Saturday, November 28, 2020

എംഗൽസ്‌ ആദ്യ മാർക്സിസ്റ്റ്‌ - സീതാറാം യെച്ചൂരി എഴുതുന്നു

ഫ്രെഡറിക് എംഗൽസിന്റെ 200–--ാം ജന്മദിനമാണിന്ന്‌. ലോക്ഡൗൺ നിയന്ത്രണങ്ങളില്ലാത്ത സാധാരണ നിലയിലാണെങ്കിൽ മാർക്സിന്റെ 200–--ാം ജന്മദിനത്തിൽ ചെയ്തതുപോലെ സമുചിതമായി സിപിഐ എം ആചരിക്കുമായിരുന്നു. മാർക്സിസ്റ്റ് ലോകവീക്ഷണം രൂപപ്പെടുത്തുന്നതിലും വികസിപ്പിക്കുന്നതിലും എംഗൽസിന്റെ താത്വിക സംഭാവനകൾ ഗണനീയമാണ്. വൈരുധ്യാത്മകരീതി മനസ്സിലാക്കുന്നതിനുള്ള സമ്പന്ന സ്രോതസ്സാണത്. 

ഒരു ചിന്താപദ്ധതിയെന്ന നിലയിൽ സിദ്ധാന്തത്തെയും പ്രയോഗത്തെയും സംയോജിപ്പിക്കുന്ന ഒരാശയസംഹിതയായ മാർക്സിസം മാർക്സിൽനിന്ന് ഉത്ഭവിക്കുന്നതുകൊണ്ട്, എംഗൽസ്‌  ദ്വിതീയനായാണ് പരിഗണിക്കപ്പെട്ടത്. ഒരാൾക്ക് ചെന്നെത്താവുന്ന ഏറ്റവും വലിയ അബദ്ധധാരണയാണത്. മറിച്ചാണ് കാര്യമെന്ന് തന്റെ കൃതികളിലൂടെ തെളിയിച്ചിട്ടുണ്ടദ്ദേഹം. ഭൗതിക -സാമൂഹ്യ ജീവിതത്തിന്റെ സർവതലത്തിലും വൈരുധ്യാത്മകത വെളിവാക്കുന്നതിന് അതുവഴി കഴിഞ്ഞു.

കൂട്ടായി വികസിപ്പിച്ച മാർക്സിസം

ലോകത്തെ ആദ്യ മാർക്സിസ്റ്റായി എംഗൽസ് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. സ്വതസിദ്ധമായ വിനയത്തോടെ അദ്ദേഹം അഭിമാനപൂർവം ആ പദവി ഏറ്റെടുത്തിട്ടുമുണ്ട്. ‘മാർക്സ് ഒരു ഉജ്വല പ്രതിഭയായിരുന്നു. ഞങ്ങളിൽ പലരും ഏറിപ്പോയാൽ വിദഗ്ധർ മാത്രമായിരുന്നു’വെന്നും എംഗൽസ്‌ പറഞ്ഞിട്ടുണ്ട്‌.

എങ്കിലും, എംഗൽസിനെക്കുറിച്ചുള്ള മാർക്സിന്റെ വിലയിരുത്തലും മാർക്സിസ്റ്റ് പ്രപഞ്ച വീക്ഷണത്തിന്റെ താത്വികാടിത്തറ വികസിപ്പിക്കുന്ന കാര്യത്തിൽ  നൽകിയ പ്രത്യേക സ്ഥാനവും വിലമതിക്കപ്പെടേണ്ടതാണ്. 1843 മാർച്ചിൽ പിന്തിരിപ്പൻ പ്രഷ്യൻ ഭരണകൂടം നിരോധിച്ചതോടെ  "റൈനിഷ്‌ സൈതൂങ്ങി'ന്റെ പത്രാധിപരായിരുന്ന മാർക്സ് 1844ന്റെ തുടക്കത്തിൽ പാരീസിലേക്ക് നീങ്ങി. അവിടെ "ഡ്യൂഷ് - ഫ്രാൻസോസിഷെ ജാർ ബുഷർ' എന്ന ജേണലിന്റെ പത്രാധിപരായി. ആ പ്രസിദ്ധീകരണത്തിലേക്ക് ലേഖനമയക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരനായിരുന്നു എംഗൽസ്. പിന്നീട് അതിന്റെ സഹകാരിയായി.1844ൽ അർഥശാസ്ത്ര നിരൂപണത്തിന്റെ രൂപരേഖകൾ എന്ന ഒരു ലേഖനമയച്ചു. അതിൽ അദ്ദേഹം ബൂർഷ്വാ അർഥശാസ്ത്ര നിരൂപണത്തിനുള്ള മൂലതത്വങ്ങളാണ് മുന്നോട്ടുവച്ചത്. ബൂർഷ്വാ സമ്പദ്‌വ്യവസ്ഥയിൽ ഉദയം ചെയ്യുന്ന എല്ലാ പ്രധാന പ്രതിഭാസങ്ങളും അനിവാര്യമായും രൂപപ്പെടുന്നത് ഉൽപ്പാദനോപകരണങ്ങളുടെ സ്വകാര്യ ഉടമസ്ഥതയിൽനിന്നാണെന്നും ദാരിദ്ര്യരഹിതമായ സമൂഹം സാധ്യമാകണമെങ്കിൽ സ്വകാര്യ ഉടമസ്ഥത അവസാനിപ്പിച്ചേ പറ്റൂ എന്നും അദ്ദേഹം തെളിയിച്ചുകാട്ടി.

അത് മാർക്സിനെ വളരെയേറെ ആകർഷിച്ചു. ബൂർഷ്വാ അർഥശാസ്ത്രത്തെ വിമർശിച്ചുകൊണ്ട് മറ്റൊരു ചിന്തകൻ, ഹെഗേലിയൻ തത്വചിന്തയുടെ വിമർശത്തിന്റെ കാര്യത്തിൽ തന്റെ അതേ നിഗമനത്തിൽ എത്തിയിരിക്കുകയാണ്. ഇതാണ് അവരിരുവരും തമ്മിലുള്ള ആയുഷ്കാല കൂട്ടുകെട്ടിനും സൗഹൃദത്തിനും ഉറ്റ സാഹോദര്യത്തിനും അടിത്തറയായത്. എംഗൽസിന്റെ  വിഖ്യാത ഗ്രന്ഥം "ഇംഗ്ലണ്ടിലെ തൊഴിലാളിവർഗത്തിന്റെ സ്ഥിതി' വ്യവസായവിപ്ലവത്തിന്റെ പ്രാരംഭ ഘട്ടത്തെക്കുറിച്ചുള്ള മാർക്സിന്റെ ചിന്താരീതിയെ സാരമായി സ്വാധീനിച്ചു.1844 ആഗസ്തിലെ പത്തു ദിവസത്തെ കത്തിടപാടുകൾ കൂടിയായപ്പോൾ എംഗൽസിനോട് മാർക്സിനുള്ള ആരാധന കൂടിവന്നു. താത്വിക കാര്യങ്ങളിലും തങ്ങൾ രണ്ടുപേരും തമ്മിൽ  പരിപൂർണ യോജിപ്പാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. തത്വശാസ്ത്രത്തിലും അർഥശാസ്ത്രത്തിലും  ആശയവാദത്തിനുള്ള സ്വാധീനത്തോട് പോരടിച്ചുകൊണ്ട് അവരിരുവരും 1844ൽ സംയുക്ത രചനയിൽ ഏർപ്പെട്ടു. "പരിശുദ്ധ കുടുംബം അഥവാ നിരൂപണാത്മക നിരൂപണത്തിന്റെ വിമർശനം' എന്നായിരുന്നു പുസ്തകത്തിന്റെ പേര്. അതിൽ, അവർ  സംയുക്തമായി തെളിയിച്ചത്, പ്രകൃത്യതീത ശക്തികളോ മനുഷ്യന്റെ ബോധമോ വീരനായകരോ അല്ല ചരിത്രം രചിക്കുന്നതെന്നാണ്. തങ്ങളുടെ അധ്വാനവും രാഷ്ട്രീയസമരങ്ങളുംവഴി സമുദായത്തെ മുന്നോട്ട് കൊണ്ടുപോകുന്ന  തൊഴിലാളിവർഗമാണ് സമൂഹത്തെ മുന്നോട്ടുനയിക്കുക. ഇതോടെ വ്യക്തമായത്, സമകാലിക സാമൂഹ്യവ്യവസ്ഥയായ മുതലാളിത്തത്തെ തകർത്തെറിയാതെ സ്വയം വിമോചിതരാകാൻ കഴിയില്ല എന്നാണ്.

എങ്കിലും, ആശയവാദത്തെ ചെറുത്തുതോൽപ്പിച്ച് ഭൗതികവാദത്തിന് അടിത്തറ ഇടേണ്ടതുണ്ടായിരുന്നു. ഇതിനായി 1845--‐46 കാലത്ത് മാർക്സും എംഗൽസും സംയുക്തമായി നടത്തിയ രചനയാണ് ജർമൻ പ്രത്യയശാസ്ത്രം. 1843 മുതൽ 1845 വരെയുള്ള കാലം മാർക്സിസ്റ്റ് പ്രപഞ്ച വീക്ഷണത്തിന്റെ  പരിണാമത്തിന്റെ നിർണായക ഘട്ടമാണ്.- വിപ്ലവകരമായ ജനാധിപത്യത്തിൽനിന്ന് തൊഴിലാളിവർഗ വിപ്ലവത്തിലേക്ക്, ഹെഗേലിയൻ സ്വാധീനത്തിൽനിന്ന് ചരിത്രപരമായ ഭൗതികവാദത്തിലേക്കും തത്വശാസ്ത്രത്തിൽനിന്ന് അർഥശാസ്ത്രത്തിലേക്കുമുള്ള പരിവർത്തനത്തിന്റെ കാലമായിരുന്നു അത്.

ഹെഗൽ "പൗരസമൂഹം’ എന്ന ഒരു പ്രയാേഗം  വികസിപ്പിച്ചെടുത്തത് ഒരു മാതൃകാ സാമൂഹ്യക്രമം എന്ന നിലയ്‌ക്കാണ്. "പരമമായതിന്റെ വെളിവാകലിന്റെ' പ്രകൃത്യാതീതമായ സ്വാധീനത്തിൽ ഉരുത്തിരിഞ്ഞുവരുന്ന ഒന്ന് എന്ന നിലയ്‌ക്കാണ് അത് അവതരിപ്പിക്കപ്പെട്ടത്. പക്ഷേ, മാർക്സ് ചെന്നെത്തിയ നിഗമനം"ഈ പൗരസമൂഹത്തിന്റെ ശരീരശാസ്ത്രം അർഥശാസ്ത്രത്തിലാണ് കണ്ടെത്തേണ്ടത് ’ എന്നാണ്. ഇതിൽനിന്നാണ് അദ്ദേഹം വൈരുധ്യാത്മക ഭൗതികവാദത്തിന്റെ പ്രാഥമിക അടിത്തറയിലേക്കെത്തുന്നത്. മാർക്സും എംഗൽസും വികസിപ്പിച്ചെടുത്ത വിപ്ലവകരമായ സിദ്ധാന്തം വെളിച്ചം കണ്ടത് 1848ൽ ഇരുവരുടെയും സംയുക്ത കർതൃത്വത്തിൽ രൂപപ്പെട്ട "കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ’ യും ഒന്നാം ഇന്റർനാഷണലുമാണ്. ചരിത്രപരമായ ഭൗതികവാദത്തിന്റെ  നിയമങ്ങൾ തന്റെ കാലത്ത് ലഭ്യമായ പ്രാചീന മാനവസമുദായങ്ങളുടെ നരവംശശാസ്ത്രപരമായ തെളിവുകളിൽ പ്രയോഗിക്കുകയായിരുന്നു എംഗൽസ്. "കുടുംബം, സ്വകാര്യ സ്വത്ത്, ഭരണകൂടം എന്നിവയുടെ ഉത്ഭവം' എന്ന പുസ്തകത്തിൽ  ആധുനിക കുടുംബ സമൂഹത്തെ സംബന്ധിച്ചുള്ള പഴങ്കഥകളെ തുറന്നുകാട്ടി.

എംഗൽസിന്റെ "ജർമനിയിലെ കർഷക കലാപ’ (1849-–-50)ത്തിലാണ് വൈരുധ്യാത്മക ഭൗതികവാദം ആദ്യമായി പ്രയോഗിക്കപ്പെട്ടത്. മാർക്സിസത്തിനുള്ള എതിർവാദം മുന്നോട്ടുവച്ച തത്വചിന്തകനായ യൂജിൻ ഡ്യൂറിങ്ങിന്റെ സിദ്ധാന്തത്തിന്റെ കള്ളിവെളിച്ചത്താക്കിക്കൊണ്ട് തുറന്നുകാട്ടുന്ന കടമ എംഗൽസ് ഏറ്റെടുത്തു.  സമസ്തമേഖലകളിലും എംഗൽസ് സ്വതന്ത്രമായും മാർക്സിനോട് ഒത്തുചേർന്നും മൗലികമായ സംഭാവനകളാണ് നൽകിയത് എന്ന് വ്യക്തമാണ്. പ്രകൃതിശാസ്ത്രത്തിന്റെയും നരവംശശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും അർഥശാസ്ത്രത്തിന്റെയും  മേഖലകളിലൂടെ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള വൈരുധ്യാത്മകതയെക്കുറിച്ചുള്ള വിശദപഠനം വഴി എംഗൽസ് വിപ്ലവപ്രസ്ഥാനത്തിനും വ്യതിരിക്തമായ സംഭാവനകളാണ് നൽകിയത്. ഏത് കൃതിയാണെങ്കിലും അവർ പരസ്പരം കൂടിയാലോചിച്ചാണ് എഴുതിയത് എന്ന കാര്യം പ്രത്യേകം ഊന്നിപ്പറയേണ്ടതുണ്ട്.

രാഷ്ട്രീയപ്രവർത്തനം

താത്വികാടിത്തറ വികസിപ്പിച്ചെടുക്കുന്നതിനിടയിൽ, തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ  ഈ രണ്ട് നേതാക്കളും വെറും അക്കാദമിക പണ്ഡിതന്മാരായിരുന്നില്ല. തൊഴിലാളിവർഗപ്രസ്ഥാനത്തെ നയിക്കുന്നതിലും അവയ്ക്ക് മാർഗദർശനം നൽകുന്നതിലും സദാ സജീവപങ്കാളികളായിരുന്നു. തൊഴിലാളിവർഗത്തെ വിജയത്തിലേക്ക് നയിക്കുന്നതിന് പ്രാപ്തമായ ഒരു വിപ്ലവസംഘടന കെട്ടിപ്പടുക്കുന്നതിനായി സമർപ്പിക്കുകയായിരുന്നു. 1864ൽ ഒന്നാം ഇന്റർനാഷണൽ എന്നറിയപ്പെടുന്ന ഇന്റർനാഷണൽ വർക്കിങ് മെൻസ് അസോസിയേഷൻ രൂപീകരിക്കുന്നതിൽ സുപ്രധാനപങ്കാണ് അവർ വഹിച്ചത്. മാർക്സിന്റെ മരണശേഷം, അദ്ദേഹത്തിന്റെ കൃതികളുടെ മഹത്വവും  മാർക്സിസ്റ്റ് വീക്ഷണത്തിന്റെ താത്വികാടിത്തറയും അന്താരാഷ്ട്ര തൊഴിലാളിവർഗത്തിനും ലോകത്തിനും മുന്നിലെത്തിച്ചത് എംഗൽസാണ്. മാർക്സ് അവശേഷിപ്പിച്ചുപോയ കൈയെഴുത്തു കുറിപ്പുകൾ കണ്ടെത്തി എഡിറ്റ് ചെയ്തത് എംഗൽസാണ്‌.

ലെനിൻ പറഞ്ഞതുപോലെ, എംഗൽസ് "തങ്ങളെ സ്വയം മനസ്സിലാക്കാനും തങ്ങളെപ്പറ്റി ബോധവാന്മാരായിരിക്കാനും തൊഴിലാളിവർഗത്തെ പഠിപ്പിച്ചു. അദ്ദേഹം സ്വപ്നങ്ങൾക്ക് പകരം ശാസ്ത്രത്തെ പ്രതിഷ്ഠിച്ചു'.

സീതാറാം യെച്ചൂരി


No comments:

Post a Comment