കിഫ്‌ബി: മൂന്ന് സംശയവും ഉത്തരങ്ങളും - ആർ രാംകുമാർ എഴുതുന്നു
കിഫ്ബിയെക്കുറിച്ച് പലർക്കും പല സംശയങ്ങളുണ്ട്. മൂന്ന് പ്രധാന ചോദ്യംമാത്രം എടുത്ത് വിശകലനം ചെയ്യാം.
1) കേരളത്തിന്റെ കടഭാരം എൽഡിഎഫ് കാലത്ത് വർധിച്ചിട്ടുണ്ടോ?
സംസ്ഥാനത്തിന്റെ കടം എൽഡിഎഫ് കാലത്ത് വർധിച്ചിട്ടില്ല. വർധിക്കാൻ ഒരു വഴിയുമില്ല. കാരണം, കേന്ദ്ര അനുമതിയുണ്ടെങ്കിൽ മാത്രമേ കടം എടുക്കാൻ കഴിയൂ. ഒരു സമ്പദ്ഘടന വളരുന്തോറും കടം എടുക്കാനുള്ള പ്രാപ്തി വർധിക്കും. അപ്പോൾ കടം എന്നത് സമ്പദ്ഘടനയുടെ വലിപ്പത്തിന് ആപേക്ഷികമായേ നിർവചിക്കാൻ കഴിയൂ. അതിനെയാണ് നമ്മൾ റവന്യൂ കമ്മി, ധനകമ്മി, ജിഡിപിയുടെ വലിപ്പവുമായി താരതമ്യം ചെയ്യുമ്പോൾ കടമെത്ര എന്നൊക്കെ പരിശോധിക്കുന്നത്.
എൽഡിഎഫ് വന്നശേഷമുള്ള 2016–-17 വർഷത്തിൽ 4.17 ശതമാനമായിരുന്നു ധനകമ്മി. 2019–-20 വർഷത്തിൽ മൂന്ന് ശതമാനമായി. റവന്യൂ കമ്മിയും 2.44ൽനിന്ന് കുറഞ്ഞു രണ്ട് ശതമാനമായി. കടഭാരം ജിഎസ്‌ഡിപിയുടെ ശതമാനമായി നോക്കിയാലാണ് വളരെ ചെറിയ ഒരു വർധന കാണുന്നത്. അതിനെ ഒരു വർധന എന്നുപറയാൻ കഴിയില്ല. കാരണം, ജിഎസ്‌ഡിപിയുടെ 45 ശതമാനം കണ്ടാണ് യുഡിഎഫ് കാലത്ത് കടഭാരം വർധിച്ചത്. ഒരു ശതമാനത്തിൽ താഴെയാണ് എൽഡിഎഫ് കാലത്ത് വർധിച്ചത്. അത് രണ്ടു പ്രളയവും ഒരു ഓഖിയും നേരിട്ട കാലത്താണ് എന്നറിയുമ്പോളാണ് നേട്ടത്തിന്റെ പ്രാധാന്യം മനസ്സിലാകുന്നത്.
2) കിഫ്‌ബി സംവിധാനം ഭാവികടം വർധിപ്പിക്കില്ലേ?
ഇല്ല എന്നാണുത്തരം. കിഫ്‌ബി വഴി കേരളം 50000 കോടി രൂപ നിക്ഷേപം നടത്താൻ പോകുന്നു. ഇതുവഴി വലിയ കടഭാരമാണ് സംസ്ഥാന സർക്കാരിന് ഉണ്ടാകുന്നത്. ഇത് താങ്ങാൻ കെൽപ്പില്ല. ഇതാണല്ലോ വാദം. അടിസ്ഥാന കാര്യങ്ങൾപോലും മനസ്സിലാക്കാതെയുള്ള വിമർശനമാണിത്.
എന്താണ് കിഫ്ബി ചെയ്യാൻ ഉദ്ദേശിച്ചത്? അടുത്ത അഞ്ച് വർഷത്തേക്ക് ഏകദേശം 50,000 കോടിയുടെ മൂലധനനിക്ഷേപം നടത്തുക. ഇതിനായി വിവിധ ഏജൻസികളിൽനിന്നും വിദേശത്തുനിന്നും എടുക്കാൻ കഴിയുന്ന കടത്തെ ആശ്രയിക്കുക. ഇങ്ങനെ എടുക്കുന്ന കടം 15 വർഷംകൊണ്ട് മടക്കിനൽകാൻ കഴിയുന്ന സാഹചര്യം ഒരുക്കുക. ആദ്യത്തെ മൂന്നു വർഷം തിരിച്ചടയ്‌ക്കുന്നതിന് മോറട്ടോറിയം ഉണ്ടാകും. ബോണ്ടുകൾക്കുള്ള ഒമ്പത് ശതമാനം പലിശനിരക്കിലാണ് ഈ കണക്കുകൾ. ആദ്യത്തെ വർഷം 5000 കോടി കടമെടുക്കുന്നു. രണ്ടാമത്തെ വർഷം 10,000 കോടി. മൂന്നാമത്തെ വർഷം 20,000 കോടിയും നാലാമത്തെ വർഷം 15,000 കോടിയും കടമെടുക്കുന്നു. മൊത്തം അമ്പതിനായിരം കോടി എടുക്കുന്നു. നിക്ഷേപം നടത്തുന്നു.
ഇത് എങ്ങനെ തിരിച്ചുകൊടുക്കും? ഇതിനായി രണ്ട് പ്രധാന സ്രോതസ്സുകളെ കിഫ്ബിക്ക് ആശ്രയിക്കാൻ കഴിയുന്നു. ഒന്നാമതായി, സംസ്ഥാന സർക്കാർ എല്ലാ വർഷവും ബജറ്റിൽനിന്ന് ഒരു വിഹിതം കൈമാറുന്നു. എന്താണ് ഈ വിഹിതം? ആദ്യത്തേത് പിരിക്കുന്ന പെട്രോൾ സെസ് മുഴുവനും കൈമാറുന്നു. രണ്ടാമതായി, മോട്ടോർ വാഹനനികുതിയിൽനിന്ന് ഒരു ഭാഗം കൈമാറുന്നു. ആദ്യവർഷം പത്ത് ശതമാനം, രണ്ടാംവർഷം 20 ശതമാനം, മൂന്നാം വർഷം 30ശതമാനം, നാലാം വർഷം 40 ശതമാനം, അഞ്ചാം വർഷംമുതൽ 50ശതമാനംവച്ച്. ഇതാണ് ആദ്യത്തെ സ്രോതസ്സ്.
ഇങ്ങനെ കിട്ടുന്ന പണം കിഫ്‌ബി ബാങ്കിലോ ധനവിപണിയിലോ നിക്ഷേപിക്കുന്നു. ഈ നിക്ഷേപങ്ങളിൽനിന്ന് ലഭിക്കുന്ന പലിശ ലാഭവും കിഫ്ബിക്ക് ഒരു വരുമാനമാണ്. ഇതാണ് രണ്ടാമത്തെ സ്രോതസ്സ്. ഇതിനെല്ലാം പുറമെ, സർക്കാർ തുടക്കത്തിൽത്തന്നെ കിഫ്ബിക്ക് ഏകദേശം 2490 കോടി രൂപയുടെ കോർപസ് ഗ്രാൻഡ് നൽകിയിട്ടുണ്ട്.
കേരളത്തിലെ മോട്ടോർ വാഹനനികുതി ഓരോ വർഷവും 16 ശതമാനം കണ്ടു വളരും എന്നാണ് കണക്കാക്കിയിട്ടുള്ളത്. അങ്ങനെ നോക്കിയാൽ 2016–-17 മുതൽ 2030–-31 വരെ വിഹിതമായും സെസായും മൊത്തം 98,355 കോടിയുടെ കൈമാറ്റം. ഇതാകും കിഫ്ബിയിൽ കടം തിരിച്ചടയ്ക്കാനായി 15 വർഷം കഴിയുമ്പോൾ ബാക്കി ഉണ്ടാകാൻ സാധ്യതയുള്ള തുക. ഇത് എവിടെയെങ്കിലും നിക്ഷേപിച്ചിട്ടുണ്ട് എങ്കിൽ അതിൽനിന്ന് കിട്ടാൻ സാധ്യതയുള്ള പലിശ വരുമാനംകൂടി കൂട്ടിയാൽ ഒരു ലക്ഷം കോടിയിലേറെ ഉണ്ടാകും.
എത്ര കടമാണ് തിരിച്ച് അടയ്‌ക്കേണ്ടിവരിക. ഏകദേശം 89,783 കോടി രൂപ. ഓരോ കടവും ആദ്യത്തെ മൂന്ന് വർഷത്തിനുശേഷം ഏഴ് വർഷംകൊണ്ട് തിരിച്ചടയ്‌ക്കുന്നു. അങ്ങനെ തിരിച്ചടയ്ക്കാൻ വേണ്ടിവരുന്നത് 89,783 കോടി. കൈയിലുള്ളതോ 98,355 കോടി. തിരിച്ചടയ്ക്കാൻ വേണ്ടതിനേക്കാൾ കൂടുതൽ പണം ഉണ്ടാകും എന്നതല്ലേ വാസ്തവം? ഇവിടെ എവിടെയാണ് സർക്കാരിന്റെ കടഭാരം വർധിക്കുന്നത്? പക്ഷേ, സംസ്ഥാനത്തിന്റെ വരുമാനം നമ്മൾ അനുമാനിച്ച രീതിയിൽ വളർന്നുവെന്നു വരില്ല. നാല് വർഷത്തെ വാസ്തവത്തിലുള്ള കണക്കുകളെടുത്ത് പരിശോധിച്ചാൽ രണ്ടോ മൂന്നോ പ്രധാന പ്രശ്നങ്ങൾ വന്നുചേർന്നിട്ടുണ്ട്.
ഒന്നാമതായി, വരുമാനം അനുമാനിച്ച രീതിയിൽ വളർന്നില്ല. ദേശീയതലത്തിൽ സാമ്പത്തികമാന്ദ്യവും പ്രളയംപോലുള്ള പ്രകൃതിദുരന്തങ്ങളുമാണ് കാരണം. 2019–-20 വരെ ഏകദേശം 4226 കോടി മോട്ടോർ വാഹന നികുതി വിഹിതമായി കൈമാറും എന്നാണ് കരുതിയിരുന്നതെങ്കിലും ഏകദേശം 3640 കോടി മാത്രമേ കൈമാറിയുള്ളൂ. സെസും കൂട്ടിയാൽ മൊത്തം 5560 കോടി കൈമാറിയിട്ടുണ്ട് (കോർപസ് ഗ്രാന്റായി കൊടുത്ത 2490 കോടിക്കു പുറമേയാണ് ഇതെല്ലാം. അതുംകൂടി കൂട്ടിയാൽ 8050 കോടിയാകും)
രണ്ടാമതായി, കരുതിയിരുന്ന വേഗതയിൽ വായ്‌പകൾ എടുക്കാനായില്ല. ഏകദേശം 4200 കോടി മാത്രമാണ് എടുത്തത്. അഞ്ച് വർഷംകൊണ്ട് 50,000 കോടി നിക്ഷേപിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. കാരണം, കിഫ്ബിയുടേത് കൃത്യമായ ഒരു ഫിനാൻഷ്യൽ മാനേജ്മെന്റ് രീതിയാണ്. സർക്കാരിൽനിന്ന് വരുമാനം കുറഞ്ഞാൽ എടുക്കുന്ന കടവും നടത്തുന്ന നിക്ഷേപവും സ്വയമേവ കുറയ്ക്കും.
മൂന്നാമതായി, കിഫ്ബിക്കു പൂർത്തീകരിക്കാൻ കഴിയും എന്ന് വിശ്വസിച്ചിരുന്ന വേഗതയിൽ പദ്ധതികൾ പൂർത്തീകരിക്കാനായില്ല. എല്ലാ ബില്ലും അവസാനമാകുമ്പോൾ കൊടുത്തുതീർത്താൽ മതിയാകും എന്ന സൗകര്യമുള്ളതുകൊണ്ടും എടുക്കുന്ന കടം കുറഞ്ഞുപോയതുകൊണ്ടും അപകടമുണ്ടായിട്ടില്ല. പണികളെല്ലാംതന്നെ ഒരു വെട്ടിക്കുറയ്‌ക്കലും കൂടാതെ നടക്കുന്നു.
മോട്ടോർ വാഹനനികുതി 16 ശതമാനം കണ്ടു വരുമാനം വളരും എന്നത് മാറ്റി 10 ശതമാനം എന്നാക്കി മാറ്റിയാൽ 2030–-31 വരെ സർക്കാർ വിഹിതമായി കിട്ടുന്നത് 98,355 കോടിയല്ല മറിച്ച് 50,405 കോടി മാത്രമാകും. ഇത്രയും പണമാണ് പലിശയടക്കം കൊടുത്തുതീർക്കാൻ കിഫ്ബിയുടെ കൈയിൽ ഉണ്ടാകുക. അതായത്, 50,000 കോടിയുടെ നിക്ഷേപലക്ഷ്യം എന്നത് കുറയും. ഏകദേശം 30,000 കോടിക്കടുത്തു മാത്രമേ നിക്ഷേപം നടത്താൻ കഴിയൂ. കാരണം, വരുമാനത്തിനനുസരിച്ച് എടുക്കുന്ന കടവും കുറയ്ക്കപ്പെടും. എന്നാലും വലിയൊരു നേട്ടമാണ്. കിഫ്ബിയില്ലെങ്കിൽ പൂജ്യമായിരിക്കുമല്ലോ നിക്ഷേപം. അതായത്, സർക്കാരിന്റെ വരുമാനം കുറഞ്ഞാലും അതിനനുസരിച്ച് കിഫ്ബിയുടെ കടമെടുപ്പും നിക്ഷേപവും കുറയും എന്നതുകൊണ്ട് സർക്കാരിന്റെ കടഭാരം കൂടുന്നില്ല.
3) കിഫ്ബിക്ക് വിദേശ കടമെടുക്കാമോ? കേന്ദ്ര സർക്കാരിന് മാത്രമല്ലേ അതിനു കഴിയൂ?
ഭരണഘടനയിലെ ആർട്ടിക്കിൾ 293(1) പ്രകാരം, സംസ്ഥാനങ്ങൾക്ക് രാഷ്ട്രത്തിന്റെ അതിർത്തികൾക്കുള്ളിൽ മാത്രമല്ലേ കടമെടുക്കാൻ കഴിയൂ? ഇതാണ് അടുത്ത സംശയം. കിഫ്ബിയെന്നാൽ സംസ്ഥാനസർക്കാരല്ല. അതുകൊണ്ട് ഭരണഘടനയുടെ ഈ ആർട്ടിക്കിൾ നമ്മുടെ ചർച്ചയിൽ ബാധകമല്ല. കിഫ്‌ബി ഒരു ബോഡി കോർപറേറ്റ് ആണ്. അങ്ങനെ ആര് നിശ്ചയിച്ചു? രാജ്യത്തെ കേന്ദ്ര–-സംസ്ഥാന സർക്കാരുകൾക്ക് നിയമനിർമാണം വഴി ഇത്തരത്തിലുള്ള ഒരു ബോഡി കോർപറേറ്റ് സ്ഥാപിക്കാം എന്ന് കമ്പനി നിയമം പറയുന്നുണ്ട്. കിഫ്‌ബി 1999ലെ സംസ്ഥാന നിയമസഭ പാസാക്കിയ ഒരു നിയമം വഴിയാണ് ബോഡി കോർപറേറ്റ് ആയി സ്ഥാപിക്കപ്പെടുന്നത്. അപ്പൊ പിന്നെയും സംശയം. ബോഡി കോർപറേറ്റ് ആയാൽ രജിസ്റ്റർ ചെയ്യേണ്ടേ? ചെയ്തിട്ടുണ്ടോ? വേണ്ട; രജിസ്റ്റർ ചെയ്യേണ്ട എന്നാണുത്തരം. ഉദാഹരണത്തിന്, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പാർലമെന്റ് നിയമം വഴിയുണ്ടാക്കിയ ഒരു ബോഡി കോർപറേറ്റ് ആണ്. അവരും എവിടെയും രജിസ്റ്റർ ചെയ്തിട്ടില്ല.
ബോഡി കോർപറേറ്റ് ആണെങ്കിൽ വിദേശകടം എടുക്കാമോ? മസാല ബോണ്ട് ഇറക്കാമോ? എടുക്കാം. ഇറക്കാം. ആർബിഐയുടെ ഫോറിൻ എക്സ്ചേഞ്ച് ഡിപ്പാർട്ട്‌മെന്റ് (എഫ്‌ഇഡി) 2015–-16 വർഷത്തിൽ പുറത്തിറക്കിയ മാസ്‌റ്റർ ഡയറക്‌ഷൻ .5/2015–-16 സെക്‌ഷൻ 3.3.2 പ്രകാരമാണത്.
അപ്പോൾ അടുത്ത സംശയം. ഇതിപ്പോഴുമുണ്ടോ? ഇല്ല. ഈ സൗകര്യം 2019 ജനുവരിവരെ മാത്രമേയുണ്ടായിരുന്നുള്ളൂ. 2019 ജനുവരി 16ന് ഈ സൗകര്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആർബിഐ ഈ ചട്ടം ഭേദഗതി ചെയ്തു. എന്നിട്ട് വിദേശനിക്ഷേപം വാങ്ങാൻ കഴിയുന്ന എല്ലാവർക്കും മസാല ബോണ്ടിറക്കാം എന്നാക്കി മാറ്റി. അതുപ്രകാരം ഭാവിയിൽ കിഫ്ബിക്ക് മസാല ബോണ്ട് ഇറക്കാൻ കഴിയില്ല. അതുകൊണ്ട് പ്രശ്നമുണ്ടോ? ഇല്ല, കാരണം, ഈ ഭേദഗതി വരുന്നതിനുമുമ്പുതന്നെ കിഫ്‌ബി മസാല ബോണ്ട് ഇഷ്യൂ ചെയ്തു കഴിഞ്ഞിരുന്നു. 2018 ജൂണിൽത്തന്നെ ആർബിഐ ഇതുമായി ബന്ധപ്പെട്ട അനുമതി കിഫ്ബിക്കു നൽകി കഴിഞ്ഞിരുന്നു. അതായത്, ഭേദഗതിക്കുമുമ്പുതന്നെ. ഇനി മസാല ബോണ്ട് ഇറക്കാൻ പറ്റുമോ? ഇല്ല. പറ്റില്ല.
പക്ഷേ, അനുമതി ആക്സിസ് ബാങ്കിനല്ലേ? കിഫ്ബിക്കല്ലല്ലോ? അതങ്ങനെയാണ് നിയമം. രണ്ട് രീതിയിൽ അനുമതി വാങ്ങാം. ഒന്ന്, ഓട്ടോമാറ്റിക് റൂട്ട്. രണ്ട്, അപ്രൂവൽ റൂട്ട്. 700 മില്യൺ ഡോളറിന് മുകളിൽ ബോണ്ട് ഇറക്കുന്നുണ്ടെങ്കിൽ മാത്രമേ അപ്രൂവൽ റൂട്ട് സ്വീകരിക്കേണ്ടതുള്ളൂ. നേരിട്ട് ആർബിഐയിൽനിന്ന് അനുമതി വാങ്ങൽ. അതിൽ കുറവായതിനാൽ ഓട്ടോമാറ്റിക് റൂട്ട് ആണ് വേണ്ടത്. എന്നുവച്ചാൽ ആർബിഐ പറയുന്നു. ബാങ്ക് വഴി അപ്ലിക്കേഷൻ അയച്ചാൽ മതി. ഞങ്ങൾ ഓട്ടോമാറ്റിക് ആയി അനുമതി തരും; ലോൺ രജിസ്ട്രേഷൻ നമ്പർ ഇഷ്യൂ ചെയ്യും. അതാണ് കിഫ്‌ബി ആക്സിസ് ബാങ്ക് വഴി ചെയ്തതും അനുമതി വാങ്ങിയതും. കൂടുതൽ ചോദ്യങ്ങളുണ്ടെങ്കിൽ ആർബിഐയോടാകാം. കേരളത്തോട് വേണ്ട.
No comments:
Post a Comment