Saturday, November 28, 2020

കർഷക പ്രക്ഷോഭം കേന്ദ്രത്തിനും ബിജെപിക്കും കനത്ത പ്രഹരം

കോർപറേറ്റ്‌ അനുകൂല നിയമങ്ങൾക്കെതിരെ നിശ്‌ചയദാർഢ്യത്തോടെയും ലക്ഷ്യബോധത്തോടെയും കർഷകർ തുടരുന്ന പ്രക്ഷോഭം മോഡിസർക്കാരിനും ബിജെപിക്കും കനത്ത പ്രഹരം. തൊഴിലാളി–-കർഷക ഐക്യം ശക്തമായി ഉയർന്നുവന്നതും ബിജെപിയുടെയും സംഘപരിവാറിന്റെയും രാഷ്ട്രീയതന്ത്രങ്ങൾക്ക്‌ തിരിച്ചടിയാണ്‌. വർഗീയധ്രുവീകരണം സൃഷ്ടിച്ചും പണമൊഴുക്കിയും നേടുന്ന തെരഞ്ഞെടുപ്പ്‌ വിജയങ്ങൾ വഴി രാജ്യത്ത്‌ അപ്രമാദിത്വം സ്ഥാപിച്ചെടുക്കാനുള്ള ബിജെപി നീക്കം പൊളിച്ചടുക്കുന്ന വിധത്തിലാണ്‌ കർഷകമുന്നേറ്റം.

പുതിയ മൂന്ന്‌ കാർഷികനിയമത്തിന്റെ ദീർഘകാല പ്രത്യാഘാതം മനസ്സിലാക്കിയാണ്‌ കർഷകർ പ്രതിഷേധിക്കുന്നത്‌; താൽക്കാലിക നേട്ടങ്ങൾക്കു വേണ്ടിയല്ല. നിയമപരിഷ്‌കാരത്തിന്റെ നേട്ടം ലഭിക്കുക കോർപറേറ്റുകൾക്കാണെന്ന്‌ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ കർഷകർ തിരിച്ചറിഞ്ഞു. ബിഎസ്‌എൻഎല്ലിനെ തകർത്ത് വിപണി കയ്യടക്കാൻ ജിയോക്ക്‌ വഴിയൊരുക്കിയത്‌ രാജ്യത്തിന്റെ കൺമുന്നിലുണ്ട്‌. പ്രക്ഷോഭത്തിന്റെ ഭാഗമായി അംബാനി, അദാനി ഗ്രൂപ്പുകളുടെ സ്ഥാപനങ്ങൾ പഞ്ചാബിൽ ഉപരോധിച്ചത്‌ ഇതിന്റെ വെളിച്ചത്തിലാണ്‌.

കാർഷികകടങ്ങൾ എഴുതിത്തള്ളും, സ്വാമിനാഥൻ കമീഷൻ ശുപാർശപ്രകാരമുള്ള മിനിമം താങ്ങുവില നടപ്പാക്കും, വൈദ്യുതി സൗജന്യമായി നൽകും എന്നീ വാഗ്‌ദാനങ്ങൾ ബിജെപി ലംഘിച്ചത്‌ കർഷകരിൽ പ്രതിഷേധം സൃഷ്ടിച്ചിരുന്നു. മിനിമം താങ്ങുവില സംവിധാനം അപ്രസക്തമാക്കുന്ന വിധത്തിൽ കാർഷികനിയമങ്ങൾ പരിഷ്‌കരിച്ചതോടെയാണ്‌ കർഷകർ പ്രത്യക്ഷസമരത്തിനു ഇറങ്ങിയത്‌. സംഭരണത്തിൽനിന്ന്‌ സർക്കാർ പിൻവാങ്ങുന്നതോടെ പൊതുവിതരണ സമ്പ്രദായവും ഇല്ലാതാകും.

പഞ്ചാബിൽ എഫ്‌സിഐ സംഭരണം പൂർണതോതിൽ നടന്നുവന്നിരുന്നതുകൊണ്ടാണ്‌ അവിടത്തെ കർഷകർക്ക്‌ പുതിയ നിയമങ്ങളുടെ അപകടം ആദ്യം തന്നെ ബോധ്യമായത്‌. സംഭരണം ഗണ്യമായി  നടക്കുന്ന ഹരിയാന, പശ്‌ചിമ ഉത്തർപ്രദേശ്‌, മധ്യപ്രദേശ്‌ എന്നിവിടങ്ങളിലെ കർഷകരും രംഗത്തുവന്നു. രാജസ്ഥാൻ, ഉത്തരാഖണ്ഡ്‌, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, പശ്‌ചിമബംഗാൾ, അസം‌ സംസ്ഥാനങ്ങളിലും പ്രക്ഷോഭം  ശക്തമാണ്‌.   ശിരോമണി അകാലിദൾ എൻഡിഎ വിട്ടുപോയി. ഹരിയാനയിൽ ബിജെപി–-ജെജെപി ബന്ധം ഉലഞ്ഞു. ഡൽഹിയിലെ എഎപി സർക്കാർ കേന്ദ്രത്തിന്റെ അടിച്ചമർത്തൽ നടപടിയെ ചെറുത്തു.

സാജൻ എവുജിൻ 

കർഷകപ്രക്ഷോഭത്തിനു വ്യാപക പിന്തുണ; ഭക്ഷണവും വെള്ളവും നൽകി ജനങ്ങൾ

ന്യൂഡൽഹി > പൊരുതുന്ന കർഷകർക്ക്‌ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച്‌ സമസ്‌ത വിഭാഗം ജനങ്ങളും രംഗത്ത്‌. സമരത്തെ ആക്ഷേപിക്കാനുള്ള ബിജെപി നേതാക്കളുടെ ശ്രമം പാളി. കർഷകർക്ക്‌ ഭക്ഷണവും വെള്ളവും നൽകാനും ഇതര ആവശ്യങ്ങൾക്കുള്ള സൗകര്യം ഒരുക്കാനും ജനങ്ങൾ സ്വമേധയാ തയ്യാറായി.

ഭക്ഷണം സ്വയം പാചകം ചെയ്യാനുള്ള തയ്യാറെടുപ്പോടെയാണ്‌ ഭൂരിപക്ഷം പ്രക്ഷോഭകരും എത്തിയിട്ടുള്ളത്‌. എന്നിരുന്നാലും പലയിടങ്ങളിലും പ്രദേശവാസികളും ഭക്ഷണശാലകളും കർഷകർക്ക്‌ അന്നദാനം നടത്തി.

ട്രേഡ്‌ യൂണിയൻ പ്രവർത്തകരും വിദ്യാർഥികളും  സമരത്തിനു പിന്തുണ പ്രഖ്യാപിച്ച്‌ പ്രകടനങ്ങൾ നടത്തി. സമൂഹമാധ്യമങ്ങളിൽ കർഷകപ്രക്ഷോഭം  നിറഞ്ഞുനിൽക്കുന്നു. സമരം അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാരിന്റെ ഭീരുത്വപൂർണമായ നിലപാടിനെ പരിഹസിച്ചുള്ള കാർട്ടൂണുകൾ രൂപംകൊണ്ടു. എട്ട്‌ പ്രതിപക്ഷ രാഷ്ട്രീയപാർടികൾ സംയുക്തപ്രസ്‌താവനയിൽ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു. മുംബൈ ലോങ്‌മാർച്ചിനുശേഷം രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്ന കർഷകമുന്നേറ്റമായി ഇതു മാറി.

No comments:

Post a Comment