യുഡിഎഫുകാരുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം കേട്ട് തലയറഞ്ഞ് ചിരിക്കുകയാണ് മലയാളി. സാക്ഷാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുതൽ അങ്ങ് വടക്ക് മഞ്ചേശ്വരത്തെ ഖമറുദ്ദീൻ വരെ അഴിമതിക്കുണ്ടിൽ മുങ്ങിച്ചാകുമ്പോൾ അഴിമതി മുദ്രാവാക്യം ഉയർത്തിയതിന്റെ തൊലിക്കട്ടി സമ്മതിക്കണം.
ഇന്ദിരാഭവനിൽ ഈ മുദ്രവാക്യം കോൺഗ്രസ് നേതാക്കൾ കൈയടിച്ച് പാസാക്കുമ്പോൾ തന്നെയാണ് കാസർകോട്ട് യുഡിഎഫ് എംഎൽഎ അഴിമതിക്കേസിൽ അകത്തുപോയത്. യുഡിഎഫിലെ അരഡസൻ എംഎൽഎമാരാണ് അഴിമതി കാട്ടി ജയിലിലേക്കുള്ള ഊഴം കാത്തിരിക്കുന്നത്. ഇബ്രാഹിം കുഞ്ഞ്, കെ എം ഷാജി, പിടി തോമസ്... നിരയങ്ങനെ നീളുന്നു.
കേട്ടുകേൾവിയില്ലാത്ത തട്ടിപ്പിനാണ് എം സി ഖമറുദ്ദീൻ എംഎൽഎ അറസ്‌റ്റിലായത്. തൊട്ടടുത്ത ജില്ലയായ കണ്ണൂരിൽ കെ എം ഷാജി എംഎൽഎ പ്ലസ്‌ടു അനുവദിക്കാൻ സ്‌കൂൾ മാനേജ്‌മെന്റിൽനിന്ന് പണം വാങ്ങിയതിനും അനധികൃത സ്വത്ത് സമ്പാദനത്തിനും വിജിലൻസ് കേസിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇഡി) കേസിലും പ്രതിയായി. ഈ കേസിൽ ലീഗ് ജനറൽ സെക്രട്ടറി കെ പി എ മജീദിനെ മണിക്കൂറുകൾ ചോദ്യം ചെയ്‌തു. മലപ്പുറം ജില്ലയിലെ കോൺഗ്രസ് എംഎൽഎ എ പി അനിൽകുമാറിനെതിരെ ലൈംഗിക പീഡന പരാതിയിൽ അന്വേഷണം അന്തിമ ഘട്ടത്തിലാണ്.
എറണാകുളം ജില്ലയിൽ രണ്ട് എംഎൽഎമാരാണ് അന്വേഷണ വലയത്തിൽ. വി കെ ഇബ്രാഹിംകുഞ്ഞും പിടി തോമസും. ഇബ്രാഹിംകുഞ്ഞ് പാലാരിവട്ടം പാലം അഴിമതി കേസിൽ അഞ്ചാം പ്രതിയാണ്. പത്ത് കോടിരൂപയുടെ അനധികൃത നിക്ഷേപത്തിന് ഇ ഡിയും അദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ട്. പിടി തോമസിനെതിരെ ഭൂമി തട്ടിപ്പ് കേസിൽ വിജിലൻസ് പ്രാഥമികാന്വേഷണമാണ് നടക്കുന്നത്. മറ്റൊരു യുഡിഎഫ് എംഎൽഎയായ വി ഡി സതീശനെതിരെ പ്രാഥമിക അന്വേഷണത്തിന് വിജിലൻസ് അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിൽ സ്‌ത്രീയെ അപമാനിച്ചതിന് മറ്റൊരു പരാതിയും നിലവിലുണ്ട്. എറണാകുളം ജില്ലയിൽ തന്നെ മുൻ മന്ത്രി കെ ബാബുവിനെതിരെയും കോഴ വാങ്ങിയ കേസിൽ അന്വേഷണമുണ്ട്.
തലസ്‌ഥാനത്താണ് ഏറ്റവും കൂടുതൽ കോൺഗ്രസ് നേതാക്കൾക്കെതിരെ അന്വേഷണം. അനധികൃത സ്വത്ത് സമ്പാദന കേസിൽ വി എസ് ശിവകുമാർ എംഎൽഎയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ബാർ കോഴയിൽ പ്രാഥമിക അന്വേഷണത്തിന് വിജിലൻസ് റിപ്പോർട്ട് നൽകി. ഒരുകോടി രൂപ കോഴ വാങ്ങിയെന്നാണ് ആരോപണം ഈ അടുത്ത ദിവസങ്ങളിലുണ്ടായ കേസുകളും അന്വേഷണങ്ങളും മാത്രമാണിത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെ നിരവധി യുഡിഎഫ് മുൻ മന്ത്രിമാർക്കെതിരായ വിവിധ കേസുകളിൽ അന്വേഷണം നടക്കുന്നു. രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, അടൂർ പ്രകാശ്. അനൂപ് ജേക്കബ് തുടങ്ങിയവർ ഈ പട്ടികയിൽപ്പെടും.
ഇബ്രാഹിം കുഞ്ഞ്, ഷാജി... പിന്നെ ചെന്നിത്തല; കേസ് വലയത്തിൽ യുഡിഎഫ്
എം സി ഖമറുദീന്റെ അറസ്‌റ്റ് കോൺഗ്രസും മുസ്ലിംലീഗും ഏത് നിമിഷവും പ്രതീക്ഷിച്ചതാണ്. ഖമറുദീനെ തള്ളിപ്പറഞ്ഞ് മുഖം രക്ഷിക്കാൻ നോക്കിയാലും ഇനിയുള്ള അഴിമതി, തട്ടിപ്പ് കേസുകളിൽ എന്തായിരിക്കും എന്നാണ് യുഡിഎഫിനെ ആശങ്കയിലാക്കുന്നത്. ചില കേന്ദ്ര ഏജൻസികളുടെ സർക്കാരിനെതിരായ നീക്കത്തിൽ ആശ്വാസം തേടിയിരുന്ന യുഡിഎഫ് നേതൃത്വം ശരിക്കും മുൾമുനയിലാണിപ്പോൾ. യുഡിഎഫിന്റെ അഴിമതിക്കാലം നാടിന് മുമ്പിൽ പരസ്യമായി വെളിപ്പെടുന്ന അവസ്ഥയാണിപ്പോൾ.
‘അഴിമതിക്കെതിരെ ഒരു വോട്ട്’ എന്നാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ മുദ്രാവാക്യമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ച അതേസമയത്താണ് യുഡിഎഫ് എംഎൽഎ കാസർകോട്ട് കോടികൾ തട്ടിയ കേസിൽ അറസ്‌റ്റിലായത്. ഇക്കാര്യം മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ‘നിയമം നിയമത്തിന്റെ വഴിക്ക്’ പോകുമെന്ന് പ്രതികരിച്ച് മുല്ലപ്പള്ളി ഒഴിഞ്ഞുമാറി. മുസ്ലിംലീഗ് മാത്രമാണ് ഖമറുദീന് ഇപ്പോൾ കവചമൊരുക്കുന്നത്. വി കെ ഇബ്രാഹിംകുഞ്ഞ്, കെ എം ഷാജി എന്നിവരൊക്ക അറസ്‌റ്റിന്റെ വഴിയിലാണ്. പിന്നാലെ ബാർകോഴയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള മുൻമന്ത്രിമാരും എംഎൽഎമാരുമുണ്ട്.
‘അമിട്ട് പൊട്ടുമ്പോഴാണോ ഓലപ്പടക്കം’ എന്ന രമേശ് ചെന്നിത്തലയുടെ വ്യാഖ്യാനത്തിന് പല അർഥവുമുണ്ട്. ഖമറുദീനെ ന്യായീകരിക്കാനാണ് അദ്ദേഹം അമിട്ടും ഓലപ്പടക്കവും കൊളുത്തിയത്. നയതന്ത്ര ബാഗേജ് വഴി കടത്തിയത് 14.5 കോടിയുടെ സ്വർണമാണ്. പക്ഷേ, ഖമറുദീൻ തട്ടിയത് ഒന്നും രണ്ടുമല്ല, 150 കോടിയുടേതാണ്. വീര്യം കൂടിയത് 14 കോടിക്കോ 150 കോടിക്കോ എന്ന ചോദ്യം ചെന്നിത്തലയെ കുഴയ്‌ക്കും.
കെ ശ്രീകണ‌്ഠൻ
No comments:
Post a Comment