തിരുവനന്തപുരം> മഞ്ചേശ്വരം എം.എല്‍.എ എം സി ഖമറൂദ്ദീന്റെ നേതൃത്വത്തില്‍ ലീഗ് നേതാക്കള്‍ നടത്തിയ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് ഞെട്ടിപ്പിക്കുന്നതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്. ഇതിന്റെ മുഴുവന്‍ വിവരങ്ങളും പുറത്തുകൊണ്ടുവരാന്‍ ഉന്നതതല അന്വേഷണം സര്‍ക്കാര്‍ നടത്തണം.
നിക്ഷേപ തട്ടിപ്പില്‍ 33 കേസാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു എം.എല്‍.എക്കെതിരെ ഇത്രയധികം കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്. ഓരോ ദിവസവും നിരവധി ആളുകളാണ് പുതുതായി പരാതിയുമായി മുന്നോട്ടു വരുന്നത്. 150 കോടിയോളം രൂപയാണ് സമാഹരിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. നിക്ഷേപകരെ കമ്പളിപ്പിക്കാനായി അഞ്ച് കമ്പനികളാണ് ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാനായ എം.സി ഖമറൂദ്ദീനും എം.ഡിയായ പൂക്കോയതങ്ങളും രജിസ്റ്റര്‍ ചെയ്തത്.
2006 ല്‍ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ ചന്തേര മാണിയാട്ട് തവക്കല്‍ കോംപ്ലക്‌സിലാണ് ആദ്യ കമ്പനി രജിസ്റ്റര്‍ ചെയ്തത്. പിന്നീട് 2007 ലും 2008 ലും 2012 ലും 2016 ലുമായാണ് മറ്റുകമ്പനികള്‍ രജിസ്റ്റര്‍ ചെയ്തത്. ഒരേ മേല്‍വിലാസത്തിലാണ് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തതെങ്കിലും ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനമല്ലാതെ മറ്റൊന്നും മാണിയാട്ട് ഉണ്ടായിരുന്നില്ല. മുസ്ലീം ലീഗിന്റെ ഭാരവാഹികളും ലീഗുമായി അടുത്ത ബന്ധമുള്ളവരും ചേര്‍ന്ന് നടത്തുന്ന സ്ഥാപനമെന്ന് പറഞ്ഞ് ജനവിശ്വാസം ആര്‍ജ്ജിച്ചാണ് ലീഗ് അണികളായ സമ്പന്നരെയും പാവങ്ങളെയും വലയില്‍ വീഴ്ത്തിയത്.
ലീഗ് നേതാക്കളുടെ സമ്മര്‍ദ്ദം കാരണമാണ് ആദ്യം ആരും പരാതി നല്‍കാന്‍ തയ്യാറാവാതിരുന്നത്. നേതാക്കള്‍ ഉറപ്പ് പാലിക്കാത്തതിനാലാണ് നിക്ഷേപകര്‍ പൊലീസില്‍ പരാതി നല്‍കിയത്. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇത്തരം പരാതികള്‍ ഉയര്‍ന്നു വരികയും ഖമറുദ്ദീന്റെ സ്ഥാനാര്‍ത്ഥിത്വം ഭാവിയില്‍ തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം ലീഗ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുകയും പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ മുസ്ലീം ലീഗിന്റെ സംസ്ഥാന നേതൃത്വം ഖമറൂദ്ദീന് പിന്നില്‍ ശക്തമായി നിലയുറപ്പിക്കുകയാണ് ചെയ്തത്.
എന്നാല്‍ ജ്വല്ലറി തട്ടിപ്പ് സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പരാതികള്‍ അത്യന്തം ഗൗരവമുള്ളതാണ്. വ്യക്തമായ ആസൂത്രണത്തോടെ നിക്ഷേപകരെ കബളിപ്പിക്കുകയും വഞ്ചിക്കുകയുമാണ് ചെയ്തിരിക്കുന്നത്. എം.എല്‍.എയെ സംരക്ഷിക്കുന്ന മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വത്തിനെതിരെ ലീഗ് അണികള്‍ തന്നെ കടുത്ത രോഷം പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്. മുസ്ലീം ലീഗിന്റെ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണോ ഇത് നടന്നിരിക്കുന്നത് എന്ന് വേണം സംശയിക്കാന്‍. ലീഗിന്റെ സംസ്ഥാന നേതൃത്വത്തില്‍ നിന്ന് പുറത്തുവന്ന പ്രഖ്യാപനം ഈ തട്ടിപ്പില്‍ നിന്നും ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ്.
തലശ്ശേരിയിലെ മര്‍ജാന്‍ ഗോള്‍ഡ് കടയില്‍ കയറി ഖമറുദ്ദീനും സംഘവും 25 കിലോ സ്വര്‍ണ്ണം കൊള്ളയടിച്ച് കൊണ്ടുപോയതായി പരാതി ഉയര്‍ന്നുവിരിക്കുന്നു. കൃത്രിമ രേഖയുണ്ടാക്കി വഖഫ് ഭൂമി തട്ടിയെടുത്ത സംഭവത്തിലും ഖമറൂദ്ദീന്‍ എം.എല്‍.എ അടക്കമുള്ള മുസ്ലീം ലീഗ് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന പരാതിയും ഉയര്‍ന്നു വന്നിട്ടുണ്ട്. ജനങ്ങളെ കബളിപ്പിച്ച് തട്ടിപ്പു നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നുണ്ട്. എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന ജ്വല്ലറി തട്ടിപ്പ് സംബന്ധിച്ചും ഉയര്‍ന്നുവന്ന മറ്റ് ആക്ഷേപങ്ങളെ സംബന്ധിച്ചും വിശദമായ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് സെക്രട്ടേറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ഖമറുദ്ദീന്‍ നടത്തിയത് തട്ടിപ്പല്ലെന്ന് ലീഗ്, ബിസിനസ് പൊളിയുക മാത്രമാണ് ചെയ്തത്; നടപടിയില്ല
കോഴിക്കോട്> നിക്ഷേപ തട്ടിപ്പില്‍ പ്രതിയായ മഞ്ചേശ്വരം എംഎല്‍എ എം സി ഖമറുദ്ദീനെതിരെ നടപടിയെടുക്കാതെ മുസ്ലിം ലീഗ്. ആര്‍ക്കെല്ലാം ഫണ്ട് നല്‍കണം, കടബാധ്യത എത്രയുണ്ട് എന്നത് സംബന്ധിച്ച് പാര്‍ട്ടിക്ക് വിവരം നല്‍കാന്‍ ഖമറുദ്ദീനോട് പറഞ്ഞിട്ടുണ്ടെന്നും മുസ്ലിം ലീഗ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആറ് മാസത്തിനുള്ളില്‍ കടബാധ്യത വീട്ടണമെന്ന കാര്യത്തിലാണ് പാര്‍ട്ടി ഗൗരവം കാണുന്നത്. സ്വകാര്യമായ കടബാധ്യതയാണ്. ഖമറുദ്ദീന് കുറെ ആസ്തിയുണ്ട്. നിശ്ചിത സമയം കടം വീട്ടാനായി നല്‍കിയിരിക്കുകയാണ്. ഇതൊരു ബിസിനസാണ്, അത് പൊളിഞ്ഞു എന്നാണ് പാര്‍ട്ടി കാണുന്നത്. കമ്പനി പൊളിഞ്ഞതാണ്, വഞ്ചനയും തട്ടിപ്പുമില്ല.
കേസ് വേണമെന്നുള്ളവര്‍ക്ക് കേസുമായി പോകാം. പണം വേണ്ടവര്‍ക്കായി പാര്‍ട്ടി ഇടപെട്ട് കര്‍ശന നിര്‍ദ്ദേശം നല്‍കി. പാര്‍ട്ടിയിലെ സ്ഥാനങ്ങളൊന്നും ഖമറുദ്ദീന്‍ വഹിക്കുന്നില്ല.ഉള്ള സ്ഥാനം രാജിവെച്ചു. പണം കൊടുത്ത് തീര്‍ക്കുന്നതിലാണ് ഫോക്കസ്.ഇത് പ്രൈവറ്റ് കടമാണ്. പാര്‍ട്ടിക്ക് ഏറ്റെടുക്കാനാകില്ല. പറഞ്ഞ കാര്യമെല്ലാം ഖമറുദ്ദീന്‍ സമ്മതിച്ചു.
ഏകദേശ കണക്കാണ് ഇപ്പോള്‍ കിട്ടുന്നത്. കൃത്യമായ ബാധ്യതാ കണക്ക് കിട്ടിയിട്ടില്ല. ബാംഗ്ലൂരും മംഗലാപുരത്തൊക്കെ ആസ്തിയുണ്ടെന്ന സൂചന കിട്ടി. പാര്‍ട്ടിക്ക് ഇതില്‍ ഉത്തരവാദിത്തമില്ല. പാര്‍ട്ടി സ്ഥാനത്തുള്ള ആളായതുകൊണ്ട് ധാര്‍മിക ഉത്തരവാദിത്തത്തിന്റെ അടിസ്ഥാനത്തിലാണ് ഇടപെടുന്നതെന്നും ലീഗ് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട പാര്‍ട്ടി അംഗങ്ങള്‍ തല്‍ക്കാലം പാര്‍ട്ടിയില്‍ നിന്നും മാറി നില്‍ക്കണമെന്നും ലീഗ് വ്യക്തമാക്കി.
"ഖമറുദ്ദീൻ ജ്വല്ലറി തുടങ്ങിയത് കവർച്ച നടത്തിയ സ്വർണം ഉപയോഗിച്ച്'; വെളിപ്പെടുത്തലുമായി തലശ്ശേരി മർജാൻ ജ്വല്ലറി ഉടമ
കണ്ണൂർ > എംസി ഖമറുദ്ദീൻ എം എൽ എ ക്കെതിരെ നിർണ്ണായക വെളിപ്പെടുത്തലുമായി തലശേരി മർജാൻ ജ്വല്ലറി ഉടമയായിരുന്ന കെ കെ ഹനീഫ. തന്റെ ജ്വല്ലറിയിൽ നിന്നും കവർന്ന 25 കിലോസ്വർണ്ണം കൊണ്ടാണ് കമറുദ്ദീൻ ഫാഷൻ ഗോൾഡ്‌തുടങ്ങിയത്. പട്ടാപ്പകൽ ഗുണ്ടാ സംഘങ്ങളെ കൊണ്ട് വന്നാണ് ഖമറുദീൻ മർജാൻ ഗോൾഡിൽ നിന്നും സ്വർണ്ണം കവർന്നത്. 2007 ഒക്ടോബർ 26 നായിരുന്നു സംഭവം.
ഇന്ന് വിപണിയിൽ 13 കോടിയോളം രൂപവില വരുന്ന സ്വർണ്ണമായിരുന്നു കമറുദ്ദീനും സംഘവും കവർന്നതെന്നും ഹനീഫ പറഞ്ഞു. മഞ്ചേശ്വരം എം എൽ എ യും മുസ്ലീം ലീഗ് നേതാവുമായ എം സി ഖമറുദ്ദീനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് തലശേരിയിലെ മർജാൻ ഗോൾഡ് ഉടമയായിരുന്ന ഹനീഫ നടത്തിയിരിക്കുന്നത്.
2007ഒക്ടോബർ 26ന് വൈകീട്ടായിരുന്നു സംഭവം. ജ്വലറിയിലെ ജീവനക്കാരെ ബന്ദിയാക്കിയ ശേഷമായിരുന്നു സ്വർണ്ണം കവർന്നത്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് വെച്ച രണ്ട് കംപ്യൂട്ടറുകളും സംഘം കവർന്നിരുന്നു. ഈ സ്വർണം ഉപയോഗിച്ചാണ് ഖമറുദ്ദീൻ ഫാഷൻ ഗോൾഡ് ജ്വല്ലറി തുടങ്ങിയതെന്നും ഹനീഫ പറഞ്ഞു.
ഹനീഫ ഉൾപ്പെടെയുള്ള പാർട്ട്ണർമാരുടെ പരാതിയെ തുടർന്ന് ഖമറുദ്ദീൻ ഉൾപ്പെടെ 20 പേർക്കെതിരെ തലശേരി പൊലീസ് കേസെടുത്തിരുന്നു. ഈ കേസ് ഒത്ത് തീർപ്പാക്കുന്നതിന് വേണ്ടി ഖമറുദ്ദീൻ 1700000 രൂപയ്ക്ക് ഇവരുമായി കരാർ ഉണ്ടാക്കിയിരുന്നു. എന്നാൽ പിന്നീട് വണ്ടിച്ചെക്ക് നൽകിയും ഖമറുദ്ദീൻ വഞ്ചിച്ചുവെന്ന് ഹനീഫ പറയുന്നു. ജ്വല്ലറി കൊള്ളയെ തുടർന്ന് സാമ്പത്തിമായി തകർന്ന ഹനീഫ പിന്നീട് മർജാൻ ജ്വല്ലറിഅടച്ച് പൂട്ടി , സ്വർണ്ണകച്ചവടം തന്നെ അവസാനിപ്പിച്ചു. കൈരളി ന്യൂസിനോടായിരുന്നു ഹനീഫയുടെ വെളിപ്പെടുത്തൽ.
കടപ്പാട്: ദേശാഭിമാനി
No comments:
Post a Comment