Tuesday, November 24, 2020

ഐഎഫ്സി വായ്പ: കിഫ്ബിക്ക് ആര്‍ബിഐയുടെ മൂന്‍കൂര്‍ അനുമതി വേണ്ട: തോമസ് ഐസക്ക്

 ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷനില്‍നിന്ന് കിഫ്ബിക്ക് വായ്പ എടുക്കുന്നതിന് റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് വ്യക്തമാക്കി. ഐഎഫ്‌സി ലോക ബാങ്കിന്റെ ഉപസ്ഥാപനമാണ്. എന്നാല്‍, കിഫ്ബിയ്ക്കായി ഐഎഫ്സി നിര്‍ദേശിക്കുന്നത് വിദേശ വായ്പയല്ല.

 ഇന്ത്യന്‍ രൂപയില്‍ ഇന്ത്യയിലാണ് വായ്പ അനുവദിക്കുന്നത്. അതിനാല്‍ ആര്‍ബിഐയുടെ മുന്‍കൂട്ടി അനുമതി ആവശ്യമില്ലാത്തതെന്ന് കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ ധനമന്ത്രി പറഞ്ഞു.

 ഐഎഫ്‌സി-കിഫ്ബി ചര്‍ച്ച തുടരുകയാണ്. ഇതിന്റെ അവസാനം വായ്പയ്ക്ക് കിഫ്ബി ഔപചാരിക അപേക്ഷ സമര്‍പ്പിക്കുമ്പോള്‍, കേന്ദ്രധനകാര്യ വകുപ്പിന്റെ അനുമതി വാങ്ങുക ഐഎഫ്‌സിയുടെ ചുമതലയാണ്. സംസ്ഥാന സര്‍ക്കാരിനാണ് ലോകബാങ്കിന്റെ വായ്പയെങ്കില്‍ സര്‍ക്കാര്‍തന്നെ അനുവാദം വാങ്ങേണ്ടിവന്നേനെ. ലോകബാങ്കും ഐഎഫ്‌സിയും കിഫ്ബിയെ ബോഡി കോര്‍പ്പറേറ്റായാണ് പരിഗണിക്കുന്നത്.

കഴിഞ്ഞ ജൂണ്‍ 30ന് കിഫ്ബിയുടെ 29-ാമത് ഗവേണിങ് ബോഡി ഐഎഫ്സിയില്‍നിന്നും വായ്പയെടുക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കി. ഹരിത വായ്പയാണ് ലക്ഷ്യമിടുന്നത്. ഇതിനായി സമര്‍പ്പിക്കുന്ന പദ്ധതികള്‍, വായ്പാ വ്യവസ്ഥകള്‍, പലിശ തുടങ്ങിയവയുടെ വിശദാംശങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് ഗവേണിംഗ് ബോഡി പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും.

1100 കോടി രൂപ നേരിട്ടുള്ള ഗ്രീന്‍ വായ്പയായോ ഗ്രീന്‍ ബോണ്ടായോ സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കുട്ടനാട് പരിസ്ഥിതി പുനസ്ഥാപനത്തിനുള്ള രണ്ടാം പാക്കേജ്, കാര്‍ബണ്‍ ന്യൂട്രല്‍ വയനാട്, തീരദേശ സംരക്ഷണവും പുനരധിവാസവും, സിഎന്‍ജി / ഇലക്ട്രിക് ബസുകള്‍, ഹരിത കെട്ടിടങ്ങള്‍ തുടങ്ങിയ പദ്ധതികളൊക്കെ ഈ വായ്പയുമായി ബന്ധപ്പെടുത്താവുന്നതാണ്.

ബാങ്കുകള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍, നിക്ഷേപകര്‍ തുടങ്ങിയവരുമായുള്ള നിരന്തര ബന്ധം കിഫ്ബിയുടെ ദൈനംദിന പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ഗവേണിംഗ് ബോഡിയുടെ അനുമതിയോടെ ചര്‍ച്ചകള്‍. ഐഎഫ്സിയേപ്പോലുള്ള അന്തര്‍ദേശീയ ധനകാര്യ സ്ഥാപനം വായ്പയായും,  വായ്പ സമാഹരണ സഹായമായും നല്‍കുന്ന പിന്തുണ കിഫ്ബിക്ക് വലിയ അംഗീകാരമാണ്.

സാങ്കേതിക സഹായത്തിനുള്ള ധാരണാപത്രത്തില്‍ ഐഎഫ്‌സിയും കിഫ്ബിയും ഒപ്പുവച്ചിട്ടുണ്ട്. പിപിപി മാതൃകയില്‍ പശ്ചാത്തലസൗകര്യം വികസിപ്പിക്കുന്നതിനായാണിത്. സ്വകാര്യ സംരംഭകരെ അടക്കം ലഭ്യമാക്കുന്നതിന് ഉതകുന്നതാണീ ധരണ. ഇങ്ങനെയൊരു ധാരണാപത്രത്തില്‍ ഒപ്പിടുന്നതിന് നിരാക്ഷേപപത്രം (എന്‍ഒസി) കേന്ദ്ര ധനമന്ത്രാലയത്തില്‍നിന്ന് കിഫ്ബിക്ക് ലഭിച്ചിട്ടുണ്ട്. ഈ സഹകരണവും കേരളത്തിലെ പശ്ചാത്തല സൗകര്യവികസനത്തിന് വലിയ പിന്തുണയാകുമെന്നും ധനമന്ത്രി പറഞ്ഞു.

No comments:

Post a Comment