Saturday, November 21, 2020

പാലാരിവട്ടം പാലം അഴിമതി : പൊളിഞ്ഞുവീണത് കള്ളപ്രചാരണങ്ങളും

പാലാരിവട്ടം പാലം അഴിമതിയിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ്‌ അറസ്റ്റിലായതോടെ എൽഡിഎഫ്‌ സർക്കാരിനെതിരായ യുഡിഎഫ്‌ കള്ള പ്രചാരണങ്ങൾകൂടിയാണ്‌ പൊളിയുന്നത്‌. കരാർ കമ്പനി ആർഡിഎസ്‌ പ്രോജക്ടിനെ കരിമ്പട്ടികയിൽ പെടുത്തിയില്ലെന്നായിരുന്നു പ്രധാന ആരോപണം. ഇതിനുള്ള നടപടി എൽഡിഎഫ്‌ സർക്കാർ സ്വീകരിച്ചിരുന്നു. ലോകബാങ്ക് ഫണ്ടുപയോഗിച്ചുള്ള കെഎസ്‌ടിപിയുടെ ഒരു പ്രവൃത്തി ആർഡിഎസിന്‌ നൽകാതെ തടയുകയും ചെയ്‌തു. എന്നാൽ, സംസ്ഥാന ചട്ടം അനുസരിച്ചുള്ള ഡീബാറിങ് അംഗീകരിക്കില്ല എന്നതായിരുന്നു ലോകബാങ്ക് നിലപാട്‌. ടെൻഡർ അംഗീകരിക്കാതായപ്പോൾ ആർഡിഎസ്‌ കമ്പനി കോടതിയിലേക്ക്‌ പോയി. തുടർന്നാണ്‌  പ്രവൃത്തി നൽകേണ്ടി വന്നത്‌. അതോടൊപ്പം ലോകബാങ്ക്, ജർമൻ ബാങ്ക് ഫണ്ട് ഉപയോഗിച്ചുള്ള റീബിൽഡ്‌ കേരളയിലെ രണ്ട് പ്രവൃത്തിയും ഇവർക്ക്‌ ലഭിച്ചു. എന്നാൽ, പാലാരിവട്ടം പാലത്തിൽ അല്ലാതെ ഈ കമ്പനിയുടെ മറ്റു പ്രവൃത്തികളിലൊന്നും പ്രശ്നമുണ്ടായിട്ടില്ല. ഇത്‌ പൊതുമരാമത്തുവകുപ്പ്‌ പ്രത്യേകം പരിശോധിച്ചു.

ലോഡ്‌ ടെസ്റ്റ്‌ വാസ്‌തവമെന്ത്‌

റോഡ്‌സ്‌ ആൻഡ്‌ ബ്രിഡ്‌ജസ്‌ ഡെവലപ്‌മെന്റ്‌ കോർപറേഷൻ (ആർബിഡിസികെ), മിനിസ്‌ട്രി ഓഫ്‌ റോഡ്‌ ട്രാൻസ്‌പോർട്ട്‌ ആൻഡ്‌ ഹൈവേസ്‌, ഐഐടി ചെന്നൈ,  ഇന്ത്യൻ റോഡ്‌ കോൺഗ്രസ്‌, ഡോ. ഇ ശ്രീധരൻ എന്നീ വിദഗ്‌ധ സംഘമാണ്‌ പാലം പരിശോധിച്ചത്‌. ആരും ലോഡ് ടെസ്റ്റ് നടത്തണമെന്ന്‌ ആവശ്യപ്പെട്ടില്ല. ഐഐടി ചെന്നൈയാകട്ടെ  റിപ്പയറിനുശേഷം ലോഡ് ടെസ്റ്റ് നടത്താമെന്നു പറഞ്ഞിരുന്നു.  എന്നാൽ, വിള്ളലുകളുണ്ടെങ്കിൽ ലോഡ് ടെസ്റ്റ് ആവശ്യമില്ലെന്നതാണ്‌ ഇന്ത്യൻ റോഡ്‌ കോൺഗ്രസ്‌ മാനദണ്ഡം. കൂടാതെ, ഭാരപരിശോധന വേണ്ടെന്ന്‌ സുപ്രീംകോടതിയും വിധിച്ചിരുന്നു.

പാലാരിവട്ടം പാലം : ക്വട്ടേഷൻ ചോർത്തി കരാർരേഖ തിരുത്തി

പാലാരിവട്ടം പാലം നിർമാണകരാർ ആർഡിഎസ്‌ പ്രോജക്ടിന്‌ ലഭിക്കാൻ  ടെൻഡറിൽ തിരുത്തൽ വരുത്തിയെന്ന് വിജിലന്‍സ് കണ്ടെത്തി. കുറഞ്ഞ തുക ക്വാട്ട്‌ ചെയ്‌ത ചെറിയാൻ വർക്കി കൺസ്‌ട്രക്‌ഷൻ കമ്പനിയുടെ തുക ചോർത്തിയാണ്‌ ‌ ആർഡിഎസിന്റെ ക്വട്ടേഷൻ തിരുത്തിയത്‌‌. ഇതിന്റെ രേഖകൾ വിജിലൻസിന്‌ ലഭിച്ചു. ഉദ്ദേശിച്ച കരാർ ലഭിച്ചുവെന്ന്‌ ഉറപ്പ്‌ വരുത്തിയശേഷമാണ്‌ 8.5 കോടി മൂന്‍കൂറായി (മൊബലൈസേഷൻ അഡ്വാൻസ്‌)അനുവദിച്ചത്. റോഡ്‌സ്‌ ആൻഡ്‌ ബ്രിഡ്‌ജസ്‌ ഡെവലപ്‌മെന്റ്‌ കോർപറേഷൻ കേരള (ആർബിഡിസികെ)യിലെ ഉന്നതനാണ്‌ വന്‍തിരിമറിക്ക് പിന്നില്‍. ക്രമക്കേട് നടക്കുമ്പോള്‍ ആർബിഡിസികെയുടെ എംഡി, എം പി എം മുഹമ്മദ് ഹനീഷായിരുന്നു. ആർബിഡിസികെ ചെയർമാന്‍ കൂടിയായിരുന്ന മുസ്ലിംലീഗ്‌ നേതാവും അപ്പോഴത്തെ മന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയാണ് ​ക്രമക്കേട് നടത്തിയത്.

മൊബലൈസേഷൻ അഡ്വാൻസ്‌ അനുവദിക്കില്ലെന്ന്‌ 2013 ഡിസംബർ പത്തിന്‌ ചേർന്ന  യോഗത്തിൽ  ആർബിഡിസികെ അധികൃതർ പ്രഖ്യാപിച്ചിരുന്നു. ഇതോടെ പല കമ്പനികളും പിന്മാറി. മൂന്ന്‌ കമ്പനി മാത്രമാണ്‌ ക്വട്ടേഷൻ നൽകിയത്‌. ആർഡിഎസിനും ചെറിയാൻ വർക്കി  കൺസ്‌ട്രക്‌ഷൻ കമ്പനിക്കും പുറമെ ജിപിടി ഇൻഫോയായിരുന്നു മറ്റൊന്ന്‌.

കൊൽക്കത്ത ആസ്ഥാനമായ ഈ കമ്പനി ആർഡിഎസിന്റെ ഡമ്മിയായാണ്‌ ക്വട്ടേഷൻ നൽകിയതെന്ന നിഗമനത്തിലാണ്‌ വിജിലൻസ്‌. ഡിസൈൻ കമ്പനിയുടെ ബി വി  നാഗേഷ്‌ തയ്യാറാക്കിയ രൂപരേഖയാണ്‌ ആർഡിഎസും ജിപിടിയും സമർപ്പിച്ചത്‌.  ഇത്‌  അനുവദനീയമല്ല. താൻ ആർഡിഎസിന്‌ മാത്രമാണ്‌ രൂപരേഖ നൽകിയതെന്നാണ്‌  അറസ്‌റ്റിലായ നാഗേഷ് വിജിലൻസിന്‌ നൽകിയ മൊഴി.

ആർബിഡിസികെ കേന്ദ്രീകരിച്ച്‌ നടത്തിയ ഗൂഢാലോചനക്ക്‌ അസി. ജനറൽ മാനേജരായിരുന്ന എം ടി തങ്കച്ചനായിരുന്നു നേതൃത്വം നൽകിയത്‌. കരാറുമായി ബന്ധപ്പെട്ട്‌ തിരുത്തിയ  പേപ്പറുകൾ വിജിലൻസ്‌ കസ്‌റ്റഡിയിലാണ്‌.  നാലര കോടി രൂപയുടെ കള്ളപ്പണം ഗരീബി കല്യാൺ സ്‌കീമിൽ നിക്ഷേപിച്ചതിന്റെ രേഖ അടുത്ത ദിവസം വിജിലൻസ്‌ കോടതിക്ക്‌ കൈമാറും. ചന്ദ്രിക പത്രത്തിന്റെ പണമാണ്‌ നിക്ഷേപിച്ചതെന്ന്‌ പറയുന്നുണ്ടെങ്കിലും സ്രോതസ്‌‌ വെളിപ്പെടുത്തിയിട്ടില്ല. ഗരീബി കല്യാൺ സ്‌കീമിൽ നിക്ഷേപിച്ചതിന്റെ രേഖ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽനിന്നാണ്‌ വിജിലൻസിന്‌ ലഭിച്ചത്‌.

കുറ്റപത്രം വൈകും

കൂടുതൽ പേരെ കേസിൽ പ്രതി ചേർത്തതോടെ കുറ്റപത്രം വൈകും. നവംബറിൽ കുറ്റപത്രം സമർപ്പിക്കാനായിരുന്നു നേരത്തേ തീരുമാനം. എന്നാൽ, ഉദ്യോഗസ്ഥരടക്കം കൂടുതൽ പേർ പ്രതിയായതോടെ  പുതിയ വിവരങ്ങൾ കേന്ദ്രീകരിച്ച്‌  കൂടുതൽ  അന്വേഷണം നടത്തണം. പൊതുമരാമത്തുവകുപ്പിലെ ക്ലറിക്കൽ തസ്‌തികയിലുണ്ടായിരുന്ന ചിലരെയും കിറ്റ്‌കോ, ആർബിഡിസികെ  ഉദ്യോഗസ്ഥരിൽ ചിലരുമാണ്‌ പുതുതായി പ്രതിസ്ഥാനത്ത്‌ വരിക. വിജിലൻസ്‌ ത്വരിതാന്വേഷണത്തിൽത്തന്നെ കുറ്റവാളികളെന്ന്‌ സംശയിക്കുന്നവരുടെ പട്ടികയിലുള്ളവരാണ്‌ ഇവരെല്ലാം.

നാഗേഷ്‌ റിമാൻഡിൽ

കേസിലെ 13–--ാം പ്രതി ബി വി നാഗേഷിനെ മൂവാറ്റുപുഴ വിജിലൻസ്‌ കോടതി ഡിസംബർ മൂന്നുവരെ റിമാൻഡ്‌ ചെയ്‌തു. പാലത്തിന്റെ ഡിസൈൻ തയ്യാറാക്കിയ ബംഗളൂരുവിലെ നാഗേഷ്‌ കൺസൾട്ടൻസി മാനേജിങ് പാർട്‌ണറാണ്‌. വ്യാഴാഴ്‌ച ബംഗളൂരുവിൽ അറസ്‌റ്റിലായ നാഗേഷിനെ ഒരു ദിവസം വിജിലൻസ്‌ കസ്‌റ്റഡിയിൽ നൽകി. വെള്ളിയാഴ്‌ച യാണ്‌‌ റിമാൻഡ്‌  ചെയ്ത്‌ മൂവാറ്റുപുഴ സബ് ജയിലിലേക്കയച്ചത്‌.  ജാമ്യാപേക്ഷ 24ന് പരിഗണിക്കും.  ലീഗ്‌ നേതാവ്‌ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും വിജിലൻസ്‌ സമർപ്പിച്ച കസ്‌റ്റഡി അപേക്ഷയും അന്നു പരിഗണിക്കും‌. 

ലേക്‌ഷോർ ആശുപത്രിയിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില പരിശോധിച്ച്‌ റിപ്പോർട്ട്‌ നൽകാനുള്ള മെഡിക്കൽ ബോർഡ്‌ രൂപീകരിക്കാൻ വിജിലൻസ്‌ കോടതി നിർദ്ദേശിച്ചു. ബോർഡിന്റെ പരിശോധനാ റിപ്പോർട്ടും 24ന്‌ കോടതിയിൽ നൽകണം.

ഫയലുകളിൽ നേരിട്ടെഴുതി

വി കെ ഇബ്രാഹിംകുഞ്ഞിന് വൻകിട കരാറുകാർമുതൽ പൊതുമരാമത്തുവകുപ്പിന്റെ എല്ലാതലത്തിലും വിശ്വസ്‌തരുണ്ടായിരുന്നെന്ന്‌ മുൻ പൊതുമരാമത്ത്‌ സെക്രട്ടറിയും പാലാരിവട്ടം പാലം അഴിമതിക്കേസിൽ നാലാംപ്രതിയുമായ  ടി ഒ സൂരജ്‌ ദേശാഭിമാനിയോട്‌ പറഞ്ഞു. പ്രത്യേക താൽപ്പര്യങ്ങളുള്ള കേസുകളാണെങ്കിൽ ഇബ്രാഹിംകുഞ്ഞ്‌ നോട്ട്‌ നൽകി  ഫയൽ നേരിട്ട്‌ വിളിപ്പിച്ച്‌ ഓർഡർ എഴുതും. അയ്യായിരത്തോളം കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങൾ‌ അക്കാലത്ത്‌ നടന്നു‌. പാലാരിവട്ടം പാലം നിർമാണത്തിലെ പല ഉപകരാറുകളും കുഴപ്പം പിടിച്ചതായിരുന്നു–- സൂരജ്‌ പറഞ്ഞു.

റഷീദ‌് ആനപ്പുറം 

രഹസ്യ ഇടപാടുകളെല്ലാം ചെയ്‌തത്‌ ഇബ്രാഹിംകുഞ്ഞ്‌ നേരിട്ട്‌: ടി ഒ സൂരജ്‌

വി കെ ഇബ്രാഹിംകുഞ്ഞിന് വൻകിട കരാറുകാർമുതൽ പൊതുമരാമത്തുവകുപ്പിന്റെ എല്ലാതലത്തിലും വിശ്വസ്‌തരുണ്ടായിരുന്നെന്ന്‌ മുൻ പൊതുമരാമത്ത്‌ സെക്രട്ടറി ടി ഒ സൂരജ്‌. വകുപ്പു സെക്രട്ടറി പറയുന്നതിനെക്കാൾ അത്തരം ആളുകളുടെ അഭിപ്രായത്തിനാണ്‌ വില കൽപ്പിച്ചത്‌. രഹസ്യ ഇടപാടുകളുള്ള പദ്ധതിയെങ്കിൽ വിശ്വസ്‌തരുമായി മാത്രമാണ്‌ വിവരങ്ങൾ പങ്കിട്ടിരുന്നതെന്നും പാലാരിവട്ടം പാലം അഴിമതിക്കേസിൽ നാലാംപ്രതിയായ സൂരജ്‌ ദേശാഭിമാനിയോട്‌ പറഞ്ഞു.

പൊതുമരാമത്ത്‌ സെക്രട്ടറിയായി ചുമതലയേറ്റ്‌ ഒരുവർഷത്തിനുള്ളിൽ മന്ത്രിയുമായി നീരസത്തിലായി. തന്നെ ഒഴിവാക്കി മന്ത്രി ‌കീഴുദ്യോഗസ്ഥരിൽനിന്ന്‌ നേരിട്ട്‌ ഫയൽ വാങ്ങാൻ തുടങ്ങിയതാണ്‌ അകൽച്ചയുണ്ടാക്കിയത്‌. എതിർപ്പുള്ള കാര്യങ്ങൾ ഫയലിൽ രേഖപ്പെടുത്തി. എന്നാൽ, അതെല്ലാം മണത്തറിഞ്ഞ ഇബ്രാഹിംകുഞ്ഞ്‌ നോട്ട്‌ നൽകി  ഫയൽ നേരിട്ട്‌ വിളിപ്പിച്ച്‌ ഓർഡർ എഴുതും. മന്ത്രിയുടെ ഓഫീസിലെ ഒരാളാണ്‌ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചത്‌. മറ്റു താൽപ്പര്യങ്ങളുള്ള കേസുകളാണെങ്കിൽ അദ്ദേഹം നേരിട്ടാണ്‌ ചെയ്‌തിരുന്നത്‌. അയ്യായിരത്തോളം കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങൾ‌ അക്കാലത്ത്‌ നടന്നു‌.

ഒരുഘട്ടത്തിൽ സെക്രട്ടറി സ്ഥാനത്തുനിന്ന്‌ മാറാൻപോലും ആലോചിച്ചു. എന്നാൽ, മന്ത്രിക്ക്‌ തന്നെ പേടിയുമായിരുന്നു. മറ്റു നേതാക്കളുമായുണ്ടായിരുന്ന അടുപ്പമാണ് കാരണം. പി കെ കുഞ്ഞാലിക്കുട്ടിയുമായി അപ്പോൾ‌ അദ്ദേഹം നല്ല രസത്തിലല്ലായിരുന്നു. കുഞ്ഞാലിക്കുട്ടിയെ മറികടന്ന്‌ ഉദ്യോഗസ്ഥതലത്തിൽ സ്വന്തം ആളുകളെ തിരുകിക്കയറ്റി സ്വാധീനമുണ്ടാക്കാൻ മന്ത്രി‌ ശ്രമിച്ചതാണ്‌ കാരണം.

പാലാരിവട്ടം പാലം നിർമാണത്തിൽ വീഴ്‌ചകളുണ്ടായി. അസിസ്‌റ്റന്റ്‌ സെക്രട്ടറിമുതൽ പരിശോധിച്ചുവന്ന ഫയലാണ്‌ താൻ ഒപ്പിട്ടത്‌. മൊബിലൈസേഷൻ അഡ്വാൻസ്‌ കൊടുത്തതിൽ നിയമപ്രശ്‌നമുണ്ടെങ്കിൽ ആർബിഡിസികെക്ക്‌ തടയാമായിരുന്നു. ആർബിഡിസികെക്കാണ് സർക്കാർ പണം കൊടുത്തത്‌. വായ്‌പയല്ലാതിരുന്നിട്ടും അതിന്‌ പലിശ ഏർപ്പെടുത്തിയത്‌ താനാണ്‌. ഇപിസി (എൻജിനിയറിങ്, പ്രൊക്യൂർമെന്റ്‌, കൺസ്‌ട്രക്‌ഷൻ) മാതൃകയിൽ പാലത്തിന്റെ ഡിസൈനിങ് ഉൾപ്പെടെ ഒറ്റക്കരാറാക്കിയതും വീഴ്‌ചയായി. കരാറുകാർ ഡിസൈനിൽമുതൽ വിട്ടുവീഴ്‌ച നടത്തി. അതു തടയാൻ ആർബിഡിസികെ നിയോഗിച്ച കൺസൾട്ടന്റ്‌ കിറ്റ്‌കോയ്‌ക്കായില്ല. പാലം നിർമാണത്തിലെ പല ഉപകരാറുകളും കുഴപ്പം പിടിച്ചതായിരുന്നു–- സൂരജ്‌ പറഞ്ഞു.

പാലാരിവട്ടം അഴിമതി: കൂടുതൽപേരെ പ്രതിയാക്കാൻ വിജിലൻസ്‌

പാലാരിവട്ടം പാലം നിർമാണ അഴിമതിക്കേസിൽ വൈകാതെ കൂടുതൽപ്പേർ അറസ്‌റ്റിലാകുമെന്ന്‌ വിജിലൻസ്‌. പാലം നിർമാണ കരാറിൽ ഉൾപ്പെടെ ക്രമക്കേട്‌ കാണിച്ചതിനും കരാറുകാരനെ സഹായിക്കാൻ ഔദ്യോഗിക ഉത്തരവാദിത്തങ്ങളിൽ വിട്ടുവീഴ്‌ച ചെയ്‌തതിനുമാണ്‌ കൂടുതൽപ്പേരെ പ്രതിചേർക്കുന്നത്‌. കിറ്റ്‌കോ മാനേജിങ് ഡയറക്‌ടറായിരുന്ന സിറിയക്‌ ഡേവിസ്‌, പ്രോജക്‌ട്‌ എൻജിനിയർ സാൻജോ കെ ജൊസ്‌, ജിജേഷ്‌, ആർബിഡിസികെ ജനറൽ മാനേജരായിരുന്ന പി എം യൂസഫ്‌, മാനേജർമാരായിരുന്ന പി എം മുഹമ്മദ്‌ നൗഫൽ, ശരത്‌ എസ്‌ കുമാർ,  അഡീഷണൽ ജനറൽ മാനേജർ ജെയ്‌ പോൾ, ആർഡിഎസിന്റെ സൈറ്റ്‌ എൻജിനിയർ ജോൺ എന്നിവരെയാണ്‌ വിജിലൻസ്‌ പ്രതിചേർക്കാനൊരുങ്ങുന്നത്‌.

കരാറുകാരന്‌ മൊബിലൈസേഷൻ അഡ്വാൻസ്‌ കൊടുക്കാൻ  തീരുമാനമെടുക്കുമ്പോൾ അസിസ്‌റ്റന്റ്‌ സെക്രട്ടറി, അണ്ടർ സെക്രട്ടറി, അഡീഷണൽ സെക്രട്ടറി ചുമതലകളിലുണ്ടായിരുന്നവരും പ്രതിസ്ഥാനത്തു വന്നേക്കും. പൊതുമരാമത്തുവകുപ്പിലെ ക്ലറിക്കൽ തസ്‌തികയിലുണ്ടായിരുന്ന ചിലരും കിറ്റ്‌കോ, ആർബിഡിസികെ ഉദ്യോഗസ്ഥരിൽ ചിലരും പ്രതിസ്ഥാനത്ത്‌ വന്നേക്കും. അവർക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുള്ളതായി പ്രതികളുടെ മൊഴിയുണ്ട്‌. വിജിലൻസ്‌ നടത്തിയ ത്വരിതാന്വേഷണത്തിൽത്തന്നെ കുറ്റവാളികളെന്ന്‌ സംശയിക്കുന്നവരുടെ പട്ടികയിലുള്ളവരാണ്‌ ഇവരെല്ലാം. കേസിൽ ഇതുവരെ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്‌ എംഎൽഎയും മുൻ പൊതുമരാമത്ത്‌ സെക്രട്ടറി ടി ഒ സൂരജും ഉൾപ്പെടെ 13 പ്രതികളുണ്ട്‌‌. ഇതിൽ ആറുപേരാണ്‌ അറസ്‌റ്റിലായത്‌.

എം എസ‌് അശോകൻ 

No comments:

Post a Comment