Monday, November 16, 2020

കിഫ്ബി വന്നപ്പോള്‍ പരിഹസിച്ചവരുണ്ട്; തകര്‍ക്കാന്‍ ശ്രമിച്ചാല്‍ നിന്നുകൊടുക്കില്ല: മുഖ്യമന്ത്രി

കിഫ്ബി വന്നപ്പോള്‍ തന്നെ അതിനെ  പരിഹസിച്ചരുണ്ടെന്നും എന്നാലത് യാഥാര്‍ത്ഥ്യമായെന്നും തകര്‍ക്കാന്‍ ആരെങ്കിലും വന്നാല്‍ നിന്ന് കൊടുക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ ആവശ്യം പൂര്‍ത്തീകരിക്കാനുള്ളതാണത്. അതിനാല്‍ എന്തിനതിന് തുരങ്കം വക്കുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു.

സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ജനങ്ങളുടെ വികസന പ്രതീക്ഷ വലുതായിരുന്നു. എന്നാല്‍ വികസന പ്രതീക്ഷ നിറവേറ്റാന്‍ ആവശ്യമായ വിഭവം നമുക്കില്ലായിരുന്നു.  വരുമാന സ്രോതസുകള്‍ ഇതിനനുസരിച്ച് വര്‍ധിക്കേണ്ടതുണ്ടായിരുന്നു. അതിനെന്താണ് മാര്‍ഗം എന്നാലോചിച്ചു. നിലവില്‍ കിഫ്ബി  എന്ന സംവിധാനമുണ്ടായിരുന്നു. അതിനെ വിപുലീകരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അങ്ങനെയാണ് കിഫ്ബി നാടാകെ അറിഞ്ഞത്.

മുന്‍ സര്‍ക്കാരുകളും കിഫ്ബിയെ ഉപയോഗിച്ചു. ഈ സര്‍ക്കാര്‍ നാടിന്റെ വികസനത്തിനായി അതിനെ വിപുലപ്പെടുത്തി. ബജറ്റിന് താങ്ങാനാകാത്ത വികസന പദ്ധതി ഏറ്റെടുക്കണമെങ്കില്‍  പുതിയ ധനസ്രോതസ് വേണം. 50,000 കോടിയുടെ വികസന പദ്ധതിയെങ്കിലും  ഇത്തരത്തില്‍ നടപ്പാക്കാനാകണം എന്നാണ് കണക്കാക്കിയത്. എന്നാലിപ്പോള്‍  55000ത്തിലധികം കോടിയുടെ  പദ്ധതികള്‍ക്ക് അനുമതി നല്‍കുന്ന അവസ്ഥയായി. പലതും പൂര്‍ത്തിയാക്കി. അതിനിടയിലാണ് കിഫ്ബിയെ തകര്‍ക്കാനുള്ള നീക്കമുണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കിഫ്‌ബി പദ്ധതികൾ മണ്ഡലത്തിൽ വേണ്ടെന്ന്‌ പറയുമോ: പ്രതിപക്ഷത്തോട്‌ മുഖ്യമന്ത്രി

തിരുവനന്തപുരം> കിഫ്‌ബിയെ എതിർക്കുന്നവർക്ക് കിഫ്ബി‌  പദ്ധതികൾ‌ വേണ്ടെന്ന്‌ അഭിപ്രായമുണ്ടോ എന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ ആവശ്യമാണ്‌ സർക്കാർ കണ്ടത്‌. അതുകൊണ്ടാണ്‌ പദ്ധതികൾ സാർവത്രികമാക്കിയത്‌. എംഎൽഎ ആരെന്നല്ല നോക്കിയത്‌. ഒന്നും നടപ്പാക്കരുതെന്നാണ്‌ അഭിപ്രായമെങ്കിൽ കിഫ്‌ബിയുടെ പദ്ധതികളൊന്നും മണ്ഡലത്തിൽ വേണ്ടെന്ന നിലപാട്‌ പ്രതിപക്ഷം സ്വീകരിക്കുമോയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചോദിച്ചു.

നാടിന്റെ വികസനത്തിനുവേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനത്തെ തകർക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്‌ ചിലർ. ഒരു സംഘപരിവാർ നേതാവ്‌ ഹർജി നൽകുന്നു. കെപിസിസി ഭാരവാഹി വാദിക്കുന്നു. നല്ല ഐക്യം. എന്തിനുവേണ്ടിയാണിത്‌. അതിനോട്‌ നാട്‌ യോജിക്കില്ല. ഇത്തരക്കാരെ വികസനവിരുദ്ധർ എന്നുമാത്രം വിശേഷിപ്പിച്ചാൽ പോരാ. നാട്‌ നന്നാകുന്നതിൽ അസ്വസ്ഥരാകുന്ന അത്യന്തം ഹീനമായ മനസ്സാണ്‌ ചുരുക്കം ചിലരിൽ ഉണ്ടാകുന്നത്‌.

വികസനപ്രവർത്തനങ്ങളെ കക്ഷിരാഷ്‌ട്രീയ വ്യത്യാസമില്ലാതെ നാട്‌ അനുകൂലിക്കുന്നതിൽ ചിലർക്ക്‌ പ്രയാസമുണ്ട്‌. അത്‌ എൽഡിഎഫ്‌ സർക്കാരിന്റെ യശസ്സുയരുന്നത്‌ തങ്ങൾക്ക്‌ ദോഷമാണെന്ന്‌ കരുതിയാണ്‌. നാടിന്റെ വികസനം ഉറപ്പാക്കലാണ്‌ സർക്കാരിന്റെ ധർമം. അതിനുള്ള പ്രവർത്തനം ഏറ്റെടുക്കുമ്പോൾ സർക്കാരിന്റെ മെച്ചമാകുമെന്ന്‌ കാണരുത്‌. തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാട്ടാം. അതിൽ അങ്കലാപ്പില്ല. എന്നാൽ, രാഷ്‌ട്രീയ താൽപ്പര്യത്തിന്‌ വിരുദ്ധമാണെന്ന്‌ കരുതി നാടിന്റെ വികസനത്തെ അട്ടിമറിക്കാൻ പാടില്ലെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

ശിവശങ്കറിന്റെ മൊഴി സംബന്ധിച്ച്‌ വിശദാംശം മനസ്സിലാക്കിയ ശേഷമേ പറയാനാകുവെന്നും‌ മുഖ്യമന്ത്രി പറഞ്ഞു.

No comments:

Post a Comment