Thursday, November 19, 2020

5 വര്‍ഷത്തിനിടെ പൊതുചെലവ് ഉയര്‍ത്തിയത് ഇരട്ടിയോളം

അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് പൊതുചെലവ് ഉയര്‍ത്തിയത് ഇരട്ടിയോളം. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ അവസാനവര്‍ഷമായ 2015–-16ൽ ആകെ ബജറ്റ് ചെലവ് 87,032 കോടി. ഈ വര്‍ഷം (2020–-21) അടങ്കൽ 1,44,256 കോടിയോളമാകുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ, വികസന മേഖലകളിലെ ഈ വർഷത്തെ (2020–-21) അടങ്കൽ 73,280 കോടി രൂപയാണ്. കോവിഡ്‌ വ്യാപനം സാമൂഹ്യസുരക്ഷാ മേഖലയിൽ ചെലവ്‌ ഉയർത്തുമെന്ന്‌ ധനവകുപ്പ്‌ കണക്കാക്കുന്നു.

ഭക്ഷ്യവിതരണം, നെല്ലുസംഭരണം, റബർ ഉൽപ്പാദക സബ്‌സിഡി തുടങ്ങി അടിസ്ഥാനമേഖലയിലെ ചെലവ്‌ ഗണ്യമായി ഉയർന്നു. കെഎസ്‌ആർടിസിക്ക്‌ 5000 കോടിയാണ്‌ സഹായിച്ചത്‌. യുഡിഎഫ്‌ കാലത്താകെ 1220 കോടിയും. ഈ വർഷം ആകെ ചെലവ്‌ സംസ്ഥാന വരുമാനത്തിന്റെ 15 ശതമാനംവരെ  ഉയരും.

2006–-11ൽ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ വരുമാനം 20 ശതമാനംവരെ ഉയർന്നു. യുഡിഎഫ്‌ സർക്കാരിന്റെ അഞ്ചുവർഷത്തിൽ ഇത്‌ പത്തു ശതമാനത്തിലും താഴെയായി. 2017–-18ൽ 14 ശതമാനം വരുമാനവളർച്ച ഉറപ്പാക്കാനായി. റവന്യൂവരുമാനം 16 ശതമാനത്തിലെത്തിച്ച്‌ റവന്യൂകമ്മി ഇല്ലാതാക്കാനും ധനകമ്മി മൂന്ന്‌ ശതമാനത്തിൽ നിയന്ത്രിക്കാനുമുള്ള കൃത്യമായ പദ്ധതി‌ നടപ്പാകുന്നു. 

വളർച്ച നിരക്ക്‌ മേലോട്ട്‌

കടമെടുത്ത്‌ സംസ്ഥാനത്തിന്റെ ബജറ്റ്‌ ചെലവ്‌ ഉയർത്തുകയെന്ന സുസ്ഥിര വികസന സമീപനം വിജയിക്കുന്നുവെന്നാണ്‌ വിലയിരുത്തൽ. 2013–-14 മുതൽ 2015–-16 വരെ കേരളത്തിന്റെ വളർച്ച നിരക്ക്‌ ദേശീയ ശരാശരിയേക്കാൾ താഴേക്കിറങ്ങി. 

ബജറ്റ്‌ ചെലവ്‌ ഉയർന്നതിന്റെ നേട്ടമാണ് ഇത്. മേലോട്ടുള്ള ഈ വളർച്ച നിരക്ക്‌ കടത്തിന്റെ തിരിച്ചടവ്‌ ശേഷി വർധിപ്പിക്കുന്നു. 2017ലെ ഓഖി ചുഴലിക്കാറ്റ്‌, 2018, 2019 വർഷങ്ങളിലെ പ്രളയം, നോട്ടു നിരോധനം, ജിഎസ്‌ടിയുടെ വികലമായ നടത്തിപ്പ്‌, ഇപ്പോൾ കോവിഡ്‌ പ്രതിസന്ധി എന്നിവയെല്ലാം കേരളത്തിന്‌ കനത്ത തിരിച്ചടിയായി. പ്രവാസികളുടെ മടങ്ങിവരവും സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു. എന്നിട്ടും ഉയർന്ന വളർച്ച നിരക്ക്‌ കൈവരിക്കനായി.

ധന ഉത്തരവാദിത്തവും ബജറ്റ്‌ പരിപാലനവും (എഫ്‌ആർബിഎം) നിയമപ്രകാരം സംസ്ഥാനത്തിന്റെ കടമെടുപ്പ്‌ പരിധി മൊത്ത സംസ്ഥാന ഉൽപ്പാദനത്തിന്റെ മൂന്നു ശതമാനമാണ്‌. ഇപ്രകാരം കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള കടമെടുപ്പ്‌ പരിധിക്കുള്ളിൽനിന്നുമാത്രമേ സംസ്ഥാനത്തിന്‌ കടമെടുക്കാനാകൂ. 2016 മാർച്ച്‌ 31 വരെ സംസ്ഥാനത്തിന്റെ ആകെ പൊതുകടം 1,09,730 കോടി രൂപയും കടബാധ്യത 1,57,370 കോടിയുമാണ്‌.

ജി രാജേഷ്‌ കുമാർ 

No comments:

Post a Comment