പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻമന്ത്രിയും ജില്ലയിൽനിന്നുള്ള എംഎൽഎയുമായ വി കെ ഇബ്രാഹിംകുഞ്ഞ് അറസ്‌റ്റിലായതിനുപിന്നാലെ യുഡിഎഫിന്റെ നെഞ്ചിടിപ്പേറ്റി എംഎൽഎമാർക്കെതിരായ പരാതികളിലെ അന്വേഷണം വിവിധ ഘട്ടങ്ങളിൽ പുരോഗമിക്കുന്നു. പി ടി തോമസ് എംഎൽഎ പ്രതിയായ, കൊച്ചി നഗരത്തിലെ തോടുനികത്തൽ കേസിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ്. അദ്ദേഹം ഉൾപ്പെട്ട അഞ്ചുമന കള്ളപ്പണം ഇടപാട് കേസിൽ വിജിലൻസ് പ്രാഥമികാന്വേഷണവും ആരംഭിച്ചിട്ടുണ്ട്. വി ഡി സതീശൻ എംഎൽഎയ്‌ക്കെതിരായ പുനർജനി പദ്ധതി സംബന്ധിച്ച പരാതിയിൽ പ്രാഥമികാന്വേഷണത്തിന് അനുമതി തേടി വിജിലൻസ് സർക്കാരിനെ സമീപിച്ചിരിക്കുകയാണ്. എംഎൽഎ അല്ലെങ്കിലും മുൻമന്ത്രി കെ ബാബുവിനെതിരായ വിജിലൻസ് കേസുകളും മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നടക്കുകയാണ്.
പി ടി തോമസ് ഇടപ്പള്ളി അഞ്ചുമനയിൽ 80 ലക്ഷം രൂപയുടെ കള്ളപ്പണം ഇടപാടിന് ഇടനിലക്കാരനായി നിൽക്കുകയും റിയൽ എസ്‌റ്റേറ്റുകാരനൊപ്പം നിന്ന് ഭൂഉടമയെ വഞ്ചിക്കാൻ ശ്രമിച്ചുവെന്നുമുള്ള പരാതിയിലാണ് നവംബർ രണ്ടിന് വിജിലൻസ് പ്രാഥമികാന്വേഷണം ആരംഭിച്ചത്. 10 സെന്റോളം ഭൂമി നാലുസെന്റ് എന്നു പറഞ്ഞ് കരാർ ഉറപ്പിക്കുകയും ഒരുകോടി മൂന്നുലക്ഷം രൂപ നൽകാമെന്ന് ഉറപ്പിച്ചിരുന്നത് എംഎൽഎ ഇടപെട്ട് 80 ലക്ഷമാക്കി കുറയ്‌ക്കുകയും എംഎൽഎയുടെ സാന്നിധ്യത്തിൽ പണം കൈമാറുന്നതിനിടയിൽ ആദായനികുതി ഉദ്യോഗസ്ഥർ പണം പിടിച്ചെടുത്തതുമാണ് പരാതിയിലുള്ളത്. ഒക്ടോബർ എട്ടിനായിരുന്നു സംഭവം.
എറണാകുളം നഗരത്തിൽ ചിലവന്നൂർ കായലിന്റെ ഭാഗമായ കോച്ചാപ്പിള്ളി തോട് നികത്തി റോഡ് നിർമിച്ചെന്ന പരാതിയിൽ പി ടി തോമസും മുൻ മേയർ സൗമിനി ജയിനും ഉൾപ്പെടെ 14 പേർക്കെതിരെ മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എംഎൽഎയുടെ ഭാര്യ ഡയറക്ടർബോർഡ് അംഗമായിരുന്ന കോ–--ഓപ്പറേറ്റീവ് ഹൗസ് കൺസ്ട്രക്ഷൻ സൊസൈറ്റിയുടെ ഭൂമിയിലേക്ക് വഴി ഉണ്ടാക്കാനാണ് തോട് നികത്തിയതെന്നാണ് പരാതി. 2018 ഡിസംബർ 14ന് എംഎൽഎയുടെ സാന്നിധ്യത്തിൽ മേയറുടെ ചേംബറിൽ യോഗം ചേർന്നാണ് ഈ തീരുമാനം എടുത്തതെന്നും പരാതിയിലുണ്ട്.
പറവൂരിൽ സ്വന്തമായി എംഎൽഎ ആവിഷ്‌കരിച്ച പുനർജനി പദ്ധതിയുടെ പേരിൽ ചട്ടം ലംഘിച്ച് വിദേശപണം സ്വീകരിച്ചെന്ന പരാതിയിൽ വി ഡി സതീശൻ എംഎൽഎക്കെതിരെ പ്രാഥമികാന്വേഷണത്തിന് വിജിലൻസ് സർക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ്. വിജിലൻസ് സ്‌പെഷ്യൽ യൂണിറ്റ് ഒന്ന് നടത്തിയ രഹസ്യാന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഒക്ടോബർ അവസാനവാരം അനുമതി തേടി വിജിലൻസ് സർക്കാരിന് കത്തു നൽകിയത്. എസ്‌പി തയ്യാറാക്കിയ രഹസ്യാന്വേഷണ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ സർക്കാരിന് സമർപ്പിച്ചിരിക്കുകയാണ്. അനുമതി ലഭിച്ചാൽ പ്രാഥമികാന്വേഷണം ഉടൻ ആരംഭിക്കും. 2019 ഒക്ടോബറിൽ ലണ്ടനിലെ ബർമിങ്‌ഹാമിൽ നടന്ന പരിപാടിയിൽ എംഎൽഎ പണം ആവശ്യപ്പെട്ട് പ്രസംഗിക്കുന്നതിന്റെ വീഡിയോ ഡിജിറ്റൽ തെളിവായി വിജിലൻസ് ശേഖരിച്ചിട്ടുണ്ട്.
മുൻമന്ത്രി കെ ബാബുവിന്റെ പേരിലുള്ള വരവിൽ കവിഞ്ഞ സ്വത്തുസമ്പാദന കേസിലും ബാർ കോഴ കേസിലും അന്വേഷണം നടത്തി വിജിലൻസ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
No comments:
Post a Comment