‘പ്രിസം’ പദ്ധതിയിലൂടെ രാജ്യത്തിനാകെ മാതൃകയായി വളർന്ന നടക്കാവ് ഗവ. ജിവിഎച്ച്‌എസ്‌എസിനെ തേടി ദേശീയപുരസ്‌കാരം. മുംബൈ ആസ്ഥാനമായ എഡ്യുക്കേഷൻ വേൾഡ് പുറത്തിറക്കിയ രാജ്യത്തെ മികച്ച സർക്കാർ സ്‌കൂളുകളുടെ പട്ടികയിൽ നടക്കാവ് മൂന്നാംസ്ഥാനത്ത്. പൊതുവിദ്യാലയങ്ങളിൽ മികച്ച പഠനാന്തരീക്ഷവും സൗകര്യവും ഉറപ്പാക്കാൻ എ പ്രദീപ്‌കുമാർ എംഎൽഎ ആവിഷ്‌കരിച്ച ‘പ്രിസം’ (പ്രൊമോട്ടിങ് റീജ്യണൽ സ്കൂൾസ് ടു ഇന്റർനാഷണൽ സ്റ്റാൻഡേഡ്‌സ് ത്രൂ മൾട്ടിപ്പിൾ ഇന്റർവെൻഷൻസ്) പദ്ധതിയുടെ ഭാഗമായാണ് സ്‌കൂൾ മികവിന്റെ കേന്ദ്രമായത്. ഈ നേട്ടങ്ങളാണ് അംഗീകാരത്തിലേക്കെത്തിച്ചതും.
വിവിധ വിഭാഗങ്ങളിൽ മുന്നിൽ നിൽക്കുന്ന 2000 സ്‌കൂളുകളിലാണ് സർവേ നടത്തിയത്. എല്ലാ വർഷവും പുറത്തിറക്കുന്ന പട്ടികയിൽ 2014 മുതൽ നടക്കാവ് സ്‌കൂള്‍ ഇടം പിടിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന് കീഴിലുള്ള തിരുവനന്തപുരം പട്ടത്തെ കേന്ദ്രീയ വിദ്യാലയത്തിനാണ് ഒന്നാം റാങ്ക്. കൊച്ചിൻ നേവൽ ബേസിലെ കേന്ദ്രീയ വിദ്യാലയത്തിന് ആറാം റാങ്കുണ്ട്. ഗവ. ബോർഡിങ് സ്‌കൂൾ വിഭാഗത്തിൽ ചെന്നിത്തലയിലെ ജവഹർ നവോദയ വിദ്യാലയമാണ് മുന്നിൽ. പാഠ്യ–--പാഠ്യേതര പ്രവർത്തനങ്ങൾ, അധ്യാപകരുടെ കാര്യക്ഷമത. അധ്യാപക–--വിദ്യാർഥി പരിശീലനം, ഭൗതിക സാഹചര്യം തുടങ്ങിയ 14 ഘടകങ്ങൾ പരിശോധിച്ചാണ് അംഗീകാരം നൽകുന്നത്. 2007-ലാണ് നടക്കാവ് ഗവ. ഗേൾസ് സ്‌കൂളിന്റെ വികസനത്തിന് എ പ്രദീപ്‌കുമാർ എംഎൽഎ പദ്ധതി ആവിഷ്‌കരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്മാർട്ട് ക്ലാസ് മുറി, ലാബ്, അടുക്കള, ക്യാന്റീൻ, ആസ്‌ട്രോ ടർഫ് മൈതാനം, മിനി ഇൻഡോർ സ്റ്റേഡിയം, ജിംനേഷ്യം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിരുന്നു
No comments:
Post a Comment