Friday, November 20, 2020

കിഫ്‌ബിയെ എതിർക്കുന്നവർ ഓർക്കണം; "കുളിപ്പിച്ച വെള്ളത്തിനൊപ്പം കുട്ടിയെയും എറിഞ്ഞു കളയരുത്': എൻ എസ്‌ മാധവൻ

കൊച്ചി > കിഫ്‌ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് ചര്‍ച്ചയാകവെ കേരളത്തിന്റെ വളര്‍ച്ചയക്ക് കിഫ്‌ബിയ്‌ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് വ്യക്തമാക്കി പ്രശസ്ത എഴുത്തുകാരന്‍  എന്‍ എസ് മാധവന്‍. മലയാള മനോരമയിലെ തൽസമയം കോളത്തിലാണ്‌ മുൻ ധനകാര്യ സ്പെഷ്യല്‍ സെക്രട്ടറി കൂടിയായ എൻ എസ്‌ മാധവന്റെ പ്രതികരണം.  കിഫ്ബിക്കു മുൻപും പിൻപുമുള്ള കേരളത്തിലെ മൂലധനച്ചെലവു പരിശോധിച്ചാൽ ഈ നൂതനാശയം വിജയകരമായിരുന്നുവെന്നു നിസ്സംശയം പറയാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഭരണഘടനയെ ഉദ്ധരിച്ച് ഭരണഘടനാ സ്ഥാപനമായ സിഎജി കിഫ്ബിയുടെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുകയാണെന്നും അദ്ദേഹം  എഴുതുന്നു."ഇത്രയും വർഷങ്ങൾക്കു ശേഷം സിഎജി മൗലികമായ പ്രശ്നങ്ങൾ ഉന്നയിക്കുകയാണെങ്കിൽ അതിൽ ഉദ്ദേശ്യശുദ്ധിയെക്കുറിച്ചുള്ള സംശയങ്ങൾ സ്വാഭാവികമായും ഉയർന്നുവരാം. കിഫ്ബിയെ പല കാരണങ്ങൾകൊണ്ട് എതിർക്കുന്നവർ ഇംഗ്ലിഷിലെ ഈ പറച്ചിൽ ഓർക്കുന്നതു നല്ലതായിരിക്കും: കുളിപ്പിച്ച വെള്ളത്തിനൊപ്പം കുട്ടിയെയും എറിഞ്ഞുകളയരുത്!''- എന്നാണു അദ്ദേഹം ലേഖനം അവസാനിപ്പിക്കുന്നത്.

ലേഖനത്തിന്റെ പ്രസക്തഭാഗം താഴെ:

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ അത്യന്തം സങ്കീർണവും പ്രയാസങ്ങൾ നിറഞ്ഞതുമാണ്. ശമ്പളം, പെൻഷൻ, പിന്നാക്കക്കാർക്കുള്ള ക്ഷേമപദ്ധതികൾ എന്നിവ കഴിഞ്ഞ് നീക്കിയിരിപ്പു വല്ലതുമുണ്ടെങ്കിൽ അതു മുൻകാല വായ്പകളുടെ പലിശയ്ക്കു പോകും. സംസ്ഥാനത്തിന്റെ പലിശച്ചെലവ് ആഭ്യന്തര വരുമാനത്തിന്റെ 15 ശതമാനത്തോളം വരും; മറ്റു പല സംസ്ഥാനങ്ങളുമായി തുലനം ചെയ്യുമ്പോൾ ഇത് എതാണ്ട് 50% കൂടുതലാണ്. 2018നു മുൻപുള്ള 8 വർഷങ്ങളിൽ ശമ്പളത്തിനും പെൻഷനുമായുള്ള ചെലവ് 300% വർധിച്ചു. ഇവയെല്ലാം തട്ടിക്കിഴിച്ചാൽ വികസനത്തിനായുള്ള മൂലധനച്ചെലവ് സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ 1% മാത്രമേ വരുന്നുള്ളൂ. മധ്യപ്രദേശ്, രാജസ്ഥാൻ, ഗോവ തുടങ്ങിയ അത്ര വികസിതമല്ലാത്ത സംസ്ഥാനങ്ങളിൽ പോലും മൂലധനച്ചെലവ് ആഭ്യന്തര വരുമാനത്തിന്റെ 2% ആണെന്ന് ഓർക്കുക. ഇതുമൂലം കേരളത്തിൽ റോഡ്, പാലം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിലുള്ള നിക്ഷേപം നന്നേ കുറഞ്ഞു.

ഈ വികസനമുരടിപ്പ് സംസ്ഥാനത്തിന്റെ വളർച്ചയെയും ബാധിച്ചു. 2015-16ൽ കേരളത്തിന്റെ വളർച്ചനിരക്ക് 8.59% ആയിരുന്നപ്പോൾ, ദേശീയതലത്തിൽ വളർച്ചനിരക്ക് 9.94% ആയിരുന്നു. നികുതിവരുമാനത്തിന്റെ വളർച്ച 2010-11ൽ 23.24% ആയിരുന്നത് 2015-16ൽ കുത്തനെ ഇടിഞ്ഞ് 10.68% ആയി. ശരിയായ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു സർക്കാർ. കടമെടുക്കുന്നതിനും പരിമിതികളുണ്ടായിരുന്നു. കേന്ദ്രസർക്കാരിന്റെ ധന ഉത്തരവാദിത്ത നിയമം അനുസരിച്ച്, സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനത്തിൽ കൂടുതൽ കടം സമാഹരിക്കാൻ പാടില്ല.

സാമ്പത്തിക ചക്രവ്യൂഹത്തിനുള്ളിൽനിന്നു പുറത്തു കടക്കാനുള്ള വഴിയായാണ് 1999ൽ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് അഥവാ കിഫ്ബി, നിയമം മൂലം നിലവിൽ വരുന്നത്. അതിന്റെ പ്രധാന ഉദ്ദേശ്യം ബൃഹത്തും അത്യാവശ്യവുമായ അടിസ്ഥാനസൗകര്യങ്ങൾക്കും ഭൂമി ഏറ്റെടുക്കുന്നതിനും പണം കണ്ടെത്തുക എന്നതായിരുന്നു. 2016ൽ ഒരു ഭേദഗതിയിലൂടെ കിഫ്ബിയുടെ അലകും പിടിയും മാറി; അതൊരു ‘ബോഡി കോർപറേറ്റ്’ ആയി. റിസർവ് ബാങ്കിന്റെയും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യുടെയും നിർദേശങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് അതിന് ഏറ്റവും പുതിയ മാർഗങ്ങളിലൂടെ ധനം സമാഹരിക്കാം എന്നായി.

കിഫ്ബിക്കു മുൻപും പിൻപുമുള്ള കേരളത്തിലെ മൂലധനച്ചെലവു പരിശോധിച്ചാൽ ഈ നൂതനാശയം വിജയകരമായിരുന്നുവെന്നു നിസ്സംശയം പറയാൻ കഴിയും. 2012-13 മുതൽ 2015 -16 വരെയുള്ള 4 വർഷങ്ങളിൽ, നിയമസഭയിൽ അവതരിപ്പിച്ച ബജറ്റുകളുടെ അടിസ്ഥാനത്തിൽ, മൂലധനച്ചെലവിനുള്ള അടങ്കൽ തുക 20,652 കോടി രൂപ ആയിരുന്നു. കിഫ്ബി നിയമഭേദഗതിക്കു ശേഷം 2016-17 മുതലുള്ള 4 വർഷങ്ങളിൽ മൂലധനച്ചെലവിന്റെ അടങ്കൽ തുക 49,184 കോടി രൂപയായി വർധിച്ചു. നിത്യനിദാനച്ചെലവുകൾക്കു ശേഷം വികസനത്തിനായി തുക കണ്ടെത്താൻ പാടുപെടുന്ന ഇന്ത്യയിലെ മറ്റു സംസ്ഥാന സർക്കാരുകൾക്ക് കിഫ്ബി ഒരു വഴികാട്ടിയാകാം.

കിഫ്ബി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി, 3 വർഷത്തെ മൊറട്ടോറിയവും 7 വർഷത്തെ തിരിച്ചടവ് അവധിയും ഉൾപ്പെടെ, അടുത്ത 10 വർഷത്തിൽ ഒരുലക്ഷം കോടി രൂപയുടെ കടം വീട്ടുക എന്നതാണ്. 75% കിഫ്ബി പദ്ധതികളിൽനിന്നു നേരിട്ട് ആദായം ഉണ്ടാകുന്നില്ല. അതായത് ബജറ്റിൽനിന്ന് ഈ തുക കണ്ടെത്തണം. അതിനായി നികുതിപിരിവ് ഊർജിതമാക്കണം; പാഴ്ച്ചെലവുകൾ കുറച്ച് ബജറ്റിന് അകത്തുനിന്നുതന്നെ കൂടുതൽ മൂലധനനിക്ഷേപം സാധ്യമാക്കണം. അസാധാരണ സന്ദർഭങ്ങളിൽ പ്രയോഗിക്കാവുന്ന ശസ്ത്രമായി മാത്രം കിഫ്ബിയെ കാണണം.

ഭരണഘടന ഉദ്ധരിച്ച് ഭരണഘടനാസ്ഥാപനമായ സിഎജി (കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ), കിഫ്ബിയുടെ അസ്തിത്വത്തെത്തന്നെ ചോദ്യം ചെയ്യുകയാണ്. സംസ്ഥാന സർക്കാർ മറുവാദങ്ങളിലൂടെ പ്രതിരോധിക്കുന്നു. ഭരണഘടനയുടെ കാവൽക്കാരായ കോടതിയിൽനിന്നേ ഇതിനുള്ള അന്തിമമായ ഉത്തരം പ്രതീക്ഷിക്കേണ്ടതുള്ളൂ. ഇത്രയും വർഷങ്ങൾക്കു ശേഷം സിഎജി മൗലികമായ പ്രശ്നങ്ങൾ ഉന്നയിക്കുകയാണെങ്കിൽ അതിൽ ഉദ്ദേശ്യശുദ്ധിയെക്കുറിച്ചുള്ള സംശയങ്ങൾ സ്വാഭാവികമായും ഉയർന്നുവരാം. കിഫ്ബിയെ പല കാരണങ്ങൾകൊണ്ട് എതിർക്കുന്നവർ ഇംഗ്ലിഷിലെ ഈ പറച്ചിൽ ഓർക്കുന്നതു നല്ലതായിരിക്കും: കുളിപ്പിച്ച വെള്ളത്തിനൊപ്പം കുട്ടിയെയും എറിഞ്ഞുകളയരുത്!

No comments:

Post a Comment