കോവിഡിന്റെ പശ്ചാത്തലത്തില്‍ തുടങ്ങിയ ഇ-സഞ്ജീവനി വഴി ഇനി കോവിഡ് ഒ.പി സേവനങ്ങളും ലഭ്യമാകുമെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് ബാധിതര്‍ക്കും അതോടൊപ്പം പോസ്റ്റ് കോവിഡ് സിന്‍ഡ്രോം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
കോവിഡ് മുക്തരായവരില്‍ അനുബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ നേരിട്ടോ അല്ലെങ്കില്‍ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോം വഴിയോ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ സേവനങ്ങള്‍ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ ഒപിഡി വഴി ലഭ്യമാണ്. കോവിഡ് മുക്തരായി വീണ്ടും ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തി വിദഗ്ദ്ധ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് പ്രത്യാഘാതങ്ങളെ പറ്റി പരിശോധിച്ചാല്‍ പോസ്റ്റ് കോവിഡ് സിന്‍ഡ്രോം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ്. ലഘുവായ ലക്ഷണങ്ങള്‍ തൊട്ട് വളരെ സങ്കീര്‍ണമായ ആരോഗ്യ പ്രശ്‌നങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഇത് നേരിടുന്നതിന് പോസ്റ്റ് കോവിഡ് സിന്‍ഡ്രോം ക്ലിനിക്കുകള്‍ ആശുപത്രികളില്‍ ആരംഭിച്ചിട്ടുണ്ട്. എങ്കിലും പലര്‍ക്കും ആശുപത്രികളില്‍ നേരിട്ട് പോകാനുള്ള ബുദ്ധിമുട്ട് കണക്കാക്കിയാണ് ഇ-സഞ്ജീവനി വഴിയും കോവിഡ് ഒ.പി. ക്ലിനിക്കുകള്‍ ആരംഭിച്ചത്.
കോവിഡ് ഒപി സേവനങ്ങള്‍
രോഗികള്‍ക്കും രോഗം സംശയിക്കുന്നവര്‍ക്കും അതോടൊപ്പം പോസ്റ്റ് കോവിഡ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും ഇ-സഞ്ജീവനി കോവിഡ് ഒ.പി.കളിലൂടെ ചികിത്സയും നിര്‍ദേശങ്ങളും ലഭ്യമാണ്. ഇതിലൂടെ വെര്‍ച്വലായിത്തന്നെ സ്‌ക്രീനിങ്ങ്, ചികിത്സ, റഫറന്‍സ് എന്നിവ സാധ്യമാകുന്നു. കോവിഡ് ബാധിച്ചവര്‍ക്കും രോഗം സംശയിക്കുന്നവര്‍ക്കും ഒരുപോലെ ഈ ഒ.പി. സേവനങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. പ്രത്യേകം പരിശീലനം സിദ്ധിച്ച വിദഗ്ദ്ധ ഡോക്ടര്‍മാരാണ് ഒ.പി.കള്‍ നടത്തുന്നത്.
കോവിഡ് കാലത്ത് ആശുപത്രിയില്‍ പോകാതെ ചികിത്സ നേടാന്‍ കഴിയുന്ന സംവിധാനമാണ് ഇ-സഞ്ജീവനി. മഹാമാരിക്കാലത്തെ അത്യാവശ്യമല്ലാത്ത ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കാനും അതിലൂടെ വീട്ടിലിരുന്നു തന്നെ വിദഗ്ധ ചികിത്സ ഉറപ്പുവരുത്താനും സാധിക്കുന്നു. ജീവിതശൈലീ രോഗങ്ങള്‍ക്കായുള്ള പതിവ് ചികിത്സകള്‍ക്കു മുടക്കം വരാതിരിക്കാന്‍ ടെലി മെഡിസിന്‍ പ്ലാറ്റ്‌ഫോമുകള്‍ സഹായിക്കുന്നു. ഇതുവരെ 53,933 കണ്‍സള്‍ട്ടേഷനുകളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്.
എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?
ആദ്യമായി https://esanjeevaniopd.in/ എന്ന ഓണ്‍ലൈന്‍ സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ ഇ-സഞ്ജീവനി ആപ്ലിക്കേഷന്‍ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.
ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലോ ലാപ്‌ടോപോ അല്ലെങ്കില്‍ ടാബ് ഉണ്ടങ്കില്‍ esanjeevaniopd.in എന്ന സൈറ്റില്‍ പ്രവേശിക്കാം.
ആ വ്യക്തി ഉപയോഗിക്കുന്ന ആക്ടീവായ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചു രജിസ്റ്റര്‍ ചെയ്യുക.
തുടര്‍ന്ന് ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവില്‍ പ്രവേശിക്കാം.
വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്ത് മരുന്നുകള്‍ വാങ്ങാവുന്നതാണ്. കൂടാതെ പരിശോധനകളും നടത്താം. സംശയങ്ങള്‍ക്ക് ദിശ 1056 എന്ന നമ്പരില്‍ വിളിക്കേണ്ടതാണ്.
No comments:
Post a Comment