കൊച്ചി > ഭരണഘടന നിയമത്തെ സംബന്ധിച്ച പഠനങ്ങളിൽ ആർക്കും പരാമർശിക്കാതിരിക്കാൻ കഴിയാത്തതാണ് കേശവാനന്ദ ഭാരതി കേസ് എന്ന് പി രാജീവ്. ഇന്നലെ സ്വാമി കേശ വാനന്ദ ഭാരതി വിടവാങ്ങിയതോടെ വീണ്ടും ചർച്ചകളിൽ ഇടം തേടി. കേസിലെ കേവലമായ അപേക്ഷക്ക് അപ്പുറത്തേക്ക് വിശാലമായ ഭരണഘടന വ്യാഖ്യാനങ്ങളിലേക്ക് ആ കേസ് ഉയർന്നു. ആർട്ടിക്കിൾ 368 പ്രകാരം ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെണ്ടിൻ്റെ അധികാരം അനിയന്ത്രിതമാണോ എന്ന മൗലികമായ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു 1973 ഏപ്രിൽ 24 ലെ 13 അംഗ ഭരണഘടന ബഞ്ചിൻ്റെ വിധി.
7-6 എന്ന നിലയിൽ ഒരംഗത്തിൻ്റെ ഭൂരിപക്ഷം മാത്രമുണ്ടായിരുന്ന വിധിന്യായം. പക്ഷേ , അത് ചരിത്രത്തെ മാറ്റി മറച്ചു -24 ,25 , 29 ഭരണഘടന ഭേദഗതികളുടെ സാധുതയാണ് സുപ്രീം കോടതി പരിഗണിച്ചത് . ഭരണഘടനയുടെ അടിസ്ഥാന ശിലയെ സ്പർശിക്കുന്ന ഭേദഗതികൾക്ക് പാർലമെണ്ടി ന് അവകാശമില്ലെന്നതായിരുന്നു ഭൂരിപക്ഷ വിധി. ഇന്ത്യൻ ഭരണഘടനയുടെ പ്രധാന സ്രോതസ് ബ്രിട്ടീഷ് ഭരണഘടനയാണെങ്കിലും മാലികമായ വ്യത്യാസങ്ങളും ഏറെയാണ് . ബ്രിട്ടനിൽ നിയമനിർമ്മാണത്തിൽ പാർലമെണ്ടിന് പരമാധികാരമുണ്ട്. പാർലമെണ്ട് പാസാക്കുന്ന നിയമം റിവ്യു ചെയ്യാൻ കോടതിക്ക് അധികാരമില്ല . വേണമെങ്കിൽ ആ നിയമത്തിൻ്റെ നിർവഹണം ഭരണഘടനാനുസൃതമാണോയെന്ന ജുഡീഷ്യൽ റിവ്യു നടത്താം. എന്നാൽ, ഇന്ത്യൻ ഭരണഘടന ജുഡീഷ്യൽ റിവ്യു കൂടി ഉള്ളതാണ്.
കേശവാനന്ദ ഭാരതി കേസിനു മുമ്പുള്ള പല ഭരണഘടനാ ഭേദഗതികളും അടിസ്ഥാന ശിലയെ സ്പർശിക്കുന്നതായിരുന്നു. ഭരണഘടനയുടെ ആദ്യ ഭേദഗതി തന്നെ മൗലികാവകാശങ്ങളെ പരിമിതപ്പെടുത്തുന്നതായിരുന്നു. അതും തെരഞ്ഞെടുക്കപ്പെട്ട പാർലമെണ്ടല്ല നിർവഹിച്ചത്. പകരം പ്രൊവിഷ്യൽ പാർലമെണ്ടായി പ്രവർത്തിച്ച ഭരണഘടന അസംബ്ലി തന്നെയായിരുന്നു.
കേശവാനന്ദ ഭാരതി കേസ് ഭേദഗതികൾക്ക് പരിധി നിർണ്ണയിച്ചെങ്കിലും ഇതുവരെ 104 ഭേദഗതികൾ പാർലമെണ്ട് പാസാക്കിയിട്ടുണ്ട്. ആംഗ്ലോ ഇന്ത്യൻ സംവരണം നിയമനിർമാണ സഭകളിൽ അവസാനിപ്പിക്കുന്നതായിരുന്നു 104-മത്തെ ഭേദഗതി.
1789 ൽ ഭരണഘടന അംഗീകരിച്ച അമേരിക്കയിൽ ഇതുവരെ 27 ഭേദഗതികൾ മാത്രമാണ് വരുത്തിയിട്ടുള്ളത്. അവസാന ഭേദഗതി പാസാക്കുന്നതിന് എടുത്തത് 202 വർഷവും 223 ദിവസവുമാണ്. 1789 സെപ്തംബറിൽ അവതരിപ്പിച്ച ഭേദഗതി പാസാകുന്നത് 1992 മേയ് അഞ്ചിനാണ്, സ്വാമി കേശവാനന്ദ ഭാരതി വിടവാങ്ങുമ്പോൾ ആർട്ടിക്കിൾ 368 തന്നെ ശരിക്കും നിലനിൽക്കുന്നുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്. ആർട്ടിക്കിൾ 370 ഉം 35 A യും റദ്ദാക്കപ്പടുന്നതും ആർട്ടിക്കിൾ 367 ലെ മാറ്റങ്ങളും ഭരണഘടനയുടെ അന്തഃസത്തയെ തന്നെ ചോദ്യം ചെയ്യുന്നതാണ്.
എന്നാൽ , അതീവ ഗൗരവമേറിയ ഈ പ്രശ്നം ഇതുവരെയും കേൾക്കാനും ഭരണഘടന ഭേദഗതിയെ സംബന്ധിച്ചും കേശവാനന്ദ ഭാരതി കേസിൻ്റെ വിധിയുടെ ലംഘനത്തെപ്പറ്റിയും കേൾക്കാൻ സുപ്രീം കോടതിക്ക് സമയം കിട്ടിയിട്ടില്ല! അതോടൊപ്പം ഭരണഘടനയുടെ അടിസ്ഥാന ശിലയെതന്നെ അട്ടിമറിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിൻ്റെ ഭരണ ഘടന സാധുതയും സുപ്രീം കോടതി പരിശോധിക്കാൻ പോകുന്നതേയുള്ളു. പ്രയോഗത്തിൽ കേശവാനന്ദ ഭാരതി കേസിലെ വിധി തന്നെ നിൽക്കുന്നുണ്ടോ എന്ന ചോദ്യം സമൂഹത്തിൽ ഉയരുമ്പോഴാണ് സ്വാമി വിടവാങ്ങിയത്. ആദരാഞ്ജലികൾ ‐ രാജീവ് ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.
No comments:
Post a Comment