കാൽ നൂറ്റാണ്ടു കാലത്തേക്ക് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്ന ഭാവിവികസനത്തിന്റെ ഊർജപാതയാണ് ട്രാൻസ്ഗ്രിഡ് 2.0. പണമില്ലായ്‌മയിൽ കുടുങ്ങിയ പദ്ധതി കിഫ്ബി ഏറ്റെടുക്കുകയായിരുന്നു. വൈദ്യുതി പ്രസരണ – വിതരണശൃംഖല സൃഷ്ടിക്കാനും ശാക്തീകരിക്കാനും പദ്ധതിക്കായി കെഎസ്ഇബിക്ക് കിഫ്‌ബി 5200 കോടി രൂപ നൽകുന്നു. പദ്ധതിയുടെ 15 പാക്കേജിൽ ഒമ്പതെണ്ണത്തിന് കരാറായി. അടങ്കൽ 1494.21 കോടി. ടെൻഡർ തുക 1255.80 കോടി. 1515.29 കോടിയിൽ കരാർ ഉറപ്പിച്ചു. നിർമാണ നടപടികൾ പുരോഗമിക്കുന്നു.
വിപുലമായ ലൈൻ നവീകരണത്തിന് ഭൂമി ഏറ്റെടുക്കുകയെന്ന വെല്ലുവിളി മറികടക്കുന്നതാണ് ട്രാൻസ്‌ഗ്രിഡ് പദ്ധതിയുടെ പ്രത്യേകത. 110, - 220 കെവി ലൈനുകൾക്കു മുകളിൽ, മറ്റൊരു നിലയായാണ് 220 – 440 കെവി ലൈനുകൾ തീർക്കുക. ഇതിനാവശ്യമായ സബ്സ്റ്റേഷനുകളും ട്രാൻസ്ഫോർമറുകളും സ്ഥാപിക്കുന്നു.
ടെൻഡർ കള്ളക്കളി നിലച്ചു
വൈദ്യുതി പദ്ധതികളിലൂടെ യുഡിഎഫ് കാലത്ത് നടമാടിയിരുന്ന വലിയ കള്ളക്കളി ട്രാൻസ്‌ഗ്രിഡ് പുറത്തുകൊണ്ടുവന്നു. ടെൻഡർ ഉറപ്പിച്ച ഒമ്പത് പാക്കേജിന്റെ ശരാശരി ടെൻഡർ അധികരിക്കൽ 20.66 ശതമാനം മാത്രം. യുഡിഎഫ് കാലത്ത് ശരാശരി 51 ശതമാനമായിരുന്നു. 80 മുതൽ 90 ശതമാനം അധിക അടങ്കലും അനുവദിച്ചിരുന്നു. 2013ലെ പഴയ നിരക്കിൽ ടെൻഡർ ക്ഷണിച്ചപ്പോഴും ട്രാൻസ്ഗ്രിഡിൽ 21 ശതമാനം മാത്രമായി അടങ്കൽ അധികരിക്കൽ.
ലംഘിക്കുന്നത് ജനകീയ അവകാശം
സർവത്ര അഴിമതിയെന്നു പറഞ്ഞു കാടുംപടർപ്പും തല്ലുന്ന പ്രതിപക്ഷ നേതാവ്, ട്രാൻസ്‌ഗ്രിഡിനെയും ഇതിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നു. ഭാവികേരളത്തിന്റെ ഊർജ ആവശ്യങ്ങൾ സംബന്ധിച്ച ഗൗരവമായ പ്രശ്നമാണ് പൊതുസമൂഹത്തിനു മുന്നിലുള്ളത്. ആ ജനകീയ അവകാശം ലംഘിക്കാൻ സംഘടിതമായി നടത്തുന്ന ഗൂഢാലോചനയാണ് സമൂഹത്തിനുമുന്നിൽ ചർച്ചയ്ക്കായി വയ്ക്കുന്നത്.
കായിക കനവിന് മിഴിവേകും
മാരാരിക്കുളം: വോളിബോൾ കോർട്ടിൽ മലയാളിയുടെ അഭിമാനം വാനോളമുയർത്തിയ കലവൂർ എൻ ഗോപിനാഥിന്റെ ഓർമയ്‌ക്കായി നിർമിക്കുന്ന സ്‌റ്റേഡിയത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ. കലവൂരിലെ പ്രീതികുളങ്ങരയിലാണ് കിഫ്ബിയിൽനിന്ന് അനുവദിച്ച അഞ്ചരക്കോടി മുടക്കി അടിമുടി അത്യാധുനിക സ്‌റ്റേഡിയം ഉയരുന്നത്. ഇതിനോട് ചേർന്ന് ഒരു സ്‌കൂൾമന്ദിരവും നിർമിക്കുന്നുണ്ട്. ഫെബ്രുവരിയോടെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വോളിബോളിൽ നിരവധി ദ്രോണാചാര്യൻമാരെയും അർജുന അവാർഡ് ജേതാക്കളെയും സൃഷ്‌ടിച്ച കലവൂരിന് അർഹിച്ച അംഗീകാരമെന്ന നിലയിലാണ് സർക്കാർ പദ്ധതി പ്രഖ്യാപിച്ചത്.
നിര്‍മാണം പുരോഗമിക്കുന്ന ആലപ്പുഴ പ്രീതികുളങ്ങരയിലെ കലവൂര്‍ ഗോപിനാഥ് സ്മാരക സ്പോര്‍ട്സ് സ്റ്റേഡിയം |
വി എസ് സർക്കാരിന്റെ കാലത്ത് കലവൂർ ജീവിച്ചിരിക്കെ തന്നെ അന്നത്തെ ധനമന്ത്രിയായിരുന്ന തോമസ് ഐസക് സ്‌റ്റേഡിയം നിർമിക്കാൻ 25 ലക്ഷം രൂപ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എസ് എൻ പുരം പ്രോഗ്രസീവ് ക്ലബ്ബിൽ നിർമിക്കാനായിരുന്നു പദ്ധതിയെങ്കിലും തുടർന്ന് വന്ന യുഡിഎഫ് സർക്കാർ നിർമാണമുപേക്ഷിച്ചു. വീണ്ടും എൽഡിഎഫ് അധികാരത്തിലെത്തിയതോടെയാണ് സ്‌റ്റേഡിയത്തിന് ജീവൻവച്ചത്. ഒടുവിൽ കഴിഞ്ഞവർഷം മാരാരിക്കുളത്ത് സ്ഥലം കണ്ടെത്തുകയും നിർമാണം ആരംഭിക്കുകയുമായിരുന്നു. ജിംനേഷ്യം, സെവൻസ് ഫുട്ബോൾ കോർട്ട്, നാല് ലൈൻ സിന്തറ്റിക് ട്രാക്ക്, ഇൻഡോർ സ്‌റ്റേഡിയം എന്നിവയും സ്‌റ്റേഡിയത്തിലുണ്ടാകും. പ്രീതികുളങ്ങര ടാഗോർ മെമ്മോറിയൽ എൽപി സ്‌കൂളിനായി ആറ് ക്ലാസുമുറികളുള്ള ഇരുനില മന്ദിരവും നിർമിച്ചു. ജിംനേഷ്യത്തിന്റെയും ഓഫീസിന്റെയും നിർമാണവും പൂർത്തിയായി. കിറ്റ്കോയുടെ മേൽനോട്ടത്തിലാണ് നിർമാണം .
പിന്നോട്ടുവലിക്കരുത് കുതിക്കും പെണ്‍പള്ളിക്കൂടം
മാവേലിക്കര ‘തകർക്കരുത് ഈ മഹാവിദ്യാലയത്തെ’ കിഫ്ബിയിലൂടെ അഞ്ചു കോടി രൂപ ചെലവിട്ട് നിർമാണം പുരോഗമിക്കുന്ന മാവേലിക്കര ഗവ. ഗേൾസ് എച്ച്എസ്എസിലെ അധ്യാപകരും വിദ്യാർഥികളും നാടൊന്നാകെയും ആഹ്ലാദത്തിലിരിക്കെയാണ് വികസനം മുടക്കാനുള്ള നീക്കം നടക്കുന്നത്. സ്‌കൂൾ ഹൈടെക്കാകുന്നത് നാടിന്റെ സ്വപ്‌നമാണ്.
പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായാണ് സ്‌കൂളിനെ ഹൈടെക് നിലവാരത്തിലേക്കുയർത്തുന്നത്. കെട്ടിടം നിർമാണ പുരോഗതിയിലാണ്. പുതുതായി നിർമിക്കുന്ന രണ്ട് ഇരുനില കെട്ടിടങ്ങളിൽ സ്‌മാർട്ട് ക്ലാസ്‌മുറികൾ, വിശാലമായ ലൈബ്രറി സൗകര്യം, ഡൈനിങ് ഹാൾ, കോൺഫറൻസ് ഹാൾ, ലാബുകൾ എന്നിവയും ആധുനിക പഠനസൗകര്യങ്ങളും ഉണ്ടാകും.
മാവേലിക്കര -തട്ടാരമ്പലം റോഡിലെ പൂക്കട ജങ്ഷന് തെക്ക് സ്ഥിതിചെയ്യുന്ന സ്‌കൂൾ, പെൺകുട്ടികളുടെ വിദ്യാഭ്യാസം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ 1896ൽ രാജഭരണ കാലത്ത് സ്ഥാപിച്ചതാണ്. 1946ൽ ഹൈസ്‌കൂളായും 1998ൽ ഹയർ സെക്കൻഡറിയായി ഉയർത്തി. ജില്ലയിലെ മികച്ച സ്‌കൂളിലൊന്നായ ഈ വിദ്യാലയം മികച്ച പെൺപള്ളിക്കൂടത്തിനുള്ള പുരസ്‌കാരം സ്ഥിരമായി നേടാറുണ്ട്. ഭരണപരിഷ്‌കരണ കമീഷൻ മെമ്പർ സെക്രട്ടറി ഷീല തോമസ് ഐഎഎസ്, സിജി തോമസ് ഐഎഎസ് തുടങ്ങി നിരവധി പ്രമുഖർ ഈ വിദ്യാലയത്തിന്റെ സൃഷ്‌ടികളാണ്. പ്രശസ്‌ത സിനിമാനടി മാവേലിക്കര പൊന്നമ്മയും അന്തരിച്ച പ്രമുഖ സാഹിത്യകാരൻ ശിവരാമൻ ചെറിയനാടും ഉൾപ്പടെയുള്ള മികച്ച അധ്യാപകനിര കൊണ്ടും സ്‌കൂൾ ശ്രദ്ധേയമാണ്.
മികച്ച സ്‌കൂളുകളിലൊന്നാകും: ഷീല തോമസ്
നിർമാണം പൂർത്തീകരിക്കുന്നതോടെ സംസ്ഥാനത്തെ മികച്ച സ്‌കൂളുകളിലൊന്നായി മാറുമെന്ന് ഭരണപരിഷ്‌കരണ കമീഷനംഗം സെക്രട്ടറി ഷീല തോമസ് ഐഎഎസ് പറഞ്ഞു. പൂർവ വിദ്യാർഥി കൂടിയായ ഷീല തോമസ് സ്‌കൂളിന്റെ വികസനവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു. നിലവിൽ മികച്ച സ്‌കൂളുകളുടെ പട്ടികയിലുള്ള മാവേലിക്കര ഗേൾസ് സ്‌കൂൾ കൂടുതൽ അടിസ്ഥാന സൗകര്യങ്ങളും ആധുനിക സൗകര്യങ്ങളും വർധിക്കുമ്പോൾ കൂടുതൽ മികച്ച നിലവാരത്തിലെത്തുമെന്നുറപ്പാണ്. നിലവിലെ വികസനം എല്ലാനിലയിലും ഈ സ്‌കൂൾ അർഹിക്കുന്നുണ്ട്. 1967-–-72 കാലത്താണ് ഷീല തോമസ് ഈ സ്‌കൂളിൽ പഠിച്ചത്. മാവേലിക്കര ബിഷപ്മൂറിലും തിരുവനന്തപുരം ഗവ. വിമൻസ് കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലുമുള്ള പഠനത്തിന് ശേഷം ഐഎഎസ് നേടി. 1985 ബാച്ചാണ്.
No comments:
Post a Comment