Sunday, November 15, 2020

ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന ഒളിച്ചുകളി പിടിച്ചു; ജാള്യം മറയ്ക്കാന്‍ ചെന്നിത്തല വീണേടത്തു കിടന്നുരുളുന്നു: ഐസക്ക്

കൊച്ചി> കിഫ്ബിയ്‌ക്കെതിരെ ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന ഒളിച്ചു കളി കൈയോടെ പിടിക്കപ്പെട്ടതിന്റെ ജാള്യം മറയ്ക്കാന്‍ വീണേടത്തു കിടന്നുരുളുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് ധനമന്ത്രി തോമസ് ഐസക്ക്‌. പ്രസക്തമായ ഒരു ചോദ്യത്തിനും പ്രതിപക്ഷനേതാവിനും കൂട്ടര്‍ക്കും മറുപടിയില്ല. അതിനുപകരം സിഎജിയുടെ കരടു റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിന്റെ പേരില്‍ പത്രസമ്മേളനം നടത്തിയത് എന്തോ മഹാഅപരാധമെന്ന തൊടുന്യായം പറഞ്ഞ് ഒളിച്ചോടാനാണ് ശ്രമം. അതു നടക്കില്ല. കരടു റിപ്പോര്‍ട്ടിന്റെ മറവില്‍ സിഎജി അസംബന്ധം എഴുന്നെള്ളിച്ചാല്‍ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കാട്ടും. അതിനിയും ചെയ്യും.

എന്നു മുതലാണ് സിഎജിയുടെ കരടു റിപ്പോര്‍ട്ട് പ്രതിപക്ഷ നേതാവിനും യുഡിഎഫിനും പവിത്രരേഖയായത്? ലാവലിന്‍ ഓര്‍മ്മയുണ്ടല്ലോ. സിഎജിയുടെ കരടു റിപ്പോര്‍ട്ടിലെ പരാമര്‍ശം വെച്ചെല്ലേ ഖജനാവിന് 375 കോടിയുടെ നഷ്ടമുണ്ടായെന്ന കള്ളക്കഥ പ്രചരിപ്പിച്ചത്? യഥാര്‍ത്ഥ റിപ്പോര്‍ട്ടില്‍ അങ്ങനെയൊരു പരാമര്‍ശമുണ്ടോ? ചെലവഴിച്ച തുകയ്ക്ക് ആനുപാതിക നേട്ടമുണ്ടായില്ല എന്നാണ് അന്തിമ റിപ്പോര്‍ട്ടിലെ പരാമര്‍ശം. Did not yield commensurate gainsഎന്നാണ് പരാമര്‍ശം. എന്നുവെച്ചാല്‍ നേട്ടമുണ്ടായി, പക്ഷേ, ചെലവിന് ആനുപാതികമല്ല എന്ന്. പക്ഷേ, കരട് റിപ്പോര്‍ട്ടില്‍ entire expenditure of rupees 374.50 crores was rendered wasteful' എന്നായിരുന്നു. ആ പരാമര്‍ശം വെച്ചല്ലേ ഇക്കണ്ട ആഘോഷമെല്ലാം നടത്തിയത്?കരട് റിപ്പോര്‍ട്ടിലെ ലക്കും ലെഗാനുമില്ലാത്ത പരാമര്‍ശങ്ങളുടെ ഉന്നം രാഷ്ട്രീയ മുതലെടുപ്പാണ്. ഇനിയത് അനുവദിച്ചുതരാനാവില്ല.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയെ മറികടന്ന് അന്നത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ലാവലിന്‍ കേസില്‍ ഉപഹര്‍ജി നല്‍കിയ സംഭവം പ്രതിപക്ഷ നേതാവിന് ഓര്‍മ്മയുണ്ടാകുമല്ലോ. ആ ഹര്‍ജിയിലും കരടു റിപ്പോര്‍ട്ടിലെ പരാമര്‍ശമാണ് എഴുതിപ്പിടിപ്പിച്ചത്. കോപ്പി കൈയിലുണ്ടെങ്കില്‍ പ്രതിപക്ഷ നേതാവ് പരിശോധിച്ചു നോക്കൂ.  ലാവലിന്‍ കരാര്‍ സംബന്ധിച്ച് സിഎജിയുടെ അന്തിമ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് പത്തുകൊല്ലം കഴിഞ്ഞിട്ടും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ പോലും മുതലെടുപ്പു ശ്രമങ്ങള്‍ക്ക് ഉപയോഗിച്ചത് കരട് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളാണ്. ആ കളി ഇനി അനുവദിക്കാനാവില്ല.  സിഎജിയുടെ കരടു റിപ്പോര്‍ട്ടിലെ പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി ലാവലിന്‍ കേസില്‍ സിപിഐഎമ്മിനെ വേട്ടയാടിയവരുടെ സാരോപദേശമൊക്കെ കൈയില്‍ വെച്ചിരുന്നാല്‍ മതി. പ്രശ്‌നം, കരടു റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിന് നിയമത്തിന്റെയും വ്യവസ്ഥയുടെയും കീഴു്വഴക്കങ്ങളുടെയും യുക്തിയുടെയും പിന്‍ബലമുണ്ടോ എന്നാണ്. കരട് റിപ്പോര്‍ട്ടിന്റെ വിശുദ്ധിയൊക്കെ നമുക്ക് നിയമസഭയില്‍ വഴിയേ ചര്‍ച്ച ചെയ്യാം.

ഞാനുയര്‍ത്തിയത്ഗുരുതരമായ പ്രശ്‌നമാണ്. സംസ്ഥാനത്തിന്റെ ഭാവിയെയും അധികാരത്തെയും സംബന്ധിച്ചാണത്. ഉത്തരവാദിത്തമുണ്ടെങ്കില്‍ പ്രതിപക്ഷ നേതാവ് പ്രതികരിക്കേണ്ടത്അതിനെക്കുറിച്ചാണ്. സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന ധനകാര്യസ്ഥാപനങ്ങള്‍ക്ക് ആര്‍ബിഐയുടെയും സെബിയുടെയും നിയമങ്ങള്‍ക്ക് വിധേയമായി വായ്പയെടുക്കാന്‍ അധികാരമുണ്ടോ? എന്താണ് യുഡിഎഫിന്റെ നിലപാട്? ആ അടിസ്ഥാന ചോദ്യത്തോട്‌നിങ്ങള്‍ കേരള ജനതയ്ക്കു മുന്നില്‍ നിലപാട് വ്യക്തമാക്കിയേ മതിയാകൂ.

കിഫ്ബി വിദേശത്തു നിന്ന് മസാല ബോണ്ടു വഴി നിക്ഷേപം സമാഹരിച്ചതു മാത്രമാണോ പ്രശ്‌നം? കിഫ്ബി മാത്രമല്ല, ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പലതും ഇത്തരത്തില്‍ നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. എന്‍ടിപിസി മസാലാ ബോണ്ടു വഴി 2000 കോടിസമാഹരിച്ചത് 2016 ആഗസ്റ്റിലാണ്. ഊര്‍ജ രംഗത്തെ ഇന്ത്യന്‍ പൊതുമേഖലാ കമ്പനികള്‍ മസാല ബോണ്ടു വഴി ഒരു ബില്യണ്‍ ഡോളര്‍ സമാഹരിക്കുമെന്ന് ലണ്ടനില്‍ ചെന്ന് പ്രഖ്യാപിച്ചത് കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ്.

5000 കോടി രൂപ സമാഹരിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ സമീപിച്ചത് 2017 മെയ് മാസത്തിലാണ്. ഓപ്പണിംഗ് സെറിമണിയില്‍ പങ്കെടുത്തത് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയാണ്. പീയുഷ് ഗോയലും ഗഡ്ഗരിയും എന്‍എച്ച്എഐയും എന്‍ടിപിസിയുമൊക്കെ ചെയ്തത് ഭരണഘടനാ വിരുദ്ധമായ നടപടിയാണെന്ന് റിപ്പോര്‍ട്ടിലെഴുതിവെയ്ക്കാന്‍ തന്റേടമുണ്ടോ ഈ സിഎജിയ്ക്ക്. കേരളമായാല്‍ എന്ത് അസംബന്ധവും പറയാമെന്നാണോ? അതു ചോദ്യം ചെയ്താല്‍ രമേശ് ചെന്നിത്തലയ്ക്കും യുഡിഎഫിനും പൊള്ളുന്നത് എന്തുകൊണ്ട്?

യഥാര്‍ത്ഥ പ്രശ്‌നത്തിലേയ്ക്ക് വരൂ പ്രതിപക്ഷ നേതാവേ. കേന്ദ്രസര്‍ക്കാരിന്റെ കോര്‍പറേറ്റ് ബോഡികള്‍ മസാലാ ബോണ്ടു വാങ്ങിയാല്‍ ഭരണഘടനയ്ക്ക് ഒന്നും സംഭവിക്കില്ല, കേരളം വാങ്ങിയാല്‍ ഭരണഘടനാപ്രതിസന്ധിയുണ്ടാകും എന്ന ഇരട്ടത്താപ്പിനെക്കുറിച്ച് നിലപാടു പറയൂ. ആ ചോദ്യത്തിനോട് വാ തുറക്കാതെ ഉരുണ്ടു കളിച്ചിട്ടെന്തു കാര്യം? എന്‍ടിപിസിയ്ക്കും എന്‍എച്ച്എഐയ്ക്കും കിഫ്ബിയ്ക്കുമൊക്കെ ഒരേ നിയമവും ഭരണഘടനയും തന്നെയാണ് ബാധകമാവുക എന്നാണ് ഞങ്ങളുടെ നിലപാട്.

മറിച്ചൊരു നിലപാട് നിങ്ങള്‍ക്കുണ്ടോ? ജനങ്ങളോട് തെളിച്ചു പറയൂ. അടുത്ത പ്രശ്‌നം കിഫ്ബിയ്‌ക്കെതിരെ ഉയര്‍ത്തിയ അഴിമതിയാരോപണങ്ങളാണ്. എവിടെയാണ് അഴിമതി? ഏതു പ്രോജക്ടില്‍ എത്ര രൂപയുടെ അഴിമതിയും ക്രമക്കേടും ആരു നടത്തിയെന്ന് വ്യക്തമായി പറയാന്‍ എന്തേപ്രതിപക്ഷ നേതാവ് മടിക്കുന്നു? അദ്ദേഹത്തിന്റെ മണ്ഡലത്തിലുമുണ്ടല്ലോ കിഫ്ബി പ്രോജക്ടുകള്‍. ഏതിലെങ്കിലും അഴിമതിയുണ്ടോ? ഇന്നേവരെ അങ്ങനെയൊരു ആരോപണം ഉന്നയിച്ചിട്ടുണ്ടോ? പ്രതിപക്ഷത്തെ വേറെ എംഎല്‍എമാരുടെ മണ്ഡലത്തിലും എത്രയോ കിഫ്ബി പദ്ധതികളുണ്ട്. ഏതിലെങ്കിലും ഒന്നില്‍ ഒരു രൂപയുടെ അഴിമതി ആരെങ്കിലും നടത്തിയെന്ന് വ്യക്തിമായ ഒരു ആരോപണം ഇന്നേ വരെ പറഞ്ഞിട്ടുണ്ടോ?

യഥാര്‍ത്ഥത്തില്‍ കിഫ്ബിയ്‌ക്കെതിരെ മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് ഭരണഘടനാവിരുദ്ധം എന്ന ഉമ്മാക്കിയുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ക്രമക്കേടിന്റെയും അഴിമതിയുടെയും ഒരു കറയും കിഫ്ബിയില്‍ പതിഞ്ഞിട്ടില്ല. അതൊന്നും കിട്ടാത്തതുകൊണ്ടാണ് ഭരണഘടനയില്‍ കയറിപ്പിടിച്ചിരിക്കുന്നത് എന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം.

കിഫ്ബിയില്‍ സിഎജി ഓഡിറ്റ് തടയാന്‍ ശ്രമിച്ചു എന്ന പച്ചക്കള്ളം വീണ്ടും പാടി നടക്കുന്നുണ്ട്. എന്റെ സാറന്മാരേ, ഓഡിറ്റ് നടത്തിയതുകൊണ്ടാണല്ലോ റിപ്പോര്‍ട്ടുണ്ടായത്. ഫയലും ഇഫയലുകളുടെ പാസ് വേഡുമടക്കം കൈമാറിയിട്ടുണ്ട്. ഓഡിറ്റ് നിയമം 14-1 പ്രകാരമുള്ള ഭരണഘടനാപരമായ ഓഡിറ്റ് നടത്താന്‍ ഒരു തടസവുമില്ല. അതു നടത്തണമെന്നു തന്നെയാണ് സര്‍ക്കാരിന്റെ അഭിപ്രായം. അതു തന്നെയാണ് നടക്കുന്നതും. കിഫ്ബി നിയമപ്രകാരം സിഎജി തന്നെയാണ് ഓഡിറ്റു നടത്തേണ്ടത്. 14-1 തന്നെ സമഗ്രമാണെന്നാണ് ഞങ്ങളുടെ അഭിപ്രായം. അതു പ്രകാരം തന്നെയാണ് ഇതുവരെ നടന്നതും ഇനി നടക്കുന്നതും. അങ്ങനെ പുകമറയൊന്നും ഉണ്ടാക്കേണ്ടതില്ല.

ഇഡിയെയും മറ്റും ഉപയോഗിച്ചു നടത്തുന്ന സൂത്രപ്പണികള്‍ക്ക് സിഎജിയെയും നിയോഗിക്കാമെന്നാണ് ബിജെപി വിചാരിക്കുന്നത്.  ആ പരിപ്പ് കേരളത്തില്‍ വേവില്ല. ഭരണഘടനാസ്ഥാപനങ്ങള്‍ ഭരണഘടനയ്ക്കു വിധേയമായി പ്രവര്‍ത്തിക്കണം. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഓഫീസില്‍ നിന്നുള്ള കല്‍പനകള്‍ ശിരസാവഹിക്കലല്ല അവരുടെ നിയോഗം.

ബിജെപിയുടെ ഒരു ഉമ്മാക്കിയ്ക്കു മുന്നിലും കേരളം കീഴടങ്ങുന്ന പ്രശ്‌നമില്ലെന്നും  ഐസക്ക് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി

No comments:

Post a Comment