വികസനവും ക്ഷേമവും കൂടുതൽ ജനപക്ഷമാക്കാൻ എൽഡിഎഫ് സർക്കാർ കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയത് 54,245 കോടി രൂപ. ചരിത്രത്തിൽ ഏറ്റവും കൂടിയ തുകയാണിത്.
ഇതിൽ 33,758.5 കോടിരൂപ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നട്ടെല്ലായ വികസന ഫണ്ടാണ്. ബജറ്റിൽ വികസനഫണ്ട് 25 ശതമാനമായി സർക്കാർ ഉയർത്തിയിരുന്നു. ഫണ്ട് കൂടുതൽ ലഭിച്ചതോടെ ലൈഫ്, സുഭിക്ഷകേരളം, 12 ഇന പദ്ധതികൾ തുടങ്ങിയവയ്‌ക്ക് പ്രത്യേക പരിഗണന നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്കായി. യുഡിഎഫ് സർക്കാർ നിർത്തലാക്കിയ കൃഷി, മൃഗ സംരക്ഷണം തുടങ്ങിയ ഉൽപാദന മേഖലയ്‌ക്കുള്ള കുറഞ്ഞവിഹിതവും എൽഡിഎഫ് സർക്കാർ പുനഃസ്ഥാപിച്ചു. യുഡിഎഫ് സർക്കാർ അഞ്ച് വർഷം ആകെ നൽകിയത് 23,729.02 കോടി രൂപയാണ്. ഇതിൽ വികസന ഫണ്ട് 19,778 കോടി മാത്രവും.
എൽഡിഎഫ് സർക്കാർ 2016–-17 മുതൽ 20-19–-20 വരെ 26,227.50 കോടി രൂപയാണ് വികസനഫണ്ടായി നൽകിയത്. നടപ്പ് സാമ്പത്തികവർഷം 7531 കോടിയും അനുവദിച്ചു. ഉൽപാദന വർധനയ്‌ക്ക് പ്രത്യേക പരിഗണനയാണ് തദ്ദേശ ഭരണസ്ഥാപനങ്ങൾ നൽകിയത്. ഇതിനായി വികസനഫണ്ട് ചെലവഴിക്കുന്നതിൽ സർക്കാർ മാറ്റം വരുത്തി. ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകൾ പൊതുവിഭാഗത്തിൽ സാധാരണ വിഹിതത്തിന്റെ 30 ശതമാനം തുകയും നഗര തദ്ദേശ സ്ഥാപനങ്ങൾ (മുനിസിപ്പാലിറ്റി, കോർപറേഷൻ) പത്ത് ശതമാനം തുകയും ഉൽപാദന മേഖലാ പദ്ധതികൾക്ക് നീക്കിവയ്‌ക്കണം. എസ്‌സി, എസ്‌ടി ഘടകപദ്ധതി ഫണ്ട്, പൊതുവിഭാഗത്തിലെ സാധാരണ വിഹിതം എന്നിവയുടെ അഞ്ച് ശതമാനംതുക വൈകല്യമുള്ളവർക്കും കുട്ടികൾക്കും അഞ്ച് ശതമാനം വൃദ്ധർക്കും പാലിയേറ്റീവ് കെയർപദ്ധതികൾക്കും പത്ത് ശതമാനം വനിതാ ഘടക പദ്ധതിക്കും മാറ്റിവയ്‌ക്കണം. സമൂഹത്തിലെ ഏറ്റവും ദുർബലർക്കാണ് ഈ മാറ്റം സഹായമായത്.
റഷീദ‌് ആനപ്പുറം
No comments:
Post a Comment