Monday, March 17, 2014

കോണ്‍ഗ്രസിന് തിരിച്ചടി നല്‍കാന്‍ പുതുച്ചേരിയും

ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായിരുന്ന പുതുച്ചേരിയിലും മാറ്റത്തിന്റെ കാറ്റുവീശുന്നു. ദ്രാവിഡകക്ഷികള്‍ വിധി നിശ്ചയിക്കുന്ന തമിഴക രാഷ്ട്രീയത്തില്‍നിന്ന് വ്യത്യസ്തമായിരുന്ന പുതുച്ചേരിയില്‍ തെരഞ്ഞെടുപ്പിനുമുന്നേ കോണ്‍ഗ്രസ് പരാജയഭീതിയില്‍. ഭരണകക്ഷിയായ എന്‍ ആര്‍ കോണ്‍ഗ്രസിന്റെ സാന്നിധ്യമാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ തകര്‍ക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാര്‍ടി വിട്ട കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറുമായ ആര്‍ രാധാകൃഷ്ണനാണ് എന്‍ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. രാധാകൃഷ്ണന്‍ എന്‍ ആര്‍ കോണ്‍ഗ്രസ് സ്ഥനാര്‍ഥിയായതോടെ കോണ്‍ഗ്രസ്ക്യാമ്പ് തികഞ്ഞ ആശയക്കുഴപ്പത്തിലാണ്.

ഫ്രഞ്ച്ഭരണപ്രദേശമായ പുതുച്ചേരി ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചശേഷം 1963നുശേഷം നടന്ന 12 ലോക്സഭ തെരഞ്ഞെടുപ്പില്‍ മൂന്നുതവണയേ മണ്ഡലം കോണ്‍ഗ്രസിന് നഷ്ടപ്പെട്ടിട്ടുള്ളൂ. ആദ്യതെരഞ്ഞെടുപ്പില്‍ ശിവപ്രകാശത്തിലൂടെ മണ്ഡലത്തില്‍ആധിപത്യമുറപ്പിച്ച കോണ്‍ഗ്രസിന് പിന്നീട് മണ്ഡലം നഷ്ടപ്പെട്ടത് അടിയന്തരാവസ്ഥാവിരുദ്ധ തരംഗം ആഞ്ഞടിച്ച 1977ലാണ്. അണ്ണാഡിഎംകെയാണ് സീറ്റ് പിടിച്ചെടുത്തത്. 1980ലെ തെരഞ്ഞെടുപ്പില്‍ പി ഷണ്‍മുഖത്തിലൂടെ കോണ്‍ഗ്രസ് തിരിച്ചുവന്നു. തുടര്‍ന്നുള്ള രണ്ട് തെരഞ്ഞെടുപ്പിലും പി ഷണ്‍മുഖത്തിനായിരുന്നു ജയം. 1991മുതല്‍ എം ഒ എച്ച് ഫാറൂഖ് മരയ്ക്കാറിന്റെ ഊഴമായി. എസ് അറുമുഖത്തിലൂടെ 1998ല്‍ ഡിഎംകെ ആദ്യമായി മണ്ഡലം പിടിച്ചു. 99ലെ തെരഞ്ഞെടുപ്പില്‍ ഫാറൂഖ്മരയ്ക്കാറിലൂടെ കോണ്‍ഗ്രസ് തിരിച്ചുവന്നു.

2004ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പിന്തുണയോടെ മത്സരിച്ച പട്ടാളിമക്കള്‍ കക്ഷിയിലെ എം രാമദാസാണ് ജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി നാരായണസ്വാമിയാണ് വിജയിച്ചത്. ആശങ്കയോടെയാണ് നാരായണസ്വാമി രണ്ടാമതും ജനവിധിതേടുന്നത്. എഐഎഡിഎംകെ, ഡിഎംകെ, പിഎംകെ പാര്‍ടികള്‍ക്കൊപ്പം ഇടതുപാര്‍ടികളും ഇത്തവണ പുതുച്ചേരിയില്‍ മത്സരിക്കുന്നു. സിപിഐ സ്ഥാനാര്‍ഥിയാണ് ഇടതുപക്ഷത്തിനുവേണ്ടി മത്സരിക്കുക. പുതുച്ചേരിയില്‍ മാഹി ഉള്‍പ്പെടെയുള്ള ഏകലോകസഭാമണ്ഡലത്തില്‍ ഏപ്രില്‍ 24നാണ് തെരഞ്ഞെടുപ്പ്. എന്‍ രങ്കസ്വാമി നേതൃത്വം നല്‍കുന്ന എന്‍ ആര്‍ കോണ്‍ഗ്രസ്സാണിപ്പോള്‍ പുതുച്ചേരി ഭരിക്കുന്നത്. കോണ്‍ഗ്രസിന്റെ സമുന്നതനേതാവായിരുന്ന രങ്കസ്വാമി പാര്‍ടി വിട്ട് പുതിയകക്ഷി രൂപീകരിക്കുകയായിരുന്നു.

രാജസ്ഥാനില്‍ തമ്മിലടിച്ച് കോണ്‍ഗ്രസ്

മരുഭൂമികളുടെ നാടായ രാജസ്ഥാനില്‍ തെരഞ്ഞെടുപ്പുചൂട് ഇനിയും ആരംഭിച്ചിട്ടില്ല. വേനലിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷത്തിലാണ് ഇപ്പോള്‍ സംസ്ഥാനം. അതിനാല്‍ സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജെപിയോ മുഖ്യ പ്രതിപക്ഷപാര്‍ടിയായ കോണ്‍ഗ്രസോ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. സിപിഐ എം ഇക്കുറി മൂന്ന് സീറ്റുകളില്‍ ജനവിധി തേടും. സിക്കറില്‍നിന്ന് കേന്ദ്രകമ്മിറ്റി അംഗം അമ്രാറാമും ഗംഗാനഗര്‍ സംവരണമണ്ഡലത്തില്‍നിന്ന് പാര്‍ടി ജില്ലാ സെക്രട്ടറിയറ്റ് അംഗം പാല്‍റാമും ചുരുവില്‍നിന്ന് റിട്ട. അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ട് ഇന്ദര്‍സിങ് പൂനിയയും മത്സരിക്കും. ഡിസംബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ കണ്ണഞ്ചിക്കുന്ന വിജയത്തിന്റെ ലഹരിയിലാണ് ബിജെപിയും മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യയും. 200 അംഗ നിയമസഭയില്‍ 162 സീറ്റ് നേടി ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ബിജെപിയും വസുന്ധരയും നേടിയത്. അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് 21 സീറ്റാണ് ലഭിച്ചത്. നാലുമാസത്തിനുശേഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഈ വിജയം ആവര്‍ത്തിക്കാനാകുമെന്ന വിശ്വാസത്തിലാണ് വസുന്ധര.

രാജസ്ഥാനില്‍ നിയമസഭയില്‍ വിജയിച്ച കക്ഷിതന്നെ ലോക്സഭയിലും വിജയിക്കുന്ന ചരിത്രമാണുള്ളത്. 2008ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 96 സീറ്റ് നേടി കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 25 പാര്‍ലമെന്റ് സീറ്റില്‍ 20ഉം നേടി കോണ്‍ഗ്രസ് ആധിപത്യം നിലനിര്‍ത്തി. നാല് സീറ്റുമാത്രമാണ് ബിജെപിക്ക് ലഭിച്ചത്. ബിജെപിയില്‍ ഗ്രൂപ്പുകലഹത്തിന് താല്‍ക്കാലികമായെങ്കിലും ശമനമായതും വസുന്ധരയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. വിമത നേതാക്കളായ ഗുലാബ് ചന്ദ് കഠാരിയ, രാജേന്ദ്ര റാത്തോര്‍, കപ്താന്‍ സിങ് സോളങ്കി, ഭുവനേന്ദ്ര യാദവ് എന്നിവരുമായി വസുന്ധര നല്ല ബന്ധം സ്ഥാപിച്ചതാണ് ഇതിന് കാരണം. നിയമസഭാ തെരഞ്ഞെടുപ്പുഫലത്തിന്റെ ഞെട്ടല്‍ കോണ്‍ഗ്രസിനെ ഇപ്പോഴും വേട്ടയാടുകയാണ്. പരാജയത്തിന്റെ ഉത്തരവാദിത്തം ചാര്‍ത്തി ശെഖാവതി മേഖലയിലെ ജാട്ട് നേതാവ് ചന്ദ്രാബെനിനെ പിസിസി പ്രസിഡന്റുസ്ഥാനത്തുനിന്ന് കോണ്‍ഗ്രസ് മാറ്റി. രാഹുല്‍ഗാന്ധിയുടെ വിശ്വസ്തനായ സച്ചിന്‍ പൈലറ്റിനെയാണ് പുതിയ പിസിസി പ്രസിഡന്റായി നിയമിച്ചത്. കേഡര്‍മാരുമായും പ്രാദേശികനേതാക്കളുമായും ഒരു ബന്ധവുമില്ലാത്ത, വേണ്ടത്ര രാഷ്ട്രീയപരിചയമില്ലാത്തയാളാണ് കേന്ദ്ര സഹമന്ത്രികൂടിയായ സച്ചിന്‍ പൈലറ്റെന്ന വിമര്‍ശം ഉയര്‍ന്നുകഴിഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പുപോലുള്ള നിര്‍ണായകവേളയില്‍ സച്ചിന്‍ പൈലറ്റിനെ പിസിസി അധ്യക്ഷനാക്കിയതില്‍ കടുത്ത പ്രതിഷേധം രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പുകയുകയാണ്. ജനറല്‍ സെക്രട്ടറി പി സി ജോഷിയെപ്പോലും തഴഞ്ഞാണ് രാഹുല്‍ഗാന്ധിയുടെ നിര്‍ബന്ധപ്രകാരം മുപ്പത്താറുകാരനായ സച്ചിന്‍ പൈലറ്റിനെ പിസിസി പ്രസിഡന്റാക്കിയത്. കേന്ദ്രനേതൃത്വം തഴഞ്ഞുവെന്ന വികാരമുള്ള മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തനവുമായി സഹകരിക്കുന്നില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പരിപാടികളിലും പങ്കെടുക്കുന്നില്ല. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ബിജെപി ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കൊന്നും ഗെലോട്ട് മറുപടി പറയുന്നുമില്ല. ബിക്കാനീര്‍ റിഫൈനറി, ജയ്പുര്‍ മെട്രോ തുടങ്ങിയ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ജനചേതനറാലിയില്‍നിന്ന് ഗെലോട്ട് വിട്ടുനിന്നു. ഗെലോട്ടിന്റെയും മുതിര്‍ന്ന നേതാക്കളുടെയും നിസ്സഹകരണം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പുഫലത്തെ ബാധിക്കും. സച്ചിന്‍ പൈലറ്റുതന്നെ സുരക്ഷിത മണ്ഡലം തേടുകയാണ്. കഴിഞ്ഞതവണ വിജയിച്ച അജ്മീറില്‍ മത്സരിക്കാനുള്ള ധൈര്യം സച്ചിനില്ല.

നിയമസഭാ തെരഞ്ഞെടുപ്പില്‍ അജ്മീര്‍ ലോക്സഭാ മണ്ഡലത്തിനുകീഴിലുള്ള എട്ടു മണ്ഡലത്തിലും കോണ്‍ഗ്രസ് തോറ്റിരുന്നു. പരാജയത്തിലേക്ക് കൂപ്പുകുത്തുമ്പോഴും കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്ന ചില സംഭവങ്ങളുണ്ട്. അതിലൊന്ന് യുപിഎ സര്‍ക്കാര്‍ ജാട്ടുകള്‍ക്ക് ഒബിസി സംവരണം നല്‍കിയതാണ്. ഹരിയാന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജാട്ടുകളുള്ള സംസ്ഥാനം രാജസ്ഥാനാണ്. 19 ശതമാനം. ശെഖാവതി, ഹഡോത്തി മേഖലയിലാണ് ജാട്ടുകളുടെ കേന്ദ്രീകരണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ മേഖലയില്‍ കോണ്‍ഗ്രസ് പൂര്‍ണമായും പരാജയപ്പെട്ടിരുന്നു. ജാട്ടുസംവരണം കോണ്‍ഗ്രസിന് ജീവവായു നല്‍കും. ജാട്ടുകള്‍ക്ക് സംവരണം നല്‍കുകയും ഗുജ്ജറുകള്‍ക്ക് നല്‍കാതിരിക്കുകയും ചെയ്തത് ഈ വിഭാഗത്തിന്റെ വോട്ട് കോണ്‍ഗ്രസിന് നഷ്ടപ്പെടുത്തുകയും ചെയ്യും. പിസിസി അധ്യക്ഷന്‍ ഗുജ്ജര്‍ ജാതിക്കാരനായപ്പോഴാണ് അവര്‍ക്ക് സംവരണം ലഭിക്കാതിരുന്നത്. കോണ്‍ഗ്രസിന് അനുകൂലമായ മറ്റൊരു ഘടകം മീണകളുടെ നേതാവായ കിരോരിലാല്‍ മീണ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറായതാണ്. ഇവയൊന്നും കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കില്ല; ദയനീയപരാജയം ഒഴിവാക്കാമെന്നുമാത്രം.

വി ബി പരമേശ്വരന്‍

No comments:

Post a Comment