Monday, November 9, 2020

ലക്ഷംവീട്‌ ഭവനപദ്ധതി : ഇരട്ട വീടിൽ ഞെരുങ്ങണ്ട; ഒറ്റവീടാക്കാം

സംസ്ഥാനത്തെ ലക്ഷംവീട്‌ ഭവന പദ്ധതിയുടെ ഭാഗമായ എല്ലാ  ഇരട്ടവീടുകളിലെയും ദുരിത ജീവിതത്തിന്‌ അറുതിയാകുന്നു. വാസയോഗ്യമല്ലാത്ത എല്ലാ ഇരട്ട വീടുകളും ഒറ്റവീടാക്കാൻ തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക്‌ സർക്കാർ അനുമതി നൽകി. തനത്‌ ഫണ്ടിൽനിന്നോ വികസന ഫണ്ടിൽനിന്നോ ഇതിന്‌ പണം കണ്ടെത്താം. ലൈഫ്‌ ഭവന പദ്ധതിയെ ബാധിക്കാതെയാകണം പണം നീക്കിവയ്‌ക്കേണ്ടത്‌. ഇതിനുള്ള വിശദമായ മാർഗനിർദേശം തദ്ദേശഭരണ വകുപ്പ്‌ പുറത്തിറക്കി.

കേരളത്തിലെ ഏറ്റവും പഴക്കമുള്ള ഭവന പദ്ധതിയാണ്‌ ലക്ഷംവീട്‌. സ്വന്തമായി കൂരയില്ലാത്ത ഒരു ലക്ഷം പേർക്ക്‌ വീട്‌ നിർമിച്ചുനൽകുന്നതായിരുന്നു പദ്ധതി. കോളനികളായാണ്‌ ഈ പദ്ധതി നടപ്പാക്കിയത്‌. ഓട്‌ മേഞ്ഞ ഒരു കെട്ടിടത്തിൽ രണ്ട്‌ കുടുംബത്തിനുള്ള വീടായിരുന്നു നിർമിച്ചത്‌. എന്നാൽ, അസൗകര്യം കാരണം ഈ വീടുകൾ ഒറ്റ വീടാക്കണമെന്ന ആവശ്യം ഉയർന്നു.

ചിലയിടത്ത്‌ നേരത്തെതന്നെ ഇവ ഒറ്റവീടാക്കിയിരുന്നു. പിന്നീട്‌‌ ഇങ്ങനെ ചെയ്യാൻ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാന തല കോഓർഡിനേഷൻ കമ്മിറ്റിയുടെ അനുമതി നിർബന്ധമാക്കി. എന്നാൽ, ഇനി അതിന്റെ ആവശ്യം ഇല്ല.

മന്ത്രി എ സി മൊയ്‌തീന്റെ അധ്യക്ഷതയിൽ ചേർന്ന കോഓർഡിനേഷൻ കമ്മിറ്റി യോഗമാണ്‌ ഈ ഇളവ്‌ അനുവദിക്കാൻ തീരുമാനിച്ചത്‌. ലൈഫിനുള്ള നാല്‌ ലക്ഷം രൂപയാണ്‌ ഈ‌ പദ്ധതിക്കും അനുവദിക്കുക. നിലവിൽ വികസന ഫണ്ടിന്റെ 20 ശതമാനത്തിൽ കുറയാത്ത പണം ലൈഫിന്‌ തദ്ദേശസ്ഥാപനങ്ങൾ വകയിരുത്തുന്നുണ്ട്‌. അതിനാൽ ഒറ്റവീട്‌ പദ്ധതിക്കുള്ള തുക മറ്റുള്ളവയിൽനിന്ന്‌ കണ്ടെത്തേണ്ടി വരും.

റഷീദ‌് ആനപ്പുറം

No comments:

Post a Comment