ആലപ്പുഴ> കിഫ്ബിയ്ക്കെതിരെ കേസുമായി നീങ്ങാൻ പച്ചക്കൊടി വിശീയത് ആർഎസ്എസ് നേതാവ് റാം മാധവാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൃശൂർ രാമനിലയത്തിൽ നടത്തിയ കൂടിക്കാഴ്ചയെത്തുടർന്നാണ് സ്വദേശി ജാഗരൺ മഞ്ച് നേതാവ് കിഫ്ബിയ്ക്കെതിരെ ഹൈക്കോടതിയിൽ കേസുമായെത്തിയത്.
കിഫ്ബിയെ അട്ടിമറിച്ച് കേരള വികസനം തകർക്കാനുള്ള ആർഎസ്എസ് ഗൂഢാലോചനയുടെ കോടാലികൈയായി വക്കാലെത്തെടുക്കുകയാണ് കെപിസിസി സെക്രട്ടറി മാത്യു കുഴൽനാടൻ ചെയ്തതെന്നും ഐസക് പറഞ്ഞു.
കേസ് രണ്ട് വട്ടംപിൻവലിച്ചതും പിന്നീട് സിഎജിയെ കക്ഷി ചേർത്ത് വീണ്ടും കേസുനൽകിയതുമെല്ലാം ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണ്. കേരളത്തെ തകർക്കാൻ ഈ ഗൂഢസംഘത്തെ അനുവദിക്കാനാവില്ല.
കുഴൽനാടൻ വല്ലാത്ത രാഷ്ട്രീയപ്രവർത്തകൻ തന്നെയാണ് എന്ന് പറയാതെ വയ്യ. രാഷ്ട്രീയം നോക്കാതെ അദ്ദേഹം ആർഎസ്എസുകാരുടെ വക്കാലത്തെടുക്കും. കോൺഗ്രസ് നേതാവ് എന്ന നിലയിൽ ഈ വിഷയത്തിൽ മാത്യുകുഴൽനാടന്റെ രാഷ്ട്രീയ നിലപാട് എന്താണ്? അതു തുറന്നു പറയാനുള്ള ധൈര്യം കാണിക്കണം. പകരം അതി വൈകാരികത പ്രദർശിപ്പിച്ചിട്ട് കാര്യമില്ല. പ്രൊഫഷനെ രാഷ്ട്രീയവുമായും രാഷ്ട്രീയത്തെ പ്രൊഫഷനുമായും കൂട്ടിക്കുഴയ്ക്കില്ല എന്നൊക്കെയുള്ള പ്രഖ്യാപനങ്ങളിൽ ഒരു ശ്രവണസുഖമുണ്ട്. എന്നാൽ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നൊരു വക്കാലത്ത് തന്നാൽ മാത്യു കുഴൽനാടൻ സ്വീകരിക്കുമോ?
കിഫ്ബിയിലെന്തോ വലിയ അഴിമതിയുണ്ട്, കൂടുതൽ വിവരങ്ങൾ പ്രൊഫഷണൽ എത്തിക്സ് മൂലം പുറത്തുവിടുന്നില്ല എന്നൊക്കെ കുഴൽനാടൻ പറയുന്നതു കേട്ടു.ആ സൗജന്യമൊന്നും ഞങ്ങൾക്കു വേണ്ട. തനിക്കു ലഭിച്ച അഴിമതിയുടെ വിവരങ്ങളെന്തിനാണ് കെപിസിസി സെക്രട്ടറി മറച്ചു വെയ്ക്കുന്നത്. ധൈര്യമായി പറയൂ.അദ്ദേഹത്തെ അതിനായി വെല്ലുവിളിക്കുന്നു.
കിഫ്ബി മൊത്തം അഴിമതിയാണെന്ന് എത്രയോ നാളായി പ്രതിപക്ഷ നേതാവ് പാടി നടക്കുന്നുണ്ട്. പക്ഷേ, ഏതു പ്രോജക്ടിൽ എത്ര രൂപയുടെ അഴിമതിയെന്ന് വ്യക്തമാക്കാൻ അദ്ദേഹത്തെ നിരന്തരം വെല്ലുവിളിച്ചിട്ടും മറുപടിയില്ല.
അഴിമതി രഹസ്യമായി വെയ്ക്കേണ്ട കാര്യമൊന്നുമില്ല. അതു ജനമറിയട്ടെ. ട്രാൻസ്ഗ്രിഡുമായി ബന്ധപ്പെട്ട് അഴിമതിയുടെ പുകമറ സൃഷ്ടിക്കാൻ നോക്കി പ്രതിപക്ഷ നേതാവ് നാണംകെട്ടിരുന്നു. രമേശ് ചെന്നിത്തല മന്ത്രിയായിരുന്ന കാലത്താണ് ഡൽഹി ഷെഡ്യൂൾ ഓഫ് റേറ്റ് നമ്മുടെ സംസ്ഥാനത്ത് പിഡബ്ല്യുഡി നടപ്പാക്കിയത്. എന്നിട്ടാണ് വൈദ്യുതി ബോർഡ് ഡിഎസ്ആർ റേറ്റ് ഉപയോഗിക്കുന്നു എന്ന ആക്ഷേപവുമായി വരുന്നത്.
പത്തുശതമാനം ടെൻഡർ എക്‌സെസ് വന്നാൽ റീ ടെൻഡർ ചെയ്യുകയല്ലാതെ വേറെ വഴിയില്ലെന്നാണ് നിയമമുണ്ടെന്നൊക്കെ അന്ന് തട്ടിവിട്ടിരുന്നു. കേവലമൊരു അക്കാദമിക് താൽപര്യമേ തനിക്കുള്ളൂ എന്നാണ് കേസ് കൊടുത്ത കക്ഷി ഇന്നലെ വ്യക്തമാക്കിയത്. കിഫ്ബിയെ തകർക്കണമെന്നൊന്നും തനിക്കില്ലെന്നും അദ്ദേഹം ആണയിടുന്നു. കിഫ്ബി സ്റ്റാറ്റ്യൂട്ടറി ബോഡിയാണോ കോർപറേറ്റ് ബോഡിയാണോ എന്നാണ് ആ ലോ പോയിന്റ്. അതൊക്കെ നിയമത്തിൽത്തന്നെ വ്യക്തമാക്കിയിട്ടുള്ളതല്ലേ.
KIIF Act 4.2ൽ the board shall be a body corporate എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നിട്ടും ചാർട്ടേഡ് അക്കൌണ്ടന്റ് കൂടിയായ കക്ഷിയ്ക്ക് സംശയം. വെറുമൊരു അക്കാദമിക് സംശയം തീർക്കാനാണുപോലും റിസർവ് ബാങ്കിനെയും സിഎജിയെയും ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിനെയുമൊക്കെ കക്ഷി ചേർത്ത് കേരള ഹൈക്കോടതിയിൽ കേസു കൊടുത്തത്.
നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കിഫ്ബിയ്ക്ക് രൂപം നൽകിയിരിക്കുന്നതും അത് ബോഡി കോർപറേറ്റാണെന്ന് നിർവച്ചിരിക്കുന്നതും. നിയമസഭയ്ക്ക് അതിനുള്ള അധികാരമില്ലെന്നാണോ വാദം? സ്റ്റാറ്റ്യൂട്ടിലൂടെത്തന്നെയാണ് കമ്പനിയും കോർപറേഷനും അതോറിറ്റിയും ട്രസ്റ്റും ബോർഡുമൊക്കെ രൂപീകരിക്കുന്നത്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയെയും കോൾ ഇന്ത്യയെയുമൊക്കെ എന്തു വിളിക്കും. ഇവയെല്ലാം നിയമപ്രകാരം തന്നെ കോർപറേറ്റ് ബോഡികളാണ്.
കിഫ്ബിയെ തകർത്ത് കേരള വികസനം അട്ടിമറിക്കാനുള്ള ബിജെപി- കോൺഗ്രസ് സഖ്യത്തിന്റെ സംയുക്ത അജണ്ടയുടെ വിശദാംശങ്ങൾ ഓരോ ദിവസം കഴിയുന്തോറും വ്യക്തമായി വരികയാണ്. ഈ സംഖ്യത്തെ ജനങ്ങൾക്കുമുമ്പിൽ തുറന്നു കാണിക്കാനുള്ള രാഷ്ട്രീയ ദൗത്യം എൽഡിഎഫ് ഏറ്റെടുക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു.
No comments:
Post a Comment