സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് സിഎജി നടത്തുന്നതെന്ന് ധനമന്ത്രി ഡോ.ടി എം തോമസ് ഐസക്. തുടങ്ങിവെച്ചിരിക്കുന്ന വികസനപ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവെക്കണമെന്ന് പറയുന്നത് അസാധാരണമായ നടപടിയാണ്. സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശനങ്ങളെക്കുറിച്ച് സര്‍ക്കാര്‍ നിയമപരിശോധന നടത്തും. റിപ്പോര്‍ട്ടിന്റെ നാല് പേജുകളില്‍ സര്‍ക്കാരിന്റെ അഭിപ്രായം തേടിയിട്ടില്ല. കരടില്‍ ഇല്ലാത്ത കാര്യം ഏകപക്ഷീയമായി എഴുതിവെക്കാനുള്ള അവകാശമില്ല. മസാലബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് കരട് തയ്യാറാക്കുംമുന്‍പ് സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. സര്‍ക്കാരിനെതിരെ ഒളിയുദ്ധം നടത്തുന്ന ഓഫീസായി സിഎജി മാറിയെന്നും മന്ത്രി പറഞ്ഞു.
അവകാശ ലംഘനം നടത്തിയത് സിഎജിയാണ്. റിപ്പോര്‍ട്ട് സഭയില്‍ വെക്കും മുന്‍പ് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും പരിശോധിക്കാം. സര്‍ക്കാരിന് അത് വെളിപ്പെടുത്താനാവില്ലെന്ന് എവിടെയും വ്യവസ്ഥയില്ല. അത്തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. സിഎജിയ്ക്ക് ആജ്ഞാപിക്കാന്‍ അധികാരമില്ല. വാര്‍ത്തകള്‍ ചോരുന്നത് എജിയുടെ ഓഫീസില്‍ നിന്നാണെന്നും ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കിഫ്‌ബി വഴി വായ്‌പ എടുക്കരുതെന്ന് പറഞ്ഞിട്ട് ഒരക്ഷരം പ്രതിപക്ഷം പറഞ്ഞോ. കേരളത്തിന്റെ വികസനത്തിനെതിരായ നീക്കമാണിത്. സഭയുടെ അവകാശലംഘനം മാത്രമേ പ്രതിപക്ഷം കാണുന്നുള്ളൂ. ഈ സംസ്ഥാനത്തിന്റെ അവകാശലംഘനം കൂടി കാണണം. കിഫ്ബി പദ്ധതികളെക്കുറിച്ച് പ്രതിപക്ഷത്തുള്ള ഒരാള്‍പോലും എതിര്‍അഭിപ്രായം പറഞ്ഞിട്ടില്ല. പദ്ധതികളില്‍ രാഷ്ട്രീയവിവേചനം കാണിച്ചുവെന്ന് പ്രതിപക്ഷത്തിന് പരാതിയേയില്ല. കൂടുതല്‍ പദ്ധതി വേണമെന്നാണ് എല്ലാ എംഎല്‍എമാരും ആവശ്യപ്പെടുന്നത്.
അവകാശ ലംഘനം സംബന്ധിച്ച പരാതിയില്‍ സ്പീക്കര്‍ കത്ത് നല്‍കിയിട്ടുണ്ട്. എത്രയും വേഗം അതിനുള്ള മറുപടി കൊടുക്കും. സിഎജി റിപ്പോര്‍ട്ടിന്റെ ക്രമവിരുദ്ധത ചൂണ്ടിക്കാണിക്കും. സംസ്ഥാനത്തിന്റെ, ജനങ്ങളുടെ അവകാശങ്ങളെ എങ്ങനെയാണ് ഈ റിപ്പോര്‍ട്ട് ബാധിക്കുക എന്നത് വിശദമായി മറുപടി നല്‍കും.
സര്‍ക്കാരിന്റെ സംവിധാനങ്ങളെക്കുറിച്ച് ഒരു നിര്‍ദേശവുമായി ഇറങ്ങുംമുന്‍പ് സര്‍ക്കാരുമായി ചര്‍ച്ച ചെയ്തില്ല എന്നത് ഭരണഘടനാവിരുദ്ധമാണ്. ഒരു ഭരണഘടനാ സ്ഥാപനത്തിന് ചേരുന്ന നടപടിയല്ല ഇത്. സര്‍ക്കാരിന്റെ മറുപടി കേട്ടിട്ട് തള്ളണമെങ്കില്‍ അങ്ങനെ റിപ്പോര്‍ട്ടില്‍ എഴുതാം. പക്ഷേ സര്‍ക്കാരിന്റെ അഭിപ്രായം തേടിയില്ല എന്നതാണ് പ്രശ്നം.
കേരളം പോലുള്ള സംസ്ഥാനത്തിന് ആവശ്യമായ വികസനം തുടരണോ എന്നതാണ് യഥാര്‍ത്ഥ പ്രശ്നം. വന്‍കിട പദ്ധതികള്‍ക്കായി കിഫ്ബി അല്ലാതെ മറ്റൊരു മാര്‍ഗം യുഡിഎഫിന് കാണിച്ച് തരാന്‍ പറ്റുമോ. റോഡുകളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നും എന്തെങ്കിലും വരുമാനം കിട്ടുമോ. യുഡിഎഫിന് എന്താണ് ഇതില്‍ പരിപാടിയുള്ളത്. യുഡിഎഫ് കൂടി പാസാക്കിയ കിഫ്ബി ആക്ട് ഭരണഘടനാവിരുദ്ധമാണെന്നാണ് പറയുന്നത്. അത് യുഡിഎഫ് അംഗീകരിക്കുന്നുണ്ടോയെന്നും മന്ത്രി ചോദിച്ചു.
ഡെമോക്ലസിന്റെ വാള്‍പോലെ ഭരണഘടനാസ്ഥാപനങ്ങളുടെ മുകളില്‍ വേണ്ടപ്പെട്ടവരെ ബിജെപി നിയമിച്ച് വെച്ചിരിക്കുകയാണ്. കേരളം വ്യത്യസ്ത പുലര്‍ത്തുന്ന സംസ്ഥാനമാണ്. അതങ്ങനെ തുടരണം. വികസനം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ പൊതുഅവബോധം ഉയരണമെന്നും മന്ത്രി പറഞ്ഞു.
No comments:
Post a Comment