Friday, March 14, 2014

ജനകീയത മുഖമുദ്ര

ജനകീയ ആരോഗ്യമന്ത്രിയെന്ന നിലയില്‍ കേരളം ആദരിക്കുന്ന വ്യക്തിത്വമാണ് പി കെ ശ്രീമതി. ആതുര ശ്രുശ്രൂഷാമേഖലയിലെ നിരന്തര ഇടപെടലും പ്രവര്‍ത്തനവും മാതൃകാപരം. നാടിന്റെ പൊതുവിഷയത്തിലും സ്ത്രീപ്രശ്നങ്ങളില്‍ പ്രത്യേകിച്ചും നിയമസഭയ്ക്കകത്തും പുറത്തും നടത്തിയ ഉജ്വല പോരാട്ടങ്ങളിലൂടെ ജനമനസ്സില്‍ ഇടംനേടി. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ ട്രഷററുമാണ്. കണ്ണൂര്‍ ജില്ലാ കൗണ്‍സിലിലെ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, ജില്ലാ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് എന്നീ നിലകളിലും ഏവരുടെയും സ്നേഹാദരവ് പിടിച്ചുപറ്റിയ ശ്രീമതി 2001ല്‍ പയ്യന്നൂര്‍ മണ്ഡലത്തില്‍നിന്നാണ് നിയമസഭയിലെത്തിയത്. 2006ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അവര്‍ ആരോഗ്യമന്ത്രിയായി. പത്തുവര്‍ഷത്തെ നിയമസഭാ പ്രവര്‍ത്തനത്തില്‍ എതിരാളികളുടെയടക്കം പ്രശംസ പിടിച്ചുപറ്റി.

മുത്തങ്ങയില്‍ ആദിവാസികള്‍ക്കെതിരെ നടന്ന കിരാതമായ പൊലീസ് നരനായാട്ടില്‍ പ്രതിഷേധിച്ച് സെക്രട്ടറിയറ്റിനു മുന്നിലെ 12 ദിവസത്തെ നിരാഹാര സത്യഗ്രഹം ദേശീയശ്രദ്ധ പിടിച്ചുപറ്റി. യുഡിഎഫ് ഭരണത്തില്‍ നടമാടിയ എണ്ണമറ്റ സ്ത്രീ പീഡന-പെണ്‍വാണിഭ സംഭവങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ വലിയ പങ്ക് വഹിച്ചു. 2006ല്‍ മന്ത്രിയായതോടെ പാവപ്പെട്ട രോഗികളുടെ കണ്ണീരൊപ്പാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകി. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നപ്പോള്‍ വിശ്രമരഹിതമായി കേരളത്തിന്റെ മുക്കിലും മൂലയിലുമെത്തി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലൊക്കെ പ്രവര്‍ത്തിച്ച ശ്രീമതി അധ്യാപക സംഘടനാ രംഗത്തും സജീവമായിരുന്നു.

1997ല്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായും പിന്നീട് കേന്ദ്രകമ്മിറ്റി അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. പ്രീഡിഗ്രി വിദ്യാഭ്യാസത്തിനുശേഷം അധ്യാപകപരിശീലനം നേടിയ ശ്രീമതി നെരുവമ്പ്രം യുപി സ്കൂളില്‍ അധ്യാപികയായി. 2003ല്‍ സ്വയം വിരമിക്കുമ്പോള്‍ പ്രധാനാധ്യാപികയായിരുന്നു. കയരളത്തെ കേളപ്പന്‍ നമ്പ്യാരുടെയും പി കെ മീനാക്ഷി ടീച്ചറുടെയും മകളാണ്. പി ദാമോദരന്‍ നമ്പ്യാരാണ് ഭര്‍ത്താവ്. മകന്‍ പി കെ സുധീര്‍. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ എംഎല്‍എയുടെ ഭാര്യ പി കെ ഇന്ദിര സഹോദരിയാണ്.

deshabhimani

No comments:

Post a Comment