Monday, November 23, 2020

ഇഡിയുടെ പണി ബിജെപിക്ക്‌ വോട്ടുപിടിക്കലോ ; അന്വേഷണങ്ങൾക്ക്‌ ചുക്കാൻപിടിക്കുന്നത്‌ ഈയിടെ കാലാവധി നീട്ടിക്കിട്ടിയ ഇഡി മേധാവി

 എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ തലവൻ എസ്‌ കെ മിശ്രയുടെ കാലാവധി അസാധാരണമായി കേന്ദ്രസർക്കാർ നീട്ടി നൽകിയതോടെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രതിപക്ഷപാർടി നേതാക്കൾക്കെതിരെ നടക്കുന്ന അന്വേഷണങ്ങൾ ചർച്ചയാകുന്നു. ഇഡി കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ആയുധമായി മാറിയെന്ന ആരോപണം ശരിവയ്‌ക്കുന്നതാണ്‌ വിവിധ തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട്‌ ഉയർത്തിക്കൊണ്ടുവന്ന ഈ കേസുകളിൽ ഏറെയും.

പ്രതിപക്ഷമാണെങ്കിൽ കുടുക്കും

●എൻസിപി അധ്യക്ഷൻ ശരദ്‌ പവാറിനെതിരെ മഹാരാഷ്ട്ര സംസ്ഥാന സഹകരണബാങ്ക്‌ വായ്‌പ വിതരണവുമായി ബന്ധപ്പെട്ട്‌  നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണകാലത്ത്‌ അന്വേഷണം

●ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ്‌ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ ഭൂപീന്ദർസിങ്‌ ഹൂഡ, മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ മോട്ടിലാൽ വോറ എന്നിവരുടെ പേരിൽ പഞ്ച്‌കുല ഭൂമി ഇടപാടിൽ  അന്വേഷണം

●ഉത്തർപ്രദേശിൽ 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മൂന്ന്‌ മാസംമുമ്പ്‌ ബിഎസ്‌പി അധ്യക്ഷയും മുൻമുഖ്യമന്ത്രിയുമായ മായാവതി, സഹോദരൻ ആനന്ദ്‌കുമാർ എന്നിവർക്കെതിരെ ബാങ്ക്‌ അക്കൗണ്ടിലെ നിക്ഷേപത്തിന്റെ പേരിൽ അന്വേഷണം. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പായി മായാവതിക്കെതിരെ റെയ്‌ഡുകളും

●യുപി‌ മുൻ മുഖ്യമന്ത്രിയും എസ്‌പി നേതാവുമായ അഖിലേഷ്‌ യാദവിനെതിരെ ഖനനത്തിന്‌ അനുമതി നൽകിയതുമായി ബന്ധപ്പെട്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ്‌ കേസ്‌

●കോൺഗ്രസ്‌ നേതാവ്‌ ഡി കെ ശിവകുമാറിനെതിരെ ഗുജറാത്ത്‌ രാജ്യസഭാ തെരഞ്ഞെടുപ്പ്‌, കർണാടക നിയമസഭാ തെരഞ്ഞെടുപ്പ്‌ കാലങ്ങളിൽ റെയ്‌ഡുകൾ

●പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ്‌ റോബർട്ട്‌ വധ്‌രയെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ്‌ നിരന്തരം ചോദ്യംചെയ്‌തു.

●എഐസിസി ട്രഷററും മുതിർന്ന നേതാവുമായ അഹമ്മദ്‌ പട്ടേലിനെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ്‌ ചോദ്യംചെയ്‌തു  

●രാജസ്ഥാനിൽ സർക്കാരിനെതിരായ അട്ടിമറിനീക്കങ്ങൾ നടക്കവെ മുഖ്യമന്ത്രി അശോക്‌  ഗെലോട്ടിന്റെ സഹോദരനെയും അടുപ്പക്കാരെയും ചോദ്യംചെയ്‌തു

●ജമ്മു–-കശ്‌മീർ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ ശക്തമായി പ്രതികരിച്ച മുൻ മുഖ്യമന്ത്രി ഫാറൂഖ്‌ അബ്ദുള്ളയെ ക്രിക്കറ്റ്‌ അസോസിയേഷൻ സാമ്പത്തിക ഇടപാടിന്റെ പേരിൽ ചോദ്യം ചെയ്‌തു

●മധ്യപ്രദേശിൽ കഴിഞ്ഞവർഷം കോൺഗ്രസ്‌ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി നീക്കങ്ങൾ നടക്കവെ അന്നത്തെ മുഖ്യമന്ത്രി ‌ കമൽനാഥിന്റെ അനന്തരവൻ റതുൽ പുരിയെ അറസ്‌റ്റ്‌ചെയ്‌തു.

●ലാലുപ്രസാദ്‌ യാദവ്‌, തേജസ്വി യാദവ്‌, മിസ ഭാരതി എന്നിവരുടെ പേരിലുള്ള കേസുകൾ തെരഞ്ഞെടുപ്പ്‌ കാലങ്ങളിൽ സജീവമാക്കി.

ബിജെപി ആയാൽ ക്ലീൻ

●മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്‌ നേതാവുമായിരുന്ന നാരായൺ റാണെയ്‌ക്കെതിരായ കേസിലെ അന്വേഷണം‌  2019ൽ ബിജെപിയിൽ ചേർന്നതോടെ നിലച്ചു

●അസമിലെ  മുൻകോൺഗ്രസ്‌ നേതാവ്‌ ഹിമാന്ത ബിസ്വ സാർമയുടെ പേരിലുള്ള കേസ്‌ മുക്കി. സാർമ ഇപ്പോൾ ബിജെപി നേതാവും ധനമന്ത്രിയും‌

●ബെല്ലാരി റെഡ്ഡി സഹോദരങ്ങൾക്കെതിരായ കേസിൽ നടപടിയില്ല

●ബിജെപിയിൽ ചേർന്നതോടെ തൃണമൂൽ കോൺഗ്രസ്‌ മുൻ നേതാവ്‌ മുകുൾ റോയിയുടെ പേരിലുള്ള കേസുകളും മരവിപ്പിച്ചു

No comments:

Post a Comment