Saturday, November 14, 2020

സാറന്മാരുടെ ശമ്പളത്തിനും മുമ്പേ ഞങ്ങടെ പെൻഷൻ

അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി കടന്നുപോയവർ... ഭിന്നശേഷികൊണ്ടും പ്രായംകൊണ്ടും ജീവിതവേഗത്തിനൊപ്പം തുഴഞ്ഞെത്താൻ പറ്റാതായവർ... ഓർക്കുന്നില്ലേ അവരൊക്കെ സഹായംതേടി കാഴ്‌ചവസ്‌തുക്കളെപ്പോലെ ആംബുലൻസിലും വീൽച്ചെയറിലുമായി ‘ജനസമ്പർക്ക’ത്തിന്റെ വേഷംകെട്ടലുകളിൽ അവസരം കാത്തിരുന്നത്‌...

അവരുടെ ആ നിരാശകളിലേക്കാണ്‌ വെളിച്ചമായി എൽഡിഎഫ്‌  സർക്കാർ കടന്നുവന്നത്‌. അവർക്കൊപ്പം ആരുടെ മുന്നിലും കൈ നീട്ടാതെ, ആരോടും ചോദിക്കാതെ വീടിന്റെ ഉമ്മറത്തേക്ക്‌ സാമൂഹ്യ സുരക്ഷാപെൻഷൻ കയറി വന്നു‌.  ഒരു വർഷത്തിൽ രണ്ടോ മൂന്നോ തവണ  600 രൂപയാണ്‌ കിട്ടിയിരുന്നത്‌. അതാണ് മാസാമാസം 1400 രൂപ ആയത്‌

തിരുവനന്തപുരം > എൺപതുപിന്നിട്ട അമ്മ, കാഴ്‌ചയില്ലാത്ത മകൻ, വിധവയായ മകൾ... സ്ഥിരവരുമാനമില്ലാത്ത കുടുംബം. ദുരന്തജീവിതത്തിന്റെ സഹതാപകഥകൾക്ക്‌ ഇത്രയുംമതി. എന്നാൽ, കോവിഡ്‌ വ്യാപന തുടക്കത്തിനുശേഷം ഈ വീട്ടിലേക്ക്‌ സർക്കാരിന്റെ സാമൂഹ്യസുരക്ഷാ പെൻഷൻ മാത്രമായി കരകുളം സർവീസ്‌ സഹകരണ ബാങ്ക്‌ ജീവനക്കാരെത്തിച്ചത്‌ 43,500 രൂപ‌. കരകുളം പഴയാറ്റിനകര തറട്ട പനച്ചമൂട്‌വിളാകം വീട്ടിൽ സുശീലയ്‌ക്ക്‌ വയോജന പെൻഷനും മകൾ ലേഖയ്‌ക്ക്‌ വിധവ പെൻഷനും മകൻ പ്രശാന്തിന്‌ വികലാംഗ പെൻഷനും. നാലുഘട്ടമായി 11 മാസത്തെ പെൻഷനും സർക്കാരിന്റെ സൗജന്യ ഭക്ഷ്യക്കിറ്റും റേഷനുമായതോടെ കുടുംബത്തിൽ അല്ലലില്ലാതായി.

സുശീലയുടെ ഭർത്താവ്‌ വിശ്വനാഥൻ വിടപറഞ്ഞിട്ട്‌ 15 വർഷമായി. മകൾ ലേഖയുടെ ഭർത്താവ്‌ ശ്രീകണ്ഠൻനായർ അർബുദത്തിന്‌ കീഴടങ്ങി‌ 11 വർഷവും. മകൻ പ്രശാന്തിന്‌ മസ്‌തിഷ്‌കജ്വരത്തെ തുടർന്നുള്ള ചികിത്സയിൽ ഇരുകണ്ണിനും കാഴ്‌ച നഷ്ടമായി. മൺപാത്രവും ചട്ടിയും വിൽക്കുന്ന കടയിലെ സഹായിയായ ലേഖയ്‌ക്ക്‌ കിട്ടുന്ന കൂലിയായിരുന്നു ഷീറ്റുമേഞ്ഞ വീട്ടിലെ ഏക വരുമാനം. ആ കണ്ണീർക്കാലം കഴിഞ്ഞ്‌ ആ വീട്ടിലിപ്പോൾ അതിജീവനത്തിന്റെ പുഞ്ചിരി. ഈ‌ സഹായം കുടുംബത്തിന്‌ ലഭിച്ചത്‌, സ്‌റ്റേഡിയത്തിന്റെ കരയിൽ പകലന്തിയോളം മുഖ്യമന്ത്രിയെ കാത്തുകിടന്നിട്ടല്ല. ആർക്കും‌ കൈമടക്കും കൊടുത്തിട്ടുമല്ല. ലേഖയുടെ വാക്കുകളിൽ പറഞ്ഞാൽ: ‘സാറന്മാർക്ക്‌ ശമ്പളം കിട്ടുംമുമ്പേ ഞങ്ങൾക്ക്‌ പെൻഷൻ കിട്ടുന്നു.’

ഒരുകുടുംബത്തിന്റെ മാത്രം കഥയല്ലിത്‌. സംസ്ഥാനത്തെ 55 ലക്ഷത്തിൽപ്പരം കുടുംബങ്ങളിൽ സാമൂഹ്യസുരക്ഷാ, ക്ഷേമ പെൻഷനുകൾ മുടക്കമില്ലാതെ കിട്ടുന്നു. എല്ലാമാസവും നേരിട്ട്‌ കൈകളിലെത്തും. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ 600 രൂപ പെൻഷൻ കിട്ടാൻ 24 മാസംവരെ കാത്തിരുന്നവർക്കാണ്‌ 1400 രൂപ മുടങ്ങാതെ ലഭിക്കുന്നത്‌.

ഉമ്മയിപ്പോൾ പുഞ്ചിരിയാണ്‌

ചുളിവുവന്ന മുഖത്തെ വിടരുന്ന പുഞ്ചിരിയാണ്‌ ഇപ്പോൾ 75കാരി സൈനബ. ‘സന്തോഷം ണ്ട്‌ കുട്ട്യേ. മാസം മാസം മൊടങ്ങാണ്ട്‌ പൈസ കിട്ട്ണ്‌ണ്ട്‌. കുഞ്ഞങ്ങള്‌ പത്തുറ്‌പ്പ്യേണ്ടോന്ന്‌ ചോയ്‌ച്ചാൽ കൊട്‌ക്കാൻ കൈയിൽ ഇപ്പ പൈസേണ്ട്‌’–-  മോണകാട്ടി ചിരിച്ച്‌‌ അവർ പറഞ്ഞു.

മലപ്പുറം പടിഞ്ഞാറ്റുംമുറി ചോലക്കൽ സൈനബ കർഷകത്തൊഴിലാളി പെൻഷൻ വാങ്ങാൻ തുടങ്ങിയിട്ട്‌ വർഷങ്ങളായി. ‘പണ്ട്‌‌ 600 ഉറ്‌പ്പ്യ കിട്ടുമ്പോ ഒന്നിനും തെകയൂലാര്‌ന്നു. അതും കൊറേ കഴിയും കിട്ടാൻ. ആ പൈസ കാത്തിര്‌ന്നാ ഒന്നും നടക്കൂല്ല.’ മുറിഞ്ഞു തുടങ്ങിയ ഓർമകളെ കൂട്ടിച്ചേർത്ത്‌ അവർ പെൻഷൻ കൃത്യമായി കിട്ടുന്നതിന്റെ സന്തോഷം പങ്കുവച്ചു. വാർധക്യസഹജമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ട്‌. കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്ന്‌ മരുന്നുമായി ആശ വർക്കർമാർ വീട്ടിലെത്തും. പരിശോധനകളും നടത്തും.

മുൻഗണനയിൽ പ്രധാനം

വിതരണ സംവിധാനമാകെ പുനഃക്രമീകരിച്ചാണ്‌ അവതാളത്തിലായിരുന്ന പെൻഷൻ വിതരണം ഈ നിലയിലെത്തിച്ചത്‌. സർക്കാരിന്റെ മുൻഗണനകളിൽ പെൻഷൻ വിതരണത്തിന്‌ ആദ്യസ്ഥാനം ലഭിച്ചുവെന്നതാണ്‌ എല്ലാ മാറ്റങ്ങൾക്കും കാതൽ. അടച്ചുപൂട്ടലിലും പെൻഷൻ വിതരണം മുടങ്ങിയില്ല. കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ്‌ കമ്പനി രൂപീകരിച്ച്‌ പെൻഷൻവിതരണ ചുമതലയേൽപ്പിച്ചു. ആധാർ അധിഷ്ഠിത ബയോമെട്രിക്‌ മസ്‌റ്ററിങ്‌ വഴി അനർഹരെ ഒഴിവാക്കി.

അന്ന്‌ 1638 കോടി കുടിശ്ശിക

യുഡിഎഫ്‌ അധികാരം ഒഴിഞ്ഞപ്പോൾ പെൻഷൻ കുടിശ്ശിക 1638 കോടി. രണ്ടുഘട്ടമായി ഈ സർക്കാർ അത്‌ വിതരണം ചെയ്‌തശേഷം പടിപടിയായി പ്രതിമാസം 1400 രൂപയിലെത്തിച്ച്‌ അതതുമാസം നൽകുന്നു. നവംബറിലെ പെൻഷൻ അടുത്ത ആഴ്‌ച നൽകും.  ഡിസംബറിലെ പെൻഷൻ മാസാദ്യം തന്നെ ലഭ്യമാക്കുമെന്നും ധനമന്ത്രി ഡോ. തോമസ്‌ ഐസക്‌ വ്യക്തമാക്കി.

പറഞ്ഞത്‌  നടപ്പാക്കിയല്ലോ

‘കാത്തിരിക്കേണ്ട. അലച്ചിലുമില്ല. പെൻഷൻ മാസാമാസം കൈകളിലെത്തുന്നത്‌ വലിയ ആശ്വാസമാണ്‌. കോവിഡ്‌കാലത്ത്‌ മാസംതോറും പെൻഷൻ കിട്ടുമെന്ന്‌ സർക്കാർ പഞ്ഞപ്പോൾ, കാര്യമാക്കിയില്ല. 13,600 രൂപയാണ്‌ കിട്ടിയത്‌. ആദ്യം 2400 രൂപ. തൊട്ടുപിന്നാലെ 6000 രൂപയും. ഓണത്തിനുമുമ്പ് 2400 രൂപ കിട്ടി. ഇപ്പോൾ രണ്ടുമാസമായി  മാസാമാസം 1400 രൂപ കിട്ടുന്നു’–-പൊഴിയൂർ പരുത്തിയൂർ പുതുവൽ പുരയിടത്തിൽ താൻസിലാസിന്റെ മുഖത്ത് ആശ്വാസത്തിര


പണം രൊക്കം; ആശ്വാസവും

കടലിനോടും കരയോടും മല്ലടിച്ച്‌ അവശരായ മത്സ്യത്തൊഴിലാളി വയോജനങ്ങൾ പെൻഷനായി പോസ്‌റ്റുമാനെ കാത്തിരിക്കുന്ന കാലം മറന്നു. ഇപ്പോൾ എല്ലാ മാസവും അവരവരുടെ ബാങ്ക്‌ അക്കൗണ്ടിൽ 1400 രൂപ വീതമെത്തുന്നു. എടിഎമ്മിലൂടെ പണം പിൻവലിക്കാം.  ചായക്കും അത്യാവശ്യം മരുന്നിനും ആർക്കുമുന്നിലും കൈനീട്ടുന്നില്ല. ഇതിന്‌ ഇവരെ പ്രാപ്‌തരാക്കിയത്‌ എൽഡിഎഫ്‌ സർക്കാരും. 61,481 പേർക്കായി ‌ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്‌ ഒക്ടോബറിൽ ‌ 8.60 കോടി രൂപയാണ്‌ പെൻഷൻ നൽകിയത്‌.

തീരത്ത് ‌മാത്രമല്ല, ഉൾനാടൻ മത്സ്യമേഖലയിലുള്ളവർക്കും പെൻഷനുണ്ട്‌. അനുബന്ധമേഖലയിലെ തൊഴിലാളികളും പദ്ധതിയുടെ ഭാഗമാണ്‌. മത്സ്യത്തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗമായിരിക്കെ മരിക്കുന്നയാളുടെ ഭാര്യയ്‌ക്കും പെൻഷൻ ലഭിക്കും.

60 0രൂപ പെൻഷൻ എൽഡിഎഫ്‌ സർക്കാർ നാലുഘട്ടങ്ങളിലായി 1400 രൂപയാക്കി. ഉത്സവ സീസണിൽ വല്ലപ്പോഴും കിട്ടിയ   പെൻഷൻ ഇപ്പോൾ മാസം തോറും കൃത്യമായി കിട്ടും.  കിടപ്പിലയവർക്കും മസ്‌റ്റിങ്‌ നടക്കാത്തതിനാൽ  സാക്ഷ്യപത്രം നൽകിയവർക്കും മണി ഓർഡറായും പണം കിട്ടും.

ജി രാജേഷ്‌കുമാർ 

No comments:

Post a Comment