Monday, November 16, 2020

കിഫ്‌ബിക്ക്‌ എതിരായ വിവാദം വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കം: സിപിഐ എം

കേരളത്തിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായിട്ടാണ്‌ കിഫ്‌ബി യ്‌ക്കെതിരായി വിവാദം സൃഷ്ടിക്കുന്നതെന്ന്‌ സി.പി.ഐ എം)സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ തകര്‍ക്കുന്നതിന്‌ വേണ്ടി വിവിധ കേന്ദ്ര ഏജന്‍സികളായ ഇ.ഡി, സിബിഐ, എന്‍ഐഎ, കസ്റ്റംസ്‌ ഏറ്റവും അവസാനം സിഎജിയും ശ്രമിക്കുകയാണ്‌. സ്വര്‍ണ്ണ കള്ളക്കടത്ത്‌ അന്വേഷിക്കുന്നതിന്‌ വന്ന ഏജന്‍സികള്‍ ആ ചുമതല നിര്‍വ്വഹിക്കുന്നതിനപ്പുറം എല്ലാ വികസന പദ്ധതികളിലും ഇടങ്കോലിടുകയാണ്‌. കെ ഫോണ്‍, ഇ-മൊബിലിറ്റി, ടോറസ്‌ പാര്‍ക്ക്‌, ലൈഫ്‌ മിഷന്‍ തുടങ്ങിയ പദ്ധതികളില്‍ അവര്‍ ഇടപെട്ടു കഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയാണ്‌ കിഫ്‌ബി വഴി വായ്‌പ എടുക്കുന്നത്‌ തന്നെ നിയമ വിരുദ്ധമാണെന്നുള്ള സിഎജിയുടെ കരട്‌ റിപ്പോര്‍ട്ടിന്റെ വ്യാഖ്യാനം .

കിഫ്‌ബി വിദേശത്ത്‌ നിന്ന്‌ വായ്‌പ എടുത്തത്‌ ഭരണഘടനാ വിരുദ്ധമെന്ന്‌ വിധിക്കാന്‍ ആര്‍എസ്‌എസ്സും ബിജെപിയും നയിക്കുന്ന സ്വദേശി ജാഗരണ്‍ മഞ്ചാണ്‌ മുന്നോട്ടു വന്നത്‌. അവരെ സഹായിക്കുന്നത്‌ കേരള പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിയാണ്‌. സിഎജി ആവട്ടെ ഒരു പടികൂടി കടന്നു കിഫ്‌ബിയുടെ എല്ലാ വായ്‌പകളും ഭരണ ഘടന വിരുദ്ധമെന്ന വ്യാഖ്യാനത്തില്‍ എത്തിയിരിക്കുകയാണ്‌. ഈ കേസില്‍ സിഎജിയെ കക്ഷി ചേര്‍ത്തിട്ടുമുണ്ട്‌. കിഫ്‌ബി കേരളത്തില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന പദ്ധതികളെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്സും, ബിജെപി യുമായി ഒരു അവിശുദ്ധ സഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്‌ . സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കമ്പനികള്‍ കമ്പോളത്തില്‍ നിന്ന്‌ വായ്‌പയെടുക്കാന്‍ ഇതുവരെ ഉണ്ടായിരുന്ന അവകാശം ഇല്ലാതാക്കാനാണ്‌ ശ്രമം.

കേരളത്തിലെ ഓരോ പഞ്ചായത്തിലും മുന്‍സിപ്പാലിറ്റിയിലും നടന്നു കൊണ്ടിരിക്കുന്ന സ്‌കൂളുകളുടെയും ആശുപത്രികളുടേയും പുനര്‍നിര്‍മ്മാണം, റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണം, വ്യവസായ പാര്‍ക്കുകളുടെ സ്ഥാപനം, തുടങ്ങി അമ്പതിനായിരം കോടി രൂപയുടെ എണ്ണൂറില്‍ പരം പദ്ധതികള്‍ തുടരണമോ, അതോ ഉപേക്ഷിക്കപ്പെടണമോ എന്നുള്ള ഗൗരവമായ ചോദ്യമാണ്‌ ജനങ്ങളുടെ മുന്നില്‍ ഉയര്‍ന്നു വന്നിട്ടുള്ളത്‌. കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും സി എ ജിയുടെയും വ്യഖ്യാനങ്ങള്‍ അംഗീകരിച്ചാല്‍ ഈ വികസന പ്രവര്‍ത്തനങ്ങള്‍ ആകെ അട്ടിമറിക്കപ്പെടും.

വികസന പരിപാടികള്‍ സംരക്ഷിക്കുന്നതിനുള്ള ജനകീയ അഭിപ്രായം വളര്‍ന്നുവരണം. ഈ വരുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഈ വികസന വിരുദ്ധ ശക്തികള്‍ക്ക്‌ കനത്ത തിരിച്ചടി നല്‍കി കൊണ്ടേ ഈ അപകടത്തില്‍ നിന്ന്‌ കേരളത്തെ രക്ഷിക്കാനാവു .

യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്ന്‌ ജനശ്രദ്ധ തിരിക്കുന്നതിന്‌ വേണ്ടി കിഫ്‌-ബിക്കെതിരെ അഴിമതി ആരോപണങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തുകയാണ്‌. കിഫ്‌ബി പ്രോജക്ടുകളില്‍ ഏതെങ്കിലും ഒന്നില്‍ അഴിമതിയോ ക്രമക്കേടോ ഉണ്ടെങ്കില്‍ തെളിവുകള്‍ ഹാജരാക്കാന്‍ പ്രതിപക്ഷം തയ്യാറാവണം. കിഫ്‌ബിയില്‍ സിഎജി ക്കു ഓഡിറ്റ്‌ നടത്താനുള്ള അവകാശം സംസ്ഥാന സര്‍ക്കാര്‍ നിഷേധിച്ചിരിക്കുകയാണ്‌ എന്ന പച്ചക്കള്ളം പ്രചരിപ്പിക്കാനാണ്‌ പ്രതിപക്ഷം ശ്രമിയ്‌ക്കുന്നത്‌.

എട്ടു മാസം നീണ്ട സുദീര്‍ഘമായ ഓഡിറ്റിന്‌ ശേഷം ക്രമക്കേട്‌ ഒന്നും സിഎജി ക്ക്‌ കാണാന്‍ കഴിഞ്ഞില്ല. ഇത്‌ സംബന്ധിച്ച കരട്‌ റിപ്പോര്‍ട്‌ സമര്‍പ്പിച്ച വേളയില്‍ ആണ്‌ കിഫ്‌ബിയില്‍ ഓഡിറ്റ്‌ ഇല്ല എന്നിവര്‍ പുലമ്പുന്നത്‌. ക്രമക്കേട്‌ ഒന്നും കണ്ടത്താന്‍ കഴിയാത്തത്‌ കൊണ്ടാവാം സിഎജി കിഫ്‌ബിയെ തന്നെ നിയമ വിരുദ്ധമാക്കാനുള്ള നിയമ വ്യാഖ്യാനം ചമച്ചത്‌ ഇത്തരം ദുഷ്‌പ്രചാരണങ്ങളെ കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളയുമെന്ന്‌ ഞങ്ങള്‍ക്ക്‌ ഉറപ്പുണ്ട്‌.

കിഫ്‌ബിയേയും വികസന പദ്ധതികളെയും സംരക്ഷിക്കുന്നതിനുള്ള ജനകീയ പ്രതിരോധം വളര്‍ത്തി വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരെ പരാജയപ്പെടുത്തണമെന്നും കേരളത്തിലെ ബഹുജനങ്ങളോട്‌ സി.പി.ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ അഭ്യര്‍ത്ഥിച്ചു.

No comments:

Post a Comment