Saturday, November 14, 2020

സ്‌മാർട്ട്‌ പവർഫുൾ ; മുഖംമിനുക്കി ഓഫീസുകൾ

ലോകമാകെ ഒരു വിരൽത്തുമ്പിലേക്ക്‌ ചുരുങ്ങിയപ്പോഴും നമ്മുടെ പഞ്ചായത്തുകളും വില്ലേജുകളും ചുവപ്പുനാടകളുടെയും ഫയൽകൂമ്പാരത്തിന്റെയും താവളമായിരുന്നു ഇതുവരെ.  എന്നാൽ ഇപ്പോൾ എല്ലാം സ്‌മാർട്ടായി. പെട്ടെന്ന്‌ കാര്യങ്ങൾ നടത്തി തിരികെപോരാം. ഓഫീസ്‌ കെട്ടിടങ്ങൾതൊട്ട്‌ അനുബന്ധ സൗകര്യങ്ങൾ വരെ മാറി.  സേവനവും‌ ജീവനക്കാരുടെ ഇടപെടലും എല്ലാം സിംപിളും പവർഫുള്ളുമായി.

കോഴിക്കോട്ടെ കിഴക്കൻ മലയോരത്തെ പഞ്ചായത്താണ്‌ കായക്കൊടി. ഒരുകാലത്ത് പരാധീനതകളുടെ കൂമ്പാരമായിരുന്നു ഇവിടം‌, മറ്റു‌ പല  പഞ്ചായത്തുകളുമെന്നപോലെ.‌ അതെല്ലാം കായക്കൊടിക്കാർക്ക്‌ ഓർമയായി. ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച പഞ്ചായത്തിലെത്തി സംതൃപ്‌തിയോടെ മടങ്ങിപ്പോകാൻ അവർക്കിന്ന്‌ അധികസമയം വേണ്ട.

വരവേൽക്കാൻ മികച്ച ഫ്രണ്ട്‌ ഓഫീസ്‌, പരാതികളും അപേക്ഷകളും സ്വീകരിക്കാൻ രണ്ട്‌‌ ജീവനക്കാർ, ഇരിപ്പിടങ്ങൾ, മുലയൂട്ടൽ മുറികൾ, വൃത്തിയുള്ള ശുചിമുറികൾ...‌. മുമ്പ്‌‌ വിവിധ ആവശ്യങ്ങൾക്ക്‌ എത്തുന്നവർ കൂട്ടം കൂടി നിന്ന്‌, സൗകര്യമില്ലാതെ നട്ടംതിരിയുന്നത്‌  സ്ഥിരം കാഴ്‌ചയായിരുന്നു.

മികച്ച സേവനം നൽകാൻ ഭൗതിക സൗകര്യങ്ങളും മെച്ചപ്പെടണമെന്ന കാഴ്‌ചപ്പാടാണ്‌ കഴിഞ്ഞ അഞ്ചാണ്ടിനിടെ പഞ്ചായത്തുകളുടെ മുഖഛായ മാറ്റിയെഴുതിയത്‌. ഐഎസ്‌ഒ അംഗീകാരത്തോടെയാണ്‌ സംസ്ഥാനത്തെ 99.5 ശതമാനം പഞ്ചായത്തുകളുടെയും പ്രവർത്തനം. ആകെയുള്ള 941 ൽ 939 ഉം ഐഎസ്‌ഒ സർട്ടിഫിക്കേഷൻ നേടി.  വികേന്ദ്രീകരണ പ്രക്രിയകളെ കൂടുതൽ മികവുറ്റതാക്കാനും ജനസൗഹൃദമാക്കാനും ഇത്‌ സഹായകരമാണ്‌.

കുമരകം ഗ്രാമ പഞ്ചായത്ത്‌ ഓഫീസ്

എല്ലാം മാറി; ഞാനും

‘‘നൂലാമാലകളും ചുവപ്പുനാടയുമില്ലാതെയാണ്‌ കൂലിവേലക്കാരനായ ഞാൻ വീടിന്റെ ഓരോ ഘട്ടവും പൂർത്തീകരിച്ചത്‌. പഞ്ചായത്ത്‌ മെമ്പറുടെ നിർദേശപ്രകാരം ആദ്യം പഞ്ചായത്തിലെത്തി അപേക്ഷ നൽകി. ഫ്രണ്ട്‌ ഓഫീസിൽ അപേക്ഷ നൽകുകയേ വേണ്ടി വന്നുള്ളൂ. ബാക്കിയെല്ലാ കാര്യങ്ങളും അവിടെനിന്ന്‌ വിളിച്ച്‌ പറയും. ഓരോ ഘട്ടവും അങ്ങോട്ട്‌ സമീപിക്കാതെ തന്നെ തേടിവന്നു. അതുകൊണ്ടുതന്നെ വേഗംവീടിന്റെ പണി തീർത്ത്‌ താമസമാരംഭിക്കാനായി.  അഞ്ചുവർഷംകൊണ്ട്‌ തന്റെ ജീവിതംമാത്രമല്ല, പഞ്ചായത്തിന്റെ മുഖംപോലും ഒരുപാട്‌ മാറി’’

പാലക്കാട്‌ വെള്ളിനേഴി ഗ്രാമ പഞ്ചായത്ത്‌ ഓഫീസ്‌

അടിസ്ഥാനമിട്ട്‌ 10,000 കോടി

കഴിഞ്ഞ നാലുവർഷത്തിനിടെ സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്തത്‌ റെക്കോഡ്‌ വികസന പദ്ധതികൾ. അടിസ്ഥാന സൗകര്യ  വികസന മേഖലയിൽമാത്രം 10,389.46 കോടി രൂപയുടെ വികസനമാണ്‌ നടന്നത്‌.

എല്ലാം ഒറ്റക്ലിക്കിൽ

ഫെബ്രുവരിയിലായിരുന്നു വയനാട്‌ മീനങ്ങാടി സ്വദേശി ജിബിയുടെയും ഇരിട്ടിയിലെ ആതിരയുടെയും കല്യാണം. കോവിഡ്‌ ഭീഷണിയിൽ കുടുങ്ങി അക്ഷയ വഴി വിവാഹം രജിസ്‌റ്റർചെയ്‌തത്‌ കഴിഞ്ഞ മാസം അവസാനം. നടപടികൾ പൂർത്തിയാക്കി ദിവസങ്ങൾക്കകം വിവാഹ സർട്ടിഫിക്കറ്റ്‌ റെഡി. മുമ്പ്‌‌ തദ്ദേശസ്ഥാപനങ്ങളിൽ ചുവപ്പുനാടക്കുരുക്കിലായിരുന്ന സംവിധാനമാണ്‌ ഇപ്പോൾ‌ അതിവേഗം ആവശ്യക്കാരിലെത്തുന്നത്‌. പഞ്ചായത്തുകളിലും നഗരസഭകളിലും നടപ്പാക്കിയ ഇ ഗവേണൻസ്‌ പദ്ധതിയാണ്‌ വേഗംകൂട്ടിയത്‌.

ജനന, മരണ, വിവാഹ സാക്ഷ്യപത്രങ്ങൾ, വസ്‌തുനികുതി ഇ പേയ്‌മെന്റ്‌, ഫയൽ നിജസ്ഥിതി അന്വേഷണം, സാമൂഹ്യ സുരക്ഷാ പെൻഷൻ, കെട്ടിട നിർമാണ പെർമിറ്റ്‌, പഞ്ചായത്ത്‌ പിഎഫ്‌, ടെൻഡറുകൾ തുടങ്ങി നിരവധി അപേക്ഷകളാണ്‌ ഓൺലൈനായി തീർപ്പാക്കുന്നത്‌. അപേക്ഷിച്ചാൽ സർടിഫിക്കറ്റുകൾ കംപ്യൂട്ടറിലോ സ്‌മാർട്ട്‌ഫോണിലോ എത്താൻ അധിക ദിവസംവേണ്ട. ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ്‌ സിസ്റ്റം(ഐഎൽജിഎംഎസ്‌) സോഫ്‌റ്റ്‌വെയർ മുഖേനയാണ്‌ സർട്ടിഫിക്കറ്റ്‌ നൽകുന്നത്‌‌.

മുമ്പ്‌ നേരിട്ട്‌ പോയി‌ വാങ്ങിയ ഇരുനൂറിലധികം സേവനങ്ങൾ ഇ ഗവേണൻസിലൂടെ വീട്ടിൽകിട്ടും. അപേക്ഷകൾക്കു‌ പുറമെ പരാതികളും അപ്പീലും നിർദേശങ്ങളുമെല്ലാം ഓൺലൈനായി സ്വീകരിക്കും. അപേക്ഷയിൽ നടപടി പൂർത്തിയായാൽ അറിയിപ്പും എസ്‌എംഎസായി കിട്ടും.

ചിരിതൂകുന്നു തെരുവുകൾ

മുനിഞ്ഞുകത്തി മഞ്ഞവെളിച്ചം പരത്തുന്ന വൈദ്യുതി തൂണുകളായിരുന്നു മലയാളി മനസ്സിലെ തെരുവുവിളക്കുകൾ. ഗൃഹാതുരമായ ആ ഓർമകൾക്ക്‌ മുകളിലിന്ന്‌ വെള്ളിവെളിച്ചം പ്രഭ തൂകുകയാണ്‌. നഗരപാതയോരങ്ങളിലും നാട്ടിടവഴികളിലും ഇപ്പോൾ എൽഇഡി വിളക്കുകൾ വെളിച്ചം വിതറുന്നു. വേണ്ടത്ര തെരുവുവിളക്കില്ലെന്നും ഉള്ളവ കത്തുന്നില്ലെന്നുമുള്ള പരാതിക്കും അറുതിയായി.

പഞ്ചായത്തുകളുടെ പദ്ധതിഫണ്ടിൽനിന്ന്‌  തുക വകയിരുത്തിയാണ്‌ തെരുവുവിളക്ക്‌ സ്ഥാപിക്കുന്നത്‌. എല്ലാ തെരുവുകളും പ്രകാശപൂരിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ പദ്ധതി‌. പ്രധാന വൈദ്യുതിലൈനിൽനിന്ന്‌ കണക്‌ഷൻ നൽകിയായിരുന്നു ഫിലമെന്റ്‌ ലൈറ്റുകൾ പ്രകാശിപ്പിച്ചിരുന്നത്‌. ഇപ്പോഴത്‌ പ്രത്യേക ലൈനായി മാറി. ഇത്‌ വഴി മുടക്കമില്ലാതെ വെളിച്ചം ലഭിക്കും. ബൾബുകൾ എൽഇഡിയായതോടെ വൈദ്യുതി ഉപയോഗവും കുറഞ്ഞു. കോഴിക്കോട്‌ തലക്കുളത്തൂർ പഞ്ചായത്തിൽമാത്രം 1200ൽ അധികം തെരുവുവിളക്കാണ്‌ സ്ഥാപിച്ചതെന്ന്‌ പ്രസിഡന്റ്‌ സി പ്രകാശൻ പറഞ്ഞു.

നഗരം നന്നാക്കാൻ  7093.44 കോടി

സംസ്ഥാനത്ത് നഗരവൽക്കരണത്തിന്റെ ഭാഗമായി 7093.44 കോടി രൂപയുടെ പ്രത്യേക പദ്ധതിയാണ്‌ നടപ്പാക്കുന്നത്‌. കുടിവെള്ള വിതരണം, മാലിന്യപരിപാലനം, നഗര ശുചീകരണം, വാഹന പാർക്കിങ്‌, നഗരങ്ങളുടെ മനോഹാരിത വർധിപ്പിക്കൽ എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. 

സുജിത്‌ ബേബി

No comments:

Post a Comment