സർക്കാരിന്റെ കരങ്ങളിൽ ഭദ്രമാണെന്ന ഉറച്ചവിശ്വാസവുമുണ്ട്‌.

ദേശാഭിമാനി മുഖപ്രസംഗം 171120

No comments:

Post a Comment