Monday, March 17, 2014

ഉമ്മന്‍ചാണ്ടി ജനങ്ങളെ പരിഹസിക്കുന്നു

ലോക്സഭാ തെരഞ്ഞെടുപ്പ് സംസ്ഥാനഭരണത്തിന്റെ വിലയിരുത്തലാകുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ജനങ്ങളോടുള്ള കൊഞ്ഞനംകുത്തലായി. അധികാരമേറ്റ് മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കാന്‍ രണ്ട് മാസം ബാക്കിയിരിക്കെ കടുത്ത ജനദ്രോഹനടപടികളും വിവാദങ്ങളും മാത്രം കൈമുതലാക്കിയ സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയുന്നത് പരിഹാസ്യവുമായി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ ഭദ്രമായ പൊതുഖജനാവ് ശൂന്യമാക്കിയെന്നതാണ് യുഡിഎഫ് സര്‍ക്കാരിന്റെ സുപ്രധാന "നേട്ടം". ട്രഷറി ഏത് നിമിഷവും അടച്ചുപൂട്ടുമെന്ന നിലയിലാണ്. 3,500 കോടി രൂപയുടെ അധിക നികുതിഭാരം അടിച്ചേല്‍പ്പിച്ചു. എന്നിട്ടും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു രൂപ പോലുമില്ല.

പൊതുമരാമത്ത് കരാറുകാര്‍ക്ക് മാത്രം 2,200 കോടി രൂപയിലേറെയാണ് കുടിശ്ശിക. വികസനപ്രവര്‍ത്തനങ്ങള്‍ നിലച്ചു. ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുള്ള പെന്‍ഷന്‍ നല്‍കുന്നില്ല. 1124 കോടി രൂപയാണ് കുടിശ്ശിക. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ 1550 കോടിയുടെ വികസന ഫണ്ട് വകമാറ്റി. എല്‍ഡിഎഫ് ഭരണകാലത്ത് ഏറെ മുന്നോട്ടുപോയ പദ്ധതികള്‍പോലും മുടങ്ങി. വിഴിഞ്ഞം പദ്ധതിയെ അനിശ്ചിതത്വത്തിലാക്കി. കോഴിക്കോട്, തിരുവനന്തപുരം മോണോറെയില്‍, എയര്‍കേരള തുടങ്ങിയവ ലക്ഷ്യത്തിലെത്തിയില്ല. കൊച്ചി മെട്രോയുടെ പ്രവര്‍ത്തനം മാത്രമാണ് പുരോഗമിക്കുന്നത്. കോടികള്‍ ധൂര്‍ത്തടിച്ച് എമര്‍ജിങ് കേരള നടത്തിയെങ്കിലും ഒരു പദ്ധതിപോലും കൊണ്ടുവന്നില്ല. സ്മാര്‍ട്ട് സിറ്റി പദ്ധതി എല്‍ഡിഎഫ് തുടങ്ങിയേടത്ത് തന്നെ.

അഴിമതിയിലും നാണക്കേടിലും റെക്കോഡിട്ട സര്‍ക്കാരാണിത്. ചരിത്രത്തില്‍ ആദ്യമായി ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതി നടത്താനുള്ള ഗൂഢാലോചനയുടെ കേന്ദ്രമായി. മുഖ്യമന്ത്രി ഉള്‍പ്പെടെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നു. കഴിഞ്ഞ ദിവസം പോലും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട ജഡ്ജിയെ പുകച്ച് ചാടിച്ചു. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ രാജിവയ്പിച്ചു. കേസന്വേഷണം അട്ടിമറിച്ചു. വിദ്യാഭ്യാസവകുപ്പിനെ അഴിമതിയുടെ സിരാകേന്ദ്രമാക്കി. എല്‍ഡിഎഫ് ഭരണകാലത്ത് പുനരുജ്ജീവിപ്പിച്ച പൊതുജനാരോഗ്യമേഖലയെ അപ്പാടെ തകര്‍ത്തു. ആശുപത്രികളില്‍ മരുന്നോ ഡോക്ടര്‍മാരോ ഇല്ല.

ലാഭത്തിലാക്കിയ പൊതുമേഖലാസ്ഥാപനങ്ങളെല്ലാം ഇന്ന് പ്രതിസന്ധിയുടെ പാരമ്യത്തിലാണ്. പരമ്പരാഗതമേഖലയിലും മത്സ്യത്തൊഴിലാളിമേഖലയിലും അടുപ്പ് പുകയുന്നില്ല. വൈദ്യുതിമേഖല കടുത്ത പ്രതിസന്ധിയിലായി. കെഎസ്ആര്‍ടിസിയില്‍ ശമ്പളംപോലും കൃത്യമായി നല്‍കുന്നില്ല. ആഭ്യന്തരവകുപ്പിനെ രാഷ്ട്രീയ എതിരാളികളെ തകര്‍ക്കാനുള്ള ആയുധമാക്കിയ സര്‍ക്കാര്‍ പൊലീസിനെ കയറൂരി വിട്ടു. നടുറോഡില്‍ എസ്ഐയെ വെട്ടിക്കൊന്ന ആട് ആന്റണിമാര്‍ സൈ്വരവിഹാരം നടത്തുന്നു. മനോരോഗിയായ സത്നാംസിങ്ങിനെ അടിച്ചുകൊന്നതുള്‍പ്പെടെയുള്ള കസ്റ്റഡി മരണങ്ങള്‍. പൊലീസ് കസ്റ്റഡിയില്‍ കോടതിയിലേക്ക് കൊണ്ടുപോകുമ്പോള്‍ പ്രതികളെ എതിരാളികള്‍ ആക്രമിച്ച ആറ് കേസ്. കോടതി ശിക്ഷിച്ചവരെ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം രാഷ്ട്രീയ പകപോക്കലുകളുടെ ഭാഗമായി ജയിലുകളില്‍ അക്രമിക്കുന്ന മനുഷ്യാവകാശലംഘനങ്ങള്‍... ഇതെല്ലാമാണ് ഉമ്മന്‍ചാണ്ടി വിലയിരുത്താന്‍ ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നത്.

എം രഘുനാഥ്

തെരഞ്ഞെടുപ്പുഫലം പി സി ചാക്കോ പ്രഖ്യാപിച്ചുകഴിഞ്ഞു: വൈക്കം വിശ്വന്‍

കട്ടപ്പന: ലോക്സഭ തെരഞ്ഞെടുപ്പുഫലം കോണ്‍ഗ്രസ് വക്താവും ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ പി സി ചാക്കോ പ്രഖ്യാപിച്ചു കഴിഞ്ഞതായും തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിന്റെ തകര്‍ച്ച സമ്പൂര്‍ണമാകുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. എല്‍ഡിഎഫ് ഇടുക്കി പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷന്‍ കട്ടപ്പനയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു വിശ്വന്‍.

ഇടതുപക്ഷ പ്രസ്ഥാനങ്ങളും പ്രാദേശികപാര്‍ടികളും മതേതര കൂട്ടായ്മയും ചേര്‍ന്ന ശക്തികള്‍ ബദലായി ഉയര്‍ന്നുവരും. കോണ്‍ഗ്രസ് കേന്ദ്രത്തില്‍ ദുര്‍ബലമായതിന് പുറമെ സംസ്ഥാനങ്ങളിലെ സ്വാധീനവും നഷ്ടമായി. മലയോര കര്‍ഷകരും തീരദേശവാസികളും ഉള്‍പ്പെടുന്ന സംസ്ഥാനത്തെ ജനവിഭാഗങ്ങളുടെ സുരക്ഷിതത്വം ഇല്ലാതാക്കിയ യുഡിഎഫ് സര്‍ക്കാര്‍ ജീര്‍ണതകളുടെയും അഴിമതിയുടെയും കേന്ദ്രമായി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ഇടുക്കി നിവാസികള്‍ ജീവിക്കേണ്ടെന്നു പറയുന്ന സര്‍ക്കാരുകള്‍ ആരുടെ പക്ഷത്താണെന്ന് ജനങ്ങള്‍ക്കറിയാം. രാജഭരണകാലത്തുതന്നെ എല്ലാ ആനുകൂല്യങ്ങളും സംരക്ഷണവും നല്‍കി കുടിയിരുത്തിയ കര്‍ഷകര്‍ കൈയേറ്റക്കാരല്ല. മുതലാളിത്ത രാജ്യങ്ങള്‍ക്കും ലോകത്തിനുംവേണ്ടി ഇടുക്കിക്കാര്‍ ജീവിക്കേണ്ടതില്ലെന്ന ധാരണ ശരിയല്ല. സര്‍വ ജനവിഭാഗങ്ങളെയും ദ്രോഹിക്കുന്ന ഇത്തരം ഒരു സര്‍ക്കാര്‍ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയും ഓഫീസും അഴിമതിയുടെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നു. മറ്റുള്ളവരുടെ വസ്തു തട്ടിയെടുക്കാന്‍പോലും മുഖ്യമന്ത്രിയുടെ ഗണ്‍മാന് അവസരം നല്‍കി. സോളാര്‍ അഴിമതിക്കേസുതന്നെ ഇല്ലാതാക്കി. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയെയും ജീര്‍ണതകളെയും നഖശിഖാന്തം എതിര്‍ത്ത എല്‍ഡിഎഫ് വിട്ടുപോയ ആര്‍എസ്പി നേതാക്കള്‍ ഇനി എന്തുപറയുമെന്ന് വൈക്കം വിശ്വന്‍ ചോദിച്ചു. ജില്ലയുടെയും കൃഷിക്കാരുടെയും താല്‍പ്പര്യം സംരക്ഷിക്കാനും കടമ നിര്‍വഹിക്കാനും കഴിയുന്ന സ്ഥാനാര്‍ഥിയാണ് അഡ്വ. ജോയ്സ് ജോര്‍ജെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment