1979 ല്‍ അതായത് കൃത്യം 41 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ.ഇ. എം എസ് ഇങ്ങനെ എഴുതി
'ആധുനിക ജനാധിപത്യ മതേതര രീതികളില്‍ ഇന്ത്യയെ പടുത്തുയര്‍ത്താന്‍ ഹിന്ദുസമൂഹത്തിലും അതിന്റെ സംസ്‌ക്കാരത്തിലും അധിഷ്ഠിതമായ ജാതിക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്തൊരു സമരം ആവശ്യമാണെന്ന് നാം മനസിലാക്കേണ്ടതുണ്ട്.
ഇന്ത്യയുടെ 'യുഗങ്ങള്‍ പഴക്കമുള്ള സംസ്‌ക്കാരത്തിന്റെയും ജാതികളുടെ ഒരു ശ്രേണിയായുള്ള സമൂഹത്തിന്റെ വിഭജനത്തെയും തകര്‍ക്കാത്തിടത്തോളം സോഷ്യലിസത്തെക്കുറിച്ച് സംസാരിക്കുന്നത് പോട്ടെ, മതേതര ജനാധിപത്യത്തിന്റെ ചോദ്യം പോലും ഉദിക്കുന്നില്ല. സമൂലമായ ജനാധിപത്യത്തിനും സോഷ്യലിസത്തിനും വേണ്ടിയുള്ള സമരത്തെ ജാതിസമൂഹത്തിനെതിരായ സമരത്തില്‍ നിന്നും വിഘടിപ്പിക്കാനാവില്ല '.
ക്ലാസ് ,കാസ്റ്റ് ആന്റ് പ്രോപ്പര്‍ട്ടി റിലേഷന്‍സ് എന്ന ഗ്രന്ഥത്തില്‍ സ.ബി.ടി രണദിവെ ഇങ്ങനെ എഴുതി.
'ബഹുജനസംഘടനകള്‍ അടിച്ചമര്‍ത്തപ്പെട്ടവരെ സംഘടിപിക്കാനുള്ള അവരുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമെന്ന നിലയില്‍ അയിത്തക്കാരുടെയും ഗോത്രവര്‍ഗ്ഗക്കാരുടെയും അടിച്ചമര്‍ത്തപ്പെട്ട ജാതികളുടെയും പ്രശ്‌നങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചേ മതിയാവൂ. അതിന്റെ പ്രബലതയാല്‍ മാത്രമേ കാര്‍ഷികവിപ്ലവത്തില്‍ കുതിച്ചു ചാട്ടം നടത്താനും ജാതിയമായ വേര്‍തിരിവുകളുടെയും അയിത്തജാതിക്കാരുടെ അടിമത്തത്തിന്റെയും അടിത്തറ തകര്‍ക്കാനാവു. അപ്പോള്‍ മാത്രമേ ജനാധിപത്യ ശക്തികള്‍ക്ക് രാഷ്ട്രീയാധികാരത്തിനും ഉല്‍പാദനത്തിന്റെ എല്ലാ അര്‍ത്ഥത്തിലുമുള്ള സാമൂഹികവല്‍ക്കരണത്തിനുള്ള അടിത്തറക്കുമേലുള്ള ത്വരിതഗതിയിലുള്ള വ്യവസായവല്‍ക്കരണത്തിനും, ഒരു ജാതിരഹിത സമൂഹത്തിനുമുള്ള പാത തുറന്നു കിട്ടുകയുള്ളു '
2000ല്‍ കാലോചിതമായി പുതുക്കിയ സിപിഐ എം പാര്‍ട്ടിപരിപാടിയില്‍ ജാതിപ്രശ്‌നത്തെ ഇങ്ങനെ വിലയിരുത്തിയിരിക്കുന്നു.
'ബൂര്‍ഷ്വാ - ഭൂജന്മിത്ത സമ്പ്രദായം ജാതിയമായ അടിച്ചമര്‍ത്തലിന് ഒരു അന്ത്യമുണ്ടാക്കുന്നതിലും പരാജയപ്പെട്ടു. അതില്‍ ഏറ്റവുമധികം കഷ്ട്ടപ്പാടുകള്‍ അനുഭവിക്കുന്നത് പട്ടികജാതിക്കാരാണ്. നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍പ്പോലും അയിത്തത്തിനും മറ്റു തരത്തിലുള്ള വിവേചനത്തിനും ദളിതര്‍ വിധേയരായിക്കൊണ്ടിരിക്കുന്നു. ദളിതര്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന മോചനത്തിനുള്ള അവബോധം ക്രൂരമായ അടിച്ചമര്‍ത്തലും അതിക്രമങ്ങളും നേരിടേണ്ടിവരുന്നു. ദളിതരുടെ അവകാശങ്ങള്‍ക്ക് സമൂഹത്തിലെ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ടിട്ടുള്ള വിഭാഗങ്ങളുടെ താല്‍പ്പര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ജനാധിപത്യപരമായ ഒരു ഉള്ളടക്കമാണുള്ളത്. ജാതീകൃതമായൊരു സമൂഹത്തില്‍ പിന്നോക്ക ജാതിക്കാരും അവരുടെ അവകാശങ്ങള്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്.
അതേസമയം തന്നെ , പൊതുവായ ജനാധിപത്യ പ്രസ്ഥാനത്തില്‍ നിന്നും ഈ അധ:സ്ഥിത വിഭാഗങ്ങളെ വിഘടിപ്പിക്കാനും വോട്ടു ബാങ്കുകളെ ശക്തിപ്പെടുത്താനുമുള്ള സങ്കുചിതമായ ലക്ഷ്യത്തോടെ ജാതീയമായ വിഭജനങ്ങളെ ശാശ്വതീകരിക്കാന്‍ ആവശ്യപ്പെടുന്ന ശുദ്ധമായും ജാതീകൃതമായൊരു അഭ്യാസവും നടന്നുകൊണ്ടിരിക്കുന്നു. നിരവധി ജാതി നേതാക്കളും ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ട്ടികളുടെ ചില നേതാക്കളും സങ്കുചിതമായ തെരഞ്ഞെടുപ്പു നേട്ടങ്ങള്‍ക്ക് വേണ്ടിയും എല്ലാ ജാതികളിലെയും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ പൊതുവായൊരു പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെടുത്തുന്നത് ചെറുക്കാനും ജാതിയമായ ധ്രുവീകരണത്തെ ഉപയോഗിക്കാന്‍ ലക്ഷ്യമിടുന്നു. പഴയ ക്രമത്തെ തൂത്തെറിയിനുള്ള അടിത്തറയായ ഭൂമിയുടെയും കൂലിയുടെയും ജന്മിത്ത വിരുദ്ധ പോരാട്ടത്തിന്റെയും വര്‍ഗ്ഗ പരമായ അടിസ്ഥാന വിഷയങ്ങളെ അവര്‍ അവഗണിക്കുന്നു.
ജാതിയമായ അടിച്ചമര്‍ത്തലിന്റെയും വിവേചനത്തിന്റെയും പ്രശ്‌നത്തിന് ദൈര്‍ഘ്യമേറിയൊരു ചരിത്രമാണുള്ളത്. മുതലാളിത്ത പൂര്‍വ്വ സമൂഹ്യക്രമത്തില്‍ ആഴങ്ങളില്‍ വേരുറച്ചു പോയ ഒന്നാണത്. മുതലാളിത്ത വികസനത്തിന് കീഴില്‍ സമൂഹം നിലവിലുള്ള ജാതിസമ്പ്രദായവുമായി സന്ധിചെയ്തു. ഇന്ത്യയിലെ ബൂര്‍ഷ്വാസി തന്നെ ജാതിയമായ മുന്‍വിധികളെ പരിപോഷിപിക്കുന്നു. ദളിതരിലെ മഹാഭൂരിപക്ഷവും അദ്ധ്വാനിക്കുന്ന വര്‍ഗ്ഗങ്ങളുടെ ഭാഗമായിരിക്കുന്നതിനാല്‍ തൊഴിലാളിവര്‍ഗ്ഗഐക്യം ജാതി സമ്പ്രദായത്തിനും ദളിതരുടെ അടിച്ചമര്‍ത്തലിനും എതിരായ ഐക്യമാണ്. ഒരു സാമൂഹ്യ പരിഷ്‌ക്കരണപ്രസ്ഥാനത്തിലൂടെ ജാതിസമ്പ്രദായത്തെയും സാമൂഹികമായ അടിച്ചമര്‍ത്തലിന്റെ എല്ലാ രൂപങ്ങളെയും ഇല്ലായ്മ ചെയ്യാന്നുള്ള പോരാട്ടം ജനാധിപത്യ വിപ്ലവത്തിലെ സുപ്രധാനമായൊരു ഭാഗമാണ്. ജാതിയമായ അടിച്ചമര്‍ത്തലിനെതിരായ പോരാട്ടം വര്‍ഗ്ഗപരമായ ചൂഷണത്തിനെതിരായ പോരാട്ടവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ്. '
ജാതിയമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങളില്‍ സുവ്യക്തമായ നിലപാടുകള്‍ വെച്ചു പുലര്‍ത്തുന്നു സിപിഐ എം. ഇന്നും തമിഴ്‌നാട്ടിലും വടക്കേ ഇന്ത്യയിലും ജാതിവിരുദ്ധ സമരങ്ങള്‍ നടത്തുന്ന, അത്തരം സമരങ്ങള്‍ നടത്തേണ്ടി വരുന്നതിന്റെ പേരില്‍ സഖാക്കള്‍ രക്തസാക്ഷികള്‍ ആകേണ്ടിവരുന്ന പാര്‍ട്ടിയാണ് സിപിഐ എം .
ആ പാര്‍ടിയെ ചൂണ്ടിയാണ് ദളിത് / പിന്നോക്ക / മുസ്ലിം സ്വത്വവാദക്കാര്‍ പറയുന്നതു ജാതി വ്യവസ്ഥയോടു യാന്ത്രികമായ സമീപനമാണ് വെച്ചു പുലര്‍ത്തുന്നതെന്ന്. ജമാഅത്തെ ഇസ്ലാമി ഒരുക്കുന്ന വേദികളില്‍ ചെന്നു ലിബറല്‍ ബുദ്ധിജീവികള്‍ സ്വത്വരാഷ്ട്രീയത്തിന്റെ വക്താക്കളായി നിന്നുകൊണ്ട് കമ്യൂണിസ്റ്റുകാരെ വിമര്‍ശിക്കുകയും ഉപദേശിക്കുകയും ചെയ്യുന്നു. തിരഞ്ഞടുപ്പു അടുക്കുമ്പോഴാണ് ഇവര്‍, സ്വത്വരാഷ്ട്രീയവാദക്കാരും അരാഷ്ട്രീയമേനിക്കാരും വലതുപക്ഷ വിടുപണിയുമായി കൂടുതല്‍ രംഗത്തിറങ്ങുന്നത്.
ഏറ്റവും താഴെതട്ടില്‍പ്പോലും സാമൂഹ്യ അധികാരത്തിന് വേണ്ടി നടക്കുന്ന തിരഞ്ഞെടുപ്പും രാഷ്ട്രീയ പോരാട്ടമാണെന്ന് ബോധ്യപ്പെടുകയും ഈയവസരം മൗദൂദികളുടെയും പിന്നോക്ക ദളിത് സ്വത്വവാദക്കാരുടെയും പിറകേപോയി തെറ്റായ തീരുമാനങ്ങള്‍ എടുത്തു കെണിയില്‍ വീഴാനുള്ളതല്ലന്നും മതനിരപേക്ഷതയും ജനാധിപത്യവും സാമൂഹിക നീതിയും പുലര്‍ന്നു കാണണമെന്നു ആഗ്രഹിക്കുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയും മത ന്യൂനപക്ഷങ്ങളും വിവേകപൂര്‍ണ്ണമായ തിരിച്ചറിവോടെ തീരുമാനമെടുക്കേണ്ടതുണ്ട്. ചരിത്രപരമായി തന്നെ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കേണ്ട ജനതയ്ക്ക് സംഭവിക്കുന്ന ചെറിയൊരു കൈതെറ്റിന് പോലും വലിയ വില കൊടുക്കേണ്ടി വരും !
രാജു സെബാസ്റ്റ്യന്‍
No comments:
Post a Comment