കേരളത്തിലെ വികസന പദ്ധതികള്‍ക്കാകെ എതിരായി സിഎജി, ഇഡി, സിബിഐ , എന്‍ഐഎ എന്നിവരെല്ലാം സംഘടിതവും ഏകോപിതവുമായി വമ്പിച്ചൊരു ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഇഡിയുടെ സന്ദേശമെന്നും ഐസക്ക് വ്യക്തമാക്കി.
സിഎജി റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിക്കാന്‍ ഇരിക്കുന്നതെ ഉള്ളു. സഭ അത് പരിശോധിക്കുന്നതിന് ചട്ടമുണ്ട്. പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി പരിശോധിക്കും. റിപ്പോര്‍ട്ട്, നടപടി എടുക്കല്‍ എന്നിവ അതിന്റെ അടിസ്ഥാനത്തിലായിരിക്കും. അതില്‍ നിന്നും മാറി സിഎജി റിപ്പോര്‍ട്ട് പൊതുമണ്ഡലത്തില്‍ താന്‍ ചര്‍ച്ചയാക്കിയെന്നത് അവകാശലംഘമാണെന്ന പ്രതിപക്ഷത്തിന്റെ നോട്ടീസുണ്ട്.അതിന് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. അപ്പോഴാണ് സഭയില്‍ സമര്‍പ്പിക്കാത്ത സിഎജി റിപ്പോര്‍ട്ട് വച്ചുകൊണ്ട് ഇഡി ഇപ്പോള്‍ നടപടി എടുത്തിരിക്കുന്നത്.
പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി (പിഎസി)യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുക്കേണ്ടത്.ഇഡി തന്നെ നടപടിയിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇത് നിയമസഭയോടുള്ള അവഹേളനമാണ്. നിയമസഭയുടെ അവകാശ ലംഘനമാണ്.ഇത് ഗൗരവമായ കളിയിലേക്ക് പോവുകയാണ്. ഇഡിക്ക് കേരളത്തിലെ നിയമസഭയുടെ അധികാരങ്ങളും ചട്ടങ്ങളും എല്ലാം വെല്ലുവിളിച്ച് ആറാടാന്‍ പറ്റുമെന്ന് കരുതണ്ട.
പ്രതിപക്ഷ നേതാവ് ഇനി മൗനം വെടിയണം. നിങ്ങള്‍ തമ്മില്‍ വല്ല ഏര്‍പ്പാടുണ്ടോ സര്‍ക്കാരിനെ വീഴ്ത്താനെന്നും ഐസക്ക് ചോദിച്ചു. അതിനാലാണ് ഈ മൗനം.ധനമന്ത്രി അവകാശ ലംഘനം നടത്തി എന്ന് എത്രതവണ പത്രസമ്മേളനം നടത്തി. റിസര്‍വ്വ് ബാങ്കിനെയൊന്നും താന്‍ വലിച്ചിഴച്ചിട്ടില്ല. അത് സംബന്ധിച്ച് സിഎജി എന്ത് പറഞ്ഞു എന്നും താന്‍ പറയാന്‍ പോയിട്ടില്ല.
ഇഡി എടുത്തിരിക്കുന്ന ഈ നടപടിയെ കുറിച്ച് ചെന്നിത്തല എന്തെ മൗനം പാലിക്കുന്നു. ഗൗരവമായ സ്ഥിതിവിശേഷമാണ്, സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിഎജിയും ഇഡിയും ഗൂഢാലോചനയില്‍ ഏര്‍പ്പെടുക. അതില്‍ ഇഡി തന്നെ മാധ്യമങ്ങള്‍ക്ക് വാട്‌സാപ്പ് മെസേജ് വഴി ചോര്‍ത്തിക്കൊടുത്ത് തലക്കെട്ട് പോലും എങ്ങനെ വേണമെന്ന് ഉപദേശിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തി.
അത്യന്തം പ്രതിഷേധാര്‍ഹമാണ്. സംസ്ഥാനത്തിന്റെ അധികാരത്തിന് മേലുള്ള ഈ കുതിര കയറ്റത്തെ കുറിച്ച് എന്താണ് പ്രതിപക്ഷ നേതാവിന് പറയാനുള്ളത്. നിയമസഭയോടുള്ള അവഹേളനത്തെ കുറിച്ച് എന്ത് പറയുന്നു . ഇഡി അയച്ച വാട്‌സാപ്പ് മെസേജും മന്ത്രി മാധ്യമങ്ങളെ കാണിച്ചു.
ഇഡിയുടെ റഡാറിലേക്ക് കിഫ്ബിയും വന്നിരിക്കുന്നു. ഓരോ പഞ്ചായത്തിലുമുള്ള സ്‌കൂളുകളും റോഡുകളും കെട്ടിടങ്ങളുമടങ്ങുന്ന വികസനത്തെ അട്ടിമറിക്കുന്നതിന് വേണ്ടിയിട്ടുള്ള വമ്പിച്ച ഗൂഢാലോചന നടക്കുകയാണെന്ന് ജനങ്ങള്‍ മനസിലാക്കണമെന്നും ഐസക്ക് വ്യക്തമാക്കി
No comments:
Post a Comment