Saturday, November 21, 2020

ആന്തൂർ നഗരസഭ : കോൺഗ്രസിന്റെ മുഖംരക്ഷിക്കാൻ നുണ

ആന്തൂർ നഗരസഭയിലെ ഒരു വാർഡിലും കെട്ടിവച്ച കാശുപോലും കിട്ടാത്ത കോൺഗ്രസിന്റെ  മുഖം രക്ഷിക്കാൻ വീണ്ടും മനോരമയുടെ നുണവാർത്ത.  കോൺഗ്രസിനോ യുഡിഎഫിനോ മരുന്നിനുപോലും പ്രവർത്തകരില്ലാത്ത പ്രദേശമാണിത്‌. നാടിന്റെ  ഈ രാഷ്ട്രീയ സവിശേഷത മറച്ചാണ്‌ ‘എതിർത്തു മത്സരിച്ചാൽ ദാസന്റെ വിധിയാകുമെന്ന്‌’ കള്ളക്കഥ പ്രചരിപ്പിക്കുന്നത്‌.

കോൺഗ്രസ്‌ ആന്തൂർ മണ്ഡലം പ്രസിഡന്റായിരുന്ന വി ദാസന്റെ വീട്‌ ഉൾപ്പെടുന്ന കോടല്ലൂർ വാർഡിൽ അദ്ദേഹത്തിന്റെ ഭാര്യ വിമലയായിരുന്നു 1995ലെ യുഡിഎഫ്‌ സ്ഥാനാർഥി. ലഭിച്ചത്‌‌ 85 വോട്ട്‌. മറ്റു വാർഡുകളിലും സ്ഥിതി ഏറെക്കുറെ ഇതുതന്നെ.  2000ൽ ആന്തൂർ പഞ്ചായത്ത്‌ തളിപ്പറമ്പ്‌ നഗരസഭയുടെ ഭാഗമായി. 2015ൽ യുഡിഎഫ്‌ സർക്കാർ ആന്തൂരിനെ പ്രത്യേക നഗരസഭയാക്കി.

തികച്ചും വ്യക്തിവൈരാഗ്യമായിരുന്നു വി ദാസന്റെ കൊലപാതകത്തിനു പിന്നിലെന്ന്‌ സിപിഐ എം മുൻ ലോക്കൽ സെക്രട്ടറി കെ വി പ്രേമരാജൻ പറഞ്ഞു. രാഷ്‌ട്രീയത്തിനപ്പുറം എല്ലാവരുമായും നല്ല സൗഹൃദം പുലർത്തിയിരുന്ന ദാസന്റെ കൊലപാതകത്തെ സിപിഐ എം തള്ളിപ്പറയുകയും പ്രതികളിൽ ആർക്കെങ്കിലും  പാർടിയുമായി ബന്ധമുണ്ടെങ്കിൽ അവരെ സഹായിക്കില്ലെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌തതാണ്‌. പാർടി സംസ്ഥാന കമ്മിറ്റി അംഗവും എംഎൽഎയുമായിരുന്ന പാച്ചേനി കുഞ്ഞിരാമൻതന്നെ സംഭവത്തെ പരസ്യമായി അപലപിച്ചു. ദാസന്റെ കൊലപാതകത്തിനുശേഷവും മത്സരിച്ച പല വാർഡിലും യുഡിഎഫ്‌ ദയനീയമായി തോറ്റു‌. പലയിടത്തും സ്ഥാനാർഥികളെ കിട്ടാനുമില്ല.  2010ൽ കോടല്ലൂർ വാർഡിൽ കോൺഗ്രസിന്‌ ആളെക്കിട്ടാതായപ്പോൾ തളിപ്പറമ്പിലെ മുസ്ലിംലീഗ്‌ നേതാവ്‌ കൊങ്ങായി മുസ്‌തഫയുടെ ഭാര്യ മറിയംബിയെ സ്ഥാനാർഥിയാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നണിച്ചേരിയായി മാറിയ വാർഡിൽ വെള്ളിക്കീലിൽനിന്ന്‌ മോഹനൻ എന്നൊരാളെ കൊണ്ടുവന്നു‌ മത്സരിപ്പിച്ചു‌. കിട്ടിയതാകട്ടെ 69 വോട്ട്‌.

No comments:

Post a Comment